എന്നാണ് ഈ ഇടവഴി റോഡാവുക? എങ്കിൽ നടന്നുപോകാതെ ഓട്ടോപിടിച്ചോ ബസിലോ ജോലിക്ക് പോകാമായിരുന്നു. ജോലിക്കുപോകാതെ ഇടവഴികളിലെ വളവുകളിൽ നിന്നു സിഗററ്റ് പുകയൂതിയുളള പൂവാലശല്യത്തിൽനിന്നും രക്ഷപ്പെടാമായിരുന്നു. ‘കുടവേണോ? മഴ വരുന്നുണ്ട്.’ സ്ഥിരം കേഡിയുടെ കമന്റ്. മറുപടി പറഞ്ഞാൽ അതിനു മറുപടി വേറെ ഉണ്ടാകും. അതിലും ഭേദം മിണ്ടാതെ പോകുകതന്നെ. തലതാഴ്‌ത്തി സരിത നടന്നു. തണുത്ത കാറ്റിന്റെ വിരലുകൾ സരിതയുടെ മുടിയിഴകളെ ഇളക്കിക്കൊണ്ടിരുന്നു. സരിത ആകാശത്തേക്ക് നോക്കി. മഴക്കാർ ഉരുണ്ടുകൂടുന്നു. വേഗം റോഡിലെത്തിയെങ്കിൽ മാത്രമേ ബസ് കിട്ടുകയുളളൂ. അവൾ നടത്തത്തിന് വേഗത കൂട്ടി.
പതിവുപോലെ റോഡ് വക്കിലെ വീട്ടിലെ വരാന്തയിലിരുന്നുളള താടിനീട്ടിയ കിളവന്റെ ആർത്തിയോടെയുളള നോട്ടം. കുഴിയിൽ കാലുനീട്ടിയ കിളവനാണ്. മകളുടെ പ്രായമുളള വഴിയെപോകുന്ന തന്നെ തുറിച്ചുനോക്കുന്ന കിളവന്റെ കണ്ണുകളെ ഒരു ഉരുളൻ കല്ലെടുത്തു എറിഞ്ഞുടക്കാൻ സരിതക്കു തോന്നി. പൊടുന്നനെ ശക്തിയോടെ പെയ്‌ത മഴയിൽ സരിത കുളിച്ചു. എങ്ങുനിന്നോ പാറിവന്ന ഒരു കൊച്ചുചില്ല സരിതയുടെ തലയിൽ പതിച്ചു. അവൾ ഓടി വൃദ്ധന്റെ വീട്ടിലേക്ക് പാഞ്ഞ് അഭയം തേടി. ‘മഴയായതുകൊണ്ട് കയറിവന്നതാ. വേറെ ആളില്ലേ ഇവിടെ.’ വൃദ്ധനോടുളള വെറുപ്പ് പുറത്തറിയിക്കാതെ സരിത പറഞ്ഞു. വൃദ്ധൻ സരിതയെ തുറിച്ചുനോക്കിക്കൊണ്ടു മറുപടി പറഞ്ഞു. ‘അവൾ വരാൻ വൈകും. ഈ തോർത്തുമുണ്ടുകൊണ്ട് വെളളം ഒപ്പിക്കോളൂ.’ വൃദ്ധൻ തന്റെ ചുമലിലെ തോർത്തുമുണ്ട് സരിതയുടെ നേർക്ക് നീട്ടി. സരിത തോർത്തുമുണ്ട് വാങ്ങിയില്ല. മഴ ശമിച്ചെങ്കിൽ വേഗം ഓടിപ്പോകാമായിരുന്നു. ‘എന്താ പേര്?’ വൃദ്ധന്റെ ചോദ്യം സരിതക്കിഷ്‌ടപ്പെട്ടില്ല. അവൾ ഈർഷ്യയോടെ വൃദ്ധനെനോക്കി. ‘ഇവിടെ സ്‌ത്രീകളാരുമില്ലേ?’ അൽപം മാറിനിന്ന് സരിത ചോദിച്ചു.
‘ഇല്ല. ഹോംനേഴ്‌സായി ഒരു സ്‌ത്രീയുണ്ട്. ഉച്ചകഴിയും വരാൻ. എന്നെപ്പോലെ വേറെ ഒന്നുരണ്ടു പേരെ പരിചരിക്കാനുണ്ട് അവൾക്ക്.’
‘ഭാര്യയും മക്കളുമില്ലേ?’ തുറിച്ചുനോക്കുന്ന വൃദ്ധനോട് ജിജ്ഞാസയോടെ സരിത ചോദിച്ചു. ‘ഭാര്യയുണ്ടായിരുന്നു. അവളുടെ പടം അടുത്ത മുറിയിൽ ഉണ്ട്. നോക്കിയാൽ ഇവിടുന്ന് കാണാം. കല്യാണഫോട്ടോയാണത്.’
സരിത അകത്തുകടന്നു കല്യാണഫോട്ടെയെ ശ്രദ്ധിച്ചു നോക്കി. സരിതക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ ജോലിചെയ്യുന്ന ബ്യൂട്ടിപാർലറിന്റെ പ്രൊപ്രൈറ്ററുടെ ഭാര്യ മിസിസ് ലിണ്ട- ദൃഢഗാത്രനും കൊമ്പൻമീശക്കാരനും സുന്ദരനുമായ ആ യുവാവാണോ ഈ വൃദ്ധൻ? സരിത സംശയിച്ചുനിന്നു. ‘ഫോട്ടോയിൽ കാണുന്ന ആൾ നിങ്ങൾ തന്നെയല്ലേ?’
‘എന്താ സംശയം. ഏഴുവർഷം മുമ്പുളള പടമാണ്. ഞാൻ തന്നെ-മേജർ മാധവൻനായർ. അതിർത്തിയിലെ യുദ്ധത്തിൽ കണ്ണുകൾക്ക് കാഴ്‌ച നഷ്‌ടപ്പെട്ടു. കണ്ണില്ലാത്ത എന്നെ അവൾക്ക് വേണ്ടാതായി. അത്രതന്നെ.’ സരിത വൃദ്ധന്റെ കണ്ണുകളെ ശ്രദ്ധിച്ചു. തുറിച്ചുനോക്കുന്ന കണ്ണുകൾ. കൃത്രിമ കണ്ണുകൾ. കുറ്റബോധം സഹിക്കാനാവാതെ സരിത അയാളുടെ കാലിൽവീണു നമസ്‌കരിച്ചു. അയാളുടെ ഉരുക്കുകരങ്ങൾ സരിതയെ പതുക്കെ ഉയർത്തി.
Generated from archived content: story1_june17_08.html Author: a_gangadharan