കൂട്ടായ്‌മയുടെ അർത്ഥം തേടി

നല്ല തിരക്കാണ്‌ കച്ചേരി കോംപ്ലക്‌സിൽ. മിക്ക സർക്കാരാപ്പീസുകളും പ്രവർത്തിക്കുന്നതു ഇവിടെയാണ്‌. രാവിലെ പത്തുമണി ആവുമ്പോഴേക്കും ആളുകളുടെ തിക്കും തിരക്കും തുടങ്ങും.

സൊസൈറ്റി വക കാൻ​‍്‌റീനിൽ നല്ല കച്ചവടമാണ്‌. കക്ഷികളും ആപ്പീസുജീവനക്കാരും കാന്റീനിൽ വന്നിരുന്നാണ്‌ ചായേം ഭക്ഷണോം കഴിക്കുക.

ദേവച്ചനും വാവച്ചനും പരിചയപ്പെട്ടതും സൗഹൃദം ആഴപ്പെട്ടതും ഈ കാന്റിനീൽ വച്ചായിരുന്നു.

പിന്നെപ്പിന്നെ ദേവച്ചന്റെ ക്വാർട്ടറിൽ ആപ്പീസ്‌ വിട്ടാൽ വാവച്ചൻ പോവും. സംസാരിച്ചിരിക്കും. രാത്രിയാവുമ്പോഴാ പിന്നെ വീട്ടിലേക്കു ബസ്‌ കേറുക.

ആ ഞായറാഴ്‌ച വാവച്ചൻ വരുമ്പോൾ ദേവച്ചൻ ടീവിയിൽ സീരിയൽ കണ്ടു രസിച്ചിരിക്കയാണ്‌. അതുകണ്ടു വാവച്ചനു ചിരിപൊട്ടി.

‘വാവച്ചൻ കരുതുംപോലെ ടീവീഭ്രമം എനിക്ക്‌ല്യ.’ ദേവച്ചൻ പറഞ്ഞു. പളളീയീപ്പോയി വന്നപ്പോൾ ഓൺ ചെയ്‌തു. ഒരു സീരിയൽ. അങ്ങനെ കണ്ടിരുന്നതാ.

കാണണം. കാണണം-വാവച്ചൻ പറഞ്ഞു. പെണ്ണുങ്ങളെ കണ്ണീരു കുടിപ്പിച്ചു കാശ്‌ വാരാനല്ലെ ദേവച്ചാ സീരിയൽ പടച്ചുണ്ടാക്കുന്നത്‌. അതുപോട്ടെ. ഇന്നു ഞായറാഴ്‌ച! ഹോളി സൺഡേ! വിശുദ്ധമായി ആചരിക്കേണ്ട ദെവസോല്യേ ദേവച്ചാ?

‘നിശ്ചയമായും’. വിശുദ്ധമായി ആചരിക്കേണ്ട ദെവസാ. വാവച്ചന്റെ അഭിപ്രായത്തോടു ദേവച്ചൻ യോജിച്ചു.

‘സമയം കളയണ്ട’ ടൗണിൽ പോയി ആചരിച്ചു വരാടൊ. വാവച്ചൻ പറഞ്ഞു. ദേവച്ചൻ ടിവി ഓഫാക്കി. ഇരുവരും പുറത്തേക്ക്‌ നടന്നു.

ഓരോ പൈൻഡ്‌ അകത്താക്കി പുറത്തു പെട്ടിക്കടയിൽ നിന്നു സിഗരറ്റ്‌ വാങ്ങിച്ചു ഇരുവരും പുകച്ചു നിന്നു. പുകവിടുന്നതിനിടയിൽ ദേവച്ചന്റെ വായീന്നു ഒരു പദം വീണു. ‘കൂട്ടായ്‌മ!’

‘ഇപ്പോ എവിടെ നോക്ക്യാലും’ കൂട്ടായ്‌മയല്ലേ? വാവച്ചൻ അതിൽക്കേറിപ്പിടിച്ചു.

