കാഫ്കയുടെ കാഴ്ചബംഗ്ലാവിൽ

This post is part of the series വായനയും നിരീക്ഷണങ്ങളും

Other posts in this series:

  1. മൂന്നാം ലോകമഹായുദ്ധം തുടങ്ങുന്നത്
  2. കാപ്പിറ്റോൾ കലാപത്തിന്റെ രാഷ്ട്രീയം
  3. ട്രമ്പോ ബൈഡനോ?
ചാൾസ് ബ്രിഡ്ജ്
ചാൾസ് ബ്രിഡ്ജ്

കാഫ്കയുടെ പേരിലുള്ള ഒരു കാഴ്ചബംഗ്ലാവടക്കം അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും  വെൽറ്റാവ നദിയുടെ ഇരുവശങ്ങളിലുമായി  പ്രാഗിൽ  ചിതറിക്കിടക്കുന്നുണ്ടെന്ന്  അവിടേക്ക് യാത്ര തിരിക്കുന്നതിന്നുമുമ്പ് തന്നെ ഞാൻ വായിച്ചറിഞ്ഞിരുന്നു. മലയാളത്തിൽ “പ്രേഗ്” എന്ന് പറഞ്ഞ് ശീലിച്ചിരുന്ന ഈ പുരാതന നഗരത്തെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ “പ്രാഗ്” (Prague) എന്നാണ് വിളിക്കുന്നത്;   ചെക്ക് ഭാഷയിലെ യഥാർഥ നാമം  “പ്രാഹ” (Praha)  എന്നും.  പുരാതനകാലം മുതൽ ബൊഹീമിയയുടെ തലസ്ഥാനമായിരുന്ന പ്രാഗ്, അവിടത്തെ രാജാവായിരുന്ന ചാൾസ് നാലാമൻ റോമ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായി 1346-ൽ അവരോധിക്കപ്പെട്ടതോടെ ആ നഗരം യൂറോപ്പിന്റെ ഭൂപടത്തിൽ സ്ഥാനം പിടിച്ചു.

പ്രാഗ് കോട്ട
പ്രാഗ് കോട്ട

പ്രാഗിലേക്ക് പോകാൻ  ജർമനിയിലെ മ്യൂണിക്കിൽ നിന്ന്  ആൽബർട്ട് ഐൻസ്റ്റീൻ  എന്ന ട്രെയിൻ  പിടിക്കുമ്പോൾ കാഫ്ക്കയെ ഓർമ്മിപ്പിക്കുന്ന എന്തെങ്കിലും പ്രാഗിൽ കാണാൻ പറ്റുമോയെന്ന ഉറപ്പൊന്നുമുണ്ടായിരുന്നില്ല.  കാരണം,  സുഹൃത്തുക്കളോടൊത്തുള്ള എന്റെ യാത്രയുടെ പ്രധാന ലക്ഷ്യം ബിയറുമായി ബന്ധപ്പെട്ട യൂറോപ്പിലെ രണ്ടു പ്രധാന സ്ഥലങ്ങൾ സന്ദർശിക്കുക എന്നതായിരുന്നു: ആദ്യം മ്യൂണിക്കിലെ ഒക്ടോബർഫെസ്റ്റ്  (Oktoberfest) എന്ന ബിയർ മഹോത്സവം, പിന്നെ പിൽസ്നർ (Pilsner)  എന്ന ബിയറിന്റെ വേരുകൾ തേടി ചെക്ക് റിപ്പബ്ലിക്കിലെ പിൽസൻ (Pilsen) എന്ന പട്ടണവും അവിടെ നിന്ന് അധികം ദൂരത്തിലല്ലാത്ത പ്രാഗും.  

ഒക്ടോബർഫെസ്റ്റ്
ഒക്ടോബർഫെസ്റ്റ്
മ്യൂണിക്കിലെ ഒക്ടോബർഫെസ്റ്റ്
മ്യൂണിക്കിലെ ഒക്ടോബർഫെസ്റ്റ്

1911-ൽ പ്രാഗിലെ ജർമൻ യൂണിവേഴ്സിറ്റിയിൽ പഠിപ്പിക്കുവാനാണ് ഐൻസ്റ്റൈൻ അവിടെ എത്തിയത്.  വാൾട്ടർ ഐസക്സന്റെ “ഐൻസ്റ്റൈൻ: ഹിസ് ലൈഫ് ആന്റ് യൂണിവേഴ്സ്” (Einstein: His Life and Universe by Walter Isaacson) എന്ന ആധികാരികമായ ജീവിതചരിത്രത്തിൽ, പ്രാഗിൽ കലാസ്നേഹികളും സാഹിത്യകാരന്മാരും സാംസ്ക്കാരികപ്രവർത്തകരുമൊക്കെ ഒത്തുചേരുന്ന ജൂതന്മാരുടെ ഒരു സലോണിൽ വച്ച് കാഫ്കയും ഐൻസ്റ്റീനും കണ്ടുമുട്ടിയിരിക്കാൻ സാധ്യതയുണ്ടായിരുന്നെന്ന് പറയുന്നുണ്ട്. അവർ തമ്മിലുള്ള ആശയവിനിമയമൊന്നും രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ, സാഹിത്യത്തിലും ശാസ്ത്രത്തിലും ഇപ്പോഴും അപാരസാന്നിധ്യങ്ങളായ ഈ മഹാരഥന്മാർ മനോഹരമെങ്കിലും അപ്രധാനമായ ഒരു നഗരത്തിൽ വച്ചുകണ്ടുമുട്ടിയിരിക്കാം എന്ന് ആലോചിച്ചിരിക്കുന്നതിൽ ഒരു രസമുണ്ടായിരുന്നു. പ്രത്യേകിച്ചും ആൽബർട്ട് ഐൻസ്റ്റൈൻ എന്നുതന്നെ  പേരിട്ടിരിക്കുന്ന ഒരു ട്രെയിനിലിരുന്ന് ആ നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോൾ.

