
എത്ര മോഹിച്ചാണ് തൊടുക,
എത്ര ദാഹിച്ചാലും.
പതിയെ വളരെ പതിയെ,
ചുണ്ടുകളിൽ മന്ത്രം മുനിഞ്ഞ്
പരസ്പരം പരിക്കേല്പിക്കാതെ
അനുമതി വേണ്ടാഞ്ഞിട്ടും
ഒരുങ്ങിക്കെട്ടിയ മനസ്സ്
മേൽക്കോയ്മയഴിച്ചുവെച്ച്,
തമ്മിൽ തമ്മിൽ
ചുട്ടുപൊള്ളുന്ന തുടക്കം.
പിന്നെ,
അരയോളം മൊത്തി മൊത്തി
ചൂടറിവയയാതെ,
കൊടുത്തും വാങ്ങിയും പിരിയാതെ,
ലഹരിയുടെ മരവിപ്പിൽ
പൂരിപ്പിച്ചെടുത്ത ശീൽക്കാരങ്ങൾ.
ഒടുക്കം,
അലിഞ്ഞു ചേരാത്ത ഒന്നിൽ
ശോഷിച്ച കണക്കെ
ശേഷിച്ച മധുരം
ചുണ്ടുതൊടാതെ ഇറക്കുമ്പോൾ,
‘ഇതല്ലല്ലോ ഞാൻ കൊതിച്ചത്’?
കാപ്പി ഒരു കിടപ്പറയാണ്.