പരശുരാമൻ

അനന്തപുരിയിലുളള ഒരു പഞ്ചനക്ഷത്ര ഹോട്ടലാണ്‌ രംഗം. സ്വദേശികളും വിദേശികളും തിങ്ങിനിറഞ്ഞ ആ കെട്ടിട സമുച്ചയത്തിൽ നിന്നും ഒഴുകി വന്ന മധുരം കിനിയുന്ന ഗാനങ്ങൾ ആസ്വദിച്ചുകൊണ്ട്‌ ഒരു ഒഴിഞ്ഞ കോണിൽ രാജകീയ പ്രൗഢിയുളള കസേരയിൽ ഏകനായി ഞാനിരുന്നു.

പോപ്പ്‌ സംഗീതവും അടിപൊടി ഗാനങ്ങളും ആ ഹാളിൽ ഒരു പ്രതിധ്വനിയായി അലയടിച്ചുകൊണ്ടിരുന്നു. വെയ്‌റ്റർ കൊണ്ടുവന്ന ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴും ആ ഹാളിലേക്ക്‌ ഗസ്‌റ്റുകളുടെ വരവ്‌ കൂടിക്കൂടി വന്നുകൊണ്ടിരുന്നു.

പെട്ടെന്ന്‌ എനിക്ക്‌ നേരെ അഭിമുഖമായി താടിയും മുടിയും, നീട്ടി വളർത്തിയ ഒരു ആജാനുബാഹു കസേരയിൽ ഇരിപ്പുറപ്പിച്ചു. തോളിൽ സഞ്ചിയുളള അയാളെ കണ്ടപ്പോൾ ഒരു ജീനിയസ്സിന്റെ ഭാവമുണ്ടായിരുന്നു.

എങ്കിലും ആ മനുഷ്യനെ കണ്ടപ്പോൾ പുരാണത്തിലെ പരശുരാമനെയാണ്‌ ഓർമ വന്നത്‌. വെയ്‌റ്റർ ആഗതനായപ്പോൾ അയാൾ മെനുവിൽ നോക്കി ഓർഡർ കൊടുത്തു.

ഞാനയാളുടെ നീക്കങ്ങൾ സൂക്ഷ്‌മതയോടെ നിരീക്ഷിച്ചു. അയാൾ ചുറ്റും നോക്കി. എന്നിട്ട്‌ സഞ്ചിയിൽ നിന്ന്‌ ഒരു ഫുൾബോട്ടിൽ എടുത്ത്‌ പൊട്ടിച്ച്‌ വെളളം ചേർക്കാതെ തന്നെ അകത്താക്കി. പെട്ടെന്ന്‌ ഗാനം നിന്നു.

നിമിഷങ്ങൾക്കുളളിൽ മധുരസ്‌മരണകൾ ഉയർത്തിക്കൊണ്ട്‌ ഒരു പഴയ ചലച്ചിത്ര ഗാനത്തിന്റെ ഈരടികൾ അവിടെ മുഴങ്ങി. ‘പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ല…’ ഈ ഗാനം കേട്ടപ്പോൾ ആഗതൻ ചൂടായി. പെട്ടെന്നയാൾ സഞ്ചിയിൽനിന്ന്‌ ഒരു മഴുവെടുത്ത്‌ ഉറക്കെ ആക്രോശിച്ചു.

ആരടാ പറഞ്ഞത്‌? പരശുരാമൻ മഴുവെറിഞ്ഞു നേടിയതല്ല കേരളമെന്ന്‌…? അയാളുടെ മുഖം കൂടുതൽ ബീഭത്സമായി. കണ്ണിൽ കണ്ടതെല്ലാം ഞൊടിയിടയിൽ കയ്യിലെ മഴുകൊണ്ട്‌ ആകെ തകർത്ത്‌ തരിപ്പണമാക്കി. ഹാളിലുളളവരൊക്കെ ഭയന്ന്‌ പിന്മാറി.

അയാളുടെ പരാക്രമം തുടർന്നുകൊണ്ടേയിരുന്നു. പെട്ടെന്നൊരു പോലീസ്‌ ജീപ്പ്‌ ചീറിപ്പാഞ്ഞുവന്ന്‌ ഹോട്ടലിന്റെ കവാടത്തിൽ നിർത്തി.

നാലഞ്ചു പോലീസുകാർ ജീപ്പിൽ നിന്ന്‌ ചാടിയിറങ്ങി. നമ്മുടെ ‘അഭിനവപരശുരാമനെ’ തൂക്കിയെടുത്ത്‌ പോലീസ്‌ ജീപ്പിൽ കയറ്റി പാഞ്ഞുപോയി.

Generated from archived content: story4_apr11.html Author: achari_thiruvathra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here