കദനകൈത്തിരികള്‍

images

സഹചാരിയായിട്ടെന്നുമെന്‍ കൂടെയുള്ള

ദുഃഖമാലയില്‍ നിന്നു മുത്തുകളായി

ഊര്‍ന്നുവീണ കദനങ്ങളെ

നിങ്ങളെയൊന്നു നമിച്ചിടട്ടെ ഞാന്‍

സുഖലോലുപത തന്‍ ശീതളിമയില്‍

മയങ്ങിക്കിടന്നതിന്നാലസ്യത്തിലൊരു

ഭോഗിയായ് മാത്രമൊടുങ്ങു-

മായിരുന്ന എന്‍റെ വാഴ്വിലേക്ക്

പരാജയത്തിന്‍ പടവുകള്‍ എറിഞ്ഞുതന്നതില്‍

പിടിച്ചു കയറാന്‍ ഞാന്‍ ശ്രമിക്കവേ

പിന്നെയും തള്ളിയിട്ടെന്നില്‍ വാശി തന്‍ വിത്തു പാകി-

യതിനെ വിജയവൃക്ഷമായി വളര്‍ത്തിയെടുത്തു നീ !

എന്‍റെ തൊട്ടാവാടിഹൃദയത്തെ

പൊരിവെയിലിലും വാടാതെ

പെരുമഴയിലും നനയാതെ

കരുത്തുള്ളതാക്കി തീര്‍ത്തതും നീ

ചിരിയില്‍ മറഞ്ഞിരിക്കുന്ന ചതിയേയും

ശാസനയിലൊളിഞ്ഞിരിപ്പുള്ള സ്നേഹത്തേയും

തിരിച്ചറിയുവാനെന്നെ

പ്രാപ്തനാക്കിയതും നീ

ജീവിതമാം മിശ്രിതത്തില്‍ നിന്നു

കുറ്റമാം കരടുകളെ അരിച്ചു മാറ്റി

നന്മ തന്‍ നിറനിലാവെന്‍റെ

ലോകത്തു പടര്‍ത്തി നീ !

ആ നിറനിലാവില്‍ ഞാന്‍ തെളിഞ്ഞ്

എന്നെത്തന്നെ അറിയുമ്പോൾ

നമ്രശിരസ്കയായി വീണ്ടും വീണ്ടും

നിന്നെ നമിച്ചിടട്ടെ !!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here