കാഴ്‌ചകൾ

വിജനമായ മരച്ചുവട്ടിൽ, തുളകൾവീണ തണലിലിരുന്ന്‌ ഞാൻ ഒരു കഞ്ചാവുബീഡിക്കു തീ കൊളുത്തി.

കഞ്ചാവു പുകയിലൂടെ കടന്നുപോന്ന വഴികളെക്കുറിച്ചും കണ്ട കാഴ്‌ചകളെക്കുറിച്ചും ഓർത്തുകൊണ്ടിരുന്നു….

പഴകി ജീർണിച്ച ഇല്ലം. തോളിൽ ഒരു സഞ്ചിയുമായി അവിടെനിന്നും ഇറങ്ങാൻ നേരത്താണ്‌ അമ്മാവൻ മുന്നിൽ പ്രത്യക്ഷപ്പെട്ടത്‌.

‘ഞാൻ പോകുകയാണ്‌.’

അതുകേട്ട്‌ അമ്മാവൻ അമ്പരന്നതുപോലെ തോന്നി. കുണ്ടിൽ താണ കണ്ണുകൾ തുറിച്ചുന്തി. ചുണ്ടുകൾ വിറച്ചു.

‘എങ്ങോട്ട്‌?“

”അറിയില്ല.“

’ലക്ഷ്യമില്ലാത്ത യാത്രയോ!‘

’ഇവിടെ പിറന്നുവീണ ആർക്കാണ്‌ ലക്ഷ്യമുളളത്‌? ആഗ്രഹിക്കുന്നിടത്താണോ എല്ലാവരും എത്തിച്ചേരുന്നത്‌?”

ചോദ്യത്തിനു മുൻപിൽ അമ്മാവൻ പതറി.

തോറ്റ മുഖം.

എല്ലാവരും എല്ലായിടത്തും തോറ്റുപോകുന്നു.

എങ്കിലും ഏതാനുംപേർ എല്ലാവരേയും ജയിക്കുന്നില്ലേ? ജയിച്ചോട്ടെ… എല്ലാം താൽക്കാലികമല്ലേ…

ഒടുവിൽ തോറ്റവനും ജയിച്ചവനും ഒരേയിടത്ത്‌.

കോലായിൽ നിന്നിറങ്ങുമ്പോൾ അമ്മാവന്റെ ചിലമ്പിച്ച ശബ്‌ദം പുറകെ വന്നു; നീയും എന്നെവിട്ട്‌ പൂവ്വാണോ കുട്ടീ? നിനക്കെന്തേ പറ്റീത്‌? നിന്റമ്മയും അച്‌ഛനും മരിച്ചപ്പോ ഞാനേ നിനക്ക്‌ണ്ടായുളളൂ…“

‘ഒന്നും മറന്നിട്ടില്ല… ആരും ആർക്കും തുണയല്ല. പണം പണമാണ്‌ ഇവിടെ വിജയിക്കുന്ന തുണ! അമ്മാവൻ പൊറുക്കണം. ഈ യാത്ര എന്റെ നിയോഗമാണ്‌..

വീണ്ടും പിറുപിറുപ്പായി വരുന്ന അമ്മാവന്റെ വാക്കുകൾക്ക്‌ ചെവി കൊടുത്തില്ല. നടന്നു, തിരിഞ്ഞുനോക്കാതെ..

യാത്രയുടെ ഭൂപടം മറവിയിലെവിടെയോ ചിതലരിച്ചു. പിന്നിട്ട വഴികളുടെ പൊട്ടും പൊടിയും മാത്രം ബാക്കിയുണ്ട്‌. കുന്നിൻപുറത്തിന്റെ നിറുകയിലൂടെ നീണ്ടുപോകുന്ന ചരൽപാത.

