കൊച്ചുരക്ഷകൻ

ഗീവർഗീസ്‌ ഏഴാം ക്ലാസ്‌ വിദ്യാർത്ഥിയായിരുന്നു. പഠിക്കാൻ മരമണ്ടനായിരുന്നെങ്കിലും മരംകേറ്റത്തിൽ അണ്ണാനെ തോൽപ്പിക്കുമായിരുന്നു. അത്രക്കും ധീരനായിരുന്നു.

ഗീവർഗീസിന്റെ വീടിനടുത്ത്‌ ആൾപാർപ്പില്ലാത്ത ഒരു പറമ്പുണ്ടായിരുന്നു. അതിൽ നിറയെ വൃക്ഷങ്ങളായിരുന്നു. വേലിക്കെട്ടിനോടു ചേർന്നു അധികവും കശുമാവും.

കശുമാവിൽ കുടുകുടാ ചുവന്ന കശുമാങ്ങ കുലകുത്തി വാർന്നു കിടക്കുന്നതുകണ്ടാൽ കൊതിയാവും. ഉടമസ്ഥൻ ദൂരെ സ്ഥലത്തായതുകൊണ്ട്‌ പറമ്പിലെ കാര്യങ്ങൾ നോക്കുന്നത്‌ ഒരു കാര്യസ്ഥനാണ്‌. ഒന്നിരാടം ദിവസങ്ങളിൽ പറമ്പിൽ വന്നുപോവുക കാര്യസ്ഥന്റെ പതിവാണ്‌. ഗീവറുഗീസും കൂട്ടുകാരനും ചേർന്ന്‌ കശുമാങ്ങ പറിക്കാൻ ആലോചിച്ചു തീരുമാനിച്ചു. മാർക്കറ്റിൽ എത്തിച്ചാൽ മാങ്ങക്കും കശുവണ്ടിക്കും നല്ല വിലകിട്ടും. കുശാലായി ആഘോഷിച്ചു സിനിമ കാണുകയും ചെയ്യാം. ബലേ! ഭേഷ്‌! നീ താഴെ ചുവട്ടിൽ! ഞാൻ മേലെ കശുമാവിൽ. സമ്മതിച്ചു പിരിഞ്ഞു.

സന്ധ്യമയങ്ങും നേരം അരയിൽ കൂടകെട്ടി ഗീവറുഗീസ്‌ കശുമാവിൻ കൊമ്പത്തും കൂട്ടുകാരൻ ചുവട്ടിലും. ചുവടെ വീഴുന്ന മാങ്ങയും കശുവണ്ടിയും ഒരു സഞ്ചിയിൽ പെറുക്കിയിട്ടുകൊണ്ടിരുന്നു കൂട്ടുകാരൻ.

പൊടുന്നനെ പടിതുറന്നുവരുന്ന ശബ്‌ദം കേട്ടു. പടിക്കലേക്കു കണ്ണുകൾ പാഞ്ഞു. ഞെട്ടി. പറ്റിച്ചെടാ ഗീവറുഗീസെ ആ കരിങ്കാലൻ കാര്യസ്ഥൻ വരണുണ്ട്‌. കൂട്ടുകാരൻ വെപ്രാളപ്പെട്ടു. നീ ഓടിരക്ഷപ്പെട്ടോടാ ദാവീ. ഗീവറുഗീസ്‌ കൊമ്പത്തിരുന്ന്‌ ധൈര്യം പകർന്നു. പെറുക്കിയിട്ട സഞ്ചി തോളിലിട്ടു മുയലിന്റെ വേഗത്തിൽ ഓടി വേലിചാടി കൂട്ടുകാരൻ പമ്പകടന്നു. ടോർച്ച്‌ ലൈറ്റിലെ പ്രകാശം മരത്തിൻ കൊമ്പത്തു എത്തുംമുമ്പേ അടുത്ത വീട്ടുകാരന്റെ വൃക്ഷത്തിലേക്ക്‌ പകർന്നു കേറി ഊർന്നിറങ്ങി ഇരുളിൽ ഗീവറുഗീസ്‌ പോയവഴി കണ്ടില്ല. കാര്യസ്ഥൻ ഇളിഭ്യനായി നിന്നു പുലമ്പുന്നുണ്ടായിരുന്നു. ‘കളളന്മാരെ ശരിയാക്കിത്തരാം നാളെ നേരം വെളുക്കട്ടെ!“ ആ രാത്രി ഗീവറുഗീസ്‌ നാടുവിട്ടു. ചെന്നു പെട്ടതു വയനാട്ടിലെ ആദിവാസി കോളനിയിൽ!

