കളിപ്പാട്ടങ്ങൾ

നെടുകെ നീണ്ടുപോകുന്ന നടവഴിയിലൂടെ ഉണ്ണിക്കുട്ടന്റെ കൈ പിടിച്ചു ഞാൻ നടന്നു. തെങ്ങോലകൾക്കിടയിലൂടെ എത്തുന്ന വെയിലിനു നല്ല ചൂട്‌! പതുക്കെ വീശിയടിക്കുന്ന കാറ്റിനും ചൂടാണ്‌.

പഞ്ചസാരപ്പൂഴി കുമിഞ്ഞു കിടക്കുന്ന നടവഴി പഴുത്തു കിടക്കുന്നു. പാദങ്ങൾ പൊളളുന്നു… പഴയ തേഞ്ഞതാണെങ്കിലും ഒരു ജോഡി ചെരുപ്പ്‌ ഉണ്ടായിരുന്നു. കഴിഞ്ഞ ആഴ്‌ചയിൽ അതിലൊന്നിന്റെ വാറുപൊട്ടി.

ഉണ്ണിക്കുട്ടൻ അവന്റെ കുഞ്ഞിച്ചെരുപ്പിട്ടിട്ടുണ്ട്‌. അത്‌ ആശ്വാസമായി. അല്ലെങ്കിൽ, ചൂട്‌ സഹിക്കാനാവാതെ, എന്നെയെടുക്കണമെന്ന്‌ അവൻ വാശി പിടിക്കുമായിരുന്നു. വാശി തുടങ്ങിയാൽ പിന്നെ ഉണ്ണിക്കുട്ടൻ മഹാപോക്കിരിയാണ്‌.

പൂരം കാണാൻ ഒട്ടും താൽപര്യമുണ്ടായിരുന്നില്ല. നല്ലൊരു കുപ്പായമിടാതെ, കയ്യിലിത്തിരി കാശില്ലാതെ എങ്ങനെ പൂരം കാണാൻ പോകും? അച്‌ഛനുണ്ടായിരുന്നെങ്കിൽ പൂരത്തിനു പോകാൻ കൈയ്‌ നിറയെ കാശുതരുമായിരുന്നു. പുതിയ ഷർട്ടും തയ്‌പ്പിച്ചു തരുമായിരുന്നു. പക്ഷെ, കഴിഞ്ഞ വർഷം ഒരു കർക്കിടക രാത്രിയിൽ പെട്ടെന്നൊരു നെഞ്ചുവേദന വന്ന്‌ അച്‌ഛൻ.

അതിനുശേഷം, അമ്മ വളരെ കഷ്‌ടപ്പെട്ടു പണിയെടുത്താണ്‌ ഞങ്ങളെ വളർത്തുന്നത്‌. അമ്മയുടെ ദുരിതങ്ങൾ കാണുമ്പോൾ ഒന്നും ആവശ്യപ്പെടാൻ മനസ്സുവരില്ല.

ഉണ്ണിക്കുട്ടൻ മുറ്റത്തെ പൂഴിമണ്ണിലിരുന്ന്‌ മണ്ണപ്പമുണ്ടാക്കി കളിക്കുമ്പോഴാണ്‌ അമ്പലത്തിൽ നിന്നും വാദ്യമേളങ്ങൾ ഒഴുകിയെത്തിയത്‌.

“എവിടുന്നാ അമ്മേ കൊട്ടു കേക്കണത്‌?” ഉണ്ണിക്കുട്ടന്‌ അതറിയാൻ തിടുക്കമായി.

“എവിടുന്നാണാവോ?” പൂരത്തെക്കുറിച്ച്‌ ഉണ്ണിക്കുട്ടൻ അറിഞ്ഞാൽ കുഴപ്പമാണെന്നു കരുതി. അമ്മ നുണ പറഞ്ഞു.

ആ മറുപടി പക്ഷെ അവനെ തൃപ്‌തനാക്കിയില്ല. അവൻ തിരിഞ്ഞ്‌ മുറ്റം മുറിച്ചു കടന്ന്‌ പറമ്പിൽ കാറോടിച്ചുക്കളിച്ചിരുന്ന ചങ്ങാതിമാരുടെ അടുത്തേക്ക്‌ ചെന്നു.