അതൊരു കരിസ്‌മാറ്റിക്‌ പദമാണു വാവച്ചാ. ദേവച്ചൻ വ്യക്തമാക്കി.

ശരിയാണ്‌-കൂട്ടായ്‌മയിൽ ആത്മീയത നിറഞ്ഞു തുളുമ്പി ഒഴുകാണ്‌-വാവച്ചൻ വാചാലനായി. കഴിഞ്ഞ ശനിയാഴ്‌ച സർക്കാരുദ്യോഗസ്ഥന്മാരുടെ ഒരു കൂട്ടായ്‌മ. നാനാജാതി മതസ്ഥര്‌ ഒത്തുകൂടുന്ന അത്ഭുതങ്ങളും അടയാളങ്ങളും നടക്കുന്ന അത്യന്തം മനോമോഹനമായ ഒരു പുതുപുത്തൻ ദേവാലയം. മുഖാവരം കൊത്തുവേല കൊണ്ടുളള ശില്പഭംഗി സുന്ദരവും അത്യാകർഷവും. കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല. സുന്ദരകലകളുടെ മാസ്‌മര തേജസ്‌ ജ്വലിച്ചു നിൽക്കുന്നു. കലാചാതുര്യം ചാലിച്ചുവെച്ച ഇങ്ങനെയൊരു പളളി വേറെ കാണില്ല. ആപ്പീസു സമയം കഴിഞ്ഞെങ്കിലും അത്ഭുതദേവാലയം മാടിവിളിച്ചു എന്നെ. ആപ്പീസറുടെ പിണക്കം കേട്ടാലും വേണ്ടില്ല പളളിക്കകത്തു കേറി വീസീത്ത നടത്തിയിട്ടുളളു. ആപ്പീസുകാര്യം. അകത്തു കേറിയപ്പോഴാണു കേറണ്ടാര്‌ന്നെന്നു തോന്നീത്‌. അറച്ചിട്ട്‌ മുട്ടുകുത്താൻ നിവൃത്തീല്യ. തറ മാർബിൾ വിരിച്ചു മോടി പിടിപ്പിച്ചിട്ടുണ്ടെങ്കിലും ചെരിപ്പിട്ടു ചവിട്ടിക്കേറി മണ്ണും പൊടീം ചെളീം കൊണ്ട്‌ ആകെ വൃത്തികേടാ പളളിയകം. പരിശുദ്ധമായ പളളിയകം ഇത്ര വൃത്തികേടാക്കിയിട്ടിരിക്കുന്നതു ആരാണ്‌?

