മേഘം

ആകാശത്തിന്റെയൊ-

രേകാന്തമൂലയിൽ

മൂകാഭിലാഷങ്ങളോടെ

നിന്നൊരു വെണ്മേഘ-

ക്കീറായെൻ മാനസ

തപ്‌ത നിശ്വാസമൗനത്തെ

പൊന്നുഷഃസെത്തിയൊ-

രാഡംബരത്തിന്റെ

മിന്നും മകുടം ചാർത്തിച്ചു!

സ്വപ്‌നം സൗഗന്ധികം

പൂത്തുവിടർന്നതിൽ

സർഗസൗന്ദര്യം തുടിച്ചു

കൽപനാ കാവ്യങ്ങൾ

ശിൽപങ്ങളായതിൽ

തൽപമൊരുക്കീ പവനൻ

നക്ഷത്രരാഗത്തിൻ

തീക്ഷ്‌ണാതപങ്ങളും

പേറിയാ ജീമൂതപത്രം

ശ്രീശൈല വക്ഷസിൽ

ചേർന്നമർന്നീടവേ,

ഹർഷാമൃത വർഷമായി!

പൊന്നിൻ ചിലമ്പുകൾ

ചാർത്തിച്ചിരിച്ചു നീ

ചോടുവെച്ചാടിച്ചരിക്കേ,

മണ്ണിന്റെ പച്ചച്ച

സാന്ദ്രസംഗീതമായ്‌

ജീവന ശ്രീകലയായി

ജന്മാന്തരങ്ങളിൽ

ദൂതുപോയീടുന്ന

പ്രിയംവദാ ഹംസമായി

വീണ്ടുമെന്നന്തരാ-

ത്മാവിന്റെ താമര-

പ്പൊയ്‌കയിൽ വന്നിറങ്ങില്ലേ?

Generated from archived content: poem2_june18_08.html Author: aanandan_cherai

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here