കടല്‍ത്തീരത്ത്

തിരമാലകള്‍ നൃത്തം ചെയ്യുന്നതായി ശാന്ത ടീച്ചര്‍ സങ്കല്പ്പിച്ചു. കടലലകളുടെ നൃത്തം ശരിക്കും ടീച്ചര്‍ ആസ്വദിച്ചു. താളം മുറുകുകയാണ്. നര്‍ത്തകിമാര്‍ തീരത്ത് നമിച്ച് കാലുകളെ സ്പര്‍ശിക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരകള്‍ പരന്ന് ആഞ്ഞ് കയറി വരുന്നുണ്ടെങ്കിലും കാലില്‍ തൊടാനുള്ള തിരകളുടെ ശ്രമം വിഫലമാകുകയാണ്.

ബീച്ചിലേക്കാണ് യാത്രയെന്നറിഞ്ഞപ്പോള്‍ ടീച്ചറിനു ഉത്സാഹമായിരുന്നു. ദീര്‍ഘകാലത്തെ വേര്‍പാടിനു ശേഷം ഒരു സുഹൃത്തിനെ കാണുവാന്‍ പോകുന്ന വെമ്പലായിരുന്നു ടീച്ചറിന്. പണ്ട് സ്കൂളിലായിരുന്നപ്പോള്‍ കുട്ടികളെ ടൂര്‍ കൊണ്ടു പോയിരുന്ന കാലമാണ് ടീച്ചറപ്പോള്‍ ഓര്‍ത്തത്. കുട്ടികളുമൊത്ത് എവിടെയെല്ലാം പോയിരിക്കുന്നു. ഇപ്പോള്‍ അനുസരണയുള്ള കുട്ടിയുടെ സ്ഥാനത്ത് താനാണ്. വയോധികയായ കുട്ടി! ടൂറ് കൊണ്ടു പോകുന്ന ഹെഡ് മാസ്റ്ററുടെ സ്ഥാനത്ത് മകനുണ്ട്. കയ്യില്‍ ചൂരലില്ല എന്ന് മാത്രമേ വ്യത്യാസമുള്ളു. മകനാണെങ്കിലും ഇപ്പോള്‍ ഗാര്‍ഡിയനാണല്ലോ. അനുസരിച്ചല്ലേ പറ്റു.

പുതുവത്സരം ആഘോഷിക്കാനെത്തിയവരുടെ തിരക്കാണ് തീരത്ത്. തിരമാലകള്‍ ആഞ്ഞടിക്കുന്നത് കൂസാക്കാതെ കുട്ടികള്‍ പോലും കടലില്‍ കുളിക്കുന്നുണ്ട്. തിരമാലകളെ തരണം ചെയ്ത് രണ്ട് ആളുകള്‍ നീന്തി പോകുന്ന കാഴ്ച ടീച്ചറെ അമ്പരപ്പിച്ചു.

” മോനേ , അത് കണ്ടോ?”

” നീന്തുവാനറിയാവുന്നവരായിരിക്കും അമ്മേ അവര്”

” മോനേ അവരോടു തിരിച്ചു കരക്കു കയറാന്‍ പറയ് അടിയൊഴുക്കുണ്ടാകും ”

” അവര് ചാവാന്‍ കണക്കാക്കി പോകുന്നവരായിരിക്കും” അമ്മ അവന്മാരുടെ കാര്യത്തിലിത്ര സങ്കടപ്പെടുന്നതെന്താണെന്നാണ് ഗോകുല്‍ ചിന്തിച്ചത്.

ഗോകുല്‍ ജി. നാഥ്. ശാന്ത ടീച്ചറുടേയും അഡ്വ. ഗോപിനാഥന്റെയും ഏകമകന്‍. അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍. പഠിച്ചത് അമേരിക്കയില്‍. കെട്ടിയത് അമേരിക്കക്കാരി എഞ്ചിനിയറെ.

കടല്‍ത്തീരത്തുണ്ടായിരുന്ന ഒരു കന്യാസ്ത്രീയോട് ശാന്ത ടീച്ചര്‍ സൗഹൃദം പിടിച്ചു. കടലില്‍ നീന്തുന്ന കുട്ടികളെ പറ്റിയുള്ള ആശങ്ക പങ്കുവച്ചു.

സിസ്റ്റര്‍ സ്റ്റെല്ലക്കും അവരുടെ പോക്കില്‍ അപകടം തോന്നാതിരുന്നില്ല.

” കടല്‍ എത്ര കണ്ടാലും മതിയാവില്ല അല്ലേ സിസ്റ്ററെ?” നീലക്കരയുള്ള വെള്ള സാരിയണിഞ്ഞ ടീച്ചര്‍ വീല്‍ചെയറിലിരുന്ന് ചിരിച്ചു.