മദ്‌ബഹയ്‌ക്ക്‌ താഴെ ആൾത്താരക്കു മുൻപിൽ ഒന്നിനു പിറകെ ഒന്നൊന്നായി നിരത്തിയിട്ടിരിക്കുന്ന ചാരുബഞ്ചുകളിൽ ഇരിക്കുന്ന പ്രമാണിമാരെ ശ്രദ്ധിച്ചു. ‘കൂട്ടായ്‌മ’ക്കു വന്ന വിശ്വാസികളാണു ബഞ്ചിൽ ഇരിക്കണത്‌. കാറിൽ വന്ന വിശ്വാസികളാണ്‌ ബഞ്ചിൽ ഇരിക്കുന്നത്‌. കാലിൽ ചെരുപ്പില്ലാത്ത ഒറ്റ വിശ്വാസിയും ഇരിക്കുന്നവരിലില്ല. ആനവാതുക്കലും ഇരുവശങ്ങളിൽ പളളിയകത്തേക്കുളള പ്രവേശന വാതിലിനു മുമ്പിലും സ്‌റ്റാന്റിൽ ഉറപ്പിച്ചുവച്ചിട്ടുളള ബോർഡുകളിൽ എഴുതിവച്ചിട്ടുണ്ട്‌. ‘പാദുകം പളളിയകത്തു പാടില്ല’ ചട്ടോം ചിട്ടകളും തങ്ങൾക്കു ബാധകമല്ല എന്ന മട്ടിലാണു കൈക്കൂലിക്കാരായും കരിഞ്ചന്തക്കാരായും കൊളള പരിശക്കാരായും പെൺവാണിഭ പ്രതിപട്ടികയിൽ ഉൾപ്പെട്ടവരായും വന്നെത്തിയിട്ടുളള ഭക്തന്മാരത്രയും. തങ്ങൾ മേൽത്തട്ടുകാരാണ്‌. പളളി ആവശ്യപ്പെടുന്നതു ഏതൊരു സംരംഭത്തിന്റേയും മുൻപന്തിയിൽ തങ്ങളാണെന്ന തിരിച്ചറിവുളളതുകൊണ്ട്‌ വിലക്കുകൾ ബാധകമല്ല എന്ന ഭാവത്തിലാണ്‌ ഇരിക്കുന്നത്‌. ഭാവം മാറും. മാറ്റാം. പളളിയധികാരികളിൽനിന്നും താക്കീതുകൾ ഉണ്ടാവണം. ശാസിച്ചാൽ ഒരുത്തനും ചെരിപ്പിട്ട്‌ പളളിക്കകത്തു പ്രവേശിക്കില്ല! ചട്ടലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചാൽ പ്രതികരണം കേട്ടു നാണിക്കണം. നാണം കെടുത്തണം. നാണം തോന്നാൻ ചിത്തശുദ്ധി വേണം. അതുളളവര്‌ വിശുദ്ധ സ്ഥലം പാവനമായി കാണും. അതു സ്വന്തം കുടുംബത്തിൽ ശീലിച്ചിരിക്കും. നല്ല ശീലം കുടുംബത്തിൽ ഉണ്ടായിട്ടുവേണ്ടേ?

തൊട്ടുനിന്നാൽ കൂറ മണക്കും. പളളിയിൽ വിശുദ്ധ ബലിയർപ്പണത്തിനാണു പോകുന്നതെന്ന വിചാരം വേണം. വിശുദ്ധ സ്ഥലത്തു വിശുദ്ധമായി പ്രവേശിക്കാൻ ശരീരശുദ്ധിവേണം. പളളിയിൽ പോകും മുമ്പേ സ്‌നാനം പണ്ടേയില്ല. കിടക്കപ്പായീന്നെണീറ്റ്‌ വായേം മുഖോം കഴുകി തിടുക്കത്തിൽ വസ്‌ത്രമണിയുമ്പോൾ നടമണികൊട്ടു കഴിയും. പിന്നെ വലിച്ചു പിടിച്ചു ഒരു നടത്തം. എത്തുമ്പോൾ സുവിശേഷ പ്രസംഗം തീരും.

അലക്കിത്തേച്ചുടുത്ത മുണ്ടിൽ മണ്ണും പൊടീം പുരണ്ട ചളി ആയാലും വേണ്ടില്ല പ്രാർത്ഥിച്ചുപോവാം. ബഞ്ചുകൾക്കു പുറകിൽ ഒഴിച്ചിട്ടിരിക്കുന്ന സ്ഥലത്തു മുട്ടുകുത്താം. മുട്ടുകുത്തി ആൾത്താരയിലെ ക്രൂശിതരൂപം നോക്കി വണങ്ങി ശിരസ്സുയർത്തുമ്പോഴുണ്ട്‌ ചാരുബഞ്ചിൽ ബൂട്‌സിട്ടു വില്ലേജ്‌ ആഫീസർ ധ്യാനനിരതനെപ്പോലെ തലകുമ്പിട്ടിരിക്കുന്നു.