ആൽബർട്ട് ഐൻസ്റ്റീൻ
ആൽബർട്ട് ഐൻസ്റ്റീൻ

ഒരു തിയറിറ്റിക്കൽ ഫിസിസിസ്റ്റ്  എന്ന നിലയിൽ  ഐൻസ്റ്റൈൻ വളരെ അറിയപ്പെട്ടു തുടങ്ങിയ ശേഷവും, പ്രത്യേകിച്ചും  ആപേക്ഷിക സിദ്ധാന്തവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രബന്ധങ്ങൾ ശാസ്ത്രലോകത്ത് പ്രകമ്പനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴും,  ജർമൻ യൂണിവേഴ്സിറ്റികളിൽ ആ പ്രസിദ്ധിക്ക് ഇണങ്ങിയ ഒരു ജോലി കണ്ടുപിടിക്കാൻ അദ്ദേഹം ബുദ്ധിമുട്ടി. ജൂതനായതുകൊണ്ട് പല വിവേചനങ്ങളും അക്കാലത്ത് ഐൻസ്റ്റൈന് ജന്മസ്ഥലമായ ജർമനിയിൽ നേരിടേണ്ടി വന്നു.  അവസാനം അവിടത്തെ പൗരത്വം ഉപേക്ഷിച്ച്  അദ്ദേഹം സ്വിറ്റ്സർലണ്ടിലേക്ക് കുടിയേറി. മികച്ച ഒരു ജോലിക്കു വേണ്ടിയുള്ള നിരന്തരമായ അൻവേഷണത്തിനെ ഒരു ഘട്ടത്തിലാണ് അദ്ദേഹം പ്രാഗിൽ എത്തിയത്. ഇന്ന് അദ്ദേഹത്തിന്റെ പേരിൽ ഒരു ട്രെയിൻ തന്നെ മ്യൂണിക്കിൽ നിന്ന് പ്രാഗിലേക്ക്  ഓടുന്നുണ്ടെങ്കിലും, അദ്ദേഹം പ്രാഗിൽ ആദ്യം എത്തിയത് ഒരഭയാർഥിയുടെ ജീവിതത്തിൽ  ഒഴിവാക്കാനാവാത്ത അലച്ചിലിന്റെ ഭാഗമായിട്ടായിരുന്നു. 17 മാസങ്ങൾ പ്രാഗിൽ പഠിപ്പിച്ചശേഷം ശേഷം സ്വിസ് ടെക്നിക്കൽ കോളജിൽ പ്രഫസർ ജോലി സ്വീകരിച്ച് അദ്ദേഹം സ്വിറ്റ്സർലണ്ടിലെ  സ്യൂറിക്കിലേക്ക് താമസം മാറ്റി.

കാഫ്ക്ക
കാഫ്ക്ക

കാഫ്ക്ക തന്റെ ജീവിതകാലം മുഴുവൻ ചിലവഴിച്ചത് പ്രാഗിലായിരുന്നു. പക്ഷേ, മുഖ്യധാരയിൽ നിന്ന് അകന്നാണ് അദ്ദേഹം ഉൾപ്പെട്ട  അവിടത്തെ ജൂതസമൂഹം കഴിഞ്ഞിരുന്നത്. ചെക്ക് ഭാഷ അറിയാമായിരുന്നെങ്കിലും യിദ്ദിഷ് കലർന്ന ജർമനായിരുന്നു മറ്റു ജൂതന്മാരെപ്പോലെ  അദ്ദേഹത്തിന്റെയും  മാതൃഭാഷ.  തന്റെ  പ്രധാനപ്പെട്ട എല്ലാ കൃതികളെല്ലാം ജർമനിൽ തന്നെയാണ് എഴുതിയത്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധി പ്രാഗിൽ എത്താൻ വൈകിയത്. രണ്ടാം ലോകമഹായുദ്ധത്തിന്റെയും പിന്നീട്  കമ്യൂണിസ്റ്റ് സർവ്വാധിപത്യത്തിന്റെയും കെടുതികളിൽ നിന്ന് ഉയർത്തുവന്ന പ്രാഗുകാർ അവരുടെ മാതൃഭാഷയിൽ കാര്യമായിട്ടൊന്നും എഴുതാതിരുന്ന കാഫ്കയെ ഏതാണ്ട് മറന്നുകളഞ്ഞിരുന്നു. ജർമനിലും ഇംഗ്ലീഷിലും അദ്ദേഹത്തെ ഓർത്തുവച്ചിരുന്നവരാണ് അദ്ദേഹത്തിന്റെ പെരുമ തേടി പ്രാഗിലെത്തുന്നതും അദ്ദേഹത്തിന്റെ അടയാളങ്ങൾ നഗരത്തിലെങ്ങും ഉയർത്തിക്കൊണ്ടു വന്നതും.  പ്രാഗ് നിവാസികളെക്കാൾ കാഫ്ക്കയുടെ നഗരത്തെക്കുറിച്ച് അമേരിക്കക്കാർക്ക് അറിയാം എന്ന തമാശ തന്നെ അവിടെ നിലവിലുണ്ട്.

മിലാൻ കുന്ദേര
മിലാൻ കുന്ദേര
വാക്ലാവ് ഹാവെൽ
വാക്ലാവ് ഹാവെൽ

 ആധുനിക അമേരിക്കൻ സാഹിത്യത്തിലും പോപ്പ് കൾച്ചറിലും കാഫ്ക്കയുടെ സാന്നിധ്യം ഒരതികായന്റേതാണ്.   പിന്നീട് ചെക്ക് റിപ്പബ്ലിക്ക് ലോകത്തിന് സമ്മാനിച്ച  മിലാൻ കുന്ദേരയും (Milan Kundera) വാക്^ലാവ് ഹാവേലും (Vaclav Havel) മണ്ണിന്റെ മക്കൾ ആണെങ്കിൽ കാഫ്ക്കക്ക് ഐൻസ്റ്റൈനെപ്പോലെ ജന്മനാട്ടിൽ ഒരഭയാർഥിയുടെ വിലയേ ഉണ്ടായുള്ളൂ. നാത്^സികൾ യൂറോപ്പിലെ ജൂതന്മാരെ മൊത്തത്തിൽ കൊന്നൊടുക്കാൻ ആരംഭിക്കുന്നതിന്ന് വളരെ മുമ്പ് തന്നെ, 1924-ൽ തന്റെ  40-ആമത്തെ വയസ്സിൽ ക്ഷയരോഗം മൂർച്ഛിച്ച് കാഫ്ക്  മരണമടഞ്ഞു. വർഷങ്ങൾക്കുശേഷം കാഫ്കയുടെ മൂന്നു സഹോദരിമാർ നാത്^സികളുടെ കൂട്ടക്കുരുതിക്ക് ഇരകളായി, പ്രത്യേകിച്ചും അദ്ദേഹത്തിന് വളരെ പ്രിയപ്പെട്ട, അദ്ദേഹം  ക്ഷയരോഗബാധിതനായിരുന്നപ്പോൾ പരിപാലിച്ച,  ഓറ്റ്^ല (Ottla) എന്ന സഹോദരി. അദ്ദേഹം ആ സഹോദരിക്ക് അയച്ച കത്തുകൾ ഒരു പുസ്തകമായി അവശേഷിക്കുന്നുണ്ട്.