“എവിടുന്നാ കൊട്ടു കേക്കണത്‌?” അവൻ കണ്ണനോടു ചോദിച്ചു.

“അമ്പലത്തീന്നാണ്‌”

“അവിടെ എന്താ?”

“ഇന്നു പൂരല്ലേ?”

അപ്പോഴാണ്‌ അവനു കാര്യം മനസ്സിലായത്‌. ഇന്ന്‌ കുറ്റിച്ചിറ അമ്പലത്തിലെ പൂരമാണ്‌. എഴുന്നളളിച്ചു നിർത്തിയിരിക്കുന്ന തലയെടുപ്പുളള ആനകളെ കാണാം. പല വർണ്ണത്തിൽ ആടിത്തിമിർക്കുന്ന കാവടികൾ കാണാം. മേളത്തിനൊത്ത്‌ തുളളിച്ചുവട്‌ വെക്കുന്ന കരിങ്കാളികളെ കാണാം…

മാത്രമല്ല, എല്ലാവരെയും ചിരിപ്പിക്കാൻ പറയൻ രാമുവേട്ടനുമുണ്ടാകും-മൂക്കാൻ ചാത്തന്റെ വേഷത്തിൽ…

പൂരം അവസാനിക്കുമ്പോഴാണ്‌ വെടിക്കെട്ട്‌!

ഉണ്ണിക്കുട്ടനു പക്ഷെ, വെടിക്കെട്ടിൽ അത്ര താൽപ്പര്യമില്ല. ദിഗന്തങ്ങളെ വിറപ്പിച്ചുകൊണ്ട്‌ തുരുതുരാ മുഴങ്ങുന്ന കുഴിമിന്നികൾ അവനെ ഭയപ്പെടുത്താറുണ്ട്‌.

“നീയ്യ്‌ പൂരത്തിനു പോണുണ്ടോ?” ഉണ്ണിക്കുട്ടൻ കണ്ണനോടു ചോദിച്ചു.

“ഇണ്ട്‌”

“ആരുടെ കൂട്യാ?”

“ന്റച്ഛന്റെ കൂടെ”

“നീയ്യോ?” ഉണ്ണിക്കുട്ടൻ വിനുവിന്റെ നേരെ തിരിഞ്ഞുകൊണ്ട്‌ ചോദിച്ചു.

“ഞാനും പോണ്‌ണ്ട്‌”

“ആരുടെ കൂട്യാ?”

“ന്റച്ഛന്റീം അമ്മേടീം കൂടെ” വിനു പറഞ്ഞു.

അത്രയുമായപ്പോൾ ഉണ്ണിക്കുട്ടനും പോകണം പൂരത്തിന്‌. അവൻ അമ്മയുടെ അടുത്തുവന്ന്‌ തുടങ്ങി വാശി.

“ഇനിച്ചും പോണം പൂരത്തിന്‌…”

“മിണ്ടാണ്ട്‌ നിന്നോ ചെക്കാ” അമ്മ ശാസനാസ്വരത്തിൽ വിലക്കാൻ ശ്രമിച്ചു.

പക്ഷെ, ഉണ്ണിക്കുട്ടനല്ലേ ആള്‌; അവൻ തുടങ്ങി കരച്ചിൽ….

അമ്മയ്‌ക്ക്‌ പെട്ടെന്ന്‌ അരിശം വന്നു. ‘ഞ്ഞി കരയ്വോ“ എന്നു ചോദിച്ചുകൊണ്ട്‌ അമ്മ ഉണ്ണിക്കുട്ടന്റെ ചന്തിക്കിട്ട്‌ ഒന്നു കൊടുത്തു. അത്‌ വലിയ അബദ്ധമായി. ഉണ്ണിക്കുട്ടൻ നിലത്തു വീണുരുണ്ട്‌ ഉച്ചത്തിൽ കരച്ചിലാരംഭിച്ചു.