കറുത്തു കൊഴുത്തുരുണ്ട പെട്ടത്തലയൻ വില്ലേജ്‌ ഓഫീസർ തന്നെയല്ലേ തല കുമ്പിട്ടിരിക്കുന്നത്‌. സംശയം കൊണ്ട്‌ ചാഞ്ഞും ചരിഞ്ഞും നോക്കി. അല്‌പസമയം കഴിഞ്ഞ്‌ വില്ലേജ്‌ ഓഫീസർ ശിരസ്സുയർത്തി നിവർന്നിരുന്നു ഇടതുവശത്തെ പെൺഭാഗത്തേക്കും പിറകോട്ടും വെറുതെ നോക്കി.

നോട്ടം വന്നു പതിച്ചതു തന്റെ മുഖത്ത്‌. തന്നെക്കണ്ട്‌ ചമ്മിപ്പോയി. ഞൊടിയിട തല വെട്ടിച്ചു നേരെയിരുന്നു.

മേടിച്ച വസ്‌തുവിന്റെ പോക്കുവരവ്‌ നടത്താൻ ആവശ്യപ്പെട്ടതു ആയിരം ഉറുപ്പിക!

ഏഴെട്ടു പ്രാവശ്യവും നടന്നു. നടത്തിച്ചുറ്റിച്ചു.

കറകഴുകി ചിത്തശുദ്ധി വരുത്താൻ കൈക്കൂലിപ്പിശാച്‌ വന്നിരിക്യാ കൂട്ടായ്‌മയ്‌ക്ക്‌. ഈ കൂട്ടായ്‌മയിലൂടെ കറ കഴുകിക്കളയാനാവുമോ? മനുഷ്യത്വമോ സ്‌നേഹമോ കാരുണ്യമോ തൊട്ടുതീണ്ടാത്ത ചൂഷകർ കൂട്ടം കൂടി കൈകൊട്ടി സ്‌തുതിച്ചു പാടിയാൽ ഈശ്വരകൃപ കൊളളക്കാര്‌ടെ മധ്യേ വന്നണയോ? കനിവിന്റെ കണികയോ ദയവോ പരസ്‌നേഹോ ഹൃദയത്തിൽ ജ്വലിക്കാത്തവന്റെ ഈ കൂട്ടായ്‌മയ്‌ക്ക്‌ എന്താണർത്ഥം?

‘അകറ്റുക?’

യേശുവന്നെന്നാ ചാട്ടവാറിനടിച്ചു ഇവരെ പുറത്താക്കും.

ക്വാർട്ടറിൽ ചെന്നു കേറിയപ്പോ ഭാര്യ സങ്കടപ്പെട്ടു. ‘നാം പോയിക്കണ്ടു വാക്കു പറഞ്ഞ സ്ഥലം കച്ചോടായി.’

പോട്ടെ. അതു പോട്ടെ. ഭാര്യയെ ആശ്വസിപ്പിച്ചു. അതല്ലെങ്കീ അതിലും സൗകര്യമുളള വേറൊരിടം കിട്ടും. ഒരു കൊച്ചുവീടും പത്തു സെന്റ്‌ സ്ഥലോം മതി. പച്ചപ്പരിഷ്‌കാരത്തിന്റെ പകിട്ടും പൊയ്‌മുഖോമില്ലാത്ത മനുഷ്യത്വമുളളവരാണു നാട്ടുമ്പുറത്തു വസിക്കുക. വാവച്ചൻ ഒരു ബ്രോക്കറാ. അയാളോടു ആലോചിക്കാം.

‘നേരത്തെ ഒരു വാക്കു പറഞ്ഞിരുന്നെങ്കീ വീടും കുടീം എന്നേ ഒപ്പിച്ചു തന്നേനെ’ വാവച്ചൻ നിസാരമായി പറഞ്ഞു. അത്രേറെ ഉളളീപ്പോണ്ട. ദേവച്ചൻ താല്‌പര്യപ്പെട്ടു. സാമാന്യം കൊളളാവുന്ന ഒരു വീടും പത്തോ പതിനഞ്ചു സെന്റ്‌ സ്ഥലവും അതിലൊട്ടു അധികം വേണ്ട.