ഓറ്റ്^ല (Ottla)
ഓറ്റ്^ല (Ottla)

മ്യൂണിക്കിൽ നിന്ന്  പ്രാഗിലേക്കുള്ള യാത്രയിൽ ഏതാണ്ട് പകുതിയിലാണ് ബൊഹീമിയ പ്രദേശത്തുള്ള  പിൽസൺ എന്ന പട്ടണം. അവിടെ ഇപ്പോഴും പ്രവർത്തിക്കുന്ന പിൽസ്^ണർ ഉർക്വേൽ (Pilsner Urquell) ബ്രൂവറിയിലാണ് 1842-ൽ പിൽസ്^ണർ എന്ന തരം ബിയർ  ആദ്യമായി ഉണ്ടാക്കിയത്. പെയിൽ ലാഗർ (pale  lager) വിഭാഗത്തിൽ പെടുന്ന ഈ ബിയർ വിശ്വപ്രസിദ്ധമാണ്; ലോകത്തിൽ നിർമ്മിക്കപ്പെടുന്ന നല്ലൊരു പങ്ക് ബിയറുകൾ ഇതിനെ അനുകരിച്ചാണെന്നാണ് പൊതുവെയുള്ള ധാരണ.

പില്‍സ്നർ ബിയർ
പില്‍സ്നർ ബിയർ

പിൽസ്^ണർ ഉർക്വേൽ ബ്രൂവറിയിൽ പോയി പിൽസ്^ണർ രുചിക്കാൻ ഞങ്ങൾ പിൽസണിൽ വണ്ടിയിറങ്ങി. റെയില്‍വേ സ്റ്റേഷനിലെ ജോലിക്കാരുടെ മട്ടും ഭാവവുമൊക്കെ ഇപ്പോഴും അവർ പഴയ സോവിയറ്റ് ആധിപത്യത്തിൽ കഴിയുന്നതുപോലെ തോന്നിച്ചു. യാത്രക്കാരെ സഹായിക്കാൻ യാതൊരു ഉത്സാഹവുമില്ലായ്മ; എന്തെങ്കിലും ചോദിച്ചാൽ ചെക്ക് ഭാഷ മാത്രമേ അറിയൂ എന്ന് പറഞ്ഞുള്ള ഒഴിഞ്ഞുമാറ്റം.  പക്ഷേ, മനോഹരമായ ആ ശരത്^കാല മധ്യാഹ്നത്തിൽ പിൽസൺ സ്റ്റേഷനിൽ നിന്ന് നടന്ന്  ബ്രൂവറിയിൽ എത്തി പിൽസ്ണർ രുചിച്ചു നോക്കാനും ആ പട്ടണം കാഴ്ചവെക്കുന്ന പുരാതന ദൃശ്യങ്ങൾ ആസ്വദിക്കാനും ഏതാനും മണിക്കൂറുകൾ ഞങ്ങൾ അവിടെ ചിലവഴിച്ചു.  

 

പ്രാഗിലേക്കുള്ള യാത്ര പിൽസണിൽ നിന്ന് തുടർന്നപ്പോൾ ട്രെയിനിൽ എന്റെ എതിരെ ഇരുന്നിരുന്നത് ചെക്കുകാരനായ ഒരു വയോധികനായിരുന്നു. അദ്ദേഹത്തിന് എന്നോട് സംസാരിക്കണമെന്ന് വളരെ ആഗ്രഹമുണ്ടായിരുന്നെന്ന് തോന്നി. ഇന്ത്യാക്കാരനാണെന്ന് മനസ്സിലായപ്പോൾ ജവഹർലാൽ നെഹ്രു, ഗാന്ധി എന്നൊക്കെ അദ്ദേഹം ഉച്ചാരണശുദ്ധിയോടെ പറഞ്ഞു. പക്ഷേ, കൂടുതൽ സംസാരിക്കുവാൻ ഭാഷ ഞങ്ങൾക്കിടയിൽ ഒരു തടസ്സമായി.  ഗാന്ധിയും നെഹ്രുവുമൊക്കെ പഴയ സോഷ്യലിസ്റ്റ് ലോകത്തെ താരങ്ങളായിരുന്നുവെന്നത് പൊതുവേ അറിവുള്ള കാര്യമാണെങ്കിലും ആ തലമുറയിൽ നിന്നൊരാൾ അവരെപ്പറ്റി നേരെ മുഖത്തു നോക്കി പറയുന്നത് ഒരപ്രതീക്ഷിത അനുഭവമായിരുന്നു.

 

1946-ൽ ആണ് അന്നത്തെ ചെക്കോസ്ലോവാക്യയിൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തുന്നത്. 1948-ൽ സോവിയറ്റ് പിന്തുണയോടെ കമ്യൂണിസ്റ്റ് സർവാധിപത്യത്തിന് ആരംഭം കുറിച്ചു. കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായിരുന്ന മിലാൻ കുന്ദേര പാർട്ടിയുമായി ഒത്തുചേർന്ന് പ്രവർത്തിക്കാൻ ശ്രമിച്ചെങ്കിലും രണ്ടു തവണ അദ്ദേഹം  പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു. കുന്ദേരയെപ്പോലുള്ള നവീകരണവാദികളുടെ പിന്തുണയോടെ 1968-ൽ സർവാധിപത്യത്തിനെതിരെ ജനങ്ങൾ നടത്തിയ മുന്നേറ്റം, പ്രാഗ് വസന്തം (Prague Spring), ക്രൂരമായി അടിച്ചമർത്തപ്പെട്ടു.  പക്ഷേ, പ്രാഗ് വസന്തം ലോകമെങ്ങും, എല്ലാത്തരത്തിലുമുള്ള സർവാധിപത്യങ്ങൾക്കെതിരെയുള്ള പ്രതിരോധത്തിന്റെ അടയാളമാകാൻ അധിക സമയമെടുത്തില്ല.