ഒടുവിൽ സഹികെട്ട്‌ അമ്മ എന്നെ വിളിച്ചു പറഞ്ഞു. ”മോനെ, നീയ്യ്‌ ഉണ്ണീനീം കൊണ്ട്‌ പൂരത്തിന്‌ പൊക്കോ“

പോകണമെന്നു കരുതിയതല്ലെങ്കിലും അമ്മയുടെ ദൈന്യമായ കണ്ണുകളും ഉണ്ണിക്കുട്ടന്റെ കണ്ണുനീരും കണ്ടപ്പോൾ തീരുമാനം മാറ്റേണ്ടി വന്നു.

പഴകി നരച്ചതാണെങ്കിലും, തമ്മിൽ ഭേദമുളള ഷർട്ടെടുത്തിട്ടു. ഉണ്ണിക്കുട്ടൻ കരച്ചിൽ നിർത്തി, ഉത്സാഹത്തോടെ വേഷം മാറി. അമ്മ എവിടെ നിന്നോ അഞ്ചുരൂപ എടുത്തുകൊണ്ടുവന്നു. അത്‌ എന്റെ നേരെ നീട്ടിക്കൊണ്ട്‌ തെല്ല്‌ വിഷമത്തോടെ പറഞ്ഞു. ”ആരെങ്കിലും കാണാച്ചാല്‌ ന്റെ കുട്ട്യോള്‌ ദാരിദ്ര്യക്കാരാന്ന്‌ കരുതാണ്ടിരിക്കാനാ ഇത്‌… ചെലവാക്കണ്ട ഇങ്ങട്ടെന്നെ കൊണ്ടരണം. നിന്റെ പരീക്ഷാ ഫീസടക്കാനുളള കാശാ…“

ചെലവാക്കാനല്ലെങ്കിൽ എനിക്കിന്‌ വേണ്ടെന്ന്‌ പറയണമെന്നുണ്ടായിരുന്നു. പക്ഷേ പറഞ്ഞില്ല. വെറുതെയെന്തിന്‌ അമ്മയെ വിഷമിപ്പിക്കുന്നു? അമ്മയുടെ പ്രയാസങ്ങളെക്കുറിച്ച്‌ എനിക്കും അറിയാവുന്നതല്ലേ…

”വാ ഉണ്ണീ“ അവന്റെ കൈപിടിച്ചു പടിയിറങ്ങി, നടന്നു.

നടവഴി ഒഴുകിയെത്തുന്നത്‌ കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിലേക്കാണ്‌. തെളിവെളളം പോലെ ഉച്ചവെയിൽ പരന്നുകിടക്കുന്ന വരണ്ടുണങ്ങിയ പാടങ്ങൾ.

ഉണ്ണിക്കുട്ടന്റെ കൈപിടിച്ച്‌ നെടുവരമ്പിൽ കയറി നടന്നു. പാടം പിന്നിടുന്നത്‌ പൂരപ്പറമ്പിലേക്കാണ്‌. ആളുകൾ കൂട്ടം കൂട്ടമായി പൂരം കാണാൻ പോകുന്നു. പലനിറത്തിലുളള ബലൂണുകൾ ഒഴുകി നീങ്ങുംപോലെ.. അമ്പലപ്പറമ്പിൽ നിന്നും കതിന മുഴങ്ങുന്നു. വാദ്യമേളങ്ങളും തൊട്ടടുത്തെത്തിയിട്ടുണ്ട്‌.

പാടത്തിന്റെ തെക്കേയറ്റത്ത്‌ നാടകം കളിക്കാനുളള സ്‌റ്റേജ്‌ കെട്ടിയിരിക്കുന്നു. നല്ല നാടകമാണത്രെ, ’കാട്ടുകുതിര‘. വീട്ടിൽ തെങ്ങു ചെത്താൻ വന്ന സുരേട്ടൻ പറഞ്ഞതാണ്‌.

