എഴുതപ്പെടുന്ന കഥകളും ,വായ്മൊഴിയായി പകരുന്നവയും ജീവിതത്തെ എങ്ങനെ നേരിടാൻ നമ്മെ പ്രാപ്തരാക്കുന്നു എന്നതിനെപ്പറ്റി കവിയും ,നോവലിസ്റ്റുമായ കരുണാകരന്റെ അഭിപ്രായം വായിക്കാം
“35 വയസ്സില്‍ പെണ്ണിനും 39 വയസ്സില്‍ ആണിനും “ബോര്‍” അടിക്കാന്‍ തുടങ്ങുന്നു എന്ന് ജീവശാസ്ത്രകാരന്‍മാര്‍ പറയുന്നു. ആ ‘ബോറടി’ മനുഷ്യരുടെ “ജീനി”ല്‍ത്തന്നെ ഉള്ളതാണ് എന്നും അവര്‍ കണ്ടെത്തിയിരിക്കുന്നു.
ഓരോ അറിവും നമ്മളെ പുതുക്കുന്നു. ആലോചനകളെയും.
ധാരാളം വയസ്സാവുകയും ധാരാളം ഭക്ഷണ സാധനങ്ങള്‍ ഒരുക്കിവെച്ച തീന്‍മേശയുടെ മുമ്പില്‍ സന്തോഷത്തോടെ ഇരിക്കുകയും ചെയ്യുന്ന ആണുങ്ങളെയും പെണ്ണുങ്ങളെയും ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി, ആ പഠനം വായിച്ചതിനു തൊട്ടു പിന്നെ. ബോറടിക്കുക, മുഷിയുക എന്നാല്‍ ശരീരത്തിനുള്ളില്‍ത്തന്നെ കെട്ടി നില്‍ക്കുന്ന ഒരാളുടെ പ്രായമാകണം, അല്ലെങ്കില്‍ ജീവിതം, മുമ്പിലുള്ള രുചികളിലൊക്കെ കൈ വെയ്ക്കുമ്പോഴും.
ഞങ്ങളുടെ ബന്ധുവീട്ടില്‍ ഒരു ചെറിയമ്മയുണ്ടായിരുന്നു. രാവോ പകലോ നോക്കാതെ എന്നും വീട്ടുമുറ്റത്തെ ഊഞ്ഞാലില്‍ വന്നിരിക്കും, കാലുകള്‍ നിലത്ത് പതുക്കെ ഊന്നി, പതുക്കെ നിലത്ത് നിന്ന് കുതിക്കും. ആടാന്‍ തുടങ്ങും. നിലം വിടുന്നതാണ് സന്തോഷം എന്ന പോലെ. അങ്ങനെ യുവത്വം കഴിച്ചു, വൃദ്ധയായി, മരിച്ചു. അവര്‍ക്ക് മുഷിഞ്ഞിരുന്നുവോ, ആവോ! ഇപ്പുറത്ത്, ജീവിതത്തിലേക്ക് ആഹ്ലാദത്തോടെ പോയവരും പിന്നെ ജീവിതത്തില്‍ മുഷിഞ്ഞിരുന്നവരും ഈ ചെറിയമ്മയെ പറ്റി കഥയുണ്ടാക്കിയിരുന്നു. ഗന്ധര്‍വന്റെ കാമുകി എന്നൊക്കെ ഭംഗിയുള്ള കഥ. അല്ലെങ്കില്‍ അത്രത്തോളം സങ്കടമുള്ള കഥ.
35 വയസ്സില്‍ പെണ്ണിനും 39 വയസ്സില്‍ ആണിനും “ബോറടി”ക്കാന്‍ തുടങ്ങുന്നു എന്ന്‍ കണ്ടെത്തുന്ന ജീവശാസ്ത്രകാരന്‍മാരെ നേരിടാന്‍ ചിലപ്പോള്‍ ഇങ്ങനെ നമ്മുടെ ഓര്‍മ്മയ്ക്ക് പറ്റുന്നു. ചെറിയമ്മയുടെ കഥപോലെ : കാലുകള്‍ നിലത്ത് പതുക്കെ ഊന്നി, പതുക്കെ നിലത്ത് നിന്ന് കുതിക്കുന്നു. നിലം വിടുന്നതാണ് സന്തോഷം എന്ന പോലെ.”
Click this button or press Ctrl+G to toggle between Malayalam and English