പതിനഞ്ചു വർഷത്തെ വനവാസത്തിനുശേഷം ഒരു സുപ്രഭാതത്തിൽ ഗീവറുഗീസ്‌ പ്രത്യക്ഷപ്പെട്ടു. നാട്ടുകാർ അതിശയപ്പെട്ടു. ആദിവാസികോളനിയിൽ മൂപ്പന്മാരുടെ കൂടെ നടന്നു കാട്ടിൽ വച്ചു നല്ല പരിശീലനം ലഭിച്ച ഗീവറുഗീസ്‌ ധീരനായി. നാട്ടിൽ വന്നു തെങ്ങുകേറ്റം തൊഴിലായി സ്വീകരിച്ചു ഉപജീവനം നടത്തിപ്പോന്നു.

ആയിടെ വഴിയോരത്തെ ഒരു വീട്ടിൽ തുരുതുരാ ആളുകള്‌ ഓടിക്കൂടുന്നതു ഗീവറുഗീസ്‌ കണ്ടു. പണികഴിഞ്ഞു വരുംവഴിയായിരുന്നു. കാര്യം ചോദിച്ചറിഞ്ഞു. ’അടുക്കളയിലേക്കു കേറുമ്പോ കാലിൽ തണുപ്പുതട്ടി‘യെന്നു ഗൃഹനാഥ വിറയലോടെ വിവരിച്ചു. സംശയിക്കേണ്ട പാമ്പു കേറീട്ടുണ്ട്‌. ഗൃഹനാഥന്റെ ഭയം കണ്ട്‌ ഗീവറുഗീസ്‌ സമാധാനിപ്പിച്ചു. ”പാമ്പിനെ കൊന്നുതരാം!“ ഗീവറുഗീസ്‌ തിരിഞ്ഞു ഒറ്റ ഓട്ടം. ഗീവറുഗീസ്‌ സഹദായുടെ കയ്യിലെ കുന്തം പോലെ അയാൾ അയാളുടെ ദണ്‌ഡുമായി ഓടിവന്നു. ഓടിക്കൂടിയവർക്കു നിർദ്ദേശം കൊടുത്തു. അടുക്കളക്കോലായിൽ ചായ്‌ച്ചുവച്ചിരിക്കുന്ന വിറകെടുത്തു പുറത്തേക്കു മാറ്റണം. വിറകിന്റെ അടിഭാഗമെത്തിയപ്പോൾ ആളുകളെ നീക്കിനിറുത്തി. ദണ്‌ഡ്‌ ശക്തിയായി നിലത്തടിക്കുന്ന ശബ്‌ദം കേട്ടു കൂടിനിന്നവർ എത്തിവലിഞ്ഞു നോക്കി. ഏവരും ഞെട്ടിനിന്നു. ഒത്തവണ്ണവും നല്ല നീളവുമുളള ഒരണലിപ്പാമ്പ്‌. പാമ്പിനെ ദണ്‌ഡിൽ കോരിവഴിയിലിട്ടു. മണ്ണെണ്ണ ഒഴിച്ചു ചൂട്ടുകത്തിച്ചു തീകൊളുത്തി. യുവാക്കൾ ഗീവറുഗീസിനെ തോളിലേറ്റി വാഴ്‌ത്തിപ്പാടി.

