കൊച്ചങ്ങാടിയിലെ കൊച്ചു പാറുവിന്റെ മകളായിരുന്നു ചിന്നക്കുട്ടി. കൊച്ചുപാറു മരിച്ചപ്പോൾ ചിന്നക്കുട്ടി ഒറ്റക്കായി.
ഒരു ദിവസം ഒറ്റക്കാലൻ കൊച്ചു വേലു അവളെ തട്ടിക്കൊണ്ടു പോയി. അവൻ ചിന്നക്കുട്ടിയുടെ തലമുടിയെല്ലാം വടിച്ചു കളഞ്ഞ് വഴി നീളെ പിച്ച തെണ്ടാൻ വിട്ടു.
കിട്ടുന്ന കാശു മുഴുവൻ കൈയിലാക്കി കൊച്ചുവേലു സുഖമായി കഴിഞ്ഞു. പാവം ചിന്നക്കുട്ടി എപ്പോഴും പട്ടിണിയായിരുന്നു.
ഒരു ദിവസം ചിന്നക്കുട്ടി അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. എട്ടും പൊട്ടും തിരിയാത്ത ആ പെൺകുട്ടി ചുട്ടു പൊള്ളുന്ന വെയിലത്ത് മുന്നിൽ കണ്ട വഴിയിലൂടെ നടന്നു.
നട്ടുച്ചയായപ്പോൾ അവൾ ഒരു കാട്ടു പ്രദേശത്ത് എത്തിച്ചേർന്നു. വിശപ്പു സഹിക്കാനാവാതെ ചിന്നക്കുട്ടി കുറെ പഴങ്ങൾ പറിച്ച് തിന്നാൻ തുടങ്ങി.
അപ്പോഴാണ് ഒരു കൊമ്പനാന ആ വഴി വന്നത്. ചിന്നക്കുട്ടി പേടിച്ച് കാട്ടുപൊന്തയിൽ കയറി ഒളിച്ചിരുന്നു. ആന ദേഷ്യത്തോടെ ആ മരക്കൊമ്പ് പിടിച്ച് കുലുക്കുന്നത് അവൾ കണ്ടു. ഒരു വലിയ കടന്നൽ കൂട് അടർന്നു താഴെ വീണു. കടന്നലുകൾ കൂട്ടത്തോടെ കൊമ്പനാനയെ കുത്താൻ തുടങ്ങി. കുത്തേറ്റു പുളഞ്ഞ കൊമ്പനാന വന്ന വഴിയേ ഓടിപ്പോയി.
കൂട് തകർന്നു പോയ കടന്നലുകൾ ഉറക്കെ കരയാൻ തുടങ്ങി.
” അയ്യോ! കൂട് തകർന്നു ഞങ്ങളെ രക്ഷിക്കണേ!”
കടന്നലുകളുടെ കരച്ചിൽ കേട്ട് നല്ലവളായ ചിന്നക്കുട്ടി കടന്നൽ കൂടിന്റെ അരികിലെത്തി. എന്നിട്ട് ഒരു നീളമുള്ള കമ്പ് വച്ച് കൊടുത്തു. കടന്നലുകൾക്ക് വലിയ സന്തോഷമായി. അവർ ചിന്നക്കുട്ടിക്ക് കുടിക്കാൻ നിറയെ പൂന്തേൻ കൊടുത്തു.
കടന്നലുകൾ കൈകൂപ്പിക്കൊണ്ട് പറഞ്ഞു.
” പെൺകുട്ടി, ഞങ്ങളെ രക്ഷിച്ച നിനക്ക് പ്രത്യുപകാരം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. നിനക്കു ആപത്തുണ്ടായാൽ നീ ഈ മന്ത്രം ജപിച്ചാൽ മതി”
” കടകട റാണി കടന്നൽ റാണി
വരികെന്റെ ചാരത്ത് വരിക വേഗം !”
മന്ത്രമുരുവിട്ടുകൊണ്ട് ചിന്നക്കുട്ടി അവിടെ നിന്നും നടന്നകന്നു.