ഒരിടം ഒത്തുവന്നതാ- ദേവച്ചന്റെ ഭാര്യ പറഞ്ഞു. ഏതോ ശകുനി കേറിപ്പിടിച്ചു മറിച്ചു കച്ചോടായിപ്പോയി.

പോയ ബുദ്ധി ആനപിടിച്ചാ കിട്ട്വോ? അയാൾ പൊട്ടിച്ചിരിച്ചു. വീടിന്റെ കാര്യം വാവച്ചൻ ഏറ്റെന്നേ. എന്തോ കുതന്ത്രം ബുദ്ധിയിൽ തെളിഞ്ഞു. ചിന്തക്കു അർധവിരാമമിട്ടു കൊണ്ട്‌ അയാൾ വിവരിക്കാൻ തുടങ്ങി.

എയർപോർട്ടു റോഡിൽ ശാന്തിമഠത്തിലേക്കു പോകുംവഴി ഒരു വീടും സ്ഥലോം വിൽപനക്കു കിടപ്പുണ്ട്‌. പൊന്നുപൂക്കുന്ന ഒരു പറുദീസ. മാവും പ്ലാവും പുളീം തെങ്ങും ജാതീം കുരുമുളകും എന്നുവേണ്ട വേണ്ടതെല്ലാം ആ വളപ്പിലുണ്ട്‌. കിണറും. ഈ കൊടുംവേനലിൽ എട്ടു റിംഗ്‌ വെളളം കിണറ്റിലുണ്ട്‌. മോട്ടറും ഷെഡ്‌ഡുംണ്ട്‌. പറമ്പിനും അമ്പതടി മാറി ഇറിഗേഷൻ കനാൽ വെളേളാം ഉണ്ട്‌. പോക്കുവരവിനും സൗകര്യം. നൂറടി വച്ചാൽ ബസ്‌ സ്‌റ്റോപ്പാ. പതിമൂന്നു ലക്ഷാ പറേണെ. നീക്കുപോക്കുണ്ടാക്കാം. ആദ്യം വീടും സ്ഥലോം പോയി നോക്ക്‌. ഇഷ്‌ടപ്പെട്ടാൽ കച്ചോടം ഉറപ്പിച്ചു ആധാരം നടത്താം.

വാവച്ചൻ പറഞ്ഞതു അക്ഷരം പ്രതി ശരിയായിരുന്നു. പക്ഷേ, വാവച്ചനെങ്ങനെ വസ്‌​‍്‌തു ഉടമയെ വളച്ചൊടിച്ചു വശത്താക്കി വിൽക്കുന്നില്ലെന്നു കട്ടായം പറഞ്ഞ വീടും സ്ഥലോം വിൽക്കാൻ പോണ്‌. ഇതിലെന്തോ കളളൻ കേറീര്‌പ്പ്‌ണ്ട്‌. ഉടമയെക്കണ്ടാൽ മനംമാറ്റം മനസ്സിലാക്കാം.

‘മനം മാറ്റമല്ല’ ഉടമ പറഞ്ഞു. അന്നു വിൽക്കേണ്ട ആവശ്യം തോന്നീല്യ. കാശിനു ആവശ്യം വന്നപ്പോൾ വിൽക്കാമെന്നു വിചാരിച്ചു. മോൾക്ക്‌ ഒരു വിവാഹാലോചന വന്നു. ചെക്കൻ അമേരിക്കയിലാണ്‌. നടത്താൻ നല്ല തുക വേണം. വിറ്റാൽ കാര്യങ്ങൾ ഭംഗിയായി നടത്താം.