പൂരപ്പറമ്പ്‌ ജനനിബിഡമായിക്കഴിഞ്ഞിരുന്നു. അവിടവിടെ ബലൂൺ വിൽപനക്കാർ നിൽക്കുന്നു. പുത്തനുടുപ്പണിഞ്ഞ ചന്തമുളള ബലൂണുകൾ കുട്ടികളെ നോക്കി ഊഞ്ഞാലാടിക്കൊണ്ടിരുന്നു. ഒപ്പം പല നിറത്തിലും തരത്തിലുമുളള കളിക്കോപ്പുകളും. വളക്കച്ചവടം നടത്തുന്ന തമിഴത്തികൾ വാചകമടിച്ച്‌ പെൺകുട്ടികളെ വീഴ്‌ത്താനുളള ശ്രമത്തിലാണ്‌. ഹലുവായും പൊരിയുമൊക്കെ വിൽക്കുന്നയിടത്തും നല്ല തിരക്കുണ്ട്‌. നീല യൂണിഫോമിട്ട ഐസ്‌ക്രീം കച്ചവടക്കാരാണ്‌ ഏറെ. ’പേ പേ…‘ എന്നു ഹോണടിച്ചുകൊണ്ട്‌ അവർ ആളുകളെ മാടിവിളിക്കുന്നു. ഓറഞ്ചും മുന്തിരിയും പൈനാപ്പിളുമൊക്കെ പൂരം കാണുന്നവർക്ക്‌ മധുരം പകരുകയാണ്‌. ഉണ്ണിക്കുട്ടന്റെ കണ്ണുകളും ഐസിലേക്കു വഴുതി വീണു. പുത്തനുടുപ്പണിഞ്ഞ്‌, വെളുത്തു തുടുത്ത കവിളുകളുമായി ഒരു ചെറിയ പെൺകുട്ടി പാലയിസ്സ്‌ നുണയുന്നത്‌ അവൻ കൊതിയോടെ നോക്കി.

”ചേട്ടാ, ഇനിച്ചയിശ്ശു വേണം“ ഉണ്ണിക്കുട്ടൻ പെട്ടെന്ന്‌ എന്റെ നേരെ തിരിഞ്ഞു പറഞ്ഞു. അവന്‌ ഐസ്‌ക്രീം വാങ്ങിച്ചു കൊടുക്കണമെന്ന്‌ വളരെ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ഞാൻ നിസ്സഹായനാണല്ലോ. അന്നത്തെ അന്നത്തിനുവേണ്ടി പെടാപാടുപെടുന്ന അമ്മയുടെ ബുദ്ധിമുട്ടുകൾക്കു മുൻപിൽ ഉണ്ണിക്കുട്ടന്റെ കൊച്ചുമോഹങ്ങൾക്ക്‌ എന്തുവില! അതുകൊണ്ട്‌ അവനെ ആശ്വസിപ്പിക്കാനായി വെറുതെ പറഞ്ഞു. ”പൂരം കണ്ടു മടങ്ങുമ്പോ ചേട്ടൻ വാങ്ങിത്തരാം.“ പക്ഷെ, അവനെ അതു തൃപ്‌തനാക്കിയില്ല.

”ഇനിച്ചിപ്പൊ ഐശ്ശു വേണം“ അവൻ ചിണുങ്ങാൻ തുടങ്ങി. ഐസ്‌ നുണയുന്നവരെ നോക്കി അവൻ വെളളമിറക്കുന്നതുകൂടി കണ്ടപ്പോൾ മനസു നീറി. ഈശ്വരാ, എനിക്കിപ്പോൾ ഒരു ഐസ്‌ വാങ്ങാനുളള പൈസയെങ്കിലും കണ്ടുകിട്ടിയിരുന്നെങ്കിൽ… പക്ഷെ…

ഉണ്ണിക്കുട്ടനെ എങ്ങനെ എന്തുപറഞ്ഞ്‌ സമാധാനിപ്പിക്കണമെന്നറിയാതെ വിഷമിച്ചു നിൽക്കുമ്പോഴാണ്‌ പൂരപ്പറമ്പിലേക്ക്‌ കാവടികൾ കയറിവന്നത്‌. ചിണുങ്ങിച്ചിണുങ്ങി കണ്ണുനിറഞ്ഞു തുടങ്ങിയ ഉണ്ണിക്കുട്ടന്റെ കാഴ്‌ചയിൽ പൂക്കാവടികൾ നിറഞ്ഞു. ഐസിൽനിന്നും അവന്റെ ശ്രദ്ധ കാവടിയാട്ടത്തിലേക്ക്‌ തെന്നിമാറി. പച്ചയും ചുവപ്പും മഞ്ഞയുമൊക്കെ നിറങ്ങളിൽ തിളങ്ങുന്ന കാവടിപ്പൂക്കൾ അവനെ നോക്കി ചിരിച്ചു.

