‘വൈക്കം’ എന്ന് പറഞ്ഞാൽ മലയാളിയുടെ മനസ്സിൽ ഓടിയെത്തുക വൈക്കം ചന്ദ്രശേഖരൻനായർ എന്ന പേര് ആയിരിക്കും. ജീവിതത്തിൽ ഒട്ടേറെ യാതനകളും വേദനകളും അനുഭവിച്ച് ആർദ്രവും വികാരഭരിതവുമായ ഒരു സർഗ്ഗാത്മക മനസ്സിന്റെ ഉടമയായി തീർന്നയാളാണ് വൈക്കം.
വിദ്യാഭ്യാസകാലത്തിനുശേഷം പത്രപ്രവർത്തനത്തിലേക്കും രാഷ്‌ട്രീയ രംഗത്തേക്കും വന്ന വൈക്കം അര നൂറ്റാണ്ടുകാലം ശാസ്‌ത്രം, ചരിത്രം, രാഷ്‌ട്രീയം, കഥ, നോവൽ, വിമർശനം, നാടകം തുടങ്ങിയ മേഖലകളിൽ തൊട്ടതെല്ലാം പൊന്നാക്കി.
കുട്ടിക്കാലം മുതൽ പുസ്‌തകങ്ങളുടെ കൂട്ടുകാരനായ അദ്ദേഹം മഹാഭാരതവും കമ്മ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോയും ഒരേപോലെ പഠിച്ചു. സ്‌നേഹിച്ചു. അദ്ദേഹം വ്യക്തമാക്കിയിട്ടുളളതുപോലെ തന്റെ ചിന്തയേയും വ്യക്തിത്വത്തേയും ഏറ്റവും സ്വാധീനിച്ചിട്ടുളള കൃതികൾ ഇവ രണ്ടുമാണ്.
ജനയുഗം പത്രത്തിലൂടെയാണ് പത്രപ്രവർത്തനം ആരംഭിക്കുന്നത്. തന്നിലെ പത്രപ്രവർത്തകനെ തേടി മറ്റു പത്രങ്ങളും എത്തി. കേരള ഭൂഷണം, മലയാള മനോരമ, പൗരപ്രഭ, കേരളം, ജനയുഗം, കൗമുദി, കുങ്കുമം, ചിത്രകാർത്തിക തുടങ്ങിയ പത്രങ്ങളിൽ വൈക്കത്തിന്റെ സാന്നിധ്യമുണ്ടായിട്ടുണ്ട്.
ജനയുഗത്തിലെ പാദമുദ്രകൾ, മലയാള മനോരമയിലെ മുഖങ്ങൾ മുഹൂർത്തങ്ങൾ തുടങ്ങിയ കോളങ്ങൾ വായനക്കാരുടെയിടയിൽ അംഗീകാരം നേടിയ പംക്തികളാണ്.
അക്ഷരങ്ങളെ നാക്കിലും പേനതുമ്പിലും അമ്മാനമാടാൻ കഴിവുളള അപൂർവ്വം പേരിലൊരാളായിരുന്നു വൈക്കം. അക്ഷരത്തിന്റെ ആത്മകഥ എന്ന ലേഖനത്തിൽ വൈക്കം എഴുതുന്നുഃ “സ്വരങ്ങളും വ്യഞ്ഞ്‌ജനങ്ങളും ചേർന്നോ അല്ലാതെയോ അനാവരതം പ്രവഹിച്ചുകൊണ്ടിരിക്കുന്നതാണ് അക്ഷരങ്ങൾ, അക്ഷരം വാക്കാകുന്നു. കവിതയാകുന്നു. ഗദ്യമാകുന്നു. പദ്യമാകുന്നു. പുസ്‌തകമാകുന്നു. ഇത് ലോകത്തിൽ എത്രയുണ്ട്. ബൈബിൾ പറയുന്ന കണക്ക് കടൽപുറത്തെ മണൽത്തരികൾ പോലെ, സിന്ധു ഗംഗാ നദികളിലെ വെളളം പോലെ, ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ അസംഖ്യം ഉണ്ട്. അക്ഷരം പരബ്രഹ്‌മമാണ്. പ്രണവമാണ്. മൂലപ്രകൃതിയാണ്. അക്ഷരം എന്ന വാക്കിൽ അന്തർഭവിച്ചിരിക്കുന്ന അർത്ഥങ്ങൾ ആലോചിച്ചാൽ അതു വേദപുരാണവും അസുരപുരാണവുമാണ്. കേൾക്കുമ്പോൾ ഇതു പ്രത്യക്ഷത്തിൽ വിചിത്രമായി തോന്നും. ശ്രദ്ധിച്ചു നോക്കുക. അക്ഷരങ്ങളിൽ പെണ്ണും ആണുമുണ്ട്. സ്‌ത്രീലിംഗവും പുല്ലിംഗവും. സ്‌ത്രീയും പുരുഷനും തമ്മിൽ ഐക്യമുണ്ടാകണം. പ്രകൃതിയും പുരുഷനും ഇവരുടെ വിപത്യയമല്ല. സമവായമാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് ആധാരം.”