വാവച്ചൻ കുറെക്കാലം ഞങ്ങടെ കൃഷിഭവനിലിരുന്നിട്ടുണ്ട്‌. പാടശേഖരം കമ്മിറ്റി സെക്രട്ടറി ഞാനായിരുന്നു. അങ്ങനെ സൗഹൃദത്തിലായി. ആ സൗഹൃദം തുടർന്നുപോവുന്നു. വിശ്രമസങ്കേതമായിരുന്നു ഈ വീടും കുടീം. വിശ്രമസങ്കേതത്തിൽ സന്തോഷിക്കാൻ എല്ലാ ഞായറാഴ്‌ചേം കൂടും. ശിവരാത്രിടന്നും കൂടി ശരിക്കും ആഘോഷിച്ചു. കൂടീപ്പോ വിൽക്കാൻ പോണ കാര്യം പറഞ്ഞു. വാവച്ചൻ വാക്കു പറഞ്ഞു. ഞാനെട്‌ത്തോളാം എന്ന്‌ ഒറ്റ വാക്ക്‌. പതിനൊന്നുലക്ഷം. ഒമ്പതു ലക്ഷത്തിനുറപ്പിച്ചു. ആധാരം ചെയ്യാൻ സമയം ചോദിച്ചു. ആദ്യം വന്നു കണ്ടുപോയത്‌ നിങ്ങളാര്‌ന്നു. പിന്നെ കാണണത്‌ ഇന്നാ വാക്കു പറഞ്ഞു. കൊട്‌ക്കാണ്ടിരിക്കാൻ പറ്റൂല. സങ്കടോണ്ട്‌. ക്ഷമിക്ക്യാ.

വാവച്ചനെത്തിരക്കി അയാളുടെ ആപ്പീസിൽ പോയി. കോയമ്പത്തൂരുപോയെന്നു അറിവുകിട്ടി. മോട്ടർ മെക്കാനിക്കായതുകൊണ്ടു ആൾക്കാ നല്ല തിരക്കാ. തമിഴുഭാഷ നന്നായറ്യാം. അതുകൊണ്ടു മോട്ടർ ആവശ്യമുളളവര്‌ വീട്ടിൽചെന്ന്‌ വിളിച്ചോണ്ട്വോവും. ആ വഴിക്കു നല്ല വരായ്‌കയുണ്ടെന്നു പറയാറുണ്ടയാള്‌. കാശുണ്ടാക്കാൻ സമർഥനാണ്‌. വാചകകസർത്തിൽ ആരും വീണുപോകും.

ഒരു സന്ധ്യാ സമയത്തു ഓട്ടോയിൽ വാവച്ചൻ ക്വാർട്ടറിൽ വന്നു ഖേദം പ്രകടിപ്പിച്ചു. പൊടുന്നനെ അഞ്ചാറ്‌ പാർട്ടികള്‌ വീട്ടീവന്നു പിറ്റ്വേന്ന്‌ കോയമ്പത്തൂർക്ക്‌ പോയി അഞ്ചു പമ്പുസെറ്റെടുത്തു. മൂന്നാല്‌ ലീവ്‌ പോയി. എങ്കിലെന്തു വേണ്ടൂ? അഞ്ചാറായിരം കീശേൽ വീണു. വെറുതെയല്ലാ. കഷ്‌ടപ്പെടണം. ബുദ്ധിമുട്ടണം.

‘എങ്ങനെ എറ്‌ഞ്ഞാലും പൂച്ച നാലുകാലും കുത്ത്യേല്ല്യോ നിലത്തു വീഴൂ.’ ദേവച്ചന്റെ ഭാര്യ ഒരു കൊളളിവാക്കെറിഞ്ഞു. അതു കൊളേളണ്ട്‌ടത്തു കൊണ്ടു നൊന്തു. വാവച്ചന്റെ മുഖത്തു മൂടൽ വീണു.

വില്‌പന വസ്‌തുവിന്റെ വിശേഷത്തിലേക്കു കടന്നപ്പോ അതിലെന്തോ പന്തികേട്‌ണ്ടെന്നു വാവച്ചനു മനസ്സിലായി.

ഒരുവർഷം മുമ്പു മേടിക്കാൻ വില പറഞ്ഞ വസ്‌തുവിലേക്കാണ്‌ കാണാൻ പറഞ്ഞു വിട്ടത്‌ ഞങ്ങളെ‘ ദേവച്ചന്റെ സ്വരമാറ്റത്തിൽ വാവച്ചൻ വിയർത്തു.

