എന്റെ കുഞ്ഞുപെങ്ങളോട്‌

ചെമ്പനീർപ്പൂവുപോലെ

പുഞ്ചിരി തൂകിക്കൊണ്ട്‌

ചെല്ലം നീ കൈകാൾ കുട-

ഞ്ഞങ്ങനെ കളിക്കുമ്പോൾ

ആത്ത കൗതുകം നിന്നെ

കൈകളിലൂഞ്ഞാലാട്ടി

മുത്തങ്ങൾ നൽകിയെത്ര

കൊഞ്ചിച്ചാ നൈർമല്യം ഞാൻ!

കൗമാര സ്വപ്‌നങ്ങൾ തൻ

മാസ്‌മര സ്‌പർശങ്ങളാൽ

ഓമനേ, നിൻ മെയ്യേതോ

മുഗ്‌ധ ശോഭയാർന്നിടെ

പൊന്നുമോളാകാം, നീയെൻ

പുന്നാരപ്പെങ്ങളുമാം

എന്നുളളതൊക്കെശ്ശരി

യെന്നാലും പെണ്ണായ നീ

ജന്മവാസനകൾ ത-

ന്നഭിനിവേശങ്ങളാൽ

പൊന്മയിൽപ്പീലി വിരി-

ച്ചുന്മാദം കൊളളില്ലയോ?

ആയതു കൊണ്ടൊന്നു നീ-

യോർക്കുക; വിഭ്രാമക

മായിക വലയത്തിൽ

കുരുങ്ങാതിരിക്കുക!

വിഷകാമനകൾതൻ

മകുടീ നാദങ്ങളാൽ

വിഷയ വികാരങ്ങൾ

ചുരുൾ നീർത്തിടുന്നേരം

കീഴ്‌പ്പെടുത്തിടാനൊരു

കശ്‌മലനടുക്കുമ്പോൾ

ശക്തിദുർഗയായെന്റെ

ശാരികേ, വിജൃംഭികേ!

നാഗപുരത്തങ്ങാടി

തന്നിലെ കരിമൂർഖ

നാഗങ്ങൾ ഫണം പൊക്കി

ചീറ്റിയങ്ങടുത്തപ്പോൾ

ഉറുമി വലിച്ചൂരി-

ക്കാട്ടു ചേമ്പു തണ്ടുപോൽ

അരിഞ്ഞു നുറുക്കിയാ

വീരപ്പെൺകൊടിയാളെ,

പേടിയൊന്നറിയാത്ത

ശൂരനായികയാകും

വടക്കൻപാട്ടിൻ വീര്യം-

ഉണ്ണിയാർച്ചച്ചേച്ചിയെ

ഒരു മാത്ര നീയൊന്ന്‌

മനസ്സിൽ ധ്യാനിക്കുക;

ഒരു പെൺ ചെങ്കീരിയാ-

യൂറ്റം കൊണ്ടെതിർക്കുക!

നഖ-ദംഷ്‌ട്രകൾ നിന-

ക്കുളളവയെല്ലാം കൊണ്ടാ-

മുഖമാകവേ കീറി-

ക്കടിച്ചു പറിക്കുക!

കൺകളിൽ വിദ്വേഷത്തിൻ

തീച്ചുരികകളേന്തി

കണ്‌ഠനാളത്തിൽ നിന്നും

വെളളിടി പൊട്ടിക്കുക!

നിനക്ക്‌ പോർച്ചട്ടയായ്‌

നിന്റെ തന്റേടം മാത്രം

നിനക്ക്‌ മാനം കാക്കാൻ

നിൻ മനോസ്ഥൈര്യം മാത്രം

അല്ലാതെ മറ്റൊന്നില്ലീ-

യാസുരാകാരം പൂണ്ട

അല്ലിന്റെ കലിക്കോളിൽ

പെങ്ങളേ, നിൻ രക്ഷക്കായ്‌!

ദൃശ്യ ചാനലുകളിൽ

വിസ്‌തരിച്ചീടും നഗ്ന

വൈശികാഭാസങ്ങളിൽ

പീഡനം പൊലിക്കുമ്പോൾ

തക്കം പോലോരോ മൊഴി

മാറ്റി വിറ്റു കിട്ടുന്ന

പക്കങ്ങളൊക്കെ കൂട്ടി

നേട്ടങ്ങൾ തൂക്കീടുവാൻ

ഒരുമ്പെട്ടിറങ്ങിയൊ-

രുപഭോഗ തൃഷ്‌ണയായ്‌-

പ്പെരുകിപ്പോകാത്തൊരു

പെണ്ണർഥം നീയാകട്ടെ!

(പീഡിപ്പിക്കാനായുമ്പോൾ

നിന്നിൽ നിന്നുണർന്നൊരു

ബന്ധവാനലജ്വാല

വീശിയിട്ടടിച്ചങ്ങാ-

പൂതത്തെ മാത്രം ചുറ്റി-

പ്പൊതിഞ്ഞു പൊളളിച്ചാരാൽ

ശ്വാസം മുട്ടിച്ചോടിക്കാ-

നീശ്വരാ, തുണയ്‌ക്കണേ!)

ആത്മാവിലലിയുന്ന

രാഗ സൗഗന്ധികമായ്‌

അഭിമാന പൂരിത

രമ്യ വൈഡൂര്യമായ്‌

കുഞ്ഞുപെങ്ങളേ, നിന്നി

ലുൺമയായ്‌ മിന്നീടുന്ന

മഞ്ഞുനീർക്കണമതിൽ

വിശുദ്ധി ബിംബിക്കട്ടെ!

Generated from archived content: poem2_sept22_05.html Author: aanandan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here