 

മറ്റു കമ്യൂണിസ്റ്റ് സർവ്വാധിപത്യങ്ങളിൽ നടന്നതുപോലെ വിമതരെ ഉന്മൂലനം ചെയ്യൽ ചെക്കോസ്ലോവാക്യയിൽ അധികം ഉണ്ടായില്ല. എങ്കിലും അടിച്ചമർത്തലിൽ  മനം^മടുത്ത് കുന്ദേര 1975-ൽ ഫ്രാൻസിലേക്ക് കുടിയേറി എഴുത്തിൽ മാത്രം വ്യാപൃതനായി. 1989-ലെ വെല്‍വെറ്റ് വിപ്ലവത്തോടെ (Velvet Revolution) കമ്യൂണിസ്റ്റ് ഭരണം ചെക്കോസ്ലോവാക്യയിൽ തകർന്നു; 1993-ൽ ചെക്കും സ്ലോവാക്യയും രണ്ടു രാജ്യങ്ങളായി തീരുകയും ചെയ്തു. എങ്കിലും കുന്ദേര ജന്മനാട്ടിലേക്ക് തിരിച്ചുവന്നില്ല. മാതൃഭാഷ പോലും ഉപേക്ഷിച്ച്, എഴുത്ത് ഫ്രഞ്ചിലേക്ക് മാറ്റി, അദ്ദേഹം ഇപ്പോഴും പാരീസിൽ താമസം തുടരുകയാണ്.

 

നാടകകൃത്ത് എന്ന നിലയിലാണ് വാക്^ലാവ് ഹാവേൽ പ്രസിദ്ധനായെങ്കിലും അദ്ദേഹം കുന്ദേരയിൽ നിന്ന് വ്യത്യസ്തമായ പാതയാണ് തിരഞ്ഞെടുത്തത്. 1963-ൽ പുറത്തിറങ്ങിയ “ഗാർഡൻ പാർട്ടി” മുതലുള്ള അദ്ദേഹത്തിന്റെ നാടകങ്ങൾ കമ്യൂണിസ്റ്റ് സർവ്വാധിപത്യത്തിനെതിരെയുള്ള ബൗദ്ധിക ആക്രമണങ്ങൾ കൂടി ആയിരുന്നു. പ്രാഗ് വസന്തത്തിന്റെ ഭാഗമാകുന്നതു മുതൽ പലതവണ തടവിലാക്കപ്പെടുമെങ്കിലും ഹാവേൽ എങ്ങോട്ടും ഓടിപ്പോയില്ല.  അദ്ദേഹം സ്ഥാപിച്ച സിവിക്ക് ഫോറം എന്ന രാഷ്ട്രീയ സംഘടന വഴി, വെല്‍വെറ്റ് വിപ്ലവത്തിന്നുശേഷം, അദ്ദേഹം ചെക്കോസ്ലോവാക്യയുടെ പ്രസിഡന്റ് പദവിയിലെത്തി.  പിന്നീട് രണ്ടു രാജ്യങ്ങൾ ആയി വിഭജിക്കപ്പെടുമെങ്കിലും 1993-ൽ ചെക്ക് റിപ്പബ്ലിക്കിന്റെ പ്രസിഡന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.  പ്രാഗിലെ തെരുവുകളിലൂടെ നടക്കുമ്പോൾ കാഫ്ക്കയുമായോ കുന്ദേരയുമായോ ബന്ധപ്പെട്ട എന്തെങ്കിലും കാണാൻ വിഷമമാണ്. പക്ഷേ, 2011-ൽ പരേതനായ ഹാവേലിനെ ഒഴിവാക്കാൻ വളരെ പ്രയാസമാണ്; മുക്കിലും മൂലയിലും അദ്ദേഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാണാനുണ്ടായിരുന്നു. ഒരു പക്ഷേ, സാഹിത്യകാരെക്കാൾ സമൂഹത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം രാഷ്ട്രീയക്കാരന്റേതായതുകൊണ്ടാകാം അത്. നേരിട്ട്, ലിബറൽ രാഷ്ട്രീയത്തിൽ ഇത്രയേറെ സ്വാധീനം ചെലുത്തിയിട്ടുള്ള സാഹിത്യകാരന്മാർ ലോകത്ത്  വിരളമാണ്.   

സമഗ്രാധിപത്യത്തിന്റെ വികലതയെപ്പറ്റി കാഫ്ക തന്റെ എഴുത്തിൽ സൂചിപ്പിക്കുന്നുണ്ട്.  കമ്യൂണിസ്റ്റുകാർ ചെക്കോസ്ലോവാക്യയിൽ അധികാരത്തിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ കൃതികൾ പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ നിരോധിച്ചു. “ദ ട്രയലി”ലെ ജോസഫ് കെ. കടന്നുപോകുന്ന അർഥശൂന്യമായ നടപടിക്രമങ്ങൾ ആവശ്യത്തിലധികം സങ്കീർണ്ണമായ, കാഫ്ക്കയും ഭാഗമായിരുന്ന ( നിയമത്തിൽ ഡോക്ടറേറ്റ് ബിരുദം ഉണ്ടായിരുന്ന അദ്ദേഹം ബൊഹീമിയയിലെ വർക്ക്മെൻ ആക്സിഡന്റ് ഇൻഷൂറൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഓഫീസർ ആയിരുന്നു),  ആസ്ട്രോ-ഹങ്കേറിയൻ ബ്യൂറോക്രസിയെ പരിഹസിക്കലാണെന്ന നിരീക്ഷണം ആ നോവലിന്റെ  ഉപരിപ്ലവമായ  വായനയാണ്. സർവ്വാതിപത്യത്തിൽ കഴിയേണ്ടിവരുന്ന ഒരു പൗരന്റെ ഏറ്റവും വലിയ ദുരിതം അതിന്റെ പ്രവചനാതീതമായ നടപടികളുമായി പൊരുത്തപ്പെട്ടു പ്രവർത്തിക്കുക എന്നതാണ്. കൃത്യമായ നിയമവ്യവസ്ഥയുടെ അഭാവത്തിൽ, ഒരു പൗരന്റെ ഏതു പ്രവൃർത്തിയും ഭരണകൂടത്തിന്ന്  കുറ്റമായി വ്യാഖ്യാനിക്കാമെന്ന അവസ്ഥ വരുത്തുന്നു; വ്യക്തമായ നടപടി ക്രമങ്ങളുടെ അഭാവത്തിൽ ആ പൗരന്റെ ജീവിതം ഭരണകൂടം നിർദ്ദേശിക്കുന്ന എന്തും പിന്തുടരാൻ വേണ്ടി മാത്രം വിനിയോഗിക്കപ്പെടേണ്ടി വരികയും ചെയ്യുന്നു.  ഒരു വർഷത്തോളം നീണ്ടുപോകുന്ന അസംബന്ധമായ വിചാരണക്കൊടുവിൽ ഭരണകൂടം ജോസഫ് കെ.യെ  കുരുക്കഴിച്ചു വിടുന്നില്ല.  നോവലിന്റെ അവസാനം, സർക്കാർ അയച്ചിരിക്കാമെന്ന് കരുതാവുന്ന രണ്ടുപേരുടെ കൊലക്കത്തിക്ക്  ജോസഫ് കെ. ഇരയാകുന്നു;  നിസ്സഹായനായി,  ജോസഫ് കെ. തന്റെ ജീവിതത്തിന്റെയൊടുക്കത്തെ ഉപസംഹരിക്കുന്നതുപോലെ: “ഒരു പട്ടിയെപ്പോലെ.”    