’അട്‌ത്തിര്‌ന്ന്‌ അറക്കരുത്‌‘ ദേവച്ചന്റെ ഭാര്യ അരിശം കൊണ്ടു തിളച്ചു. ഇതിൽ ഭേദം ഒരു കൊച്ചു പിച്ചാത്തിക്ക്‌ കുത്തായ്‌ര്‌ന്നു. എന്താ പറഞ്ഞെ? പതിമൂന്നു ലക്ഷാ പറേണെ. നീക്കുപോക്കുണ്ടാക്കാം. നീക്കുപോക്കുണ്ടായി. രണ്ടുലക്ഷം നീക്കി കീശയിലിടാൻ കണക്കുകൂട്ടി. പതിമൂന്നു ലക്ഷത്തിന്റെ ഇടപാട്‌. അതിൽ രണ്ടുലക്ഷം നീക്കി പതിനൊന്നു ലക്ഷത്തിനു കച്ചോടം. രണ്ടുലക്ഷം ഒതുക്കി. ഒമ്പതുലക്ഷം ഉടമക്ക്‌. അതും ഉറ്റ ചങ്ങാത്യോട്‌. സ്‌നേഹിതനായാൽ ഇങ്ങനെ വേണം. സമ്പാദ്യം ഉണ്ടാക്കണത്‌ കത്തിവച്ചാണെന്നു അനുഭവം പഠിപ്പിച്ചു.

’അകലാനല്ല അട്‌ത്തതും സുഹൃത്‌ബന്ധം അരക്കിട്ടുറപ്പിച്ചതും‘ വെറുപ്പോടെ ദേവച്ചൻ പറഞ്ഞു. ’കൂട്ടായ്‌മയുടെ അർഥം അകറ്റുക‘ എന്നാണെന്നു വാവച്ചൻ പഠിപ്പിച്ചു തന്നു. കാണുന്ന കൂട്ടായ്‌മകളൊക്കെ പുറംപൂച്ചുകളാണ്‌. കേൾക്കാൻ ഇമ്പമുളള ഒരു സുന്ദരപദമാണ്‌. ’കൂട്ടായ്‌മ‘ ഐക്യോ സ്‌നേഹോ സൗഹാർദ്ദമോ ആത്മാർത്ഥതയോ കാരുണ്യോ നെഞ്ചിലില്ല്യാ. ഉളളതു സ്വാർത്ഥതയും വഞ്ചനേം! മനുഷ്യനു വിലേല്ല. പിന്ന്വേണോ ബന്ധങ്ങൾക്കു വില! വില പണത്തിനാണ്‌. സ്‌നേഹോം കൂറും പണത്തോടാണ്‌. പണോണ്ടോ ചങ്ങാത്തംണ്ട്‌. ഇഷ്‌ടംപോലെ സ്‌നേഹിതരും അപ്പോണ്ടാവും പണംല്ലേ മനുഷ്യൻ പട്ട്യാ! ആത്മവഞ്ചന പൊറ്‌ക്കാനാവ്‌ല്ല്യാ. കമ്മീഷൻ വേണ്ട്‌ന്നച്ചാലും ആ വസ്‌തു ഇനി വേണ്ട. വെറ്‌തെ തന്നെന്നാലും എന്റെ പട്ടിക്കു വേണ്ട. നന്ദി സുഹൃത്തേ! നന്ദി!

ഒരക്ഷരം ഉരിയാടാനാവാതെ നുറുങ്ങിയ മനസ്സോടെ തിരിഞ്ഞു നടന്നെങ്കിലും ഹൃദയഭാരം കൊണ്ടു ചുവടുറക്കാതെ വാവച്ചന്റെ കാലുകൾ വേച്ചുപോയി.

Generated from archived content: story2_aug6_05.html Author: agustin_chengamanad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here