കാദാംബരി

 

 

പുകഞ്ഞ്

പുകഞ്ഞ്

അടുപ്പ് മാത്രം

കരിച്ച ഒരു കഞ്ഞിക്കലം

തെരുവിൽ മതിൽ കെട്ടിൽ

വളരെ പഴക്കത്തോടെ

ഇരിക്കുന്നുണ്ടായിരിന്നു.

കൊച്ചു കാർ മേഘങ്ങളെ

വിറപ്പിക്കുന്ന മഴ കൊണ്ട് ,

ഓക്കുമരങ്ങളെ

ഉടലോടെ കരിക്കുന്ന

വെയിൽ കൊണ്ട്

ടാർപ്പായ കെട്ടിയ

ഒരു പുരയുടെ

കീഴെ ,

പ്രസവിച്ചു കിടക്കുന്ന

ഒരു തെരുവു പട്ടിയുടെ

മൂത്ര ചൂരടിച്ച്

അതിനു താഴെ

കുത്തരിയുടെ

മണം പോകാത്ത

അരി കച്ചവടക്കാരുടെ

അമ്പത്തൊന്നു രൂപ

വിലയുള്ള ,

ചാക്കിൻ പുറത്ത്

സരോദു മീട്ടി പാടുന്നു

കുഴിഞ്ഞ നഖങ്ങളുള്ള

ഒരു തൊപ്പിക്കാരനപ്പൂപ്പൻ.

അയാൾ

ഏതോ മസ്ജിദിലെ

സന്യാസിയായിരിക്കണം

അല്ലെങ്കിൽ

പ്രാവുകൾ ഇണചേരുന്ന

തെരുവിലെ

ദറസ്സു കളിലൊന്നിലെ,

ഉസ്താദ്.

അതുമല്ലെങ്കിൽ

വിശപ്പും ദാഹവു-

മില്ലാത്തവരുടെ നാട്ടിൽ നിന്ന്

ശവകുഴികളെണ്ണി

ഈ തെരുവിൽ

ചാവാലി പട്ടികളോടൊപ്പം

വന്നുപ്പെട്ട

കൊച്ചു സംഘത്തിലെ

കാർന്നോര്,

അതു കൊണ്ടായിരിക്കണം

മൂത്ര ചൂരടിക്കുന്ന

കഞ്ഞിക്കലത്തിനു

താഴെയിരുന്ന്

നട്ടുച്ചകളിൽ ദഹിക്കുന്ന

ദാഹത്തിൻ്റെ കവിതകൾ

അവർ മെയ്യുന്നത്,

കുട്ടികൾക്കായി

ഒഴിഞ്ഞ വയറിൻ്റെ

ചോരക്കഥകൾ പറയുന്നത്.

രാത്രി,

വിളക്ക് കാലാൽ

ചെമന്നു തുടുത്ത

തെരുവിൽ,

എൻ്റെ ചിത്ര പുസ് –

തകത്തിൽ

ഞാൻ വരച്ച

കുട്ടി നക്ഷത്രങ്ങൾ’

അകാശത്തിരുന്ന് മിന്നുന്നത്

കാണാൻ

നനഞ്ഞ

ബാൽക്കണിമേൽ

എത്തിയതാണ് ,

ശവപ്പെട്ടി കടയിലെ

മരവിച്ച

ശബ്ദങ്ങൾ പോലെ

സരോദു കമ്പികൾ

ഒച്ചയിടുന്നു.

ആകാശത്തപ്പോൾ

എത്രമാത്രം

നക്ഷത്രങ്ങളാണെന്നോ !

കീറിയ പേപ്പറുകളാൽ

ഉടൽ മറച്ച പെണ്ണുങ്ങൾ,

വയറ്റാട്ടിമാർ

തത്സമയം പേറ്റെടുത്ത

പോലെ കരഞ്ഞലറുന്ന

ഇളം കുഞ്ഞുങ്ങൾ,.

അപ്പൂപ്പൻ്റെ മടിയിൽ

കൊടി കമ്മലുകളിട്ട

എൻ്റെ വലുപ്പം

മാത്രമുള്ള ഒരു പെണ്ണ്

അവളുടെ

പേരൊരു തള്ള

ഉറക്കെ വിളിക്കുന്നു

“ കാദാംബരീ’’ …..

കൊച്ചു കാ ദാംബരിക്ക്

എന്നെ പോലെ

അന്ന് ഉറക്കമില്ലായിരിക്കും.

അവൾ

ഒരു പക്ഷേ

കുട്ടി നക്ഷത്രങ്ങളെ

യാണൊ തേടുന്നുണ്ടാവുക?

മയക്കത്തി-

ലായിരുന്ന

പട്ടി കുഞ്ഞുങ്ങൾ,

കാറ്റടിച്ച്

മഞ്ഞുതുള്ളികൾ

ഒഴിഞ്ഞു പോയ

പുലരി പൂക്കളെ പോലെ

ആളൊഴിഞ്ഞ വഴിയിൽ

പാട്ടിനൊപ്പം ആടുന്നു.

അവളുടെ പേരുള്ള

രാഗമാണ് അപ്പൂപ്പൻ

സരോദിൽ

വായിക്കുന്നത്.

ഈ രാഗം വായിക്കുമ്പോൾ

മാത്രമാണ്,

ഞാൻ വരച്ച കുട്ടി നക്ഷത്രങ്ങളെ

എനിക്ക് അകാശ പൊക്കത്തിൽ

കാണാൻ പറ്റുന്നത്

അകലെയകലെ

വളരെയകലെ

മഞ്ഞിച്ച കണ്ണുകളുടെ

ചിത്രം

വലിയൊരു മതിൽ

കെട്ടിൽ

വരഞ്ഞ

ഉടലില്ലാ പെണ്ണുങ്ങളുടെ

കോളനി ചതുരത്തിൽ

ഈ രാഗം

ഞാൻ കേട്ടിട്ടുണ്ട്.

