മകരത്തിലെ മരംകോച്ചുന്ന കൊച്ചു വെളുപ്പാൻകാലത്താണ് അപരിചിതമായ ആ ചിരിയൊച്ചകൾ ഞങ്ങളെ തേടിയെത്തിയത്.
ഉറക്കത്തിന്റെയും ഉണർച്ചയുടേയും നൂൽപ്പാലത്തിൽ…
പുതച്ചുമൂടി, ചെമ്മീനുകളെപ്പോലെ ചുരുണ്ടുകിടക്കവെ……
ഒരു ചാട്ടവാർ സീൽക്കാരം പോലെ……
ഞെട്ടിയുണർന്ന ഞങ്ങൾ ചിരിയൊച്ചകൾക്കു നേരെ ചെവി വട്ടം പിടിച്ചു.
സ്ഥലകാലബോധമില്ലാതെ ആരാണിങ്ങനെ?……
ആരാണ്?……
ഞങ്ങൾ കൂരകളിൽ നിന്നും പുറത്തിറങ്ങി.
ചുറ്റും മഞ്ഞ്.
പുകപോലെ…
പുഴപോലെ…..
മഴപോലെ…..
നനുത്ത നാവുകൾ പോലെ…
പല്ലുകൾ കൂട്ടിയിടിച്ചു.
എങ്കിലും അതു കാര്യമാക്കാതെ ചിരിയൊച്ചകൾക്കു നേരെ ഞങ്ങൾ വെച്ചുപിടിച്ചു.
കിഴക്കേ ചെരുവിൽ നിന്നാണ്…..
ഹനുമാൻകാവിന്റെ അടുത്തു നിന്ന്…….
പാതിരാത്രിയിൽ കാവിനു മുന്നിലൂടെ പോകുന്ന വഴിയാത്രക്കാരെ ആൽമരത്തിന്റെ ചില്ലകൾ കുലുക്കി ഹനുമാൻസ്വാമി ഭയപ്പെടുത്താറുണ്ട്……
അതുപോലെ ഇതും…..?
അല്ലെങ്കിൽ പിന്നെയാര്?
ഭ്രാന്തൻവേലായുധനോ?
ഗ്രാമത്തിന്റെ ഇടവഴികളിലൂടെ സദാ ചിരിച്ചുകൊണ്ട് അലഞ്ഞു നടക്കുന്ന…..
പക്ഷേ, ഇത് വേലായുധന്റെ ചിരിയല്ല. തീർച്ച!
വേലായുധന്റെ ചിരി ഞങ്ങൾക്ക് തീരെ അപരിചിതമല്ല……
നേരിട്ടു കണ്ടപ്പോഴാണ്……
ഞങ്ങൾ സംശയിച്ചതുപോലെയൊന്നുമല്ല……
കാവിനു മുന്നിൽ…..
ആൽമരത്തിനു കീഴെ…….
അപരിചിതനായ ഏതോ ഒരു ചെറുപ്പക്കാരൻ!
അയാൾ നഗ്‌നനാണ്. ആകാശംപോലെ……..
പേരിനുപോലും തുണിയുടുത്തിട്ടില്ല…..
ഇരുനിറം. മെലിഞ്ഞ ദേഹം….
കവിളുകൾ പതിഞ്ഞത്…..
എല്ലുന്തി…..
തോളറ്റം വരെ നീണ്ടുകിടക്കുന്ന മുടിയിൽ ഒട്ടും എണ്ണമയമില്ല.
ചെറിയ തോതിലുളള താടി…….
ക്യൂബൻ വിപ്ലവകാരിയായ ചെഗുവേരയെപ്പോലെ….
ഞങ്ങളുടെ പെണ്ണുങ്ങൾ അയാളെ ഒന്നേ നോക്കിയുളളൂ…… അവർ നാണിച്ചുപോയി…..
ചിലർ കെറുവിച്ചു……
അടക്കിപ്പിടിച്ച ചിരിയുമായി അവർ പൊടുന്നനെ വീടുകളിലിലേക്കു പലായനം ചെയ്‌തു.
എന്നാൽ, ഞങ്ങളുടെ കുട്ടികൾക്ക് അയാൾ രസമുളള കാഴ്‌ചയായിരുന്നു. ഒരു കൗതുകജീവിയെ കാണുംപോലെ….