മണ്ണിലമർന്ന്‌ മുഖം കൂർപ്പിച്ചു കിടക്കുന്ന കല്ലുകൾ. ചെരുപ്പുകൾക്കിടയിൽ കല്ലുകൾ ഞരങ്ങി. വഴിയോരത്ത്‌ വളർത്തിയ തണൽ വൃക്ഷങ്ങൾ, ഇലകൾകൊഴിഞ്ഞ്‌, അസ്ഥി പഞ്ചരങ്ങൾപോലെ.

പുറമ്പോക്കുകളിൽ കുത്തിമറച്ചിരിക്കുന്ന ചെറ്റപ്പുരകൾ. പട്ടിണി മനുഷ്യനെ പ്രാകൃതനാക്കുന്നതിന്റെ മറുമുറുപ്പുകൾ. തെറിയും കരച്ചിലും.

കൂരച്ച നെഞ്ഞും ചപ്രത്തലമുടിയുമുളള കറുത്ത കുട്ടികൾ അരയിൽ ചരടുപോലുമില്ലാതെ, മണ്ണു വാരിക്കളിക്കുന്നു. മൂക്കള തിന്നുന്നു. കാഴ്‌ചകൾ അവസാനിക്കുന്നില്ല. ഇരുളും വെളിച്ചവും പോലെ യാത്രയിലുടനീളം കാഴ്‌ചകൾ തന്നെ. കൊട്ടാര സദൃശമായ വീടുകളുടെ നീണ്ട നിര. മനോഹരമായ വാഹനങ്ങൾ. ടെറസ്സിട്ട കൂട്ടിൽ കുരച്ചുചാടുന്ന പട്ടികൾ. ജർമനും റഷ്യനുമൊക്കെ. വർണാഭമായ പൂന്തോട്ടങ്ങൾ… ടി.വി. ചാനലുകളുടെ സംഗീതം… കൊഴുത്തുരുണ്ട കുട്ടികൾ ക്രിക്കറ്റ്‌ കളിക്കുന്നു.

ഇടയ്‌ക്ക്‌ വരൾച്ചയുടെ വന്യതയിൽ പിടയുന്ന ഒരു ഗ്രാമം കണ്ടു. പൈപ്പുവഴി വരുന്ന വെളളത്തിനായി കാവലിരിക്കുന്ന ഒരുകൂട്ടം മനുഷ്യർ. ആകാശം കൊണ്ട്‌ മനുഷ്യരെന്നു പറയാനൊക്കില്ല. അവർ വെറും അസ്ഥികൂടങ്ങളാണ്‌. ജീവനുളള അസ്ഥികൂടങ്ങൾ.

പെണ്ണുങ്ങളുടെ ചന്തികളും മുലകളും ഉണങ്ങിപ്പോയിരിക്കുന്നു. എങ്കിലും ഒരു പെണ്ണ്‌ തവളപ്പൊട്ടുപോലുളള തന്റെ കുഞ്ഞിനു മുല കൊടുക്കുന്നു. പക്ഷേ കുഞ്ഞ്‌ മുലയിൽ തൂങ്ങി ഞരങ്ങുകയാണ്‌. ചിലപ്പോൾ അവളുടെ മുലയും വറ്റിയിരിക്കും. ടാറിട്ട റോഡിലൂടെ നടക്കുമ്പോൾ തലയ്‌ക്കുമുകളിൽ വെയിൽ തിളച്ചു.

തെല്ലകലെ, വെയിലു കൊണ്ടു വാടി ഒരാൾ! അയാൾ വൃദ്ധനും കുഷ്‌ഠരോഗിയുമാണ്‌. നടക്കാനാവാതെ തളർന്നിരിക്കുന്ന അയാളുടെ കൈയിൽ പിടിച്ച്‌ എഴുന്നേൽപിച്ചു.