പുതിയ ഏതോ സിനിമാഗാനത്തിൽ നാഗസ്വരം കാതുകൾക്ക്‌ ഇമ്പമായി. ചെറുപ്പക്കാർ തകിലിന്റെ താളത്തിനൊത്ത്‌ നൃത്തം ചെയ്യുന്നു. അവരിൽ പലരും കളള്‌ കുടിച്ചിട്ടുണ്ടെന്ന്‌ തീർച്ച. പലരുടേയും ചുവടുവെയ്‌പിൽ ഇടർച്ചയുണ്ട്‌.

കൂട്ടത്തിൽ, വടക്കേലെ, പപ്പടപ്പണിക്കാരൻ നാരായണേട്ടന്റെ മകൻ അജിതേട്ടനെയും കണ്ടു. മുതിർന്ന പെൺകുട്ടികളുടെ കൂട്ടത്തിൽ മാനോലെ ഗോപാലൻ കമ്മളുടെ മകൾ ഗീതച്ചേച്ചി ഉടുത്തൊരുങ്ങി നിൽപുണ്ടായിരുന്നു.

പൂക്കാവടികൾക്കുശേഷം, കൊട്ടക്കാവടിയും പീലിക്കാവടിയും പൂരപ്പറമ്പിൽ കയറി ആടിത്തിമിർത്തു.

എങ്കിലും എന്റെ ശ്രദ്ധ ഒന്നിലും ഉറച്ചു നിന്നില്ല. കുറച്ചുനേരം കൂടി കഴിഞ്ഞാൽ ഉണ്ണിക്കുട്ടന്‌ കാവടികൾ മടുക്കുമെന്നും അവന്റെ കണ്ണുകൾ വീണ്ടും ഐസ്‌ക്രീമിലേക്ക്‌ തിരിയുമെന്നും ഞാൻ ഭയന്നു.

”ഉണ്ണിക്ക്‌ ആനകളെ കാണണ്ടെ?“ ഞാൻ ചോദിച്ചു.

”വേണം“ അവൻ തലയാട്ടി.

തെല്ലകലെ, അമ്പലത്തിനു തൊട്ടുമുന്നിലായി എഴുന്നളളിച്ച്‌ നിർത്തിയിരുന്ന ആനകളുടെ അടുത്തേക്ക്‌ അവനെ കൊണ്ടുപോയി. നെറ്റിപ്പട്ടം കെട്ടിയ ഒൻപത്‌ ആനകൾ ഞങ്ങളെ വരവേറ്റു. അതിൽ ഇടത്തേയറ്റത്തു നിൽക്കുന്ന ആനകളുടെ കോലം പിടിച്ചിരിക്കുന്നത്‌ അരിക്കരെ രാഘവൻ നായരാണ്‌. പല നിറത്തിലുളള പട്ടുക്കുടകളും വെഞ്ചാമരം വീശലും ഉണ്ണിക്കുട്ടനെ ഏറെ ആകർഷിച്ചു. ആലിൻചുവട്ടിലെ അപ്പുക്കുട്ടൻമാരാരുടെ നേതൃത്വത്തിലാണ്‌ പഞ്ചവാദ്യം. ഉണ്ണിക്കുട്ടന്റെ ശ്രദ്ധ ക്രമേണ ആനയുടെ തീറ്റയിലായി. പനമ്പട്ട ഒടിച്ചു ചീന്തി വായിലാക്കുന്നത്‌ അവൻ കൗതുകത്തോടെ നോക്കിനിന്നു. അപ്പോഴാണ്‌, കണ്ണൻ അവന്റെ അച്‌ഛനും അമ്മയുമായി അങ്ങോട്ടു വരുന്നത്‌. കണ്ണന്റെ കയ്യിൽ കീ കൊടുത്താൽ, ലൈറ്റ്‌ തെളിയിച്ച്‌ സൈറൺ മുഴക്കിക്കൊണ്ട്‌ പായുന്ന ഒരു കാറുണ്ടായിരുന്നു.