ഗ്രാമത്തിൽ ഒരു യുവതി കോഴിക്കൂടു തുറന്നു മുട്ടയെടുക്കാൻ ചെന്നപ്പോഴുണ്ടു കോഴിക്കൂടിനു ചുവട്ടിൽ ഒരു പാമ്പ്‌ കിടക്കണ കണ്ടു ഞെട്ടി നിലവിളിച്ചു. നിലവിളി കേട്ടു ഓടിവരുന്നവരുടെ കാലൊച്ച കേട്ട്‌ പാമ്പ്‌ രക്ഷപ്പെട്ടു. ഗീവറുഗീസ്‌ പാഞ്ഞുവന്നു പരിസരം പരതി. ഒരു പൊത്ത്‌ കണ്ടു. സംശയിക്കേണ്ട ഗീവറുഗീസ്‌ പറഞ്ഞു. മണ്ണിൽ പൂണ്ടുകിടക്കുന്ന കല്ലിന്റടിയിൽ പാമ്പുകേറിയിരിപ്പുണ്ട്‌. മേൽമണ്ണ്‌ നീക്കി ഒരു വെട്ടുകല്ല്‌ നീക്കിയപ്പോൾ കല്ലിന്റടിയിൽ വാലു കണ്ടു. തൊട്ടുകിടന്ന കല്ല്‌ പതിയെ വടികൊണ്ടു പൊക്കാൻ കൂടിയവരിൽ ഒരാൾക്കു നിർദേശം കൊടുത്തു. പൊക്കിയയുടനെ പാമ്പു പുറത്തുചാടിയെങ്കിലും ഗീവറുഗീസിന്റെ ദണ്‌ഡിന്റെ അടി പാമ്പിന്റെ നടുവിനു വീണു. വാലു തല്ലിപ്പിടക്കുന്ന പാമ്പിനെ കണ്ട്‌ ഞെട്ടലോടെ ഓടിക്കൂടിയവർ നോക്കിനിന്നു. പാമ്പു നിസാരനല്ലായിരുന്നു. ഒന്നാന്തരം പുല്ലാനി മൂർഖൻ.

ഗീവറുഗീസിന്റെ അസാമാന്യധൈര്യം ഗ്രാമത്തിനു വെളിയിൽ പരന്നു. പാമ്പുവേട്ടക്കാരനെ തേടി ആളുകൾ വന്നുകൊണ്ടേയിരുന്നു.

ഒരു വീടിന്റെ വടക്കതിര്‌ മൂലയിൽ കരിങ്കൽ കൂട്ടിയിട്ടിട്ടുണ്ട്‌. മതിൽ കെട്ടാനാണ്‌ കരിങ്കൽ ഇറക്കിയിട്ടത്‌. കിഴക്കേപറമ്പിൽ കപ്പത്തോട്ടം. തെക്കതിര്‌ മണ്ണീട്‌. മണ്ണീടിൽ ആളുകളുണ്ട്‌. നേരം ഇരുട്ടായാൽ പാമ്പുശല്യം. വീടിന്റെ മുൻവശം ഇടവഴി. വഴിയിലും പാമ്പിനെ കണ്ടവരുണ്ട്‌. നടപ്പുകാർക്കു പേടിയാണ്‌ രാത്രി ഇടവഴികൂടി പോവാൻ. വീടിന്റെ അടുക്കളഭാഗത്ത്‌ പാമ്പ്‌ വരാറുണ്ട്‌. പാമ്പിനെ കണ്ട്‌ സ്‌ത്രീകൾ ഭയപ്പെടുന്നു. പാമ്പുപിടുത്തക്കാർ വന്നു പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും പാമ്പിന്റെ പൊടികിട്ടിയില്ല.

