വിദേശത്ത് ഡിപ്ലോമേറ്റിന്റെ പി.എയുടെ ഹൗസ് വൈഫായ മേഡം ഡയാന വർഷങ്ങൾക്കുശേഷം നാട്ടിലെത്തിയതിന്നുശേഷം രാവിലെ സമീപത്തെ പട്ടണത്തിലെ ബ്യൂട്ടി പാർലറിൽ ഫെയ്‌സ് വാഷിനായി വേലക്കാരിയെയും കൂട്ടി ബസിൽ യാത്ര ചെയ്യുമ്പോൾ നാട്ടിലുണ്ടായ മാറ്റങ്ങൾ നിരീക്ഷിക്കുകയായിരുന്നു. ഡ്രൈവറുടെ സമീപത്ത് ലേഡീസ് എന്ന് എഴുതിയതിനു കീഴെയുളള സൈഡ് സീറ്റിലിരുന്നു മേഡം ബസ് യാത്രക്കാരെ ഒന്നു കണ്ണോടിച്ചു നോക്കി. ഇപ്പോഴും നാട്ടുകാർ കറുത്തവരായി തന്നെ, യാതൊരു നിറമാറ്റവുമില്ല. ബസിൽ ഏതെല്ലാം തരത്തിൽപ്പെട്ടവർ എവിടെയൊക്കെ ഇരിക്കണം എന്നെഴുതിവെച്ചിട്ടുണ്ട്. ചില എഴുത്തുകൾ മാഞ്ഞുപോകുകയോ വികലമാകുകയോ ചെയ്‌തിട്ടുണ്ട്. മലയാളം മറന്നിട്ടില്ലാത്ത മേഡം ഡയാന മനസ്സിൽ വായിച്ചു, ലേഡീസ്, സീനിയർ സിറ്റിസൻസ്, ഹാൻഡികേപ്‌ഡ്, കൺഡക്‌ടർ, എന്നൊക്കെ. ടിക്കറ്റ് ചോദിച്ചു വാങ്ങുവിൻ എന്നു ചില സീറ്റുകൾക്കു മുകളിൽ എഴുതിവച്ചിട്ടുണ്ട്. ചില സീറ്റുകളുടെ മുകളിൽ ഒന്നുമില്ല. ആ സീറ്റുകൾ ടിക്കറ്റ് ആവശ്യമില്ലാത്തവർക്കായിരിക്കുമെന്നു മേഡം അനുമാനിച്ചു.
പെട്ടെന്നു മേഡത്തിന്റെ കണ്ണുകൾ ലേഡീസ് സീറ്റിന്നു തൊട്ടടുത്ത സീറ്റിലിരിക്കുന്ന യുവാവിൽ ചെന്നു തറച്ചു. അറുവഷളൻ! തന്നെ നോക്കി കണ്ണിറുക്കുന്നു. വീണ്ടും ശ്രദ്ധിച്ചപ്പോൾ തുടരെ തുടരെ കണ്ണിറുക്കുന്നതായി കണ്ടു. യൂറോപ്പുൽ നിന്നും വാങ്ങിയ ഇന്ത്യൻ മെയ്‌ഡ് ബാറ്റാഹൈഹീൽ ചെരിപ്പ് ആ വഷളന്റെ നേർക്കു പ്രയോഗിക്കാൻ തന്നെ തീരുമാനിച്ചു. പെട്ടെന്നു സംയമനം പാലിച്ചു. ഒരു ഡിപ്ലോമേറ്റിന്റെ പി.എ.യുടെ ഹൗസ് വൈഫിന്റെ സ്‌റ്റാറ്റസുളള ഞാൻ ഡിപ്ലോമസി പ്രയോഗിക്കണമെന്ന് തീരുമാനിച്ചതിന്റെ ഫലമായി ആ തീരുമാനം മാറ്റി. ‘മിസ്‌റ്റർ ഡ്രൈവർ’ മേഡം ഡയാന ഷൗട്ട് ചെയ്‌തു. ഡ്രൈവർ സ്‌പീഡിൽ കൺവെട്ടിച്ചു മേഡത്തെ നോക്കി. ‘ലുക്ക് ഡ്രൈവർ ആ ബ്ലഡി ബോയ് എന്റെ നേർക്ക് കണ്ണിറക്കുന്നു. വണ്ടി പോലീസ് സ്‌റ്റേഷനിലേക്ക് എടുക്ക്.’ ഡ്രൈവർ കണ്ണാടിയിൽ കൂടി പിൻസീറ്റിൽ നോക്കി, വണ്ടി സ്‌പീഡ് കുറച്ചുകൊണ്ട് പറഞ്ഞു. ‘സഹോദരി അവൻ ഒരു പാവമാണ്. സ്ഥിരം യാത്രക്കാരനാണ്. ഞരമ്പ് രോഗിയാണ്.’ മേഡം ഡയാന മനസ്സിൽ ആയിരം പ്രാവശ്യം സോറി പറഞ്ഞു. സഹതാപപൂർവ്വം യുവാവിനെ നോക്കി. യുവാവ് കണ്ണിറുക്കിക്കൊണ്ടേയിരുന്നു.
ഒരു മണിക്കൂറോളം നീണ്ട ഫെയ്‌സ് വാഷിനുശേഷം മേഡം ഡയാന അതേ ബസിൽ വീട്ടിലേക്കു യാത്രതിരിച്ചു. അതേ യാത്രക്കാരൻ ആ സീറ്റിൽ ഉണ്ടോ എന്നു ശ്രദ്ധിച്ചു നോക്കി. വേറൊരു ചെറുപ്പക്കാരനാണ് ആ സീറ്റിൽ. തന്നിൽ ആകൃഷ്‌ടയായ ഫേഷൻ ലേഡിയെ കണ്ടു ചെറുപ്പക്കാരൻ കണ്ണിറുക്കി. മേഡം ഡയാന അവനെ സഹതാപപൂർവ്വം ശ്രദ്ധിച്ചു. ഡ്രൈവറോടു ചോദിച്ചു. ‘ബസിൽ ഞരമ്പ് രോഗികൾക്കും പ്രത്യേകം സീറ്റ് ഉണ്ട് അല്ലേ ഡ്രൈവർ. വെരിഗുഡ്!’
Generated from archived content: story3_mar25_06.html Author: a_gangadharan