ചെങ്കനൽ കട്ടകൾ
കോരിയെടുത്തെന്റെ
ചങ്കിൽ നീയിട്ടത് നീറ്റിടുമ്പോൾ
ഇറ്റിറ്റു വീഴുന്ന
കണ്ണീർക്കണങ്ങളെ
താറ്റുവാൻ പറ്റാതെരിച്ചിടുന്നു!
ആറ്റിറമ്പിൽച്ചെന്നി-
രുന്നു കുളിരിളം
കാറ്റിന്റെയാശ്ലേഷമേറ്റിടുമ്പോൾ
വെന്തുരുകീടുമാ
രക്തസ്‌മൃതികളിൽ
സന്ധ്യകൾ ശോണിമയാർന്നിടുന്നു!
നൊമ്പര യാമങ്ങൾ
കാച്ചിയെടുത്തത്
അമ്പിളിക്കീറായ്‌ത്തെളിഞ്ഞിടുമ്പോൾ
ചങ്കുലയൂതുന്ന
തീപ്പൊരിപ്പൊട്ടുകൾ
തങ്കത്താരങ്ങളായ് മിന്നിടുന്നു!
ഉളളിലമർത്തുവാ-
നാക്കരിമ്പുക
തളളിപ്പുറത്തേക്ക് പൊന്തിടുമ്പോൾ
കർക്കിടകക്കാള
മേഘങ്ങൾ പൂക്കുന്ന
കാടായി വിണ്ണത് മാറിടുന്നു!
കൂട്ടിമുട്ടീടുന്നൊ-
രാത്മ സംഘർഷങ്ങൾ
പൊട്ടിത്തെറിച്ചിടി വെട്ടിടുമ്പോൾ
മിന്നൽ വളയിട്ട
കാലവർഷങ്ങളീ
മന്നിലമൃതമായെത്തിടുന്നു!
കെട്ടടങ്ങീടാതെ-
യെന്നിട്ടുമെന്നുടെ
തട്ടകം ചുട്ടു പഴുത്തിടുമ്പോൾ
ആഴി, തിളയ്‌ക്കുമെ-
ന്നന്തർ വ്യഥയുടെ-
യാഴത്തിൽ തന്നെ ഞാൻ നീന്തിടുന്നു!
Generated from archived content: poem4_oct7_05.html Author: aanandan_cherai
Click this button or press Ctrl+G to toggle between Malayalam and English