 

കാഫ്ക്കയുടെ മരണശേഷമാണ് നാത്^സി ഭീകരത ജൂതന്മാരെ തേടി പ്രാഗിലെത്തിയത്. കാഫ്കയുടെ സഹോദരിമാർ അടക്കം അവിടെ ജീവിച്ചിരുന്ന ജൂതന്മാർ അതിന്ന് ഇരകളാകും. ജ്യൂയിഷ്  ക്വാർട്ടർ (Jewish Quarter), ജൂതന്മാർ താമസിച്ചിരുന്ന നഗരത്തിന്റെ ഭാഗം, ഒരു പ്രധാന ടൂറിസ്റ്റ് ആകർഷണമാണ് ഇന്ന്. രണ്ടാം ലോകമഹായുദ്ധത്തിന്നു ശേഷം അധികാരത്തിലേറിയ കമ്യൂണിസ്റ്റു ഭരണകൂടമാണ് പ്രാഗിന് ഭീകരതയുടെ 40 വർഷങ്ങൾ നീണ്ട അടുത്ത ഘട്ടം  സമ്മാനിച്ചത്.

 

ഐൻസ്റ്റീനും കാഫ്കയും അവരുടെ  മേഖലകളിൽ നടത്തിയ സംഭാവനകൾ അവരെ 20-ആം നൂറ്റാണ്ടിലെ അതികായരാക്കിയെങ്കിലും,  ജനിച്ചുവളർന്ന ഇടങ്ങളിൽ അവർ അന്യരായിരുന്നു എന്നു മാത്രമല്ല, ഐൻസ്റ്റൈന്റെ കാര്യത്തിൽ പ്രത്യേകിച്ചും, അവർ ജൂതന്മാർ ആയിരുന്നതുകൊണ്ട് പല എതിർപ്പുകളും വിവേചനങ്ങളും നേരിടേണ്ടി വന്നു എന്ന് സൂചിപ്പിച്ചല്ലോ. വേട്ടമൃഗങ്ങളുടെ ഗതികേടു പോലെ, സ്വന്തം തട്ടകത്തിലായാലും, അപകടങ്ങൾ കടന്നുവരുന്നുണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കേണ്ടത് അക്കാലത്തെ യൂറോപ്പിലെ  ജൂതന്മാരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ആ ഭീതി കൂടി ചേർത്തുവച്ചു വായിച്ചാലേ കാഫ്കയുടെ കൃതികളുടെ വായന പൂർണ്ണമാകുകയുള്ളൂ. യൂറോപ്പിന്റെ   ജൂതപ്പേടി നാത്^സികൾ അതിഭയാനകമായ പോഗ്രോമിൽ (pogrom) അവസാനം കൊണ്ടുചെന്നെത്തിച്ചു. നാത്^സികൾ യൂറോപ്പിലെ ജൂതന്മാരെ വേട്ടയാടിത്തുടങ്ങുന്നതിന്ന് വളരെ മുമ്പ് തന്നെ അവരോടുള്ള വെറുപ്പ് ആ ഭൂഖണ്ഡത്തിൽ വർദ്ധിച്ചുവന്നിരുന്നു.  പൊതുജനങ്ങളിൽ രൂഢമൂലമായിരുന്ന  ആ വിദ്വേഷത്തിന്ന് നാത്^സികൾ ലോകത്തിന്  മനസ്സിലാകുന്ന ഒരു മുഖം കൊടുത്തുവെന്നേയുള്ളൂ. ഐൻസ്റ്റൈൻ പോഗ്രോമിൽ നിന്ന് രക്ഷപ്പെട്ട് അമേരിക്കയിൽ അഭയം പ്രാപിച്ചു. തന്നെ വേണ്ടാത്ത ഇടങ്ങളിൽ നിന്ന് വിട്ടുപോരാനുള്ള ഐൻസ്റ്റൈന്റെ കഴിവ് അപാരമായിരുന്നു. അതിൽ അദ്ദേഹത്തിന് യാതൊരു പശ്ചാത്താപവും ഉണ്ടായിരുന്നില്ല താനും.

 

ഐൻസ്റ്റീനും കാഫ്കയും പ്രാഗിലെ സലോണിൽ വച്ച് കണ്ടുമുട്ടിയിട്ടുണ്ടെങ്കിൽ അവർ എന്തായിരിക്കും സംസാരിച്ചിട്ടുണ്ടാവുക? ഐൻസ്റ്റൈൻ  അന്ന് അറിയപ്പെടുന്ന ശാസ്ത്രജ്ഞനായിരുന്നു; പ്രത്യേകിച്ച് അക്കാലത്തെ യൂറോപ്പിൽ ജൂതന്മാരുടെ അക്കാദമിക കൂട്ടായ്മകളിൽ.  കാഫ്ക  അന്ന് സുഹൃത്ത് വലയങ്ങളിൽ മാത്രം അറിയപ്പെടുന്ന, അധികമൊന്നും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒരു എഴുത്തുകാരൻ മാത്രം. ഒരേ പാർട്ടിയിൽ തന്നെ അവർ പങ്കെടുത്തിട്ടുണ്ടാവാമെങ്കിലും, അവർ തമ്മിൽ കാര്യമായ എന്തെങ്കിലും സംസർഗ്ഗം ഉണ്ടായിരിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രത്യേകിച്ചും ഐൻസ്റ്റൈന്,   അന്തർമുഖനും അപ്രശസ്തനുമായ കാഫ്ക്കയുമായിട്ട്. പക്ഷേ, പ്രാഗിൽ അവർ ഒരേ സമയത്ത് കുറച്ചുകാലം ജീവിച്ചിരുന്നു എന്ന് അറിയുന്നത് തന്നെ വളരെ താല്പര്യജനകമാണ്. വെൽറ്റാവ നദിക്ക് കുറുകെ കിടക്കുന്ന ചാൾസ് ബ്രിഡ്ജ് എന്ന പുരാതന പാലം നടന്നുകയറി, ഐൻസ്റ്റൈൻ,  ചാൾസ് യൂണിവേഴ്സിറ്റിയിലേക്ക് പഠിപ്പിക്കാനായി പോകും എന്ന് എവിടെയോ വായിച്ചിട്ടുണ്ട്.  ടൂറിസ്റ്റുകളെ തടഞ്ഞിട്ട് ഇന്ന് ആ പാലത്തിൽക്കൂടി നടക്കാൻ ബുദ്ധിമുട്ടാണ്; സാൻ ഫ്രാൻസിസ്ക്കോയിലെ ഗോൾഡൻ ഗേറ്റ് ബ്രിഡ്ജ് പോലെ സന്ദർശകർക്ക് ഒഴിവാക്കാൻ പറ്റാത്ത ഒരു കാഴ്ചയാണ് പ്രാഗിന്റെ മുഖമുദ്രയായ ആ പാലത്തിന്റേതും.

