കാടും കൂട്ടിലെ കിളിയും

kadum

 

അവൾ എന്നുമൊരു ദുഃഖപുത്രി

പഞ്ചരസ്ഥയാം പാവമീ പഞ്ചവർണ്ണക്കിളി

ചിത്രവർണ്ണക്കൂട്ടിലേകയായി

ചുറ്റിലും തിരയുകയാണിന്ന്

പ്രിയകാമുകനാം ആ കാട്ടുപക്ഷിയെ

പതിവായി പറന്നിറങ്ങി പാടാറുളളയാ

മാമരച്ചില്ലയിൽ അവനില്ല

തൻകൂടിനടുത്തെവിടെയുമവനില്ല

കൂട്ടിന്നഴികളിൽ വന്നുമുട്ടും

കാറ്റിനോടുമവൾ ചോദിച്ചു

പോരും വഴിക്കെങ്ങാൻ കണ്ടോയെൻ പ്രിയനെ

ഒന്നും മിണ്ടാതെ ഒഴുകിയകന്നു മാരുതനും

ഓർമ്മതേരിലേറി ഇന്നലെകളിലേക്ക് പോയീടവേ

അന്നവൻ കൊടുത്തയാ ചുവന്നപഴം

പിന്നെയും നുണഞ്ഞു നുണഞ്ഞു രുചിച്ചവൾ

അന്നവൻ ചൊന്നതൊക്കെയും പിന്നെയും കേട്ടു

“സ്വാദേറും പഴങ്ങളനേകം നിറഞ്ഞിരിപ്പുണ്ടെൻ

സ്വദേശമാമാരണ്യകത്തിൽ

അവിടെ നീ ഏകയാവില്ല, കൂട്ടുകൂടാനും

കിന്നാരം ചൊല്ലാനും കൂട്ടുകാരത്രെയോ

കാട്ടരുവിതാരാട്ട് കേട്ടുറങ്ങാം

പൂമരച്ചില്ലയിലിരുന്ന് കാറ്റിൻ കൈയ്യാൽ ഊഞ്ഞാലാടാം

മുത്തശ്ശൻമരം ചൊല്ലും പഴങ്കഥകൾ കേട്ടുരസിക്കാം

പരന്ന മാനത്തെ നിറഞ്ഞ് കാണാം

ചന്ദ്രികയുടെ ഒളിച്ചുകളിയും

താരങ്ങളുടെ കണ്ണിറുക്കികളിയും

മതിയാവോളം കണ്ടാസ്വദിക്കാം

പാൽനിലാവിൽ മദിച്ചുനീരാടാം

മുളങ്കാടിലൂടൊഴുകും കാറ്റിൻ

മധുവൂറും പുല്ലാങ്കുഴൽ നാദം കേൾക്കാം

നിനക്കു കാവലായി പച്ച വിരിച്ച കുന്നുകളുണ്ട്

നിന്നെ കാക്കാൻ മലദൈവങ്ങളുമുണ്ട്

നിനക്കായി സംഗീതകച്ചേരി ഒരുക്കും പക്ഷിജാലം

നയനവിസ്മയവിരുന്നൊരുക്കും സസ്യജാലം

ചേഷ്ഠ കാട്ടിയും കുറുമ്പ് കാട്ടിയും

നിന്നെ അതിശയിപ്പിക്കും ജന്തുജാലം

പ്രിയേ, നിന്നെ ഞാൻ ഒരിക്കൽ കൊണ്ട്പോകാം

എനിക്കേറെ പ്രിയമുളളയാ കാനനഭംഗി കാമുകനാം

അവളെയേറെ കൊതിപ്പിച്ചു നിറുത്തിയിട്ടു

അന്നവൻ പറന്നകന്നു

നാളുകളേറെ കൊഴിഞ്ഞുപോയി

വെയിലുകൾ മാറി വർഷങ്ങൾ വന്നു

ഓണങ്ങൾ പോയി വിഷുക്കൾ വന്നു

എന്നിട്ടുമവൻ മാത്രം വന്നില്ല

അന്നവൻ ചൊന്നയാ കാനനഭംഗി

കാണുവാനടങ്ങാത്ത പൂതിയാർന്ന്

ചിത്രവർണ്ണക്കൂട്ടിലേകയായി

അവൾ അവനെയും കാത്തിരിക്കേ

ഒട്ടും നിനച്ചിരിക്കാത്തൊരുനാൾ

പറന്നിറങ്ങി കാമുകൻ ഉത്സാഹശൂന്യം

മ്ലാനവദനനായി പാട്ടുപോലും കൂട്ടിനില്ലാതെ

ഇടറും നാദത്തിൽ മൊഴിഞ്ഞവൻ

പ്രിയേ, നീയെന്നോടു പിണങ്ങരുതേ

എന്നെ വെറുക്കരുതേ

നിനക്കന്നു തന്ന ആശയൊന്നും

നിറവേറ്റാനെനിക്കായില്ലോമനേ

ഞാൻ ചെല്ലുമ്പോൾ കാടില്ലവിടം

കൂറ്റൻ പടുതകൾ ഉയരുന്നു

കാടിന്നെങ്ങുമില്ല കാട്ടുമരങ്ങളില്ല

കാട്ടരുവിയില്ല താരാട്ടുപാട്ടുമില്ല

കാടായ കാടൊക്കെയും മേടായ മേടൊക്കെയും

കരിച്ചുകളഞ്ഞുവാ ദുഷ്ടക്കൂട്ടങ്ങൾ നരവർഗ്ഗം

കാടിറങ്ങിയ വന്യമൃഗങ്ങളിന്ന്

കുടിയേറിപ്പാർത്തിരിക്കുന്നു മർത്ത്യമനസ്സുകളിൽ

പറവകളൊക്കെയും പറന്നുപോയി

പടിയിറങ്ങി മലദൈവങ്ങളും

ചുരന്നിട്ടും ചുരന്നിട്ടും കൊതിതീരാതെ

പിന്നെയും കുന്നു ചുരയ്ക്കുന്നു മണ്ണുമാന്തി യന്ത്രങ്ങൾ

വീടും കുടിയും പോയ്പ്പോയ

ഒരഭയാർത്ഥിയുടേതുപോലിന്നെൻ ജീവിതം

ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ഒത്തിരി

ജീവജാലങ്ങളിൽ ഒരാളു മാത്രമാണീ ഞാൻ

പ്രകൃതി കനിഞ്ഞു നൽകിയാ വരം

നീയും കാണണമെന്ന് ഞാനാശിച്ചിരുന്നു

പ്രിയേ നിനക്കായി ഒന്നുകൂടി തേടിയലയട്ടെ

ഞാനീ പാരീൽ ഒരുകാട് കണ്ടെത്താനായി

ഒരിറ്റു പ്രതീക്ഷയാൽ പറന്നകന്നു കാമുകൻ

കാടിൻ സൗന്ദര്യം ഭാവനയിൽ കണ്ടുകൊണ്ട്

ചിത്രവർണ്ണക്കൂട്ടിലേകയായി പാവമീ

പഞ്ചവർണ്ണക്കിളി ഇന്നുമവനെയും കാത്ത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here