അയാളുടെ നഗ്‌നതയും ചിരിയുമൊക്കെ അവരെ വല്ലാതെ രസിപ്പിച്ചു.
‘കിറുക്കനാന്നാ തോന്ന്‌ണ്! വറീതുമാപ്പിളയാണ് തുടക്കമിക്കത്…..’
‘കിറുക്കാന്ന്‌ച്ച് തുണിയുടുക്കാണ്ട് നിക്ൿആ – മന്തുകാലൻ ഗോപാലന് അരിശം വന്നു.
’ഇതഹമ്മത്യാണ്. നല്ല പൂശു കൊടുക്കണം.
അഭിപ്രായങ്ങൾ അയാൾക്കു ചുറ്റും ഏറുപടക്കങ്ങൾപോലെ…..
പക്ഷേ, എന്തൊക്കെ പറഞ്ഞിട്ടും എത്രയൊക്കെ പറഞ്ഞിട്ടും അയാൾ ഒട്ടും പതറുന്നതായി കണ്ടില്ല.
ഞങ്ങൾ പത്മവ്യൂഹമായി മാറുകയാണെന്നറിഞ്ഞിട്ടുപോലും……
“കുത്തു കുലുങ്ങിയാലും കൂത്തിച്ചി കുലുങ്ങില്ല‘ എന്നൊരു മട്ട്!……
അപ്പോഴാണ് ആൾക്കൂട്ടത്തിൽ നിന്നും……
ഞങ്ങളുടെ നാട്ടിലെ ചട്ടമ്പി ഫാന്റം മൂസ……
അല്ലറചില്ലറ വെട്ടുകേസുകളിലൊക്കെ പ്രതിയാണ്……
അറവുകാരനുമാണ്…..
ചോരകണ്ട് പേടി തീർന്നവൻ…….
’മുണ്ടുടുക്കടാ നായിന്റെമോനേ‘
ഫാന്റം ഒരു കാട്ടുമൃഗമായി. ഞങ്ങളുടെ മുട്ടുകൾ കൂട്ടിയിടിച്ചു…… ഞങ്ങൾ നിശബ്‌ദരായി…. വിനയാന്വിതരായി.
എന്നാൽ അയാൾ പരിഹാസം പുരട്ടിയ ചിരിയോടെയാണ് മൂസയെ നേരിട്ടത്.
’ഇല്ല. ഞാൻ മുണ്ടുടുക്കില്ല. ഉരുക്കുമുഷ്‌ടികൾകൊണ്ടും ഭീഷണികൾകൊണ്ടുമുളള ശാഠ്യം എന്നോടുവേണ്ട. വസ്‌ത്രങ്ങളെ ഞാൻ വെറുക്കുന്നു. നിലനിൽക്കുന്ന വ്യവസ്ഥിതിയുടെ ആവരണമാണ് വസ്‌ത്രങ്ങൾ കുബേരനേയും കുചേലനേയും വസ്‌ത്രങ്ങൾ വേർതിരിക്കുന്നു……‘
മൂസക്കു പക്ഷേ, അയാളുടെ സംസാരത്തിന്റെ നാനാർത്ഥങ്ങൾ പിടികിട്ടിയില്ല. ഞങ്ങളും കഥയറിയാതെ ആട്ടം കാണുന്നവരെപ്പോലെ…..
എങ്കിലും എല്ലാവർക്കും ഒരു കാര്യം ബോധ്യമായി. ചെറുപ്പക്കാരൻ ചില്ലറക്കാരനല്ല.
തീയ്യിൽ മുളച്ച വിത്താണ്…..കടലിലും കനലായി കത്തുന്നവനാണ്…..
എന്നിരുന്നാലും മുന്നോട്ടുവച്ച കാൽ പിന്നോട്ടെടുത്ത ചരിത്രം ഞങ്ങളുടെ നിഘണ്ടുവിലില്ല.
മൂസയുടെ കാര്യത്തിൽ പ്രത്യേകിച്ചും……കൊണ്ടും കൊടുത്തിട്ടുമാണ് മൂസ ’ഫാന്റം മൂസ‘യായത്……
കണ്ടോ…….മൂസയുടെ ചെമ്പൻ കണ്ണുകളിൽ ചോര ഉറഞ്ഞുകൂടുന്നത്……ചെറുപ്പക്കാരൻ തവിടുപൊടിയായതു തന്നെ……
’പ്രസംഗിക്കാതെ പറഞ്ഞതനുസരിക്കെടാ…..‘ മൂസയുടെ മുരൾച്ച കൂടുതൽ കടുത്തു.
