മലയാള സാഹിത്യ രംഗത്ത് നിരന്തരം സ്വയം നവീകരണത്തിലൂടെ കടന്ന് പോകുന്ന ഒരാളാണ് സേതു. ആവർത്തന വിരസത ഒരിക്കലും അദ്ദേഹത്തിൻറെ കൃതികളിൽ ഉണ്ടാവാറില്ല. ആധുനികതയുടെ എല്ലാ മുഖ മുദ്രകളും പേറുമ്പോഴും അവയിൽ നിന്നെല്ലാം ഉയർന്ന് മാനുഷികമായ ഒരടിത്തറ തന്റെ കൃതികളിൽ നിലനിർത്താനും സേതുവിന് കഴിഞ്ഞിട്ടുണ്ട്.ആകര്‍ഷകമായ ആവിഷ്‌കാരവും പുതുമയുള്ള രചനാതന്ത്രവുമാണ് അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത.ആ പ്രത്യേകത തന്നെയാണ് 2006 ല്‍ പുറത്തിറക്കിയ ആറാമത്തെ പെൺകുട്ടി എന്ന നോവലിനുമുള്ളത്.
കാലികപ്രസക്തിയേറെയുള്ള നോവലാണ് ആറാമത്തെ പെൺകുട്ടി . ഇന്ന് സത്രീസമൂഹത്തിനുനേരെയുണ്ടാകുന്ന ആക്രമണങ്ങളും ചതിക്കുഴികളും എല്ലാം ഈ നോവലില്‍ അനാവരണം ചെയ്യപ്പെടുന്നുണ്ട്. അടിവയറുകള്‍ തിണിര്‍ക്കാത്ത സുമംഗലിമാരുടെ നെടുവീര്‍പ്പുകളും ശാപവും വീണ ഊരില്‍ പൂക്കച്ചവടക്കാരന്‍ ശങ്കരരാമന്റെ ആറാമത്തെ പൂവായി കടന്നുവന്ന കാദംബരിയുടെ കഥയാണ് ആറാമത്തെ പെൺകുട്ടി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. ഒപ്പം ശങ്കരരാമന്റേയും ഗോമതിയുടേയും.
കാദംബരിയുടെ ബാല്യകൗമാരങ്ങളിലൂടെ കടന്നുപോകുന്ന നോവലില്‍ ഇന്ന് ശിഥിലമാകുന്ന ചില ബന്ധങ്ങളുടെ കഥകൂടിയാണ് നോവലിസ്റ്റ് പറഞ്ഞുവയ്ക്കുന്നത്. നൃത്തവും പാട്ടും പഠിപ്പിക്കാന്‍ വരുന്ന അധ്യാപകന്‍മാര്‍ മുതല്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന അധ്യാപകന്‍ വരെ കാദംബരിയെ ‘വിദ്യാര്‍ത്ഥി’യെന്നതിനെക്കാള്‍ അവളിലെ ‘സ്ത്രീ’ക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ഇങ്ങനെ നവലോകത്തില്‍ ശിഥിലമാകുന്ന അധ്യാപക- വിദ്യാര്‍ത്ഥി ബന്ധത്തെക്കൂടി സേതു ആറാമത്തെ പെൺകുട്ടിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നതു കാണാം.
ഹിന്ദിയിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ട ഈ നോവലിന്റെ ആറാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.