അയാൾ വിശ്വസിക്കാനാവാതെ മിഴിച്ചുനോക്കി. കണ്ണുകൾ നിറയുന്നുണ്ടോ! പാവം! വല്ലാതെ അവശനാണ്‌. ഉരുകിത്തീരുന്ന കൈകാൽ വിരലുകൾ…

അയാളുടെ ഇടതു കൈ തോളിലെടുത്തിട്ട്‌ മുന്നോട്ടു നയിച്ചു. കുറേ ചെന്നപ്പോൾ വായനശാലയും ചായക്കടയും കണ്ടു. വായനശാലയുടെ ഒരു കീറ്‌ തണലിൽ അയാളെ ഇരുത്തി.

’മോന്റെ പേരെന്താ?‘ കുഷ്‌ഠരോഗി തിരക്കി.

’മനുഷ്യൻ‘

അതുപറഞ്ഞ്‌ മുന്നോട്ടു നടക്കുമ്പോൾ ചായക്കടയിൽനിന്നും ചിരിയുയർന്നു. നോക്കിയപ്പോൾ ഒരുകൂട്ടം ആളുകൾ.

കുഷ്‌ഠരോഗിയോട്‌ കാട്ടിയ കാരുണ്യത്തെ അവർ പരിഹസിക്കുകയാണ്‌.

യാത്രയിലെപ്പോഴോ നനഞ്ഞ നിരത്തിലൂടെ നടക്കുമ്പോഴാണ്‌ അവളെ കണ്ടത്‌. പന്ത്രണ്ടു പതിമൂന്നു വയസ്സു പ്രായമുളള ഒരു പെൺകുട്ടി. മുഷിഞ്ഞ പാവാടയും ജമ്പറും. പാറിപ്പറക്കുന്ന മുടിയിഴകൾ. എങ്കിലും ഭാവിയുണ്ട്‌.

ഏതാനും നാളുകൾ കഴിഞ്ഞാൽ നിനക്കു വിലപേശാം. ഇളംപെണ്ണിന്‌ ഇവിടെ നല്ല മാർക്കറ്റാണ്‌.

കഞ്ചാവു പുകയിലൂടെ നോക്കിയപ്പോൾ പക്ഷേ അവൾ തനിച്ചായിരുന്നില്ല. അവളെപ്പോലെ ഒരുപാടു പെൺകുട്ടികൾ….

വിപണിയുടെ ഇരകളാണെന്നറിയാതെ അവർ ഓടിക്കളിക്കുന്നു.

വിശപ്പിന്റെ ഏതോ ഒരു ഘട്ടത്തിലാണ്‌ ആ പെട്ടിക്കട കണ്ടത്‌.

അവിടെ ഓറഞ്ചും ആപ്പിളുമുണ്ടായിരുന്നു. ഒന്നും മൂത്തു പഴുത്തതല്ലെന്നു കണ്ടാലറിയാം. ഇവിടെ പഴങ്ങൾ പാകമാകുന്നത്‌ രാസപ്രയോഗങ്ങൾ കൊണ്ടാണ്‌.

ഒരു ഭാഗത്ത്‌ മുന്തിരിക്കുലകളിൽ ഈച്ച പൊതിഞ്ഞിരിക്കുന്നു. അറപ്പുതോന്നി. വേഗം തിരിഞ്ഞുനടന്നു.

കുറെ ചെന്നപ്പോൾ ഒരു മാവും അതിൽ കല്ലെറിയുന്ന ഏതാനും ചെറുക്കൻമാരെയും കണ്ടു. വിശപ്പിന്റെ വേലിയേറ്റത്തിൽ ഞാനും അവരിൽ ഒരാളായി. കല്ലുകൾ പെറുക്കിയെടുത്ത്‌ എറിഞ്ഞു.

ഒടുവിൽ ഒരു കുല മാങ്ങ ഞെട്ടറ്റു വീണപ്പോൾ ചെറുക്കൻമാർ ചാടിവീണു.