ഞാൻ കണ്ണന്റെ അച്‌ഛനേയും അമ്മയേയും നോക്കി പരിചയസൂചകമായി ചിരിച്ചു. അവർ തിരിച്ചും.

ഉണ്ണിക്കുട്ടന്റെ കണ്ണുകൾ കണ്ണന്റെ കയ്യിലെ കാറിലേക്ക്‌ പായുന്നത്‌ ചെറിയൊരു നടുക്കത്തോടെയാണ്‌ കണ്ടത്‌. ഇനി അവൻ വാശിപിടിക്കുന്നത്‌ അതുപോലെയുളള ഒരു കാറിനു വേണ്ടിയായിരിക്കും.

’നോക്കട്ടേടാ.‘ ഉണ്ണിക്കുട്ടൻ കണ്ണനുനേരെ കൈനീട്ടി.

അവൻ അതുവാങ്ങി തിരിച്ചുംമറിച്ചുമൊക്കെ നോക്കുന്നതും, അവന്റെ കണ്ണുകളിൽ ഒരു കാറിനുവേണ്ടിയുളള ദാഹം മുളക്കുന്നതും ഞാനറിഞ്ഞു. കണ്ണൻ കാറുവാങ്ങി, അച്‌ഛനോടും അമ്മയോടുമൊപ്പം ആൾക്കൂട്ടത്തിൽ അലിഞ്ഞു ചേർന്നപ്പോൾ, ഉണ്ണിക്കുട്ടൻ എന്റെ നേരെ തിരിഞ്ഞു.

”ചേട്ടാ, ഇനിച്ചു കാറുവേണം’

‘കുറച്ചു കഴിഞ്ഞിട്ടു വാങ്ങാം’ ഞാൻ വെറുതെ പറഞ്ഞു.

‘ഇനിച്ചിപ്പൊത്തന്നെ കാറു വേണം’ ഉണ്ണിക്കുട്ടൻ വീണ്ടും ചിണുങ്ങി. പലതും പറഞ്ഞ്‌ അവനെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും അതൊന്നും ഫലിച്ചില്ല. കാറു വേണമെന്ന വാശിയിൽതന്നെ അവൻ ഉറച്ചുനിന്നു. എന്തൊക്കെ പറഞ്ഞിട്ടും ഞാൻ വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ അവൻ തന്റെ അവസാനത്തെ ആയുധം പുറത്തെടുത്തു-കരച്ചിൽ!

ചുറ്റുമുളള ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ, മറ്റു നിവൃത്തിയില്ലാതെ പറഞ്ഞുഃ ‘കരയാണ്ടിരിക്ക്‌, ചേട്ടൻ വാങ്ങിത്തരാം.’

അവനെയും കൊണ്ട്‌ കളിപ്പാട്ടങ്ങൾ നിറഞ്ഞിരിക്കുന്ന കടയുടെ നേർക്കു നടന്നു. അപ്പോഴും പക്ഷെ, അവനോട്‌ ദേഷ്യം തോന്നിയിരുന്നില്ല. അവന്റെ കൊച്ചുമനസ്സിലെ മോഹങ്ങൾ എനിക്കു മനസ്സിലാകുന്നുണ്ടായിരുന്നു.

അമ്മയുടെ വാക്കുകൾ അനുസരിക്കാൻ സാധിച്ചില്ലല്ലോ എന്നോർത്തപ്പോൾ മാത്രം വിഷമം തോന്നി. വറുതിക്കാലത്ത്‌, അരവയറായി കഴിയുന്ന ദിവസങ്ങളിൽ ഞങ്ങൾ കുട്ടികൾ ഉറങ്ങിയെന്നു കരുതി അമ്മ അടക്കിപ്പിടിച്ച്‌ തേങ്ങിയിരുന്നത്‌ എനിക്കെങ്ങനെ മറക്കാൻ കഴിയും?

‘എന്താ വേണ്ടത്‌?’ കടയിലിരിക്കുന്നയാൾ ചോദിച്ചു.

‘ആ കാറിനെന്താ വില?’