വാക്കുകളുടെ ധാരാളിത്തം കൊണ്ടും സമഭാവനയുടെ ലോകവീക്ഷണം കൊണ്ടും മേൽ ഉദ്ദരിച്ച വരികൾ ശ്രദ്ധിച്ചാൽ എങ്ങിനെയാണ് അക്ഷരത്തിൽ ആരംഭിച്ച് പ്രകൃതിയിലേക്ക് സന്നിവേശിപ്പിച്ചത് എന്ന് തിരിച്ചറിയാനാവും.
മലയാള സാഹിത്യ വൃന്ദത്തിൽ നോവലിന്റെ മേലങ്കിയാണ് വൈക്കത്തിന് ചാർത്തുക, നീലക്കടമ്പ്, നഖങ്ങൾ, ഗോത്രദാഹം, കയീന്റെ വംശം, പഞ്ചവൻകാട്, സ്വാതിതിരുനാൾ, വേണാട്ടമ്മ, മാധവിക്കുട്ടി, ദാഹിക്കുന്നവരുടെ വഴി, പാമ്പുകളുടെ മാളം തുടങ്ങിയ മുപ്പതോളം വരുന്ന നോവൽ അദ്ദേഹത്തിന്റേതായുണ്ട്.
ബൈബിൾ ലോകത്തിന്റെ ഇടനാഴികയിൽ നിന്നടർത്തിയ കയീന്റെ വംശം മനുഷ്യമോഹത്തിന്റെ അടങ്ങാത്ത പ്രവാഹമാണ് ധ്വനിപ്പിക്കുന്നത്. “മിത്തുകളും സിമ്പലുകളും പഴഞ്ചനായി പോയെന്ന് ആരും കരുതിക്കളയരുത്” എന്ന തിരിച്ചറിവാണ് ഈ നോവൽ.
ആദിമ മനുഷ്യരുടെ സമൂഹ മനഃശാസ്‌ത്രത്തെ സൂക്ഷ്‌മമായി വിശകലനം ചെയ്യുന്ന ഏകാത്മക ദർശനത്തെ വിളിച്ചു പറയുന്നു, ഗോത്രദാഹം.
ജനയുഗത്തിന്റെ വിശേഷാൽ പ്രതിയിൽ ഒരു നോവൽ ചേർക്കണമെന്ന് തീരുമാനിക്കുന്നു. ഞാൻ എഴുതാമെന്നു വൈക്കം പറയുന്നു. ഒറ്റ രാത്രി കൊണ്ട് എഴുതി തീർത്ത “നീലകടമ്പ്” എന്ന ആ കൃതിയാണ് വൈക്കത്തിന്റെ ആദ്യനോവൽ. വൈക്കം പറഞ്ഞു കൊടുത്ത നീലകടമ്പ് ശ്രീവരാഹം ബാലകൃഷ്‌ണൻ പകർത്തിയെഴുതി. കാശി കണ്ടിട്ടില്ലാത്ത, കാശിയുടെ പശ്ചാത്തലത്തിൽ എഴുതിയ ആ കൃതി സാമാന്യം ഭേദപ്പെട്ടതുതന്നെയാണ്.
തിരുവനന്തപുരം ജീവിതത്തിന്റെ പശ്ചാത്തലത്തിൽ സംഗീത സാന്ദ്രമായ സ്വാതിതിരുനാൾ എന്ന ചരിത്രനോവൽ അദ്ദേഹം എഴുതി. പഞ്ചവൻകാടും, വേണാട്ടമ്മയും ചരിത്ര നോവലുകളുടെ പട്ടികയിലാണ്.
നാടക-സിനിമ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് വൈക്കം. കൊല്ലം കാളിദാസ കലാ കേന്ദ്രത്തിന്റെ ജീവാത്മാവായി പ്രവർത്തിച്ച വൈക്കം ഡോക്‌ടർ, തണ്ണീർ പന്തൽ, കുറ്റവും ശിക്ഷയും, കടന്നൽ കൂട് തുടങ്ങിയ ഒട്ടേറെ നാടകങ്ങൾ എഴുതി.
സിനിമാ തിരക്കഥാരംഗത്തും പ്രവർത്തിച്ച അദ്ദേഹത്തിന് 1981-ൽ മാധവിക്കുട്ടി എന്ന കഥക്കുളള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
എഴുത്തുകാരനെന്ന നിലയിലും പത്രപ്രവർത്തകനെന്ന നിലയിലും സർവ്വാദരണീയനായിരുന്ന വൈക്കത്തിന്റെ വിടവാങ്ങൽ വൈക്കം വിശ്വസിച്ചിരുന്നപോലെ പ്രകൃതിയുടെ സത്യമാണ്. പക്ഷെ കഥാപാത്രങ്ങളും കൃതികളും ഭാവി തലമുറയെ ആശ്ലേഷിച്ചുകൊണ്ടേയിരിക്കും.
Generated from archived content: essay1_may7.html Author: ajithkumar_gothuruthu
Click this button or press Ctrl+G to toggle between Malayalam and English