യാത്രയിൽ സാന്ത്വനമേകിയത്‌ കഞ്ചാവാണ്‌. പൊളളിക്കുന്ന കാഴ്‌ചകളെ നനച്ചുറക്കിയത്‌ കഞ്ചാവാണ്‌. ഒരവസരത്തിൽ വലിയൊരു ആറ്റം ബോംബ്‌ വരമായി കിട്ടിയിരുന്നെങ്കിൽ എന്നാശിച്ചുപോയിട്ടുണ്ട്‌. ഈ ലോകം ചുട്ടു ചാമ്പലാക്കാനുളള ത്വരയായിരുന്നു. ഇവിടെ ആരും ജീവിക്കണ്ട. ഞാനടക്കം എല്ലാവരും ചത്തുതുലയട്ടെ! പക്ഷേ ആര്‌ വരം തരും?

എവിടെനിന്ന്‌ ആറ്റംബോംബ്‌ കിട്ടും? അസ്വസ്ഥതയുടെ നെരിപ്പോടിൽ എരിയുന്ന മനസ്സുമായി ഞാൻ പിന്നെയും യാത്ര തുടർന്നു.

അപ്പോഴാണ്‌ ഒരു വലിയവീട്ടിൽനിന്നും ഒരു കുഞ്ഞിന്റെ കിളിക്കൊഞ്ചലുകൾ കേട്ടത്‌. അഞ്ചുവയസ്സോളം പ്രായമുളള വെളുത്തു തടിച്ച ഒരു പെൺകുട്ടി കളിപ്പാട്ടങ്ങളുമായി സല്ലപിക്കുന്നു.

’മോളെ ഹോർലിക്‌സ്‌ കഴിക്കാൻ വാ..‘

ആ കുട്ടിയുടെ അമ്മയാണ്‌. വീടിനുളളിൽനിന്നാണ്‌ വിളിക്കുന്നത്‌.

’ഇപ്പോൾ വേണ്ട മമ്മീ… തീരെ വിശപ്പില്ല..‘ കുട്ടി പറഞ്ഞു.

അമർഷത്തോടെ പല്ലുകൾ കടിച്ചുപൊട്ടിച്ചുകൊണ്ട്‌ ഞാൻ പിന്നെയും നടത്തം തുടർന്നു.

വഴിവക്കത്തെ ഓടയിൽ തൂറ്റം പിടിച്ചു ചത്ത കോഴികളുടെ ജഡങ്ങൾ കാക്കകൾ കൊത്തി വലിക്കുന്നു. തെല്ലകലെ, കടത്തിണ്ണയിൽ ചാക്കു വിരിച്ച്‌ കപ്പലണ്ടി വിൽക്കുന്ന ഒരു കിഴവിയെ കണ്ടു.

ഉണങ്ങിക്കരിഞ്ഞ്‌ വൈക്കോൽതുരുമ്പ്‌ പോലെയായിരിക്കുന്നു. പൊത വന്ന കണ്ണുകളുയർത്തി അവർ ചോദിച്ചു. ’മോനെ, കപ്പലണ്ടി വേണോ?”

ചാക്കിൽ ആട്ടിൻകൂട്ടം പോലെ കൂട്ടിയിട്ടിരിക്കുന്ന കപ്പലണ്ടി.

‘വേണ്ട’ കൈയിലുളള പൈസയുടെ ശോചനീയാവസ്ഥയെക്കുറിച്ചോർത്തു കൊണ്ടു പറഞ്ഞു.

ഇപ്പോഴും യാത്ര തുടരുകയാണ്‌. ഈ മരച്ചുവട്‌ ഒരിടത്താവളം മാത്രം! മേലാകെ മുഷിഞ്ഞു നാറുന്നുണ്ട്‌.

ഇപ്പോൾ എന്നെ കാണുന്നവർ ഒരു ഭ്രാന്തനാണെന്നു കരുതിപ്പോകും.

എങ്കിലും എഴുന്നേറ്റു നടന്നു.

വിജനമായ വഴി. ഇരുവശവും കാടുകൾ വളർന്നുനിൽക്കുന്നു.