‘പതിനഞ്ച്‌’

“മറ്റേതിനോ?‘

’ഇരുപത്‌‘

അയാൾ പറയുന്ന വിലകൾ കേട്ട്‌ ഞാൻ വിഷമിച്ചു. എങ്കിലും വില കുറഞ്ഞ ഒരു കാറ്‌ വാങ്ങിക്കൊടുക്കാൻ എനിക്കു കഴിഞ്ഞു. അതിന്‌ കീ കൊടുക്കാനുളള സംവിധാനമൊന്നും ഇല്ലായിരുന്നു.

കാറ്‌ കിട്ടിയപ്പോൾ ഉണ്ണിക്കുട്ടൻ കരച്ചിൽ നിർത്തി. അവന്റെ മുഖത്ത്‌ ആയിരമായിരം കുഞ്ഞുസൂര്യന്മാർ തെളിഞ്ഞു.

അമ്പിളിയമ്മാവനെ കയ്യിൽ കിട്ടിയതുപോലെ അവൻ എന്നെ നോക്കി സന്തോഷത്തോടെ ചിരിച്ചു.

മനസ്സിലിപ്പോൾ സംതൃപ്‌തിയുടെ ഒരുപിടി പൂവുകൾ വിരിഞ്ഞു. കണ്ണുകൾ നിറയാതിരിക്കാൻ വല്ലാതെ ബുദ്ധിമുട്ടി. പാവം എന്റെ ഉണ്ണി!

കളിപ്പാട്ടം കിട്ടിയപ്പോൾ ഉണ്ണിക്കുട്ടന്‌ ഉടനെ വീട്ടിലെത്തണമെന്നായി. ആനയും വേണ്ട കാവടിയും വേണ്ട, കരിമരുന്നും വേണ്ട.

എനിക്കത്‌ ആശ്വാസമായി.

വീടിന്റെ പടി കടക്കുമ്പോൾ തന്നെ കണ്ടു; അമ്മ ഉമ്മറത്തിരുന്ന്‌ അരി പേറ്റുന്നു.

റേഷനരിയായതുകൊണ്ട്‌ നിറയെ എലിക്കാട്ടവും ചെളിക്കാട്ടവും പുഴുവുമൊക്കെ കാണും. ചേറ്റിക്കൊഴിച്ചില്ലെങ്കിൽ അതൊക്കെ ചോറിനോടൊപ്പം കഴിക്കേണ്ടതായി വരും.

’അമ്മേ കാറ്‌!‘ ഉണ്ണിക്കുട്ടൻ സന്തോഷത്തോടെ കാറ്‌ നീട്ടിക്കൊണ്ട്‌ പറഞ്ഞു. അമ്മ ആ കാറ്‌ വാങ്ങി നോക്കുമെന്നും തന്നോടൊപ്പം സന്തോഷിക്കുമെന്നും അവൻ കരുതിയിരിക്കണം പക്ഷെ….

’എവിടുന്നാടാ ഇത്‌?‘ അമ്മ എന്റെ നേരെ തിരിഞ്ഞു.

’വാങ്ങിയതാണ്‌‘

’ആര്‌ വാങ്ങിയത്‌?‘

’ഞാൻ‘

’നിനക്കെവിടുന്നാ കാശ്‌?‘

’അമ്മ തന്ന കാശോണ്ടാണ്‌…‘ തെറ്റു ചെയ്‌തവനെപ്പോൾ ഞാൻ പറഞ്ഞു.

അമ്മയുടെ മുഖം പെട്ടെന്ന്‌ ഇരുണ്ടു.

’നിന്നോടാ കാശു ചെലവാക്കരുതെന്നു പറഞ്ഞതല്ലേ.‘

അമ്മയുടെ സ്വരത്തിൽ ദേഷ്യത്തെക്കാളേറെ സങ്കടമായിരുന്നു. ഞാൻ ഒന്നും പറയാനാവാതെ, ശിക്ഷാവിധിക്ക്‌ കാതോർക്കുന്ന ഒരു കുറ്റവാളിയെപ്പോലെ തലകുനിച്ചു നിന്നു.

