കടലമ്മ

images-4ബാല്യത്തില്‍  കുതുകമണിഞ്ഞു ഞാന്‍

നിന്നെയേറെ  നേരം നോക്കിനിന്നിരുന്നു

അന്നു നീ എനിക്കൊരു മഹാത്ഭുതം

നിന്നരികിലെത്തുന്നതോ ആനന്ദദായകം

വെളുത്ത പട്ടുനൂല്‍  കൊണ്ട് നെയ്തെടുത്ത

വെയിലത്തു വജ്രം പോല്‍ തിളങ്ങുന്ന

നിന്‍റെ മണല്‍പരപ്പിലൂടെ നടക്കുമ്പോള്‍

എന്‍റെ കാലടികളെന്നെ  പിന്തുടര്‍ന്നിരുന്നു

നുരയുന്ന നിന്‍റെ  തിരകളെ ഞാന്‍

കുഞ്ഞിക്കരങ്ങളാല്‍ കോരിയെടുക്കാന്‍ ശ്രമിച്ചിരുന്നു

ചുവന്ന  അസ്തമനസൂര്യന്‍ നിന്‍റെ നെറ്റിമേല്‍

കുങ്കുമം ചാര്‍ത്തുന്നതും കണ്ടിരുന്നു

ഒരു മണിവീണയിലെന്നപോലെ നിന്‍റെ തരംഗങ്ങള്‍

സാന്ദ്രസുന്ദരമാം സംഗീതത്തിന്‍റെ

മായാലോകം തീര്‍ത്തിരുന്നു

നിന്‍റെ പാട്ട് തീരത്തിനെന്നും അമ്മത്താരാട്ട്

നിന്നെ ചുമ്മാ ചൊടിപ്പിക്കുവാന്‍

എന്തേലുമെടുത്ത്  നിന്നെയൊന്നെറി-

ഞ്ഞെന്നാലതുമെടുത്തെന്നെ തല്ലാന്‍

ഉഗ്രദേഷ്യത്താല്‍  നിന്‍റെ  പാല്‍നുരകള്‍

ഉയര്‍ന്നു  തിരമാലകളായി തിളച്ചു മറിഞ്ഞു

എന്‍നേരെ പാഞ്ഞടുത്തിരുന്നു

നിന്‍റെ ചൊടി കണ്ടു രസിക്കുവാന്‍

പിന്നെയും ഞാന്‍ നിന്നടുത്തെത്തിയാല്‍

അരിശം  പൂണ്ടെന്‍നേരെ കുതിച്ച നീ

പേടിച്ചു ഞാന്‍ തിരിഞ്ഞോടുന്നതു

കാണ്‍കേയൊരു  കള്ളച്ചിരിയോടെ

പയ്യെ ഉള്‍വലിഞ്ഞിരുന്നെന്നമ്മയെപ്പോലെ

ഇന്ന്‍  ജീവിതമതിന്‍റെയെല്ലാ     ഭാവങ്ങളും

കാട്ടിയെന്നെ  ഭയപ്പെടുത്തുമ്പോള്‍

സായന്തനങ്ങളില്‍  സങ്കടങ്ങളുമായി

ഞാന്‍  നിന്‍റെ സമീപത്തെത്തുന്നു

നിന്നടുക്കലഭയം  തേടുന്നുവപ്പോള്‍

നീയാമമ്മ  ശാന്തയായി  സൗമ്യയായി

കുഞ്ഞുത്തിരകളായി വന്നെന്‍റെ പാദങ്ങളില്‍

തഴുകികൊണ്ടാശ്വസിപ്പിക്കുന്നു

നീ  വിരിച്ചിട്ട മണല്‍മെത്തമേല്‍

തളര്‍ന്നു ഞാന്‍  കിടക്കേ, ആ കിടപ്പു കണ്ടു

സഹിക്കവയ്യാതെ, എന്നെ കാണാതെ

പാറമേല്‍ തലത്തല്ലി  അലമുറയിട്ടു കരയുന്നു  നീ

നിന്നശ്രുബിന്ദുക്കള്‍ എന്‍

വദനത്തിലേക്കു തെറിച്ചുവീഴ്കേ

ആ കണ്ണുനീരിന്‍ ഉപ്പുരസവും

ദുഃഖവും ഞാനറിയുന്നു

ഒടുവിലൊരു നാള്‍ ജീവിതമെന്നെ

ഏറെ സങ്കടപ്പെടുത്തിയ  ഒരുദിവസം

കരഞ്ഞുകൊണ്ടു ഞാന്‍ നിന്നടുക്കലെത്തവേ

വാത്സല്യപൂര്‍വ്വം നീയെന്നെ മാടിവിളിച്ചു

തെല്ലൊരാശ്വസത്തോടെ നിന്നിലേക്കേറെയടുക്കവേ

നീ ചൊടിച്ചില്ല, നിന്‍റെ തിരമാലക്കരങ്ങളോടി

വന്നെന്നെ വാരിയെടുത്തുമ്മ വെച്ച്

നിന്‍റെ മാറില്‍ കിടത്തി ഊഞ്ഞാലാട്ടികൊണ്ടു

നിന്നാഴങ്ങളിലേക്കു കൂട്ടികൊണ്ടുപോയി

പേടിപ്പെടുത്തുന്ന ജീവിതത്തില്‍ നിന്നും

എന്നെന്നേക്കുമായി രക്ഷപ്പെടുത്തികൊണ്ട്

നിന്നാഴങ്ങളിലേക്കു കൂട്ടികൊണ്ടുപോയി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here