കൊസേൽ
കൊസേൽ

പ്രാഗിൽ ഉണ്ടായിരുന്ന കുറച്ച് ദിവസങ്ങളിൽ  ഞങ്ങൾ പിൽസ്ണറും കൊസേൽ (kozel) എന്ന ഇരുണ്ട നിറമുള്ള ബിയറും ധാരാളം കഴിച്ചു. പുകവലിയും ബിയറും പ്രാഗിലെ റെസ്റ്റോറന്റുകളിൽ കയറിയാൽ ഒഴിവാക്കാൻ ബുദ്ധിമുട്ടാണ്. അമേരിക്കയിൽ കൊക്കോ കോള കുടിക്കുന്നതു പോലെയാണ് പ്രാഗിലുള്ളവർ ബിയർ കുടിക്കുന്നതെന്ന് തോന്നി. വൈനും പേരുകേട്ട സ്ഥലമാണ് പ്രാഗ്; പ്രത്യേകിച്ചും ചില വെളുത്ത വൈനുകൾക്ക്. പ്രാഗ് നഗരത്തിന്ന് അടുത്ത് ധാരാളം മുന്തിരിത്തോപ്പുകളും വൈനറികളും ഉണ്ട്.  അഭ്യന്തര ഉപയോഗത്തിനു തന്നെ അവിടെ ഉൽപ്പാദിപ്പിക്കുന്ന വൈൻ തികയാത്തതുകൊണ്ട് പുറം രാജ്യങ്ങളിൽ അവ ലഭ്യവുമല്ല. അതുകൊണ്ട് ചെക്ക് വൈനുകൾ രുചിക്കാനുള്ള അവസരം പ്രാഗിൽ മാത്രമേ ലഭിക്കൂ.

അബ്സിന്ത്
അബ്സിന്ത്

പ്രാഗിൽ അബ്സിന്തും കഞ്ചാവ് കലർന്ന ലഹരിപഥാർത്ഥങ്ങളുടെയുമൊക്കെ ഉപയോഗം വളരെ സാധാരണവും നിയമപരവുമാണെന്നു തോന്നുന്നു. സിഗരറ്റും ചോക്കലേറ്റും പോലെ എവിടെയും അവ ലഭ്യമാണ്. അബ്സിന്തിന്റെ ചെറിയ കുപ്പികൾ ഗിഫ്റ്റ് ഷോപ്പുകളിൽപ്പോലും വാങ്ങാൻ കിട്ടും. മാനസികവിഭ്രാന്തിയുണ്ടാക്കുന്ന ഒരു മദ്യമായിട്ടാണ് പെരുംഞ്ചീരകത്തിന്റെ മണമുള്ള അബ്സിന്ത് (absinthe) അറിയപ്പെടുന്നത്. വേംവുഡ് (wormwood)  എന്ന ചെടി (ശാസ്ത്ര നാമം artemisia absinthium; ഇതിൽ നിന്നാണ് അബ്സിന്തിന് ആ പേര് ലഭിക്കുന്നത്) അബ്സിന്തിന്റെ നിർമാണത്തിൽ ഉപയോഗിക്കുന്നുണ്ട്. അതിന്ന് ചെറിയ ലഹരിയൊക്കെ ഉണ്ടെന്ന് പറയപ്പെടുന്നുണ്ടെങ്കിലും യഥാർഥത്തിൽ അബ്സിന്തിൽ അടങ്ങിയിട്ടുള്ള, വലിയ അനുപാതത്തിലുള്ള ആൾക്കഹോളാണ്  ആ മദ്യത്തിന് അസാധാരണ വീര്യം കൊടുക്കുന്നതും കുടിക്കുന്നവരെ ചിലപ്പോൾ ഉന്മാദത്തിലെത്തിക്കുന്നതും. അമേരിക്കയിൽ പത്തുവർഷം മുമ്പ് വരെ അബ്സിന്ത് വിൽക്കുന്നത്  നിരോധിച്ചിരുന്നു. ബോഹീമിയൻ സ്റ്റൈൽ അബ്സിന്തിന്റെ കേന്ദ്രമാണ് ചെക്ക് റിപ്പബ്ലിക്ക്. ആ ചേരുവയിൽ, സാധാരണ ചേർക്കാറുള്ള  പെരുംജീരകം ഉപയോഗിക്കാതെ വേംവുഡിന് പ്രാധാന്യം കൊടുക്കുന്നു.

ഡേവിഡ് സെർണിയുടെ "പ്രൗഡി". കാഫ്ക്കയുടെ കാഴ്ചബംഗ്ളാവിൽ.
ഡേവിഡ് സെർണിയുടെ “പ്രൗഡി”. കാഫ്ക്കയുടെ കാഴ്ചബംഗ്ളാവിൽ.

ഞങ്ങൾ പ്രാഗിൽ എത്തിയ അന്ന്,   നദിക്കരയിലുള്ള ഒരു റെസ്റ്റോറന്റിൽ നിന്ന് അത്താഴവും  കഴിച്ച്  പ്രാഗിലെ അബ്സിന്ത് കഴിച്ചുനോക്കാൻ ഒരു ബാർ അൻവേഷിച്ചു നടക്കുകയായിരുന്നു. ഇരുട്ടത്ത് നടന്ന് അവസാനം ചെന്നുപെട്ടത് കഫേ പോലെ തോന്നിച്ച ഒരു സ്ഥലത്തെ  രസകരമായ ഒരു ഫൗണ്ടന്റെ മുമ്പിൽ. രണ്ട് ആൺ പ്രതിമകളുടെ ലിംഗങ്ങളിൽ നിന്നാണ് ആ ഫൗണ്ടനിലേക്ക് വെള്ളം വീണിരുന്നത്. പ്രസിദ്ധ ശില്പിയായ ഡേവിഡ് സെർനിയുടെ പ്രൗഡി (David Cerny’s Proudy) എന്നു  പേരിട്ടിരിക്കുന്ന വെങ്കലപ്രതിമകൾ ആണ് അവ. ഞങ്ങൾ ചെന്നെത്തിയത് കാഫ്ക്കയുടെ മ്യൂസിയത്തിൽ.