സൂര്യന്‍ അസ്തമിക്കുന്ന ആകാശത്തിന്റെ പശ്ചാത്തലത്തിലുള്ള കടലിന്റെ മനോഹാരിത ആസ്വദിക്കുകയായിരുന്നു സിസ്റ്റര്‍ സ്റ്റെല്ല. ശാന്ത ടീച്ചര്‍ ഇരിക്കുന്ന വീല്‍ചെയറിനടുത്തേക്കു സിസ്റ്റര്‍ വന്നു നിന്നു.

ഗോകുല്‍ തിരകള്‍ എത്തുന്നിടത്തേക്ക് ഇറങ്ങിപ്പോയി.

ആ തീരദേശ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന കഥകള്‍ ടീച്ചര്‍ വിവരിച്ചത് സിസ്റ്റര്‍ കൗതുകത്തോടെ കേട്ടിരുന്നു. പത്തെഴുപത് വര്‍ഷത്തെ കഥകള്‍. കാറ്റും കടലും അത് മൂളിക്കേട്ടു.

”അക്കരെ നിന്നും കടത്തു വഞ്ചിയില്‍ പുഴ കടന്നാണ് കടല്‍ കാണാന്‍ വന്നിരുന്നത്. മീന്‍ പിടുത്തക്കാരുടെ തോണികളായിരുന്നു തീരത്ത് നിര നിരന്ന്. അന്ന് തീരത്ത് കരിങ്കല്‍ ചിറ ഉണ്ടായിരുന്നില്ല. കിഴക്കന്‍ മലകളെ പിളര്‍ത്തി കരിങ്കല്ലുകളാക്കി ലോറിയിലേറ്റി തീരത്ത് ചിറ പണിതു. കടലിനെ തോല്പ്പിക്കാന്‍ എന്നിട്ടും പറ്റിയില്ല. കോള്‍ പിടിച്ചാല്‍ കടല്‍ കരിങ്കല്‍ ചിറ ഭേദിച്ചും, കരയിലേക്കു കയറും. കരയെ കവര്‍ന്നെടുക്കും. പിന്നെയും തീരം തീര്‍ത്ത് കടലിന്റെ മക്കളെ സമാധാനിപ്പിക്കും. കടലമ്മേടെ ഓരോ കുസൃതികളേ”

സൂര്യബിംബം ചുവന്നു തുടുത്തിരിക്കുന്നു. തീയണിഞ്ഞ ആലയില്‍ കിടക്കുന്ന ലോഹം പോലെ വര്‍ണ്ണ പ്പകിട്ടാര്‍ന്ന ആകാശം. ഒരു തിര ഇളകി മറിഞ്ഞ് പരന്നൊഴുകി ടീച്ചറുടെ പാദങ്ങളില്‍ തലോടിയിട്ട് പിന്‍വാങ്ങിയപ്പോള്‍ ടീച്ചറോര്‍ത്തത് ഭര്‍ത്താവിന്റെ ചിതാ ഭസ്മം കടലിലൊഴുക്കാന്‍ വന്ന ആ ദിവസത്തെ പറ്റി … ആ അച്ഛന്റെ കൈ പിടിച്ച് കടലു കാണാന്‍ വന്നിരുന്ന പുത്രന്റെ കൈകളില്‍ അമര്‍ത്തിപ്പിടിച്ചിരിക്കുന്ന കൈകളിലപ്പോള്‍ അച്ഛന്റെ ഒരു പിടി ചാരം. അതവന്‍ കടലിലേക്ക് കുടഞ്ഞിട്ടു . സങ്കടത്തിന്റെ ആ പ്രളകാലത്ത് നടുക്കടലിലെന്നപോലെ തീരത്ത് കണ്ണീര്‍ മഴ നനഞ്ഞ് തിരകള്‍‍ക്കിടയില്‍ അന്ന് അമ്മയും മകനും നിന്നു. അക്കഥ സിസ്റ്റര്‍ ആര്‍ദ്രതയോടെ കേട്ടു!

