സിമന്റ് ബഞ്ചിന്റെ ഓരത്ത് ചാരിയിരിക്കുമ്പോള്‍ കയ്യിലെ തുണീസഞ്ചിയുടെ മുകളില്‍ വിരലോടിച്ചു നോക്കി . ഇത്രകാലം ഭദ്രമായി സൂക്ഷിച്ചു വച്ചത് അവിടെത്തന്നെ ഉണ്ടെന്ന് ഉറപ്പു വരുത്താനായിരുന്നു അത്. കട്ടിക്കണ്ണടച്ചില്ലിലൂടേ ദൂരേക്ക് നോട്ടം പായിച്ചപ്പോള്‍ കാലത്തിന്റെ തിരമാലകള്‍ക്ക് മായ്ച്ചു കളയാനാവാത്ത കാല്പ്പാടുകള്‍ തേടി വരുന്ന ആ നിഴല്‍ രൂപത്തെ കണ്ടു.
നിറം മങ്ങിയ കാഴ്ചയാണെങ്കിലും പതിനാറിന്റെ നിറമുള്ള ഓര്‍മ്മകളുമായാണ് ആ വരവ്. കാലത്തിന്റെ മാന്ത്രിക വിരല്‍സ്പര്‍ശം അവളിലും ബാഹ്യമായ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . എന്നാല്‍ കുസൃതി തുളുമ്പുന്ന കണ്ണുകളും പ്രസന്നതയും കൈമോശം വന്നിട്ടേ ഇല്ല. അലസമായി പതിയെ നടന്നടുക്കുന്ന അവളുടെ എണ്ണമയമില്ലാത്ത മുടി കടല്‍ക്കാറ്റിനോടു സല്ലപിക്കുന്നു. സാരിത്തുമ്പ് കാറ്റില്‍ പറക്കാതിരിക്കാന്‍ ഒതുക്കിപ്പിടിച്ചിരിക്കുന്നു. ”ഞാനിന്നും ഹൃദയത്തില്‍ ഒളിപ്പിച്ച മയില്പ്പീലിത്തുണ്ട്….”
” ഏയ് …ഞാനെത്താന്‍ താമസിച്ചോ? സിമന്റ് ബഞ്ചിനരികിലെത്തി അവള്‍ കിതച്ചുകൊണ്ട് ചോദിച്ചു.
” വൈകിയത് ഞാനാണ് ….അമ്മൂ” ഞാന്‍ മനസില്‍ പറഞ്ഞു . പുറമെ ചിരിച്ചു.
‘നീ ഇവിടെ അല്പ്പനേരം ഇരിക്കു”
അനുസരണയുള്ള കുട്ടിയേപ്പോലെ അവള്‍ എനിക്കരികിലായി പതിയെ ഇരുന്നു.
” ഫൈസി …എന്തോ പറയാനുണ്ടെന്നു പറഞ്ഞിരുന്നില്ലേ? ….പറയുന്നില്ലേ?”
അല്‍പനേരത്തെ മൗനത്തിനു ശേഷം അവളുടെ ചോദ്യം.
” ഫൈസീ….”
ആ വിളീ ഒരിക്കല്‍ കൂടി എന്റെ ഓര്‍മ്മകളെ തലോടി വന്നു. പണ്ടൊരിക്കല്‍ ഇതേ തീരത്ത് ഇരുന്ന് മണല്‍ക്കോട്ട കെട്ടുമ്പോഴാണ് അവളിങ്ങനെ ആദ്യമായി വിളീച്ചത് . അന്നും എന്നും അവള്‍ മാത്രമാണ് അങ്ങനെ വിളീക്കാറുള്ളു.
കലാലയ പഠനകാലത്താണ് അവളെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത് . ജീവിതം ഒരു ആഘാഷമായിരുന്ന കാലം. എല്ലാവരോടും പെട്ടന്ന് കൂട്ടു കൂടാനും ‘ ഉരുളക്കുപ്പേരി’ കൊടുക്കാനും കുപ്പിവളക്കിലുക്കം പോലെ കുലുങ്ങിച്ചിരിച്ച് കഥകള്‍ പറയാനും മിടുക്കിയായിരുന്നു അവള്‍.
അന്ന് ആ കടല്‍ത്തീരത്തെ സായന്തനം വരെ പ്രണയത്തിന്റെ ഒരു കണീക പോലും എന്നിലുണ്ടായിരുന്നില്ല. കോളേജിലെ ചില്ലറ എഴുത്തുകാരന്‍ ആയിരുന്നതു കൊണ്ടാകാം അവളന്ന് എന്നോട് അവളെക്കുറിച്ച് നാലുവരി കവിത എഴുതാനാവശ്യപ്പെട്ടത് .