സന്ധ്യ മയങ്ങി പക്ഷികൾ ചേക്കേറാൻ തുടങ്ങി വാവലുകളുടെ ചിറകടി മുഴങ്ങി,
ഇനി എങ്ങോട്ടാണ് പോവുക? കാട്ടുമൃഗങ്ങൾ മാത്രമുള്ള കാട്ടിൽ എവിടെയാണ് രാത്രി കഴിച്ച് കൂട്ടുക?
ചിന്നക്കുട്ടി ഒരു പാറപ്പുറത്തിരുന്ന് തേങ്ങി കരയാൻ തുടങ്ങി. പേടികൊണ്ട് അവളുടെ നെഞ്ച് ” പട … പടാ”യെന്ന് ഇടിച്ചു.
അപ്പോഴാണ് കുറച്ചകലെയായി അവൾ ഒരു വെളിച്ചത്തെ കണ്ടത്. അത് ഏതോ മനുഷ്യർ താമസിക്കുന്ന സ്ഥലമാണെന്ന് അവൾക്കു മനസിലായി.
ചിന്നക്കുട്ടി വേഗം ആ വീടിന്റെ സമീപത്തെത്തി. വീടിന്റെ വാതിൽ തുറന്നു കിടക്കുന്നതു കണ്ടപ്പോൾ അവൾക്ക് ആശ്വാസമായി. പക്ഷെ, അതിനകത്ത് ആരും ഉണ്ടായിരുന്നില്ല. അവൾ അകത്ത് കടന്ന് വാതിലടച്ച് കിടന്നു. ക്ഷീണം കൊണ്ട് കിടന്നപാടേ ഉറങ്ങുകയും ചെയ്തു.
പാതിരാത്രിയായപ്പോൾ വീടിന്റെ വാതിൽക്കൽ ഡും …ഡും.. എന്ന വലിയ മുട്ട് കേട്ടു . പക്ഷെ അവൾ വാതിൽ തുറന്നില്ല. പുറത്തേക്കു സൂക്ഷിച്ചു നോക്കിയപ്പോൾ കൊമ്പൻ മീശയും ചെമ്പൻ താടിയും തലയിൽ കെട്ടുമുള്ള അഞ്ചാറു പേരെ അവൾക്കു കാണാൻ കഴിഞ്ഞു. അവരുടെ കൈ നിറയെ സ്വർണ്ണമാലകളും വളകളും മിന്നിത്തിളങ്ങുന്നത് അവൾ കണ്ടു .
കാട്ടുകള്ളന്മാരുടെ വീട്ടിലാണ് താൻ വന്നു പെട്ടിരിക്കുന്നതെന്ന് ചിന്നക്കുട്ടിക്ക് മനസിലായി. പുറത്തിറങ്ങിയാൽ അവർ തന്നെ കൊല്ലുമെന്ന് അവൾക്ക് അറിയാമായിരുന്നു.
വാതിൽ തുറക്കുന്നില്ലെന്നു കണ്ട കള്ളന്മാർ കോപിച്ചു. അവർ വാതിൽ പൊളിച്ച് അകത്ത് കടന്നു. അവർ ചിന്നക്കുട്ടിയെ പിടിച്ച് കഴുത്ത് ഞെരിക്കാൻ തുടങ്ങി. അപ്പോൾ അവൾ വേഗം കടന്നലുകളെ വിളിച്ചു
”കട കട റാണി കടന്നൽ റാണി
വരികയെന്റെ ചാരത്ത് വരിക വേഗം!”
പെട്ടന്ന് കടന്നൽ പട അവിടെ എത്തി അവരെ കുത്തി ശരിയാക്കി. കള്ളന്മാർ സ്വര്ണാഭരണങ്ങളെല്ലാം ഉപേക്ഷിച്ച് ഓടിപ്പോയി. അതോടെ ചിന്നക്കുട്ടി സ്വതന്ത്രയായി. അവൾ കടന്നലുകളോട് നന്ദി പറഞ്ഞു. കടന്നലുകൾ സന്തോഷത്തോടെ അവരുടെ കൂട്ടിലേക്ക് തിരിച്ചുപോയി.
കയ്യിലുള്ള വീടും പണ്ടങ്ങളുമെല്ലാം ചിന്നക്കുട്ടിയുടേതായി. അങ്ങനെ ആ കൊച്ചു വീട്ടിൽ പിന്നിടുള്ള കാലം അവൾ സുഖമായി കഴിഞ്ഞു.