കാലം

പലിശക്കാരൻ ചാമികുട്ടി നെയ്‌ദോശയും കാച്ചിയപാലും കൊണ്ട്‌ ഫാസ്‌റ്റ്‌ ബ്രെയ്‌ക്ക്‌ ചെയ്‌തു നിന്നശേഷം ഫിൽട്ടർ സിഗരറ്റ്‌ വലിച്ചൂതി രസിക്കുമ്പോഴാണ്‌ ഭാര്യ സരസമ്മ, വക്കീലിന്റെ ഫോൺ വന്ന വിവരം അറിയിച്ചത്‌. ഇന്നു പത്തുമണിക്ക്‌ ചാമികുട്ടി കോടതിയിൽ ഹാജരായി തെളിവ്‌ നൽകണമെന്ന്‌. ഉപേക്ഷ കാണിക്കരുതെന്നു പ്രത്യേകം പറഞ്ഞു. ചാമികുട്ടി കലണ്ടറിൽ സൂക്ഷിച്ചുനോക്കി. ഇന്നു ആഴ്‌ച ശനി, രാഹുകാലം ഒമ്പതു മണി മുതൽ പത്തരവരെ. കേസ്‌ വിചാരണ ചെയ്യാൻ എടുത്ത കഴിഞ്ഞ നാലു തവണയും ചാമികുട്ടി ഹാജരായിരുന്നില്ല. എല്ലാം മോശം ദിവസങ്ങളായിരുന്നു. ഇന്നും അങ്ങനെതന്നെ. ഹാജരാകാതെയിരുന്നാൽ കേസ്‌ പ്രതികൂലമാകാൻ സാധ്യതയുണ്ടെന്നു വക്കീൽ സൂചിപ്പിക്കാതെയില്ല.

പാറുകുട്ടി പരിചയക്കാരിയുടെ മകൻ ശങ്കരൻ കുട്ടിയുടെ പിതൃത്വം ചാമികുട്ടിയിലാരോപിച്ച്‌ പാറുകുട്ടി കൊടുത്ത കേസാണ്‌.

ചാമികുട്ടിയും പാറുകുട്ടിയും തമ്മിൽ പണമിടപാട്‌ നടത്തിയതിനു തെളിവുണ്ട്‌. ചാമികുട്ടിയും പാറുകുട്ടിയും പൂരം കാണാൻ പോയ വിവരം ടോക്ക്‌ ഓഫ്‌ ദ ടൗണാണ്‌. ചാമികുട്ടി, പാറുകുട്ടി, ശങ്കരൻകുട്ടി എന്നീ നാമക്രിയകളിലെ ‘കുട്ടി’ പൊരുത്തം ചാമികുട്ടിയെ ഒട്ടൊന്നുമല്ല വെട്ടിലാക്കുന്നത്‌! ഉത്തരത്തിൽനിന്നും വാരികയെടുത്തു വാരഫലം വായിച്ചു.

‘വാരം പൊതുവെ നല്ലതാണെന്നു പറഞ്ഞുകൂട. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ യാത്ര വർജിക്കണം.’ ചൊവ്വ, വ്യാഴം, വാഹനം വഴി ആപത്ത്‌ സംഭവിക്കാൻ സാധ്യത ഇല്ലാതില്ല. ഞായർ ഭേദപ്പെട്ട ദിവസമാണെങ്കിലും ദുർവ്യയവും അമംഗള കർമങ്ങളിൽ പങ്കെടുക്കേണ്ടിയും വരും. ദോഷ പരിഹാരങ്ങൾ നടത്തുവാൻ പറ്റിയ സിദ്ധന്റെ പടവും പേരും വിലാസവും ഫോൺനമ്പറും അതേ പേജിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്‌ വായനക്കാരുടെ ഭാവിയെ കരുതി വാരികയിൽ.

വാരഫലം തികച്ചും എതിരായതിനാലും കേസ്‌ വിസ്‌താരം രാഹുകാലത്തായതിനാലും ഇത്തവണ കൂടി കോടതിയിൽ ഹാജരാകേണ്ടതില്ലെന്നു ചാമികുട്ടി തീരുമാനിച്ചു. പൊടുന്നനെ ഒരു ഗൗളി ചാമികുട്ടിയുടെ മുന്നിൽവീണ്‌ വാൽകഷ്‌ണം നിക്ഷേപിച്ചു ഓടിപ്പോയി. ഈ സംഭവവും അശുഭലക്ഷണമാണെന്നു തോന്നിയ ചാമികുട്ടി ഗൗളിശാസ്‌ത്ര പുസ്‌തകം എടുക്കാൻ നോക്കുമ്പോഴാണ്‌ പുതിയ വാരിക കണ്ണിൽപെട്ടത്‌. താൻ വായിച്ചത്‌ കഴിഞ്ഞ മാസത്തെ ഫലമായിരുന്നുവെന്ന്‌ മനസ്സിലാക്കി എന്തു ചെയ്യണമെന്നറിയാതെ ചിന്തിച്ചിരിക്കുമ്പോൾ ഫോൺ ശബ്‌ദിച്ചു. മറ്റേ ഭാഗത്ത്‌ വക്കീലാണ്‌. എന്തു പണിയാണ്‌ താനെടുത്തത്‌? അഞ്ചാമത്തെ തവണയും താൻ ഹാജരാകാത്തതുകൊണ്ട്‌ തന്റെ കേസ്‌ തളളി! പാറുകുട്ടി, മകൻ ശങ്കരൻകുട്ടിയെയും കൂട്ടി ഓട്ടോ പിടിച്ചങ്ങോട്ടു പുറപ്പെട്ടു കഴിഞ്ഞു. ചാമികുട്ടി ക്ലോക്കിലേക്ക്‌ നോക്കി, സമയം പത്തേകാൽ! രാഹുകാലം ഇനിയും കഴിഞ്ഞിട്ടില്ല, ശനിയും!

Generated from archived content: story3_dece27_05.html Author: a_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here