ബാല്യകാല സ്മരണകളില്‍
സുഖമുള്ളൊരോര്‍മ്മയായി
എന്‍ മനസ്സിലോടിയെത്തുന്നു
തറവാടിനടുത്തുള്ള കാവ്
കാവിനുള്ളിലൊരു കല്‍മണ്ഡപമുണ്ട്
ചൊവ്വ, വെള്ളി ദിനങ്ങളില്‍
മുത്തശ്ശി ദീപം കൊളുത്താറുണ്ടാ കല്‍മണ്ഡപത്തില്‍
”കാവിലൊറ്റയ്ക്ക് പോകരുത്
യക്ഷിയുണ്ട് യക്ഷനുണ്ട് മാടനുണ്ട് മറുതയുണ്ട്
നാഗത്താന്മാരുമുണ്ടവിടെ”
-മുത്തശ്ശിയുടെ താക്കീത്
കാവേറ്റവും വശ്യമോഹിനി
കാവിനുള്ളിലേക്കെത്തി നോക്കുവാനെന്തുകൗതുകം
ഭയമോടെങ്കിലും മുത്തശ്ശി കാണാതെ
കാവിനടുത്തുചെന്നുള്ളിലേക്കുറ്റുനോക്കുമായിരുന്നു
യക്ഷിയുണ്ടോ, മാടനുണ്ടോ, മറുതയുണ്ടോന്നറിയുവാന്‍
കണ്ടവിസ്മയകാഴ്ചകളിന്നും
മായാതെന്‍ മനസ്സില്‍ തങ്ങിനില്‍ക്കുന്നു
സസ്യജാലങ്ങള്‍ പലവിധം
അരയാല്‍, പേരാല്‍, കാഞ്ഞിരം, പന
മരോട്ടി, അത്തി, ചെമ്പകം, തേന്മാവ്
തുടങ്ങി വന്‍വൃക്ഷങ്ങളേറെയുണ്ട്
പേരറിയാത്തവരനേകം
മരതകപ്പച്ച വിരിച്ച പരവതാനിയൊരുക്കിയിരിക്കുന്നു
പച്ചിലപ്പടര്‍പ്പുകള്‍
കാട്ടുപൂക്കളും ഫലങ്ങളും നിറഞ്ഞ
കാട്ടുവള്ളികളാല്‍ തീര്‍ത്ത
വള്ളിക്കുടിലുകള്‍, വള്ളിയൂഞ്ഞാലുകള്‍
മനോഹര പഞ്ചരങ്ങളിവയാല്‍ ആരാമസദൃശം കാവ്
കുഞ്ഞന്‍ കാടയും അണ്ണാറക്കണ്ണനും
വരയന്‍ തവളയുമോടിച്ചാടിനടക്കുന്നു
കുഞ്ഞാറ്റയും കുഞ്ഞിക്കിളികളും
വാലാട്ടിയും കരിയിലക്കിളിയും
കുയിലും കൂമനും പ്രാവും പരുന്തും
ചെമ്പോത്തുമൊന്നിച്ചു
ഒളിച്ചുകളിക്കുന്നു കാവിനുള്ളില്‍
തത്തമ്മപ്പെണ്ണ് വള്ളിയൂഞ്ഞാലില്‍
ചേലിലാടുന്നുണ്ട്
തേനീച്ചകള്‍ മൂളിപ്പാട്ടും പാടി
പാറിപ്പറന്നുനടക്കുന്നു കാവാകെ
വര്‍ണ്ണപ്പകിട്ടാര്‍ന്ന പൂമ്പാറ്റകള്‍
കിന്നാരം ചൊല്ലൂന്നൂ കാട്ടുപൂക്കളോട്
പൂന്തേനുണ്ടുമദിച്ച ഭ്രമരങ്ങള്‍ വട്ടമിട്ടുപറക്കുന്നു
അരണയും ഓന്തും ഇടയ്ക്കിടെ വന്നെത്തിനോക്കുന്നു
കാവിലെത്തിനോക്കുന്നതാരെന്നറിയാന്‍
കാവിന്റെ കാവല്‍ക്കാരവരെന്ന ഭാവം
മേനിയാകെ രോമമുള്ള, വക്ത്രം നിറയെ പല്ലുകളുള്ള
പക്ഷിവിദ്വാന്മാര്‍ മരത്തില്‍
തലകീഴായി നിന്നു ധ്യാനിക്കുന്നതും കാണാം
ഔഷധസസ്യങ്ങള്‍, സുഗന്ധ
പുഷ്പലതാദികളേവം ചേര്‍ന്നു
കാവിനേകുന്നു സുരഭില സൗരഭ്യം
കാവൊരു സ്വാശ്രയഭവനം
കാവിന്‍ മക്കള്‍ക്ക് കാവേകുന്നു
വിശിഷ്യഫലങ്ങളും മകരന്ദവും ചേര്‍ത്ത അമൃതേത്ത്
കാവിന്‍ ശീതളച്ഛായയില്‍
മധുരഗാനമാലപിക്കുന്നു പക്ഷികള്‍
നൃത്തമാടുന്നു അണ്ണാറക്കണ്ണനും
കീരിയും കൊറ്റിയും കൂട്ടരും.
ദുര്‍ഗന്ധം ലവലേശമില്ലവിടെ
പരിശുദ്ധ പ്രാണവായു ത്രസിക്കുന്നു
കാവിനുള്ളിലും ചുറ്റിലും
ഉര്‍വ്വിക്കുര്‍വ്വരതയേകുന്ന ഉര്‍വ്വശിയാണുകാവ്
ഊഴിതന്‍ നെഞ്ചിലെ താപം ശമിപ്പിക്കുന്ന
ശീതീകരണിയാണിവള്‍
കാവുകാണാനേറ്റം പ്രിയമാണിപ്പോഴും
നാമമാത്രമായിത്തീര്‍ന്നിരിക്കുന്നവയിന്ന്
പ്രകൃതിതന്‍ വരദാനമായ കാവുകള്‍
ഊര്‍ജ്ജത്തിന്നക്ഷയപാത്രങ്ങള്‍
കാത്തുസംരക്ഷിക്കണം നാം കാവുകളെ
യക്ഷിത്തറവാടല്ല, ശാന്തിനികേതനമാണ് കാവ്.