സൂസമ്മയുടെ സ്‌റ്റണ്ട്‌

എയർഹോസ്‌റ്റസായ സൂസമ്മയുടെ ഹസ്‌, ട്രെയിൻ ടിക്കറ്റ്‌ എക്‌സാമിനർ ഡേവിഡാണ്‌. ഡ്വിഡിന്റെയും സൂസമ്മയുടേയും ഓമനകളായ ബോബിയും ബേബിയും, പഠിക്കുന്നത്‌ അകലെയുള്ള ഹിൽസ്‌റ്റേഷനിലെ ബോർഡിംഗ്‌ സ്‌കൂളിൽ ചേർന്നിട്ടാണ്‌. കുട്ടികളെ വളർത്താൻ നേരമില്ലാത്ത പ്രതിസന്ധികൊണ്ടാണ്‌ ഈ ബോർഡിംഗ്‌ വിദ്യാഭ്യാസം. മമ്മിയെയും ഡാഡിയേയും മീറ്റ്‌ ചെയ്യുന്നത്‌ വർഷത്തിൽ ഏതാനും നാളുകൾ മാത്രം. എന്നാൽ ദിവസവും ഒരു പ്രാവശ്യമെങ്കിലും നെറ്റിൽക്കൂടി ചാറ്റു ചെയ്‌തു വിവരം അറിഞ്ഞു സംത്യപ്തരാകാറാണ്‌ പതിവു​‍്‌. ഇതുപോലെ ഡേവീഡും സൂസമ്മയും മീറ്റുചെയ്യുന്നത്‌ വല്ലപ്പോഴുമാണ്‌. ട്രെയിൻ ടിക്കറ്റ്‌ എക്‌സാമിനറായ ഡേവിഡ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ വരുമ്പോഴേക്കും എയർഹോസ്‌റ്റസായ സൂസമ്മ ഡ്യൂട്ടിക്കു പോയിരിക്കും. ഉറങ്ങാനുള്ള ഷെൽട്ടറായാണ്‌ ഡേവീഡിനും സൂസമ്മയ്‌ക്കും ബുസിസ്‌റ്റ്വീറ്റിലെ ഗ്രൗണ്ട്‌ ഫ്ലോറിലെ ഒന്നാം നമ്പർ ഫ്ലാറ്റ്‌. ഫാസ്‌റ്റ്‌ ലൈഫും, പാസ്‌റ്റ്‌ ഫുഡുമായി കഴിയുമ്പോൾ സർവന്റിന്റെ ആവശ്യമില്ല തന്നെ. നെറ്റിൽ അറിയിച്ചാൽ പ്രൈവറ്റ്‌ ഏജൻസി ഏതു ജോലിക്കുള്ള ആളെ വേണമെങ്കിലും അയച്ചുകൊടുക്കും. ഫാസ്‌റ്റ്‌ ഫുഡുമായി വരും. ഫാസ്‌റ്റ്‌ ഫുഡ്‌ സർവേഴ്‌സ്‌! ഭക്ഷണം കഴിക്കേണ്ട ജോലി മാത്രം മറ്റാരെക്കൊണ്ടും ചെയ്യിക്കാൻ കഴിയുകയില്ലെന്ന പരിമിതിയുണ്ട്‌. ഭക്ഷണം കഴിച്ചാൽ പാത്രങ്ങൾ സർവേസ്‌ റിമൂവ്‌ ചെയ്യും. എന്തിനേറെ ഫാസ്‌റ്റ്‌ ഫുഡിന്റെയോ ജോലിക്കാരുടേയോ പണംപോലും എണ്ണിക്കൊടുക്കേണ്ട പണിയും ഇല്ല. പണത്തിനു പകരം ക്രഡിറ്റ്‌ കാർഡുകളുണ്ട്‌. ലൈഫ്‌ ഓവർ ഫാസ്‌റ്റായിട്ടും, സൂസമ്മയ്‌ക്കും ഡേവീഡിനും വല്ലപ്പോഴും ഒന്നിരുന്നു സൊള്ളാൻ സമയം കിട്ടാറില്ല. ലീവ്‌ ഡെയ്‌സിൽ വർക്ക്‌ ചെയ്‌താൽ ശമ്പളം ഡബിളാണ്‌ രണ്ടുപേർക്കും. ചുരുക്കത്തിൽ ഫ്ലാറ്റിലെ ഡബിൾബെഡ്‌ അനാവശ്യമാണ്‌. വൈഫ്‌, സൂസമ്മ ഉറങ്ങാൻ കിടക്കുമ്പോൾ ഹസ്‌ ഡേവിഡ്‌ ഡ്യൂട്ടിയിലായിരിക്കും. ഡേവിഡ്‌ ഹസ്‌ ഉറങ്ങാൻ കിടക്കുമ്പോൾ വൈഫ്‌ സൂസമ്മ ഡ്യൂട്ടിയിലായിരിക്കും.