അന്നത്തെ സായാഹ്നത്തിനു ശേഷം അവളെക്കുറിച്ച് എഴുതാനുള്ള ശ്രമത്തിനിടയില്‍ പലവട്ടം വെട്ടിയും തിരുത്തിയും അവള്‍ മനസില്‍ വന്നു പോയി. അന്നുവരെ ഒരു തുറന്ന സൗഹൃദം മാത്രമൂണ്ടായിരുന്ന എന്റെ മനസിലേക്ക് അങ്ങനെ പ്രണയത്തിന്റെ വലതുകാല്‍ വച്ച് അവള്‍ പതിയെ കടന്നു വരികയായിരുന്നു . ആ വരികള്‍ ഞാനവള്‍ക്കു കൈമാറിയപ്പോഴും എന്റെ മനസ് അവളെ കൈവിടാതെ സ്വന്തമാക്കി വച്ചു . പക്ഷെ ഒരു നോട്ടം കൊണ്ടു പോലും എന്റെ മനസ് ഞാനവള്‍ക്കു മുന്നീല്‍ തുറക്കാതിരിക്കാന്‍ പല കാരണങ്ങളുണ്ടായിരുന്നു. അതില്‍ പ്രധാനം മതം എന്ന അതിര്‍ വരമ്പായിരുന്നു. അത് ഇന്നത്തെ അത്ര വലിയ വിഷയമാവില്ലായിരുന്നു അന്ന് എന്ന് തിരിച്ചറിയുമ്പോഴേക്ക് കാലം അവളെ എന്റെ കൈവിരല്‍ തുമ്പിനപ്പുറത്തേക്ക് അടര്‍ത്തി മാറ്റിയിരുന്നു. വഴിവക്കിലെ ചില കൂടിക്കാഴ്ചകളും കലാലയ കാല രസങ്ങളുമൊഴിച്ചാല്‍ വലിയ ഞെട്ടല്‍ തിരയിളക്കങ്ങളോ ഇല്ലാതെ അവസാനിച്ച ഏകദിശയിലുള്ള ഒരു പ്രണയകഥ .
പക്ഷെ അവളുടെ ഓര്‍മ്മകള്‍ എന്നിലവശേഷിക്കാന്‍ താജ്മഹലോ താരകാശമോ എനിക്കു വേണ്ടി വന്നില്ല ‘ അവള്‍’ എന്ന എന്റെ ആദ്യ കവിതയുടെ വരികള്‍ കോറിയിട്ട ഒരു കടലാസു തുണ്ട് ,അവളുടെ മുടിച്ചുരുളില്‍ നിന്ന് പണ്ട് ഉതിര്‍ന്നു വീണ ചുവന്ന റോസാപുഷ്പത്തിന്റെ ഉണങ്ങിയ മണമുള്ള ഡയറിത്താള്‍, ഉച്ചയൂണീനു കറിപ്പാത്രം തുറന്നു കൊടുത്തപ്പോള്‍ ഇളം മഞ്ഞ ഷര്‍ട്ടില്‍ തൂവിയ കറിപ്പാട് മായ്ക്കാന്‍ അവള്‍ നീട്ടിയ വെള്ള തൂവാല ഇങ്ങനെ ചിലതെന്റെ ഹൃദയത്തില്‍ ഓര്‍മ്മകളുടെ തിരയിളക്കങ്ങള്‍ സൃഷ്ടിച്ച് കടന്നുവരും. കാലത്തിന്റെ കരങ്ങള്‍ ഞങ്ങളെ ഇരു കരകളിലെത്തിച്ചെങ്കിലും ഇന്നും എന്റെ മോഹതിന്റെ ചെറു തോണി അവളില്‍ തന്നെ കെട്ടിയിടപ്പെട്ടെതെന്താണ് .. അറിയില്ല …പക്ഷെ ഒന്നറിയാം എന്റെ ആദ്യ പ്രണയമേ നീ എനിക്കെന്റെ ജീവന്റെ താളമാണ്.
‘ ഏയ് എഴുത്തുകാരാ… ഇതു നല്ല കഥ എന്നെ ഇവിടെ ഇരുത്തിയിട്ട് നീ എഴുത്തിന്റെ ലോകത്താണോ?’
ഒട്ടൊരു പരിഭവത്തോടേ അവളാ ചോദ്യം കൊണ്ട് എന്നെ തട്ടിയുണര്‍ത്തീ . ഞാന്‍ പുസ്തകത്തില്‍ നിന്നും തലയുയര്‍ത്തി അവളെ നോക്കി ഒരു ഇളം ചിരി ചിരിച്ചു. അസ്തമയ സൂര്യന്റെ സിന്ദൂര കിരണങ്ങളേറ്റ് അവളുടെ മുഖം തുടുത്തു.
‘അല്ലേ നമുക്ക് തിരികെ പോകേണ്ടേ? ദിനേശേട്ടന്‍ ഇപ്പോ രണ്ടു തവണ വിളിച്ചു ‘
അവളുടെ വാക്കുകള്‍ എന്നെ പെട്ടന്ന് വര്‍ത്തമാന കാലത്തേക്ക് കൊണ്ടു വന്നു.