”ഇല്ലെങ്കിൽ?“
ചെറുപ്പക്കാരനും ഉറച്ചുതന്നെയാണ്. രണ്ടും മൂന്നും കൽപിച്ച മട്ട്….
’ഇല്ലെങ്കിൽ അടിച്ചു നിന്റെ…..‘
മൂസ മുക്രയിട്ടുകൊണ്ട് അയാളെ തല്ലാനായി മുന്നോട്ടാഞ്ഞു.
പെട്ടന്നാണ്….. ’നിൽക്കൂ‘ വാരിയർ മാഷ്. മഴവില്ലുപോലെ വളഞ്ഞ…….. നരച്ച താടിയും തലയുമൊക്കെയുളള…… കണ്ണടവെച്ച…..ഖദറിന്റെ മുണ്ടും ജുബ്ബയും…… തോളിൽ രണ്ടാം മുണ്ട്……. ഒരു ഊന്നുവടി കൂടിയുണ്ടായിരുന്നെങ്കിൽ മഹാത്മാഗാന്ധി തന്നെ!
മാഷ് ജനിക്കുമ്പോഴും ഈ വേഷം…..? ഞങ്ങൾ കാണുമ്പോഴൊക്കെ ഇങ്ങനെയാണ്…… സ്വാതന്ത്ര്യസമരക്കാലത്ത് തീപ്പൊരിയായിരുന്നു. ആദ്യം സുഭാഷ് ചന്ദ്രബോസിന്റെ കൂടെ……. പിന്നെ ഗാന്ധി…… ജയിലിൽ കിടന്നു…… ഇടി കൊണ്ടു. ചവിട്ടുകൊണ്ടു. എന്നിട്ടും ക്വിറ്റ് ഇന്ത്യാ…….. ഇപ്പോൾ ഞങ്ങൾ നിരക്ഷരരെ സാക്ഷാരരാക്കാനുളള ഭഗീരഥപ്രയത്നത്തിൽ….. മറ്റൊരർഥത്തിൽ ഞങ്ങളുടെ സർവവിജ്ഞാനകോശം! ഞങ്ങളുടെ സകല സംശയങ്ങൾക്കും നിവാരണമുണ്ടാക്കുന്നു. മാഷെ ഞങ്ങൾ ബഹുമാനിക്കുന്നു. മഹാത്മാഗാന്ധിയെ കാണുമ്പോലെ…… ”ഞ്ഞാനൊന്ന് അയാളോട് സംസാരിക്കട്ടെ’ മാഷ് മൂസയെ നോക്കി പറഞ്ഞു. പക്ഷേ, ചെറുപ്പക്കാരന്റെ ചുണ്ടിൽ അപ്പോഴും പരിഹാസം!
തെമ്മാടി!…
‘മോനെ’ മാഷ് അയാളെ നോക്കി സ്നേഹത്തോടെ വിളിച്ചു.
‘ഉം എന്താ?’
‘ഇതു വാങ്ങ്“
തോളിൽ കിടന്നിരുന്ന രണ്ടാം മുണ്ടെടുത്ത് മാഷ് അയാൾക്കു നേരെ നീട്ടി.
മടിച്ചു നിന്ന അയാളോട്….. ’മോനേ നീ മുണ്ടുകൊണ്ട് വേഗം നാണം മറക്ക്‘
എനിക്കിതു വേണ്ട. വസ്‌ത്രങ്ങളെ ഞാൻ വെറുക്കുന്നു.’
”മോനെ, പറഞ്ഞതനുസരിക്ക്….. തുണിയുടുക്കാണ്ട് നടക്കാൻ ഇത് സായിപ്പന്മാരുടെ നാടൊന്നുമല്ല.“
ഞാൻ നാണം മറച്ചാലും ഇല്ലെങ്കിലും നിങ്ങൾക്കെന്ത്?
‘ഇത് നിന്റെ മാത്രം ലോകമല്ല”
പക്ഷേ, വ്യക്തി സ്വാതന്ത്ര്യം ജന്മാവകാശമാണ്.
