മുഖം നോക്കാതെ പറയുന്ന ആൾ

നാല്‌പത്തി അഞ്ചു വയസ്സുളള സിവിൽ സപ്ലൈസ്‌ ഉദ്യോഗസ്ഥനായ കനകപ്രിയന്റെ കല്യാണം നടന്ന ദിവസം. കല്യാണം കഴിക്കാൻ വൈകിയതിന്‌ പ്രധാനകാരണം പതിനഞ്ചു വർഷത്തെ സർവീസിൽ പകുതിയിലധികവും നല്ല നടപ്പിന്നായി സസ്‌പെൻഷനിലായിരുന്നു എന്നതാണ്‌. സസ്‌പെൻഷനായാലെന്താ, സുഭിക്ഷമായി തലമുറകൾക്ക്‌ ജീവിക്കാനുളള സ്വത്തും പണവും ഇതിനകം സമ്പാദിച്ചു കഴിഞ്ഞിരുന്നു. കല്യാണാലോചനകൾ പലതും കനകപ്രിയനെ തേടിയെത്തിയിരുന്നു. എല്ലാം തന്നെ മുഖം നോക്കാതെ തിരസ്‌കരിക്കുകയായിരുന്നു. കനകപ്രിയന്റെ മുഖം നോക്കാതെയുളള സ്വഭാവമാണ്‌ സഹപ്രവർത്തകയായ സുമതിയെ ആകർഷിച്ചത്‌. കനകപ്രിയനെതിരായ അച്ചടക്ക നടപടികളുടെ ഫയൽ കൈകാര്യം ചെയ്യുന്നത്‌ സുമതിയാണ്‌. ഒരു ദിവസം സമീപത്തിരുന്ന്‌ ജോലി ചെയ്യുന്ന കനകപ്രിയനോട്‌ സുമതി ചോദിച്ചു. സാറിനു ഇനിയെങ്കിലും കല്യാണം കരിക്കരുതോ? വേണ്ടരീതിയിൽ ഗൈഡ്‌ ചെയ്യാൻ വീട്ടിലാളില്ലാത്തതുകൊണ്ടല്ലേ ഇങ്ങനെ ആരോപണങ്ങളിൽ ചെന്നു ചാടുന്നത്‌? സുമതിയുടെ സ്‌നേഹമസൃണമായ ഉപദേശം കനകപ്രിയന്റെ കരളിൽ തരംഗങ്ങൾ സൃഷ്‌ടിച്ചു.

‘ഡിസിപ്ലിനറി കെയ്‌സുകൾ ക്ലോസുചെയ്‌താൽ മാത്രമേ കല്യാണത്തെപ്പറ്റി ആലോചിക്കാൻ പറ്റുകയുളളു. കനകപ്രിയന്റെ മറുപടിയിൽ സുമതിക്കു പ്രതീക്ഷ ജനിച്ചു. സുന്ദരികളേറെയുളള ഓഫീസിൽ ആരുടേയും മുഖത്തുനോക്കാത്ത കനകപ്രിയനെപ്പോലുളള ഒരു ഭർത്താവിനെ സുമതി ആശിച്ചു. ’ഡിസിപ്ലിനറി കെയ്‌സുകൾ ക്ലോസ്‌ ചെയ്യാൻ ഞാൻ വേണ്ടതു ചെയ്യാം.‘ സുമതി വാക്കു കൊടുത്തു. സുമതിയുടെ ചൂണ്ടയിൽ കനകപ്രിയൻ വീണ്ടും വീണ്ടും കൊത്തി. സുമതി വാക്കുപാലിച്ചു. അങ്ങനെയാണ്‌ കനകപ്രിയനും സുമതിയും തമ്മിലുളള വിവാഹം നാട്ടാചാര പ്രകാരം നടന്നത്‌.

അരമണിക്കൂർ സ്ലോ പോകുന്ന കനകപ്രിയന്റെ ബെഡ്‌റൂമിലെ ക്ലോക്ക്‌ പത്തുതവണ അടിച്ചപ്പോൾ നവവധു സുമതി ഒരു ടംബ്ലർ പാലുമായി റൂമിൽ പ്രവേശിച്ചു. കട്ടിലിന്നടുത്തുളള മേശക്കരുകിലെ കസേരയിലിരുന്നു ഓഫീസ്‌ ഫയലുകൾ ശ്രദ്ധാപൂർവ്വം നോക്കുകയായിരുന്നു അപ്പോഴും കനകപ്രിയൻ. മേശമേൽ ടംബ്ലർ വെച്ചു സുമതി നാണം നടിച്ചു ചെറുതായൊന്നു ഒച്ചവച്ചു. തിരിഞ്ഞു നോക്കാതെ ഇടതുകൈകൊണ്ട്‌ പാലെടുത്തു ഒറ്റവലിക്ക്‌ കുടിച്ചു തീർത്തു കനകപ്രിയൻ. സുമതി ചെറിയ തോതിൽ വീണ്ടും ശബ്‌ദമുയർത്തി-കനകപ്രിയന്റെ ശ്രദ്ധ തിരിക്കാൻ. മുഖം നോക്കാതെ അപ്പോൾ കനകപ്രിയൻ പറഞ്ഞു ’നാളെ വാ!‘

Generated from archived content: story2_jan6_06.html Author: a_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here