സത്യസൗന്ദര്യത്തിന്റെ
സാത്മിക പ്രതീകമേ,
നിത്യമീ പ്രപഞ്ചത്തെ-
ത്തഴുകും പ്രകാശമേ,
ജീവജാലങ്ങൾക്കെല്ലാം
ചൈതന്യം പകരുന്ന
ദിവ്യമാം സ്നേഹോഷ്മള
ജ്യോതിസ്സേ, നമസ്‌ക്കാരം!
അനന്ത വിദൂരമാം
വിയൻ മണ്ഡലത്തിലെ
കനകോജ്വല സ്വപ്ന
സൗധം വിട്ടിറങ്ങിയ
സ്വാതന്ത്ര്യ സന്ദേശത്തിൻ
ദീർഘസഞ്ചാരപ്രിയാ,
പാതയിൽ പ്രഫുല്ലമാം
പൂവുക, ളുദാരമായ്
വിതറി, യനുസ്യൂത-
മാത്മപുണ്യ സൗഭഗം
ചൊരിഞ്ഞു, ധീരോദാത്താ,
നീയണഞ്ഞിടുന്നേരം;
അകമാകവേ തിങ്ങും
ഭയഭാണ്ഡവും പേറി-
യകലെ യൊളിക്കുവാൻ
വെമ്പുകയല്ലോയിരുൾ!
(ദീപിക തെളിയാത്ത
വീടുകൾക്കെന്തൈശ്വര്യം?
പാപികൾക്കായിത്തീർത്ത
തമസ്സിൻ തടവത്!)
അന്തിയിൽ പടിഞ്ഞാറേ-
ച്ചക്രവാളക്ക്യാൻവാസ്സിൽ
കാന്തി ചിന്തിടും ചായ
ച്ചിത്രവേലകൾ ചെയ്യും
സർഗ്ഗഭാവനയുടെ-
യുന്നത പ്രഭാവമേ,
സ്വർഗ്ഗ സങ്കല്പത്തിന്റെ
ദർശന സൗഭാഗ്യമേ,
മാരിവില്ലൊളിയുടെ
സപ്തവർണശോഭയാൽ
പാരിനു നേത്രാനന്ദ
വേഷഭൂഷകൾ ചാർത്തി
മനസ്സിൽ ഹർഷോന്മാദം
പൊൻമയിൽപ്പിഞ്ഞ്‌ഛം നീർത്തി-
യനഘോൻമേഷ മന്ദ്ര
നടനം ചെയ്യിപ്പോനേ,
വിരിഞ്ഞു വിരാജിക്കും
വാസരമലർക്കുല
തിരിനാളങ്ങൾ നീട്ടും
നിൻമയൂഖ മാലകൾ
കണികണ്ടുണരുവാൻ,
പിന്നെയെൻ ഹൃദന്തത്തിൻ
മണിവീണ മീട്ടുവാൻ,
വന്നാലും പ്രകാശമേ!
Generated from archived content: poem2_sept4_07.html Author: aanandan_cherai