ദുർഗ്ഗയുടെ ചിത്രം

മുമ്പിലത്തെ കമ്പിയിൽ

ചന്ദനത്തിരി പുകയേറ്റ്

ഇരിക്കുന്ന ,

ഒരാന വണ്ടി

ബസ്സിൽ ഇരുന്ന്

നാരങ്ങാ ചൊവയുള്ള

മിഠായി മണങ്ങൾക്കിടയിലൂടെ……

ഊത് നിർത്താത്ത

പാമ്പാടികളുടെ

ശബ്ദങ്ങൾക്കിടയിലൂടെ…….

അതൊരു കരച്ചിലായിരുന്നോ?

കാദാംബരി കരച്ചിൽ ?

ആ തെരുവിലെ

ഇരുനിലയുള്ള

മാളികയുടെ മുകൾ

നിലയിൽ

വർണ്ണ പട്ടുകൾക്കിടയിൽ

കൺകെട്ടു വിദ്യകളെ പേടിച്ച് ,

ഒളിച്ചിരിക്കുന്ന

കൊച്ചു കാ ദാംബരിയെ

പോലുള്ള

മിഠായി പുടവകൾ

ഉടുത്തവരുടെ

കരച്ചിൽ?

അത് തേവിടിശ്ശി

പ്പാട്ടാണെന്ന്

എൻ്റെ കാതു പൊത്തി

അച്ഛൻ തിരുത്തി

കണ്ണില്ലാത്തവർ

ചങ്കുടച്ച് പാടുമ്പോൾ

വെളിച്ചങ്ങളൊളിപ്പിച്ച

അവരുടെ കണ്ണുകൾ

വല്ലാ തെ

ചുവക്കുന്നത്

കണ്ടിട്ടുണ്ട്.

ആലിലകൾ

ഇടവപ്പാതി കാറ്റിന്

വിറക്കുന്നതുപോലെ

അവരുടെ,

കൈകൾ വിറക്കുന്നു.

എൻ്റെ മുന്നിൽ

ശവ മനങ്ങുന്നതു

പോലെ….

കണ്ണില്ലാത്തവരുടെ

നിലവിളി

രസച്ചരട് മുറിയാത്ത

ഒരു കുട്ടി പാട്ടായിട്ടേ

അച്ഛനെപ്പോഴും,

തോന്നാറുള്ളൂ..

മരുഭൂമികളിൽ

ഒട്ടകപുറത്ത് നിന്ന്

മരുപച്ചകൾ കാണാതെ

തളർന്നു വീഴുന്നവർ,

അമ്മമാരുടെ അമ്മിഞ്ഞ

മോഷ്ടിച്ചെടുക്കുന്ന

തെരുവുകള്ളന്മാരെ

നോക്കി

വിശന്നു കരയുന്നവർ,

വെള്ളമില്ലാതെ

നദിക്കരയിലിരുന്ന്

വേദനയോടെ

തൂറുന്നവർ,

അവരുടെ

രാത്രികളെ

തളർത്തുന്ന

കരച്ചിലിന്,

തെരുവപ്പൂപ്പന്മാർ

ഇതുപോലെ

താളം പിടിക്കുന്നുണ്ടാകണം

അതിനകമ്പടിയായി

ആയിരം സരോദുകൾ

അവരോടൊത്ത്

പാടുന്നുണ്ടാവണം.

അതുകൊണ്ടാണല്ലോ

ഒരോ തെരുവുകളും

രാത്രികളിൽ ഉറങ്ങാതിരിക്കുന്നത്.

വെളിച്ചങ്ങളെ

പേടിച്ച് പകലി –

ലൊളിച്ച

വേദന പൂക്കൾ

ഇരുട്ടിൽ പൂമ്പൊടികൾ

പടർത്തുന്നത്.

ചോര കൊഴുപ്പോടെ

പകലുദിക്കാറായപ്പോൾ

അപ്പൂപ്പനും

കൂട്ടരും ഉറങ്ങി.

പട്ടി കുഞ്ഞുങ്ങളെ

കടിച്ചു പിടിച്ചു കൊണ്ട്

അമ്മപ്പട്ടി

ചതുപ്പിലേക്ക്

തീറ്റ തേടി പോയി.

കുട കമ്മലുകള –

ണിഞ്ഞ കൊച്ചു

കദാംബരി എവിടെ?

അവളിപ്പോൾ

എൻ്റെ വീടിൻ്റെ

മുറ്റത്തിരിക്കുന്നു.

കൈ തുടയിൽ

സരോദിൻ്റെ

പരന്ന ഭാഗം

വളരെ ഭാരത്തോടെ

യെടുത്ത്..

മുകളിൽ നിൽക്കുന്ന

എന്നിലേക്കവൾ

കണ്ണയ ക്കുന്നു.

പകലിൽ

ഉദിക്കാൻ നിൽക്കുന്ന

ചോര സൂര്യനെ

ഭയപ്പെടുത്തി കൊണ്ട്..

മാഞ്ഞു പോകാൻ

നിൽക്കുന്ന വിളക്കു –

കാലിൻ്റെ

മഞ്ഞ വെളിച്ചങ്ങളെ

വേദനപ്പെടുത്തി കൊണ്ട്

കാദാംബരി

പാട്ട്

തുടരുകയാണ് …

മഴയും വെയിലും

അതിജീവിച്ച

അവരുടെ

കഞ്ഞി ക്കലം

അന്ന് രാത്രി

ഇരുട്ടിലാരോ

കട്ടെടുത്ത്

കടന്നിരുന്നു..

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here