മുക്കാലും മുങ്ങിയ വീടിന്റെ മൂന്നാം നിലയിലിരുന്ന് വാസുമാഷ് ചുറ്റും നോക്കി . അല്പ്പം മുമ്പുവരെ മുന്നിലുണ്ടായിരുന്ന മഹാഗണി മരവും മുങ്ങിയിരിക്കുന്നു.
മാഷ് ഡയറിയില്‍ നിന്നും താളുകള്‍ ചീന്തിയെടുത്ത് തോണിയുണ്ടാക്കാന്‍ തുടങ്ങി. അമ്പത്തിയാറ് തോണികളായപ്പോള്‍ മാഷ് നിര്‍ത്തി.
” അമ്പത്തിയാറ്” – മാഷ് ഒന്നൂറിച്ചിരിച്ചു.
പിന്നെ ഓരോന്നായി പ്രളയജലത്തിലേക്ക് ഒഴുക്കി വിട്ടു. അമ്പത്തി ആറാമത്തെ തോണി ഒഴുക്കി വിടുന്നതിനു മുമ്പ് ഇങ്ങനെ കുറിച്ചിട്ടു.
വി പി വാസു ( ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ്) ഗ്രാമത്തിലെ എട്ടാം വാര്‍ഡിലെ നൂറ്റിമുപ്പത്തിയഞ്ചാം വീടിന്റെ മൂന്നാം നിലയില്‍ മൂന്നു ദിവസമായി മുട്ടറ്റം വെള്ളത്തില്‍ നില്‍ക്കുന്നു.
അവസാനത്തെ തോണിയും ഒഴുക്കി വിട്ട് വാസു മാഷ് വാട്ടര്‍ ടാങ്കില്‍ മുകളില്‍ കയറി ഇരുന്നു.
നേരം ഇരുട്ടിത്തുടങ്ങി ഒരു യന്ത്ര ബോട്ടിന്റെ ശബ്ദം കേട്ടാണ് മാഷ് മുഖമുയര്‍ത്തിയത്.
” വാസുമാഷേ , ഇതാ ഞങ്ങളെത്തി”
ബോട്ടിലെ രക്ഷാപ്രവര്‍ത്തകര്‍ മാഷുടെ നേര്‍ക്ക് കൈ നീട്ടി.
” അല്ല മക്കളെ , ഞാനിവുടുണ്ടെന്ന് നിങ്ങളെങ്ങനെയറിഞ്ഞു?”
ബോട്ടു നീങ്ങിത്തുടങ്ങിയപ്പോള്‍ മാഷ് ആശ്ചര്യത്തോടെ ചോദിച്ചു.
അതിനു മറുപടിയെന്നോണം ബോട്ടിലുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ പോക്കറ്റില്‍ നിന്നും നനഞ്ഞു കുതിര്‍ന്ന ഒരു കടലാസു തോണി പുറത്തെടുത്തു.
”മാഷേ ഈ കടലാസു തോണി മൂന്നൂ കിലോമീറ്ററോളം ഒഴുകി ഞങ്ങളുടെ കണ്ണിൽപ്പെടണമെങ്കില്‍ അതിനര്‍ത്ഥം ആയുസിന്റെ കണക്കുപുസ്തകത്തില്‍ മാഷിന് ഇനിയും പേജുകള്‍ ബാക്കിയുണ്ടെന്നാണ്”
ആ മറുപടിക്കു മുന്നില്‍ വാസു മാഷ് ഒന്നു നെടുവീര്‍പ്പിട്ടു. തിരിഞ്ഞു നോക്കിയപ്പോള്‍ ആ മൂന്നു നില വീട് അവിടെ ഉണ്ടായിരുന്നില്ല.