അന്നേരം ഒരു കരച്ചിലിന്റെ ഈണത്തിൽ അമ്മ ചോദിച്ചു.

’ഇനി നീയ്യെങ്ങനെ പരീക്ഷാഫീസടക്കും?‘

’ഞാനതിനു പരീക്ഷയെഴുതുന്നില്ല.‘

’പിന്നെ എന്തു ചെയ്യാനാ ഭാവം?‘

’എന്തെങ്കിലും പണിക്കു പോകണം.‘

’ഇതിനാണോ കഷ്‌ടപ്പെട്ട്‌ ഇത്രനാളും നിന്നെ പഠിപ്പിച്ചത്‌?‘

അമ്മയുടെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു.

ക്ലാസിൽ ഒന്നാമനായി പഠിക്കുന്ന മകനെക്കുറിച്ച്‌ അമ്മക്ക്‌ ഒരുപാട്‌ സ്വപ്‌നങ്ങൾ ഉണ്ടായിരിക്കണം.

അമ്മയോട്‌ കരയരുതെന്നും അമ്മയുടെ കഷ്‌ടപ്പാടുകൾക്ക്‌ അല്‌പമെങ്കിലും ശമനമുണ്ടാക്കാൻ വേണ്ടിയാണ്‌ പണിക്കുപോകാൻ തീരുമാനിച്ചതെന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷേ, വാക്കുകൾ തൊണ്ടയോളമെത്തി വിതുമ്പിനിന്നു. ഉണ്ണിക്കുട്ടന്‌ കാര്യത്തിന്റെ ഗൗരവം ശരിക്കു മനസ്സിലായില്ലെങ്കിലും താൻ വാങ്ങിയ കളിപ്പാട്ടമാണ്‌ പ്രശ്‌നമെന്നു തോന്നി. അവന്‌ അപ്പോൾ അതിനോടു വെറുപ്പു തോന്നി. അമ്മയെ കരയിക്കുകയും ചേട്ടന്റെ പഠിപ്പു മുടക്കുകയും ചെയ്‌ത കളിപ്പാട്ടം തനിക്കിനി വേണ്ട. അവൻ ആ കാറ്‌ ഉമ്മറത്തു വെച്ചതിനുശേഷം അമ്മയേയും എന്നേയും നോക്കി. തെല്ല്‌ സങ്കടത്തോടെ പറഞ്ഞു. ’ഇനിച്ചിതു വേണ്ട. ഇതു പൊട്ടയാണ്‌.‘ ഞങ്ങൾ ഒന്നും മിണ്ടുന്നില്ലെന്നു കണ്ടപ്പോൾ, അവൻ എന്റെ അരുകിൽ വന്ന്‌ ഗദ്‌ഗദം മുറ്റിയ സ്വരത്തിൽ മൊഴിഞ്ഞു. ചേട്ടൻ പരീശ്ശയെയുതണം.

അത്രയുമായപ്പോൾ എനിക്കു പിടിച്ചു നിൽക്കാനായില്ല. എങ്കിലും അണപൊട്ടിയ കണ്ണുകൾ അവൻ കാണാതിരിക്കാനായി ഞാൻ മുഖം തിരിച്ചു. അന്നേരം അവൻ അമ്മയുടെ അടുത്തുചെന്ന്‌ ആ കവിളുകളിലെ കണ്ണുനീര്‌ തുടച്ചുകൊണ്ട്‌ ഒരു തേങ്ങലോടെ പറഞ്ഞു. അമ്മ കരേണ്ട… ചേട്ടൻ പരീശ്ശയെയുതും.

എന്നിട്ടും ആരും ഒന്നും പറയുന്നില്ലെന്നു കണ്ടപ്പോൾ ഉണ്ണിക്കുട്ടന്റെ സങ്കടം ഇരട്ടിച്ചു. അവൻ ചിണുങ്ങിക്കരഞ്ഞുകൊണ്ട്‌ അകത്തേക്കു കയറിപ്പോയി.

കളിപ്പാട്ടം അപ്പോൾ ഉമ്മറത്ത്‌ അനാഥമായി കിടന്നു.

Generated from archived content: story1_june4.html Author: ajithan_chittattukara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English