ഒരു മഴത്തുളളിയിൽ

ഒരു മഴത്തുളളിയിൽ ജന്മമുണ്ട്‌

ഉരുകുമാത്മാവിന്‌ കുളിരുമുണ്ട്‌

മരുഭൂമി തന്നന്തർദ്ദാഹമുണ്ട്‌

പെരുമലങ്കാടിൻ കനിവുമുണ്ട്‌

ഒഴുകുന്ന പുഴയുടെ രാഗമുണ്ട്‌

തഴുകുന്ന തെന്നൽത്തളിരുമുണ്ട്‌

പൂവിന്റെ പുഞ്ചിരിപ്പുലരിയുണ്ട്‌

കാവിന്റെ മിഴിനീർക്കണവുമുണ്ട്‌

മഴവില്ലുനോക്കും കണ്ണാടിയുണ്ട്‌

അഴകു തുളുമ്പും തെളിയുമുണ്ട്‌

ആദ്യാനുരാഗത്തിൻ പുളകമുണ്ട്‌

ഹൃദ്യാനുഭൂതിതൻ കലയുമുണ്ട്‌

കടലുകടയുന്ന മിന്നലുണ്ട്‌

ഇടിവെട്ടിൻ മൗനാരവവുമുണ്ട്‌

എരിതീ കെടുത്തുന്ന ചിത്തമുണ്ട്‌

ഹരിതാഭമാകും കിനാവുമുണ്ട്‌

വിണ്ണിന്റെ നക്ഷത്ര നയനമുണ്ട്‌

മണ്ണിന്റെയക്ഷയ സ്‌മൃതിയുമുണ്ട്‌

പനിനീർ തളിക്കുന്ന സ്‌പർശമുണ്ട്‌

പനിമതീ മോതിരക്കല്ലുമുണ്ട്‌

കാലത്തെ മുക്കുന്ന പ്രളയമുണ്ട്‌

നിലയറ്റുപോം ബ്രഹ്‌മാണ്ഡവുമുണ്ട്‌!

Generated from archived content: poem9_july20_05.html Author: aanandan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English