‘ ഞാന്‍ പിന്നെയും ഈ തീരത്ത് വന്നിട്ടുണ്ട്. ഗോപിനാഥിനെ കാണാന്‍. സംസാരിക്കാന്‍. കടല്‍ ജലത്തില്‍ നനഞ്ഞ് നിന്ന് കൊണ്ട് ഗോപിയേട്ടനോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. സങ്കടങ്ങള്‍ പറഞ്ഞിട്ടുണ്ട്. സന്തോഷങ്ങള്‍ കൈമാറിയിട്ടുണ്ട്. അപ്പോള്‍ കാറ്റിരമ്പില്ല കടല്‍ അലയിളക്കില്ല. ഞങ്ങള്‍‍ക്കു മാത്രമായി കടലമ്മ ഈ തീരത്ത് വിജനതയുടെ ഒരു കൂടാരം പണിയും. സിസ്റ്ററിന് വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലേ ? അനുഭവിച്ചാലെ മനസിലാകു സിസ്റ്ററെ. കടല്‍ കാണാന്‍ അവന്‍ വിളിച്ചപ്പോ ഞാനിങ്ങ് പോന്നു. ഏതായാലും വന്നതല്ലേ ഗോപിയേട്ടനോട് ഇന്നെനിക്ക് ഒരു കാര്യം പറയാനുണ്ട്. അടുത്ത ആഴ്ച ഈ ശാന്ത ടീച്ചറിനു നടത്തുന്ന ഹാര്‍ട്ട് ഓപ്പറേഷന്റെ കാര്യം പറയണം. അനുഗ്രഹം വാങ്ങണം. എന്നിട്ട് വേണം ഹോസ്പ്പിറ്റലില്‍ അഡ്മിറ്റാവാന്‍. ഏഴ് ലക്ഷം രൂപ ചെലവു വരും എന്നാണവന്‍ പറഞ്ഞത്. ഓപ്പറേഷന്‍ കഴിഞ്ഞ് ഗോകുലിനു പോകണം.

ഗോകുല്‍ കരയിലേക്കു കയറി വന്നു. തിരകള്‍ക്കിടയില്‍ കൂടി വീല്‍ ചെയര്‍ തള്ളി ഗോകുല്‍ നടന്നു. ശാന്ത ടീച്ചര്‍ വലതു കൈ ഉയര്‍ത്തി മെല്ലെ വീശി. സിസ്റ്ററും.

അസ്തമയം കാണാനെത്തിയവരെ നിരാശരാക്കിക്കൊണ്ട് സൂര്യനെ കാര്‍മേഘം മറച്ചു. കടല്‍ക്കാക്കകള്‍ കരയിലേക്ക് ചേക്കേറി തീരത്ത് തെങ്ങിന്‍ തലപ്പുകളില്‍ കൂടണയുന്ന കോലാഹലം സന്ദര്‍ശകര്‍ മടങ്ങുന്നു.

സിസ്റ്ററും കൂടെയുള്ളവരും എഴുന്നേറ്റ് തീരത്ത് മണലിലൂടെ തിരകളുടെ സ്പര്‍ശനമേറ്റ് തീരത്തെ, പള്ളിക്കടുത്തുള്ള മഠത്തിലേക്കു നടന്നു. ഇരുട്ട് വ്യാപിച്ചു കടല്‍ രൗദ്രമായി. തീരത്തു പാര്‍ക്ക് ചെയ്തിരുന്ന കടുത്ത നിറമുള്ള ബി എം ഡബ്ലി യു കാര്‍ അതിവേഗം പാഞ്ഞു പോകുന്നത് സിസ്റ്റര്‍ കണ്ടു. അതോടെ പാര്‍ക്കിംഗ് ഏരിയ ശൂന്യമായി.

മറിഞ്ഞു കിടക്കുന്ന ഒരു വീല്‍ച്ചെയറിനെ തിരകള്‍ കടലിലേക്കു വലിച്ചിഴക്കുന്ന കാഴ്ച കണ്ടപ്പോള്‍ സിസ്റ്റര്‍ പിതാവേ രക്ഷിക്കണെ എന്ന് കരഞ്ഞ് അതിനടുത്തേക്ക് ഓടി. വീല്‍ച്ചെയര്‍ എല്ലാവരും ചേര്‍ന്ന് വലിച്ചെടുത്ത് കരയിലേക്കു കയറ്റി.

‘ ശാന്തടീച്ചറെവിടെ ?”

സിസ്റ്ററും കൂട്ടരും തീരത്ത് പരക്കം പാഞ്ഞു. കടലിന്റെ ഇരമ്പലിലും ഒരു നേര്‍ത്ത കരച്ചില്‍ കാതിനെ ഭയപ്പെടുത്തിയോ എന്ന് സിസ്റ്റര്‍ സ്റ്റെല്ല ഭയന്നു ..

നീല കരയുള്ള സാരി ചുറ്റിയ ശാന്ത ടീച്ചര്‍ പിന്നെ വന്ന തിരയില്‍ തീരം പുല്‍കി. ‘ ഗോപേട്ടന്റെ അനുഗ്രഹവും വാങ്ങി കടലിന്റെ കൂടാരത്തില്‍ നിന്നും തിരകളുടെ തോണിയിലേറി ശാന്ത ടീച്ചര്‍ കരക്കിറങ്ങിയതാവാം.

അക്കാഴ്ച കണ്ട് സിസ്റ്റര്‍ സ്റ്റെല്ലയും കൂട്ടുകാരും നിശ്ചലരായി. അവരുടെ കരച്ചില്‍ തിരമാലകളുടെ ഗര്‍ജ്ജനത്തില്‍ അമര്‍ന്നു പോയി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English