‘നിൽക്കൂ.’ കാടിനുളളിൽ നിന്നും ഒരു സ്‌ത്രീശബ്‌ദം. നോക്കിയപ്പോൾ കാട്ടുവളളികൾ ഇളകുന്നു.

ചുവന്ന വട്ടപൊട്ടാണ്‌ ആദ്യം കണ്ണിൽപെട്ടത്‌. പിന്നെ പഴകിപ്പിഞ്ഞിയ ചുവന്ന ചേല. മാദകഭാവം കണ്ടപ്പോൾ മനസ്സിലായി അവൾ ഒരു തെരുവു വേശ്യയാണ്‌.

‘ഞാനിന്ന്‌ ഒന്നും കഴിച്ചിട്ടില്ല. ഇപ്പോൾ ആർക്കും എന്നെ വേണ്ടാതായിരിക്കുന്നു.’ അവൾ പറഞ്ഞു.

‘അതങ്ങനെയാണ്‌… കാലം നിന്റെ മുടിയിഴകളിലധികവും വെളുപ്പിച്ചിരിക്കുന്നു. നരച്ച പെണ്ണ്‌ ചവച്ചു തുപ്പിയ കരിമ്പിൻ ചണ്ടിപോലെയാണ്‌.’

മനസ്സിൽ അങ്ങനെ പറഞ്ഞുകൊണ്ട്‌ ഞാൻ അവളുടെ കണ്ണുകളിൽതന്നെ നോക്കിനിന്നു.

‘നിങ്ങൾ എന്നെ കൈവെടിയരുത്‌..’ നേരിയ പ്രതീക്ഷയോടെ അവൾ കെഞ്ചി.

സഹതാപം തോന്നി.

‘എന്തെങ്കിലും തന്നാൽ മതി. അവൾ വീണ്ടും. ഞാൻ കീശയിൽ കൈയിട്ടു. കിട്ടിയത്‌ അഞ്ചിന്റെ ഒറ്റക്കല്ലൻ.

എന്റെ സമ്പാദ്യത്തിന്റെ അവശിഷ്‌ടം. ഇത്‌ മതിയോ? ഞാൻ ചോദിച്ചു.

’മതി.. ചായ കുടിക്കാമല്ലോ… വേഗം വന്ന്‌ അവൾ ഒറ്റക്കല്ലൻ വാങ്ങി കാടിനുളളിലേക്കു നടന്നു.

കരിയിലകളിൽ സിഫിലിസും ഗുണോറിയയും മലർന്നു.

എച്ച്‌.ഐ.വി. വൈറസുകൾ എന്നെ ചുംബിച്ചു.

അങ്ങനെ കിടന്ന്‌ ഉറങ്ങിപ്പോയതറിഞ്ഞില്ല. ഉണർന്നപ്പോൾ അവളെ കണ്ടില്ല. ഊരിയിട്ട എന്റെ വസ്‌ത്രങ്ങളും അവിടെ കാണാനായില്ല.

ഏതെങ്കിലും തെണ്ടിക്ക്‌ അതു വിറ്റാൽ അവൾക്ക്‌ ചായ കുടിക്കാനുളള കാശു കിട്ടുമായിരിക്കും.

പാവം!

എനിക്കിനി വസ്‌ത്രങ്ങൾ ആവശ്യമില്ല. വിശപ്പിന്‌ ഇവിടെ കാട്ടുകിഴങ്ങുകളും പഴങ്ങളുമുണ്ട്‌. ദാഹത്തിന്‌ കാട്ടരുവികളും…

എണീറ്റ്‌ കാടിനുളളിലേക്ക്‌ വീണ്ടും വീണ്ടും നടക്കുമ്പോൾ ഞാനറിഞ്ഞു.

എന്റെ യാത്ര ആദിയിലേക്കായിരുന്നു.

Generated from archived content: story_feb25_06.html Author: ajithan_chittattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here