സുന്ദരനായ ഹസിനെ ഫ്ലാറ്റിൽ തനിച്ചാക്കി ഡ്യൂട്ടിക്ക്‌ പോകുന്നതിൽ അടുത്തായി സൂസമ്മയ്‌ക്ക്‌ ആശങ്കയുണ്ട്‌. ഈ ആശങ്കയ്‌ക്ക്‌ കാരണക്കാരി ക്ലോസ്‌ഫ്രണ്ടും എയർഹോസ്‌റ്റസുമായ മിസിസ്‌ ഹെലനുമാണ്‌. ഒരു നാൾ പ്ലെയിൻ ലാന്റു ചെയ്‌തതിനുശേഷം കോക്ക്‌ പിറ്റിൽ വെച്ചു പൈലറ്റുമായി ജോക്‌സ്‌ ഷെയർ ചെയ്യുന്നതിനിടയിൽ ഹെലൻ സൂസമ്മയെ നോക്കി പൈലറ്റിനോട്‌ പറഞ്ഞു, ‘സർ, സൂസമ്മയുടെ ഹസ്‌ അന്നന്ന്‌ ചെറുപ്പക്കാരനായി വരുന്നതുപോലെയുണ്ട്‌. ഒരു കോളേജ്‌ ബോയിയുടെ ലുക്കും’.

പെട്ടെന്ന്‌ സൂസമ്മ ഹെലനു നോസ്‌കട്ടടിച്ചു. ‘ഇനി മേലാൽ നിന്റെ ഹസ്സിനെക്കൂടി ബ്യൂട്ടി പാർലറിൽ കൊണ്ടുപോയി ഒരു ശ്രമം നടത്തിനോക്കിയെ- പുള്ളിക്കാരൻ സ്‌മാർട്ടാകും അല്ലെ സാർ?’ ഈ ആന്റി ക്ലൈമേക്‌സ്‌ ഡയലോഗ്‌ മുതൽ സൂസമ്മ ഹെലനെ വെറുക്കാൻ തുടങ്ങി. തന്റെ ഹാൻസം ഹസിന്റെ മേൽ ഹെലന്‌ കണ്ണുള്ളതായി സൂസമ്മ ഭയപ്പെട്ടു. ഫ്ലാറ്റിലെ സ്ഥിരം വിസിറ്ററായ ഹെലനെ ക്രമേണ സൂസമ്മ നിരുത്സാഹപ്പെടുത്തി.

അന്നു ഡേ ഡ്വൂട്ടി കഴിഞ്ഞ്‌ സൂസമ്മ ഫ്ലാറ്റിലേയ്‌ക്ക്‌ വരുമ്പോൾ നൈറ്റ്‌ ഡ്യൂട്ടിക്കായി ഡേവിഡ്‌ പുറപ്പെടുകയായിരുന്നു. ഹസിനെ അടിമുടി ഒബ്‌സർവ്‌ ചെയ്‌ത്‌ സൂസമ്മ ഒരു കമന്റ്‌ പാസാക്കി. ‘വയസിനൊത്ത്‌ ഡ്രസ്‌​‍്സ ചെയ്യണം. അമ്പതു കഴിഞ്ഞ്‌, രണ്ടുപിള്ളേരുടെ ഡാഡിയായിട്ടും, കോളേജ്‌ ബോയിയെ പോലെയാകാനാ ശ്രമം. ഇതിത്തിരി ഓക്ക്‌വേർഡാ’

പതിവില്ലാത്ത സൂസമ്മയുടെ നീരസം കേട്ടു ഡേവിഡ്‌ പറഞ്ഞു. ‘ആർ യു ജലസ്‌, സൂസി! ലീവ്‌ ഇറ്റ്‌. അയാം ഓൾറൈറ്റ്‌, ഡേവിഡ്‌ കൺമുന്നിൽ നിന്ന്‌ മറയുന്നതുവരെ സൂസമ്മ ഹസിനെ നോക്കിനിന്നു. അതെ, ഒരർത്ഥത്തിൽ ഹെലൻ പറഞ്ഞത്‌ ശരിതന്നെ.

