ദുരിതാശ്വാസക്യാമ്പിലെ നീണ്ട താടിയുള്ള വൃദ്ധന്‍ ഒരു കൈനോട്ടക്കാരനാണെന്നറിഞ്ഞതോടെ ആളുകള്‍ ചുറ്റും കൂടി.
” എന്റെ കൈയൊന്നു നോക്കാമോ?”
കള്ളു ചെത്തുകാരനായ കൃഷ്ണന്‍ , വൃദ്ധന്റെ മുന്നില്‍ ചെന്നിരുന്ന് കൈ നീട്ടി.
വൃദ്ധന്‍ പുഞ്ചിരിയോടെ അയാളുടെ കൈ നിരീക്ഷിച്ചു.
” ഉയര്‍ന്ന ഉദ്യോഗം” വൃദ്ധന്‍ പറഞ്ഞു .
” ശരിയാണ് പനകയറ്റം ഉയരങ്ങളിലുള്ള ഉദ്യോഗം തന്നെയാണ് ” കൃഷ്ണന്‍ സമ്മതിച്ചുകൊടുത്തു .
വൃദ്ധന്‍ തുടര്‍ന്നു.
” രണ്ടാമതൊരു വീടു വയ്ക്കാന്‍ യോഗമുണ്ട്”
” വേണ്ടി വരും പുഴയോരത്തെ വീട് ഇപ്പോള്‍ അവിടെയുണ്ടോ എന്തോ?” കൃഷ്ണന്‍ ഒന്നു നെടു വീര്‍പ്പിട്ടു .
” സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കും”
” ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരും” അയാളുടെ ശബ്ദമിടറി .
” വര്‍ഷങ്ങള്‍ക്കു മുന്പ് പിണങ്ങിപ്പോയ ഭാര്യയെ കണ്ടു മുട്ടും” കൃഷ്ണന്‍ നടുങ്ങി.
” ഒരു സാധ്യതയുമില്ല ” – നടുക്കം പുറത്തു കാണിക്കാതെ അയാള്‍ കൈ പിന്‍ വലിച്ചു. വൃദ്ധന്‍ ഒന്നു മന്ദഹസിച്ചു.
” ഹെലികോപ്റ്റര്‍”
ഒരു കുട്ടി അവിടേയ്ക്കു ഓടി വന്നു കൊണ്ട് അറിയിച്ചു .
ഹെലികോപ്റ്ററിനെ അടുത്തു കാണാന്‍ വൃദ്ധനൊഴികെ എല്ലാവരും പുറത്തേക്കിറങ്ങി.
സ്കൂള്‍ ഗ്രൗണ്ടില്‍ വന്നിറങ്ങിയ ഹെലികോപ്റ്ററില്‍ നിന്നും ആദ്യം ഇറങ്ങിയ സ്ത്രീയെ കണ്ട് കൃഷ്ണന്റെ കണ്ണൂ തളളി.
” മാലതി!” അയാള്‍ അറിയാതെ വിളിച്ചു പറഞ്ഞു.
അമ്പരപ്പില്‍ നിന്നും മോചിതനായ കൃഷ്ണന്‍ അകത്തേക്കോടി വൃദ്ധന്റെ കാല്ക്കല്‍ വീണു.
” സ്വാമീ , അവസാനം പറഞ്ഞതും ശരിയായി അവള്‍ വന്നു ”
വൃദ്ധന്‍ അപ്പോഴും ഒന്നു മന്ദഹസിച്ചു.