പട്ടണത്തിലെ പ്രധാന ഇംപോർട്ടിംഗ് ആന്റ് എക്‌സ്‌പോർട്ടിംഗ് കമ്പനിയുടെ ചീഫ് ബിസിനസ്സ് എക്‌സിക്യൂട്ടീവിന്റെ പി.എ. ഒരു ദുർബല നിമിഷത്തിൽ ആ രഹസ്യം സഹപ്രവർത്തകയായ സൂസിയോടു പറഞ്ഞു. ‘ചീഫിന് എന്റെ നീണ്ട തലമുടി വളരെ ഇഷ്‌ടമാണ്.’
ഇടയ്‌ക്കു കയറി സൂസി കൂട്ടിച്ചേർത്തു. ‘തലമുടിയുടെ സുഗന്ധം ഏറെ ഇഷ്‌ടമാണെന്നും ചീഫ് പറഞ്ഞു അല്ലേ?“
പി.എ.യുടെ നാസാരന്ദ്രങ്ങൾ വികസിച്ചുവരുന്നത് സൂസി ശ്രദ്ധിച്ചു.
’പി.എ.യ്‌ക്കു വേണമെങ്കിൽ ഫ്ലവർ വേസിൽ നിന്നും ഒരു റോസാപ്പൂവെടുത്തു തലയിൽ ചൂടാമെന്നും ചീഫ് പറഞ്ഞു അല്ലേ?”
സൂസിയുടെ വാക്കുകൾ കേട്ടു പി.എ. ലജ്ജാവതിയായി. സൂസിയുടെ രണ്ടു കൈകളും പിടിച്ചു പി.എ. കൊഞ്ചികൊണ്ട് ചോദിച്ചു. ‘നീ ഇതെല്ലാം ഒളിഞ്ഞുനിന്നു കേട്ടിരുന്നു അല്ലേ?“
’നിന്നോടു മാത്രമല്ല റോസിയോടും മേരിയോടും രമയോടും ത്രേസ്യയോടുമെല്ലാം ചീഫ് ഈ സൂപ്പർ ഡയലോഗ് കാച്ചിയിട്ടുണ്ട് മോളെ‘ എന്നായി സൂസി.
ചീഫിന്റെ എത്രയോ രഹസ്യഫയലുകൾ രഹസ്യമായി തന്നെ സൂക്ഷിക്കുന്ന പി.എ.യ്‌ക്ക് സൂസിയുടെ വാക്കുകൾ വിശ്വസിക്കാൻ പ്രയാസം തോന്നി. ’കളളം, ത്രേസ്യയുടെ മുടി ബോബു ചെയ്‌തു നന്നേ ചെറുതാക്കിയതാണല്ലോ‘ പി.എയുടെ ചോദ്യത്തിനും സൂസി ഉത്തരം ശേഖരിച്ചു വെച്ചിരുന്നു.
’നീണ്ട മുടി വെയ്‌ക്കുന്നവർ വെറും കൺട്രികളാണെന്നായിരുന്നു ത്രേസ്യയുടെ ഊഴമെത്തിയപ്പോൾ ചീഫ് തട്ടിവിട്ടത്.”
Generated from archived content: story2_oct29_05.html Author: a_gangadharan