 

മ്യൂസിയം വൈകുന്നേരം 6 മണിക്ക് അടച്ചിരുന്നു. അതുകൊണ്ട് ഞാൻ പിറ്റേന്ന് അവിടെ തിരിച്ചെത്തി. താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് നടക്കാനുള്ള ദൂരമേ അങ്ങോട്ടുണ്ടായിരുന്നുള്ളൂ. മ്യൂസിയത്തിൽ പ്രധാനമായിട്ടുള്ളത് ഫോട്ടോകളും അദ്ദേഹത്തിന്റെ കൃതികളുടെ കൈയെഴുത്തു പ്രതികളുടെ കോപ്പികളുമാണ്. അദ്ദേഹത്തിന്റെ കൃതികളും അവയുടെ വ്യാഖ്യാനങ്ങളും അവയുടെ ചരിത്രവുമൊക്കെ ഇന്റർനെറ്റിൽ ഇക്കാലത്ത് ലഭിക്കുമെങ്കിലും, മ്യൂസിയത്തിൽ നിന്ന് അദ്ദേഹത്തിന്റെ ജീവിതത്തെയും എഴുത്തിനെയും കുറിച്ച് ലഭിക്കുന്ന വിവരങ്ങൾ വിലപ്പെട്ടതാണ്.

 

കാഫ്ക്കയുടെ കാഴ്ചബംഗ്ലാവിൽ അദ്ദേഹത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട  കാഴ്ചവസ്തുക്കൾ കാര്യമായി ഒന്നുംതന്നെ ഇല്ല. മരിക്കുമ്പോൾ അറിയപ്പെടുന്ന എഴുത്തുകാരനൊന്നുമല്ലായിരുന്നെങ്കിലും പിൽക്കാലത്ത് പ്രശസ്തനായപ്പോൾ, അദ്ദേഹം അവശേഷിച്ചുപോയ പലതും വളരെ വിലയുള്ളതായി. അതൊക്കെ യൂറോപ്പിന്റെ നാനാഭാഗങ്ങളിൽ ആണ് ഇപ്പോൾ; അദ്ദേഹം അവിടെയൊന്നും പോയിട്ടില്ലെങ്കിൽക്കൂടി. പൊതുവേ ദുർഗ്രഹമെന്ന് കരുതപ്പെടുന്ന അദ്ദേഹത്തിന്റെ എഴുത്തിനെ സാധാരണക്കാർക്ക് പറഞ്ഞുകൊടുക്കുക  എന്നതാണ് ഈ  കാഴ്ചബംഗ്ലാവിന്റെ  സംഘാടകരുടെ പ്രധാന ഉദ്ദേശമെന്നു തോന്നുന്നു. പ്രത്യേകിച്ചും കാഫ്ക്കയുടെ ജീവിതകാലത്തെ പ്രാഗിന്റെയും കാഫ്ക്കയുടെ ജീവിതാനുഭവങ്ങളുടെയും പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ കൃതികളെ ആഴത്തിൽ വിശകലനം ചെയ്ത് കാഴ്ചക്കാർക്ക് അത് വിവരിച്ചു കൊടുക്കുക. ആ പ്രയത്നത്തിൽ അവർ വിജയം കൈവരിച്ചിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്.    

കാഫ്ക്ക ഷോപ്പിംഗ് ബാഗിൽ
കാഫ്ക്ക ഷോപ്പിംഗ് ബാഗിൽ

ടീ-ഷർട്ടുകളിലും ബാഗുകളിലുമൊക്കെ കാഫ്കയുടെ ചിത്രം സ്ഥാനം പിടിച്ചുതുടങ്ങിയിട്ടുണ്ടെങ്കിലും പ്രാഗിൽ അദ്ദേഹത്തിന്റെ അടയാളങ്ങൾ അത്ര പ്രത്യക്ഷമല്ല. മിലാൻ കുന്ദേരയുടെ കാര്യവും അങ്ങനെ തന്നെ.  ഐൻസ്റ്റൈനെ പറ്റി കേൾക്കാത്തവർ ചുരുക്കമായിരിക്കും ലോകത്തെവിടെയും.  പക്ഷേ, പ്രാഗിന്റെ  ടൂറിസ്റ്റ് ബ്രോഷറുകളിലൊന്നും  ഐൻസ്റ്റൈന്റെ ഹൃസ്വമായ പ്രാഗ്^വാസത്തെക്കുറിച്ച് എഴുതിക്കണ്ടില്ല.

 

പ്രാഗിൽ നിന്ന് തിരിച്ചുള്ള യാത്ര വിമാനത്തിൽ ആയിരുന്നു. ശീതയുദ്ധത്തിന്റെ അവസാനത്തെ അദ്ധ്യായങ്ങൾ പ്രാഗിൽ ചുരുളഴിഞ്ഞതിന്റെ കഥകൾ ടാക്സിയോടിച്ചിരുന്ന ചെറുപ്പക്കാരൻ അയാളെ അധികം നിർബന്ധിക്കാതെ തന്നെ ഞങ്ങൾക്ക് വിവരിച്ചു തന്നു.  അയാളുടെ ബാല്യകാലത്താണ്  അന്നത്തെ പശ്ചിമ ജർമനിയിലേക്ക് അയാളുടെ പിതാവ് രക്ഷപ്പെട്ടത്. അതുമായി ബന്ധപ്പെട്ട്  രഹസ്യപ്പോലീസ് അയാളുടെ അമ്മയെ വീട്ടിൽ വന്ന്  നിരന്തരം ശല്യം ചെയ്യുമായിരുന്നത്രേ. കിഴക്കൻ യൂറോപ്പിൽ കമൂണിസത്തിന്റെ പതനത്തിനുശേഷം, ജർമനി ഒന്നാവുകയും ചെക്കോസ്ലോവാക്യ രണ്ടാവുകയും ചെയ്തു. യൂറോപ്പിലെ അതിർത്തികൾ കടക്കുന്നത് വളരെ എളുപ്പമായി.  എന്നിട്ടും അയാളുടെ മാതാപിതാക്കൾ ഒരുമിച്ചില്ല. പ്രാഗിൽ  ജീവിതം ഇപ്പോൾ വലിയ കുഴപ്പമൊന്നുമില്ല എന്ന് ആ ടാക്സിക്കാരൻ കൂട്ടിച്ചേർക്കാൻ മറന്നില്ല. നിയന്ത്രണങ്ങളൊന്നുമില്ലാതെ അതിർത്തികൾ തുറന്നിട്ടിരിക്കുന്ന യൂറോപ്പിൽ,  അയാളുടെ മാതാപിതാക്കൾ എന്തുകൊണ്ട് പിന്നീട് കണ്ടുമുട്ടിയില്ല എന്ന് ചികഞ്ഞ് ചോദിക്കാൻ എനിക്ക് മനസ്സുവന്നില്ല. അയാൾക്ക് നല്ല ഒരു  ടിപ്പും കൊടുത്ത്,  ഫ്രാങ്ക്^ഫർട്ടിലേക്കുള്ള ഫ്ലൈറ്റ്  നോക്കി,  വാക്^ലാവ് ഹാവേലിന്റെ പേരിട്ടിരിക്കുന്ന ആ വിമാനത്താവളത്തിന്റെ ഉള്ളിലേക്ക്  ഞങ്ങൾ നടന്നു.