’എങ്കിലും അതിനു പരിമിതിയുണ്ട്.‘
പരിമിതി!….. ആരാണതുണ്ടാക്കിയത്?…… വസ്‌ത്രങ്ങൾ വർഗപരമായി മനുഷ്യകുലത്തെ വേർതിരിക്കുന്നു. മാത്രമല്ല ബൈബിൾ പഴയനിയമത്തിലേക്കു പോയാൽ പാപബോധത്തിന്റെ തിരിച്ചറിവുകൂടി നൽകുന്നു’
‘കുട്ടി ഇങ്ങനെയൊക്കെ പറഞ്ഞാൽ…..’ വാരിയർമാഷ് സങ്കടത്തിൽ പെട്ടു.
‘പിന്നെയെന്തിന് എന്നെ എതിർക്കുന്നു?’ എന്നെ എന്റെ പാട്ടിനു വിട്ടുകൂടെ?“
”പക്ഷേ, ലോകത്തിന്റെ മനസസ് വളരെ ചെറുതാണു കുട്ടീ.“
നിഷേധജന്മങ്ങൾ കൊണ്ടേ ലോകത്തിന്റെ മനസിനു വളർച്ചയുണ്ടാകുകയുളളൂ…. കാറൽമാർക്സും രാജാറാം മോഹൻറോയിയും നാരായണഗുരുവും ഇ.എം.എസുംഒക്കെ നിഷേധ ജന്മങ്ങളായിരുന്നു.‘
’എന്നാൽ നീ ഒറ്റയ്‌ക്ക്”
‘അതെ, ഇത് ഒരൊറ്റയാൾ വിപ്ലവമാണ്.’
‘പക്ഷേ, ഒരു വിപ്ലവത്തിന് പാകമായ മണ്ണല്ല ഇത്.’
‘കാലം തെറ്റിയിട്ടും പാകമാവാത്തത് തല്ലിപ്പഴുപ്പിക്കണം’
തല്ലിപ്പഴുപ്പിച്ചതിന് മധുരം കുറയും. മാത്രമല്ല, തല്ലിപ്പഴുപ്പിക്കുന്നവൻ തന്നെ ഇല്ലാതായാൽ ആ ഒറ്റയാൾ വിപ്ലവം കൊണ്ട് എന്താണ് പ്രയോജനം?
‘ഭീഷണികൊണ്ട് എന്നെ പിന്തിരിപ്പിക്കാൻ നോക്കുകയാണോ?
’ഒരിക്കലുമില്ല. ഇതെന്റെ അപേക്ഷയാണ്. മോനേ നീ മുണ്ടുടുക്ക്‘
’സാധ്യമല്ല‘
ഇവിടെ പെണ്ണുങ്ങൾക്ക് പുറത്തിറങ്ങി നടക്കണം. മോനിങ്ങനെ നിൽക്കുന്നതുകണ്ട് അവരൊക്കെ വാതിലടച്ചിരുപ്പാണ്.’
‘ഇത്രയ്‌ക്ക് ഭീരുക്കളാണോ അവർ’
ഭീരുത്വം കൊണ്ടല്ല, നാണം കൊണ്ടാണ്
ഇവിടെ ഫെമിനിറ്റുകളില്ലേ? സ്‌ത്രീപക്ഷ എഴുത്തുകാരില്ലേ?……‘ കേവലം ഒരു പുരുഷന്റെ നഗ്നതക്കുമുൻപിൽ ഓടിയൊളിക്കുന്ന ഇവർക്കെങ്ങനെയാണ് പുരുഷമേധാവിത്തത്തിനെതിരെ സമരം ചെയ്യാൻ കഴിയുക? പുരുഷന്റെ നഗ്നതയാണ് അവരെ അടിമകളാക്കി വെക്കുന്നതെന്ന് അവരെന്താണ് ഓർക്കാത്തത്?…….
ആ വാഗ്വാദം അങ്ങനെ അനിശ്ചിതമായി നീണ്ടുപോകുന്നത് ഞങ്ങളെ അരിശം കൊളളിച്ചു. ഇത്രനേരവും മാഷെ കരുതി പൊറുത്തുനിന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അയാളും മാഷും തമ്മിൽ നടക്കുന്നത് ഒരു യുദ്ധമാണ്. പടവാളുകൊണ്ട് പൊരുതി മുന്നേറുന്ന ചെറുപ്പക്കാരൻ……. പരിചകൊണ്ട് തടുക്കാൻപോലുമാവാതെ വിവശനാവുന്ന വാരിയർമാഷ്…….. ഇതങ്ങനെ വിട്ടാൽ പറ്റില്ല… മാഷെ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയാണ്. മൂസയാണ് വീണ്ടും തുടക്കം കുറിച്ചത്.