‘ഓ ശരിയാണ് , ക്ഷമിക്കണം ഇനിയിപ്പോ പറയാന്‍ വേണ്ടി കാത്തു നില്‍ക്കണ്ട് .. ഇതു വച്ചോളു…’ എന്റെ ആത്മാവിന്റെ പുസ്തകം ഞാനവള്‍ക്ക് കൈമാറി . അത് ഇരു കൈകളും നീട്ടി വാങ്ങുമ്പോള്‍ കണ്ണുകള്‍ പരസ്പരം ഒരു വട്ടം ഇടഞ്ഞുവോ? നെഞ്ചില്‍ നിന്നും എന്തോ ഒരു തരിപ്പ് …തലക്കകത്തേക്ക് പാഞ്ഞുകയറിയതു പോലെ.
‘ വരു ഞാന്‍ ബസ്സ്റ്റാന്‍ഡില്‍ ഇറക്കിത്തരാം..’ എന്റെ ക്ഷണം ഒരു നോട്ടം കൊണ്ടു പോലും നിരസിക്കാതെ അവള്‍ ബൈക്കിനു പുറകില്‍ കയറിയപ്പോള്‍ ലോകം കീഴടക്കിയതു പോലെ മനസില്‍ പഞ്ചാരി മേളം മുഴങ്ങി…
രണ്ടു ദിവസമായി ഒരു സാഹിത്യ സെമിനാറുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയില്‍ അല്പ്പം തിരക്കിലായിരുന്നപ്പോഴും മനസിലെ ഉരുണ്ടു കയറ്റത്തിനു ഒരു ശമനവുമുണ്ടായില്ല. അവളുടെ ഓര്‍മ്മകള്‍ എഴുതി നിറച്ച പുസ്തകം ഒരു നിധി പോലെ കരുതാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി ‘ ഒരിക്കല്‍ ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു’ എന്നു ഒരു മുഖവുര പോലുമില്ലാതെ ആ പുസ്തകം കൈമാറിയത് തെറ്റായി പോയോ എന്ന വേവലാതി മനസിനെ അലട്ടിക്കൊണ്ടിരുന്നു.
സെമിനാര്‍ കഴിഞ്ഞ് ഒരു വിധം വീട്ടിലെത്തിയപ്പോഴാണ് രജിസ്റ്റേഡായി വന്ന ഒരു കവര്‍ മേശമേല്‍ കണ്ടത് . അല്പ്പമൊരു ആശങ്കയോടെ കവര്‍ പൊട്ടിച്ചു നോക്കിയപ്പോള്‍ അവള്‍ക്ക് കൊടുത്ത ആത്മാവിന്റെ പുസ്തകം എന്റെ കയ്യിലിരുന്നു വിറച്ചു.
വേഗം വേഗം ഓരോ പേജും മറിച്ചുകൊണ്ടിരുന്നു ‘ കാലം തെറ്റി വെളിപ്പെടുത്തുന്ന സത്യങ്ങള്‍ കോലം മാറി നമ്മെ കൊഞ്ഞനം കുത്തും …’ അവസാനതാളില്‍ ഇങ്ങനെ മാത്രം എഴുതിവച്ച് അവളത് ഭദ്രമായെന്നെ തിരിച്ചേല്പ്പിച്ചിരിക്കുന്നു.
വസ്ത്രം പോലും മാറാതെ ആ പുസ്തകവുമെടുത്ത് ഞാന്‍ നടന്നതെ ഓര്‍മ്മകള്‍ തിര തല്ലുന്ന ആ തീരത്തേക്കായിരുന്നു . പറയാന്‍ മറന്നതെന്തോ മനസില്‍ വിതുമ്പുന്ന പോലെ സൂര്യമുഖത്തോടൊപ്പം മനസും തുടുത്തു. അസ്തമനത്തിനു മുമ്പ് സൂര്യനും സാഗരവും സാക്ഷിയാക്കി അലയടിക്കുന്ന തിരമാലക്കൈകളിലേക്ക് എന്റെ ആത്മാവിന്റെ പുസ്തകത്താളുകള്‍ ഓരോന്നായി പറിച്ചെറിയുമ്പോള്‍ ഒരു ഭ്രാന്തന്റെ ആവേശമായിരുന്നു. ഹൃദയം പിളരുന്ന വേദനയോടെ ആ സിമന്റ് ബഞ്ചില്‍ മുഖം കുനിച്ചിരുന്ന് കടലെടുത്ത ഓര്‍മ്മകള്‍ തിരമാലക്കൈകളിലേറി തിരികെ വരരുതേ എന്ന പ്രാര്‍ത്ഥനനോടെയായിരുന്നു.
ദിവ്യ ഇന്ദീവരം
കടപ്പാട് -: സായാഹ്നകൈരളി