 

കാഫ്ക്കയുടെ കാഴ്ചബംഗ്ലാവിൽ കണ്ട ഏറ്റവും ഹൃദയഭേദകമായ ഒരു കാഴ്ചവസ്തു ആദ്ദേഹത്തിന്റെ  മാതാപിതാക്കൾ ഒരു പത്രത്തിൽ ഇട്ടിരുന്ന ചരമക്കുറിപ്പാണ്. ക്ഷയരോഗം മൂർധന്യാവസ്ഥയിലെത്തുകയും അതുമൂലം തൊണ്ടയടഞ്ഞതുകൊണ്ട് ഭക്ഷണമിറക്കാൻ കഴിയാതെ വിശന്നുവലഞ്ഞുമാണ്  അദ്ദേഹം മരണമടഞ്ഞത്. “എ ഹങർ ആർട്ടിസ്റ്റ്” (A Hunger Artist)  എന്ന കഥ മരണക്കിടക്കയിൽ കിടന്ന് അദ്ദേഹം തിരുത്തി എഴുമ്പോൾ അതിലെ   കഥാപാത്രത്തിന്റെ അവസ്ഥയിലായിരുന്നു കാഫ്ക്കയും. സ്വന്തം മകന്റെ ദുരിതപൂർണമായ മരണത്തെക്കുറിച്ച് ചരമക്കുറിപ്പ് എഴുതേണ്ടി വന്ന മാതാപിതാക്കൾ;  “വിധി ദിവസം” (The Judgement Day)  എന്ന കഥയിലെപ്പോലെ പിതാവുമായി അത്ര സുഖകരമല്ലാത്ത ബന്ധം പുലർത്തിയ മകൻ; ജീവിതകാലം മുഴുവൻ കാഫ്ക്കയെ അലട്ടിയ മാനസികപീഢനങ്ങളും പിന്നെ മാരകമായ ക്ഷയരോഗവും; അവസാനം ബാക്കിവന്ന കുടുംബാംഗങ്ങൾ മുഴുവൻ നാത്^സികളാൽ കൊലചെയ്യപ്പെടുക. കാഫ്ക്കയുടെ കഥകളെക്കാൾ നമ്മളെ വേട്ടയാടുന്നതും സങ്കടകരവുമാണ് അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മൊത്തം ചരിത്രം.

മാക്സ് ബ്രോഡ്
മാക്സ് ബ്രോഡ്

കാഫ്ക്കയുടെ ഏറ്റവും പ്രസിദ്ധമായ കൃതികൾ “ദ ട്രയൽ” എന്ന നോവലും “മെറ്റാമോർഫോസിസ്” എന്ന കഥയുമാണെന്നു തോന്നുന്നു. അടുക്കുംചിട്ടയുമില്ലാതെ കിടന്നിരുന്ന  “ദ ട്രയലി”ന്റെ കൈയെഴുത്തുപ്രതി,  കാഫ്കയുടെ കാലശേഷം സുഹൃത്ത് മാക്സ് ബ്രോഡ് (Max Brod) ആണ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചത്.  കാഫ്ക്കയുടെ കൃതികൾ പുറം ലോകത്തിന്ന് കാണിച്ചുകൊടുക്കുക മാത്രമല്ല, അവയെ  പ്രസിദ്ധീകരണയോഗ്യമാക്കിയതിലും മാക്സ് ബ്രോഡ് പ്രധാന പങ്കുവഹിച്ചു. ഒരു എഴുത്തുകാരനായിരുന്നിട്ടു കൂടി കാഫ്ക്കയുടെ എഡിറ്ററായിട്ട് അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന്റെ നിയോഗം.   

 

കാഫ്കയുടെ മാനസികാവസ്ഥ സ്വന്തം വീട്ടിലും അദ്ദേഹത്തെ അന്യനാക്കിയിരുന്നു.  കാഫ്ക്ക തന്റെ വ്യസനങ്ങളെ ഉൾക്കൊണ്ട് സ്വയം പീഠനത്തിന് വിധേയനയായി; ആ പീഠിതമനസ്സിൽ നിന്ന് വളരെക്കുറച്ചേ എഴുത്തിലേക്ക് സംക്രമിച്ചിട്ടുള്ളൂ. വിശന്നുവലഞ്ഞ്  മരിച്ചുകൊണ്ടിരിക്കുമ്പോൾ പോലും തന്റെ  ഒരു  കഥയുടെ മിനുക്കുപണികളിൽ ഏർപ്പെട്ടെങ്കിലും,  പ്രസിദ്ധീകരിക്കാത്ത തന്റെ കൃതികൾ നശിപ്പിച്ചുകളയണമെന്ന്  കാഫ്ക്ക മാക്സ് ബ്രോഡിനെ ഏർപ്പാടാക്കി,  അത് നടപ്പിലാക്കാതിരുന്നത് ലോകസാഹിത്യത്തിന്റെ മഹാഭാഗ്യമാവുകയും ചെയ്തു. കാഫ്കയുടെ ജീവിതത്തിന്റെ തീഷ്ണതയുടെ  ചെറിയ ധ്വനികളേ അദ്ദേഹത്തിന്റെ എഴുത്തിലുള്ളൂ — കാഴ്ചബംഗ്ലാവ് കണ്ടിറങ്ങുമ്പോൾ മനസ്സിൽ അവശേഷിച്ചത് ആ ഒരു  ചിന്തയാണ്.

തുടർന്ന് വായിക്കുക :

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English