വിചിത്രവിശേഷങ്ങൾ

ഒരു വിനോദ സഞ്ചാരകേന്ദ്രത്തിൽ വച്ച്‌ അപരിചിതരായ മൂന്നുപേർ പരസ്‌പരം പരിചയപ്പെട്ടു. അതിൽ ഒരാൾ അമേരിക്കക്കാരനും, മറ്റൊരാൾ ജപ്പാൻക്കാരനും മൂന്നാമത്തെ മലയാളിയുമായിരുന്നു.

ലഘുഭക്ഷണമൊക്കെ കഴിഞ്ഞ്‌ വിശേഷങ്ങൾ പങ്കുവെക്കുവാൻ വേണ്ടി അവർ പാർക്കിന്റെ ഒരു കോണിലെ പുൽമൈതാനത്ത്‌ ചെന്നിരുന്നു.

ഓരോരുത്തരും അവരുടെ നാട്ടിലെ വിശേഷങ്ങളെക്കുറിച്ച്‌ പറഞ്ഞു തുടങ്ങി. അമേരിക്കക്കാരൻ ആദ്യം തുടക്കമിട്ടു. ലോകത്തിൽവച്ച്‌ പല കണ്ടുപിടുത്തങ്ങളിലും ഞങ്ങളുടെ രാജ്യമാണ്‌ എന്നും മുൻപിൽ നിൽക്കുന്നത്‌. അതുമല്ല ഞങ്ങളുടെ നാട്ടിലെ കെട്ടിടങ്ങളൊക്കെ ആകാശം മുട്ടെയാണ്‌ നിൽക്കുന്നത്‌!

ഇതു കേട്ടപ്പോൾ ജപ്പാൻകാരനും, മലയാളിയും ആകാംക്ഷയോടെ ചോദിച്ചു. എന്ത്‌? ആകാശം മുട്ടിയിട്ടോ?

അല്ല… അല്‌പം താഴെ! ഏതാണ്ട്‌ ആകാശത്തോളം ഉയരം വരുമെന്നാണ്‌ പറഞ്ഞത്‌.

അടുത്തത്‌ ജപ്പാൻകാരന്റെ ഊഴമായിരുന്നു. അയാൾ പറഞ്ഞു.

ഞങ്ങളുടെ നാടും അത്ര മോശമൊന്നുമല്ല. ജപ്പാനിലുളള കുന്നുകളും, വൻ വൃക്ഷങ്ങളുമെല്ലാം ആകാശം മുട്ടിയിട്ടാ നിൽക്കുന്നത്‌.

ഇതുകേട്ടപ്പോൾ അമേരിക്കക്കാരനും മലയാളിക്കും അത്ഭുതമായി.

അവരും ചോദിച്ചു. ആകാശം മുട്ടിയിട്ടോ?

അല്ല… ആകാശത്തിന്‌ അല്‌പം താഴെ…

അടുത്തത്‌ മലയാളിയുടെ ഊഴമായിരുന്നു. അയാൾക്ക്‌ എന്താണ്‌ പറയേണ്ടതെന്ന്‌ ഒരു നിശ്ചയവുമില്ലായിരുന്നു. എങ്കിലും ഇവരെ രണ്ടുപേരെയും കടത്തിവെട്ടുന്നതായിരിക്കണമെന്ന്‌ അയാൾക്ക്‌ വാശിയുണ്ടായിരുന്നു.

അല്‌പനേരത്തെ ഇടവേളക്കുശേഷം മലയാളി ഒരു നിമിഷം ആലോചിച്ച്‌ ഇങ്ങനെ പ്രതികരിച്ചു.

ഞങ്ങളുടെ നാട്ടിലുളള ആൾക്കാരൊക്കെ മൂക്കിൽകൂടിയാണ്‌ ഭക്ഷണമൊക്കെ കഴിക്കുന്നത്‌. കൗതുകകരമായ ഈ വിശദീകരിണം കേട്ടപ്പോൾ അമേരിക്കക്കാരനും, ജപ്പാൻകാരനും അതിശയത്തോടെ തന്നെ മലയാളിയോട്‌ ചോദിച്ചുഃ എന്ത്‌? മൂക്കിൽ കൂടി ഭക്ഷണം കഴിക്കുകയോ?

മലയാളി ഉടൻ തുറന്നടിച്ചു. അല്ലന്നേയ്‌… സ്വല്‌പം താഴെ….

മൂക്കിന്‌ താഴെയാണല്ലോ വായ…

വിചിത്ര വിശേഷങ്ങൾക്ക്‌ വിരാമമിട്ടുകൊണ്ട്‌ അവർ പിരിഞ്ഞുപോയി.

Generated from archived content: story3_may7.html Author: achari_thiruvathra

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here