ചായക്കടേൽ കേട്ടതാണ്‌. ഗ്രാമത്തിലെ കോളനിയിൽ ഗീവറുഗീസെന്ന ചുണക്കുട്ടനുണ്ട്‌. ഗീവറുഗീസെന്നു കേട്ടാൽ പാമ്പ്‌ പത്തിമടക്കും. വറീതുപുണ്യാളന്റെ വരം കിട്ടീട്ടുണ്ടെന്നാണു ശ്രുതി. അയൽവാസിയുടെ വിവരണം കേട്ട ഗൃഹസ്ഥനും എന്തോ ആശ്വാസം കിട്ടിയ അനുഭവംപോലെ. ചെലവും എന്തും വന്നോട്ടെ. സമാധാനമാണ്‌ വലുത്‌. ഗൃഹനാഥൻ പറഞ്ഞു. വരദാനം കിട്ടിയ വീരകേസരിയെ വിളിച്ചോളൂ.

തോളിലിട്ട ദണ്‌ഡും കൊണ്ട്‌ ഗീവറുഗീസ്‌ പാഞ്ഞുവന്നു. വീട്ടുടമസ്ഥനെ കണ്ട്‌ ഗീവറുഗീസ്‌ ഒരു ഞെട്ടലോടെ നിന്നു. കിരീടം പോലുളള തലേക്കെട്ടഴിച്ചു ഭവ്യതയോടെ തോളിൽ ചുറ്റി. ഗീവറുഗീസിനെ മുറുകെപ്പിടിച്ച്‌ ആശ്ലേഷിച്ചപ്പോൾ അദ്ദേഹത്തിന്റെ ശബ്‌ദം ചിലമ്പിപ്പോയി. ”പാമ്പുവേട്ടക്കാരൻ നീ ആയ്‌ര്‌ന്നോ ഗീവറുഗീസേ.“ പിടിവിട്ടപ്പോൾ ഈറണിഞ്ഞ കണ്ണുകൾ അദ്ദേഹം തുടച്ചു. ”നിന്നെ ഞാൻ ഒരുപാട്‌ തല്ലീട്ട്‌ണ്ട്‌. ’ഞാനൊരു മണ്ടനും കുറുമ്പനുമായിരുന്നു“ ഗീവറുഗീസ്‌ സ്വയം കുറ്റം ഏറ്റെടുത്തു ഗുരുനാഥനെ ന്യായീകരിച്ചു. എന്റെ നന്മക്കാ സാറ്‌ തല്ലീത്‌. തുടയിലെ വടുക്കൽ നീലച്ച്‌ കെടക്കണുണ്ട്‌. അതോണ്ട്‌ എപ്പളും സാറിനെ ഓർക്കും.‘ പഠിക്കാൻ പിറകോട്ടായ്‌ര്‌ന്നെങ്കിലും നീയൊരു സാഹസികനായിരുന്നു. ഗുരുനാഥൻ അഭിനന്ദിച്ചു. ഒരുപാടു പാമ്പുകളെകൊന്ന്‌ സർപ്പദംശനത്തിൽ നിന്നു കർഷകരെ രക്ഷിച്ചിട്ടുണ്ടെന്നു കേട്ടപ്പോൾ അഭിമാനം കൊണ്ടു. എല്ലാം ഗീവറുഗീസു പുണ്യാളന്റെ അനുഗ്രഹം കൊണ്ടായിരുന്നു. സാറെ.