’വാചകമടിച്ച് നേരം കളയാതെ മുണ്ട് വാങ്ങിയുടുക്കടാ!‘
എന്നാൽ അവജ്ഞയോടെയും ധിക്കാരത്തോടെയുമാണ് ചെറുപ്പക്കാരൻ മൂസയെ നേരിട്ടത്.
’മുണ്ടുടുത്തില്ലെങ്കിൽ നീയെന്നെ എന്തു ചെയ്യും?‘ എടുത്തടിച്ചതുപോലെ അയാൾ…….
മൂസ വിളറിപ്പോയി. എങ്കിലും പെട്ടെന്നുതന്നെ മൂസ ഒരു തന്ത്രം പ്രയോഗിച്ചു. ’എറിഞ്ഞുകൊല്ലെടാ ഈ തെണ്ടിയെ‘…… അതു കേട്ടതും ഞങ്ങളാകെ ഇളകി…… ഈ നേരം വരെയും ക്ഷമയുടെ നെല്ലിപ്പടി കണ്ട് നൽക്കുകയായിരുന്നു. ആദ്യത്തെ കല്ല് ആരാണവോ എറിഞ്ഞത്? ആ കല്ല് അയാളുടെ നെറ്റിയിൽ ഒരു ചുവന്ന നക്ഷത്രം വരച്ചതിനുശേഷം ഭൂമിയെ ചുംബിച്ചു. എന്നിട്ടും അയാളുടെ മുഖത്ത് പേടിയുടെ നിഴലാട്ടം…… ഊഹും!
’നിങ്ങളുടെ കല്ലുകൾക്ക് എന്റെ ഇച്ഛാശക്തിയെ പരാജയപ്പെടുത്താനാവില്ല.‘ അയാൾ നുരയുന്ന വെറുപ്പോടെ ഉറക്കെ വിളിച്ചു പറഞ്ഞു.
’കൊല്ലും നിന്നെ‘ മറുപടിയായി ഞങ്ങൾ ഉച്ചത്തിൽ ആക്രോശിച്ചു. കാക്കകൾ ആർക്കുംപോലെ….. അയാൾ അപ്പോൾ ഉറക്കെ പൊട്ടിചിരിച്ചു. അതിനുശേഷം… ചിരി നിർത്തി. ഘനഗംഭീരമായ ശബ്ദത്തിൽ ’മരണത്തെ ഞാൻ ഒട്ടും ഭയപ്പെടുന്നില്ല. ഇന്നല്ലെങ്കിൽ നാളെയതു സംഭവിക്കേണ്ടതാണ്. എന്ന കല്ലെറിയുന്ന നിങ്ങൾക്കും അതിൽ നിന്നു രക്ഷപ്പെടാനാവില്ല. നിങ്ങളുടെ കല്ലുകളെ ഭയന്ന് വസ്ര്തം ധരിച്ചാൽ ഒരു പക്ഷേ കുറച്ചുകാലം കൂടി എനിക്കു ജീവിക്കാൻ സാധിച്ചേക്കാം. എന്നാൽ അതോടെ എന്റെ സ്വപ്നങ്ങൾ എന്നെന്നേക്കുമായി മണ്ണടിയും. അതു പാടില്ല. ഒരു കല്ലുപോലെ കുറേക്കാലം ജീവിക്കുന്നതിൽ എന്താണർത്ഥം? എബ്രഹാം ലിങ്കണും മഹാത്മാഗാന്ധിയും കല്ലുപോലെ ജീവിച്ചു മരിച്ചവരല്ല. ലോകത്തിനു മുന്നിൽ കെടാവിളക്കു
പോലെ പ്രകാശം പരത്തുന്ന ജീവിതം തുറന്നുവെച്ചുകൊണ്ടാണ് അവർ മരണം വരിച്ചത്. സ്വന്തം കാര്യം മാത്രം നോക്കി കഴിഞ്ഞിരുന്നെങ്കിൽ അവർക്കൊരിക്കലും ശത്രുക്കൾ ഉണ്ടാകുമായിരുന്നില്ല. എന്നാൽ അങ്ങനെ ജീവിച്ചാണ് അവർ മരിച്ചിരുന്നതെങ്കിൽ അവരെ ഇന്ന് ആരാണോർക്കുക ആരാണ് അവരുടെ കാല്‌പാടുകൾ പിൻതുടരുക?