ഫ്ലാറ്റിന്റെ ഡോർ തുറന്നു എ.സി.ഓൺ ചെയ്‌തു. ഫ്രിഡ്‌ജിൽ നിന്നു ഒരു ഗ്ലാസ്‌ ജ്യൂസെടുത്ത്‌ കുടിച്ചു. ഡ്രസ്‌ ചെയ്‌ഞ്ച്‌ ചെയ്യാതെ തന്നെ സൂസമ്മ ഫോം ബെഡിലേയ്‌ക്ക്‌ ക്ഷീണം മാറ്റാൻ വീണു. താമസിയാതെ ഇലക്‌ട്രിസിറ്റി ഫെയിലായി. ഫോം ബെഡിന്റെ ചൂട്‌ സഹിക്കവയ്യാതെ സൂസി ചാടി എഴുന്നേറ്റു. ഒരു തുണ്ട്‌ പൊന്നിന്റെ തിളക്കം സൂസമ്മയുടെ കണ്ണിൽപ്പെട്ടു. ബെഡിൽ നിന്നു പൊന്നിന്റെ കഷ്‌ണമെടുത്തു തിരിച്ചും മറിച്ചും നോക്കി. ഒരു സ്‌റ്റഡിന്റെ കഷണം! തന്റെ കാതിലയുടെ കഷ്‌ണമാണോ. സൂസമ്മ തന്റെ രണ്ടു കാതുകളും കൈകൊണ്ടു തപ്പി നോക്കി. രണ്ടു കാതുകളിലും സ്‌റ്റഡ്‌സ്‌ ഉണ്ട്‌. പെട്ടെന്നു, ഫെയിലായ ഇലക്‌ട്രിസിറ്റി പാസായി. സൂസമ്മയുടെ തലച്ചോറിൽ കൂടി ഹൈടെൻഷൻ കറന്റ്‌ പാസാവുന്നതുപോലെ തോന്നി. എവളുടെ സ്‌റ്റഡിന്റെ കഷ്‌ണമാണ്‌ തന്റെ ബെഡിൽ വീണുകിടന്നത്‌? സൂസമ്മയുടെ മനസിൽ ഹെലന്റെ രൂപം പ്രത്യക്ഷപ്പെട്ടു. അതെ, ഇന്നു അവൾക്ക്‌ ഡേ ഓഫായിരുന്നു. തന്റെ ഹാൻസം ഹസിനെ കാണാൻ ഞാൻ ഡ്യൂട്ടിക്ക്‌ പോയ സമയം നോക്കി അവൾ വന്നിട്ടുണ്ടാവാം. അവളെ കണ്ടാൽ ഒരു എ.കെ.ഫോർട്ടി സെവൻ തോക്കെടുത്ത്‌ വെടിവെയ്‌​‍ാൻ സൂസമ്മയ്‌ക്ക്‌ തോന്നി. സൂസമ്മ ഡോർ തുറന്നു വരാന്തയിൽ വന്നു സർവ്വശക്തിയും ഉപയോഗിച്ചു സ്‌റ്റഡിന്റെ കഷ്‌ണം സമീപത്തുകൂടി ഒഴുകിപ്പോകുന്ന കനാലിലേക്ക്‌ വലിചെറിഞ്ഞു. ഒപ്പം സൂസമ്മയുടെ വലത്തെ കാതിൽ നിന്നും സ്‌റ്റഡ്‌ താഴെ വീണു. സ്‌റ്റഡ്‌ കൈയിൽ എടുത്തു നോക്കിയപ്പോഴാണ്‌ മനസിലായത്‌. ഒരു കഷ്‌ണം നഷ്‌ടപ്പെട്ടിരിക്കുന്നുവെന്ന്‌. സൂസമ്മയുടെ രണ്ടു കൺമണികളും കനാലിലേക്ക്‌ തള്ളിപ്പോയി!

Generated from archived content: story1_feb17_07.html Author: a_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here