’സന്ധ്യക്കാ പാമ്പിന്റെ സഞ്ചാരം!‘ ഗുരുനാഥൻ പറഞ്ഞു. മിറ്റത്തും അടുക്കളഭാഗത്തും പാമ്പിനെ കണ്ട്‌ പെണ്ണുങ്ങള്‌ പേടിച്ചു. പുരേല്‌ ഓടിക്കേറാ പലപ്പഴും. തെക്കേ ഈട്ടത്താ പാമ്പിന്റെ മാളം. നാട്ടാരും പാമ്പു പിടുത്തക്കാരും തോന്നു എന്നുപറയാം. ഇനി ആ പാമ്പിന്റെ ശല്യം ഉണ്ടാവ്‌ല്ല. ഗീവറുഗീസ്‌ ഗുരുനാഥനെ സമാശ്വസിപ്പിച്ചു. ഗീവറുഗീസ്‌ ഇരുകൈകളും ആകാശത്തേക്കുയർത്തി നിശ്ശബ്‌ദനായി പ്രാർത്ഥിച്ചു. മൂന്നുപ്രാവശ്യം മണ്ണിൽ സാഷ്‌ടാംഗം വീണു. മൂന്നുപ്രവശ്യം വീടിനുചുറ്റും വലംവച്ചു. മിറ്റത്തും അടുക്കളഭാഗത്തുവച്ചും ദണ്‌ഡ്‌ നിലത്തടിച്ചു. കൂടിനിന്നവരോടു മാറിനിൽക്കാൻ നിർദേശം നൽകി. കുട്ടികളും സ്‌ത്രീകളും ഉൾപ്പെടെയുളളവർ വീടിന്റെ ടെറസ്സിൽ കേറിനിന്നു ഗീവറുഗീസിന്റെ പാമ്പുവേട്ടയുടെ ധീരതകാണാൻ. അതാ പാമ്പു മാളത്തിൽ നിന്നു പുറത്തുകടന്നു പാഞ്ഞുവരുന്നു. കാഴ്‌ചക്കാർ ശ്വാസമടക്കിപ്പിടിച്ചു നിന്നു. യാതൊരു കൂസലും കൂടാതെ പാഞ്ഞുവന്ന പാമ്പിന്റെ നടുവിനു ദണ്ട്‌ കൊണ്ട്‌ ആഞ്ഞടിച്ചു. വാലിട്ടടിച്ചു ചലനമറ്റ പാമ്പിനെ കാണാൻ ടെറസ്സുൽ നിന്നു ഓടിയിറങ്ങി താഴെ വന്ന ഓടിക്കൂടിയവർ ഞെട്ടിപ്പോയി. ഒരുഗ്രൻ കരിമൂർഖൻ! നിറഞ്ഞ സന്തോഷത്തോടെ ഗുരുനാഥൻ തന്റെ ശിഷ്യനെ ആശ്ലേഷിച്ചു.

ഗ്രാമപിതാവിന്റെ അധ്യക്ഷതയിൽ ഗീവറുഗീസിനെ ആദരിക്കാൻ ഗ്രാമീണർ ഒരു വമ്പിച്ച യോഗം ചേർന്നു. സമ്മേളനത്തിൽ വച്ച്‌ പട്ടു പുതപ്പിച്ചു. ശിരസ്സിൽ കിരീടം അണിയിച്ചു. പാരിതോഷികമായി ഒരു കുതിരയെ നൽകി ആദരിക്കുകയും ചെയ്‌തു. ഗീവറുഗീസ്‌ കുതിരപ്പുറത്തു കേറി ദണ്‌ഡും കയ്യിൽ പിടിച്ച്‌ ഒരു തേരാളിയെപ്പോലെ ഗമയിൽ കുതിരപ്പുറത്തു ഇരുന്നപ്പോൾ ഗ്രാമീണർ കൊട്ടും കുരവയുമിട്ടു തുളളിച്ചാടി. അങ്ങനെ രക്ഷകനായ വിശുദ്ധ ഗീവർഗീസു സഹദായെപ്പോലെ കൊച്ചു ഗീവർഗീസ്‌ ഗ്രാമീണരുടെ കൊച്ചു രക്ഷകനായി അവരുടെ മധ്യേ ഒരു പ്രകാശ താരമായി മിന്നിനിന്നു.

Generated from archived content: story_oct7_05.html Author: agustin_chengamanad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English