കഥകളുടെ വലിപ്പച്ചെറുപ്പം വായനക്കാരെ ബാധിക്കാറുണ്ടോ,അവയുടെ സൗന്ദര്യത്തെ നിർണയിക്കുന്നതിൽ കഥയുടെ നീളത്തിന് പ്രാധാന്യമുണ്ടോ.പുതിയ കഥാകാരന്മാരിൽ ഏറെ ശ്രദ്ധേയനായ ദേവദാസ് വി .എം ഈ വിഷയത്തെപ്പറ്റി മുഖപുസ്തകത്തിൽ എഴുതിയ കുറിപ്പ് വായിക്കാം.
“കഥകളുടെ നീളവും വിസ്താരവുമെല്ലാം സാഹിത്യസദസ്സുകളിലും സോഷ്യൽ മീഡിയയിലുമെല്ലാം പലപ്പോഴും ചർച്ചയാകാറുള്ളൊരു വിഷയമാണ്. കാര്യത്തിന്റെ കിടപ്പിനെക്കുറിച്ച് ഒരു ധാരണയുമില്ലെങ്കിലും, വസ്തുതകളുടെ പിൻബലമൊന്നുമില്ലെങ്കിലും അതിൽ ചിലർ തട്ടിവിടുന്ന പ്രതികരണങ്ങൾ പുഞ്ചിരി വിരിയിക്കും. വാരികകളിൽ പേജുകൾ നിറയ്‌ക്കാൻ നീളമുള്ള കഥകൾ മാത്രം സ്വീകരിക്കുന്നു, നീളമുള്ള കഥകളെഴുതാൻ എഴുത്തുകാരെ നിർബന്ധിക്കുന്നു എന്ന മട്ടിലൊക്കെയായിരിക്കും അവ. ചിലരൊക്കെ ഇതിനെക്കുറിച്ച് നേരിൽ ചോദിക്കാറുമുണ്ട്. ഇത്ര നീളത്തിൽ കഥയെഴുതണമെന്ന് നാളിതുവരെ ഒരു ഒരു ആനുകാലിക പ്രസിദ്ധീകരണവും ആവശ്യപ്പെട്ടിട്ടില്ല. നീളമുള്ള കഥകൾ പലപ്പോഴും പ്രസിദ്ധീകരിക്കാൻ തടസ്സമോ താമസമോ ഉണ്ടാകുകയാണ് അനുഭവം. ഒരുദാഹരണം പറയാം. മുമ്പ് ‘തിബത്ത്’ എന്നൊരു കഥയെഴുതിയിരുന്നു. നീളക്കൂടുതലെന്ന കാരണം പറഞ്ഞ് ഒരു വാരിക അത് മടക്കിയപ്പോൾ ഷിഹാബുദീൻ പൊയ്ത്തുംകടവ് എഡിറ്ററായിരുന്ന ചന്ദ്രിക വാരികയിൽ അത് രണ്ട് ഭാഗമായാണ് കൊടുത്തത്. കഥയാകട്ടെ, സിനിമയാകട്ടെ നീളവും ശൈലിയുമെല്ലാം സ്രഷ്ടാവിന്റെ സ്വാതന്ത്ര്യമാണ്. തീർച്ചയായും തള്ളാനോ കൊള്ളാനോ സമയംമെനക്കെടുത്താതിരിക്കാനോ ഉള്ള സ്വാതന്ത്ര്യം വായനക്കാർക്കുമുണ്ട്. ഇന്നയാളെ വായിച്ചിട്ടില്ലെ, മറ്റെയാളെപ്പോലെ കുറുക്കി എഴുതിക്കൂടെ എന്നൊക്കെയുള്ള ചില അന്യോപദേശങ്ങളും ഇത്തരം ചർച്ചകളിൽ കടന്നു വരാരുണ്ട്. ഒരാളെപ്പോലെയെഴുതാൽ അയാളുണ്ടല്ലോ, മറ്റുള്ളവരെ അവരവരുടെ വഴിയ്ക്ക് വിട്ടേയ്‌ക്കൂ എന്നതാണ് അതിനോടുള്ള പ്രതികരണം. മറ്റൊരു രസകരമായ കാര്യമുള്ളത് പേജുകളോളം നീളമുള്ള കഥകൾ ഗ്രാന്റയിലും, ന്യൂയോർക്കറിലും, പാരീസ് റിവ്യൂവിലുമൊക്കെ വായിക്കുന്നവർ പോലും ഇത്തരം ചർച്ചകളിൽ ഇടപെടുമ്പോൾ മലയാളത്തെ മറ്റൊരു അസ്‌തിത്വമായി പരിഗണിക്കുന്നത് കാണാം. ഇത്തരം ചർച്ചകളിലൊക്കെ മനപ്പൂർവ്വം വിട്ടുപോകുന്ന ഒന്നുണ്ട്, അത് ദിനപ്പത്രങ്ങളുടെ സ്പെഷൽ എഡിഷനുകളിൽ വരുന്ന തീരെ ചെറിയ കഥകളാണ്. നല്ലൊരാശയത്തെ കഥയുടെ പൂർണ്ണമായ പരിസരത്തേയ്‌ക്ക് വികസിപ്പിക്കാതെ ബോൺസായ് പരുവത്തിൽ ചുരുട്ടിക്കൂട്ടിയിരിക്കുന്നത് പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവയിൽ നല്ല കഥകളില്ലെന്നല്ല പറഞ്ഞുവന്നത്, പക്ഷെ അത്തരം ഇടങ്ങളിൽ കഥയ്‌ക്കനുവദിച്ച ‘വലിപ്പം’ മുൻകൂട്ടിക്കണ്ട് ചെരിപ്പിനനുസ്സരിച്ച് കാലുമുറിച്ച എഴുത്തുകളെപ്പറ്റിയാണ്. കഥയുടെ നീളത്തെക്കുറിച്ചുള്ള ചർച്ചകളിലൊന്നും, എഡിറ്റർ ആവശ്യപ്പെടുന്ന വലിപ്പത്തിൽ കഥയെഴുതുന്നുവെന്ന് ആരോപിക്കുന്നവർ പോലും അത്തരം കഥകളെക്കുറിച്ച് പരാമർശിക്കാറുപോലുമില്ലെന്ന് കാണാം. കഥയ്‌ക്കുമുന്നിൽ ‘ചെറു’ എന്ന വിശേഷണത്തിന് പ്രസക്തിയില്ലെന്ന് വൈശാഖൻ മാഷുടെ ഒരു പ്രസംഗത്തിലെവിടെയോ സൂചിപ്പിച്ചതായി ഈയിടെ വായിച്ചു. എന്റെ എഴുത്തിലും വായനയിലും കഥ എന്നൊരു സങ്കേതവും അസ്തിത്വവുമേയുള്ളു കുറും-ചെറു-നീണ്ട എന്നൊക്കെയുള്ള വിശേഷങ്ങൾ അതിന്മേൽ ചാർത്തിക്കൊടുക്കാമെന്നു മാത്രം.”
Click this button or press Ctrl+G to toggle between Malayalam and English