…… അവരെപ്പോലെ, എനിക്കും എന്റേതായ ഒരാദർശമുണ്ട്. അത് നല്ലതോ ചീത്തയോ എന്നു കാലം തെളിയിക്കട്ടെ! എന്തായാലും എന്റെ ആദർശത്തിനു വേണ്ടി നിങ്ങളാൽ മരിക്കേണ്ടിവന്നാലും എനിക്കതിൽ ഖേദമോ നിരാശയോ സങ്കടമോ ഇല്ല. കാരണം ഞാൻ മരിച്ചാൽ എന്റെ ആദർശം പൂർവാധികം ശക്തിയോടെ ഉയിർത്തെഴുന്നേൽക്കും. ഒരു പ്രത്യയശാസ്‌ത്രമായി നിങ്ങളതിനെ കൊണ്ടുനടക്കും…….‘
പക്ഷേ, അയാൾ പറയുന്നതു മുഴുവൻ കേട്ടുനിൽക്കാനുളള സഹനശക്തി ഞങ്ങൾക്കുണ്ടായിരുന്നില്ല. ’അരുത് മക്കളേ അരുത്‘ എന്ന വാരിയർമാഷുടെ വിലാപം പോലും ഞങ്ങളുടെ കാതുകളിൽ കയറിയില്ല. ഞങ്ങൾ കല്ലുകൾ പായിക്കുന്ന തിരക്കിലായിരുന്നു. ഗോലിയാത്തിനെ വീഴ്‌ത്തുന്ന ദാവീദിനെപ്പോലെ….. ചെറുപ്പക്കാരന്റെ മേലാകെ കല്ലുകൾ ചുവന്ന പൂക്കളായി……. അതിന്റെ പരിമളം ചുറ്റും….. വാരിയർമാഷ് നിന്നു കരഞ്ഞു…. നിരായുധനെപ്പോലെ……നിസ്‌സാഹയനെപ്പോലെ…… അങ്ങനെ കല്ലുകളും പൂക്കളും ചേർന്ന് ഒരു രാസപ്രക്രിയയുണ്ടായി…..അയാളുടെ രക്തം……മാംസം……കല്ല്…… എല്ലാം ഇഴുകിച്ചേർന്ന്. അതെ ഒരു പാറ………ചുവന്ന നിറത്തിൽ മനുഷ്യഗന്ധമുളള ഒരു പാറ!….
പെട്ടെന്നാണ് ഒരു ചിരി…… വാരിയർമാഷ്! ചിരിച്ചുകൊണ്ട് മാഷ് പാറയിൽ കയറുന്നു…….. പിന്നെ ധരിച്ചിരുന്ന വസ്ര്ടങ്ങൾ ഒന്നൊന്നായി……..നഗ്നനായ വാരിയർമാഷെ കണ്ട് ഞങ്ങൾ കണ്ണുകൾ പൊത്തിയില്ല. ഞങ്ങളുടെ പെണ്ണുങ്ങൾ വീടുകളിൽ കയറി വാതിലടച്ചില്ല. ഞങ്ങളുടെ കുട്ടികൾ ഉറക്കെ രസിച്ചു ചിരിച്ചില്ല…… ഉത്തരം കിട്ടാത്ത ഒരു കടങ്കഥയുടെ മുൻപിലെന്നതുപോലെ…… ഉഴറിനിന്ന ഞങ്ങളുടെ ബോധമണ്ഡലത്തിലേക്ക്….. പുതിയ പുതിയ വെളിപാടുകളുമായി വാരിയർമാഷ്…….!
പിന്നെ ഞങ്ങളും സംശയിച്ചു നിന്നില്ല. ഞങ്ങൾ ഓരോരുത്തരായി പാറയിൽ കയറിഃ ഉടുത്തിരുന്നന്ന വസ്ര്തങ്ങൾ ഉരിഞ്ഞെറിഞ്ഞു.
Generated from archived content: story2_nov3_06.html Author: ajithan_chittattukara