മഞ്ഞുകാലം ആരംഭിക്കാറായി . തണുപ്പിൽ നിന്നും രക്ഷ നേടാൻ ഒരു കൊച്ചു വീട് വയ്ക്കണമെന്ന് മണികണ്ഠൻ കാളയണ്ണൻ തീരുമാനിച്ചു .
വീടുവയ്ക്കാൻ മണികണ്ഠൻ കാളയണ്ണൻ ഒരു ദിവസം യാത്രയായി . കുറച്ച് ദൂരം ചെന്നപ്പോൾ ഒരു കരിവാലൻ കാട്ടുപോത്തിനെ കാളയണ്ണൻ കണ്ടു . മണികണ്ഠൻ കാളയണ്ണൻ പിന്നെയും യാത്രയായി.
കുറച്ച് ദൂരം ചെന്നപ്പോൾ മണികണ്ഠൻ കാളയണ്ണൻ ഒരു രോമക്കുപ്പായക്കാരൻ ചെമ്മരിയാടിന്റെ കണ്ടു . കാളയണ്ണൻ ചെമ്മരിയാടി നോട് പറഞ്ഞു.
” ചെമ്മരിയാടെ , മഞ്ഞുകാലം വരാറായി ഞാനൊരു വീടുവയ്ക്കാൻ പോകുകയാണ് സഹായിക്കാമെങ്കിൽ നിനക്കും ഞാൻ പുതിയ വീട്ടിൽ ഇടം തരാം’
‘ എനിക്ക് നിന്റെ വീട് വേണ്ട ! തണുപ്പിൽ നിന്നും രക്ഷ നേടാൻ എനിക്ക് രോമക്കമ്പിളിയുണ്ട് . നീ നിന്റെ വഴിക്കു പോ!’
രാമൻ ചെമ്മരിയാട് കൊമ്പുകുലുക്കിക്കൊണ്ട് കടന്നു പോയി. മണികണ്ഠൻ കാളയണ്ണൻ പിന്നെയും കൂട്ടുകാരെ അന്വേഷിച്ച് യാത്രയായി. കുറച്ച് ദൂരം ചെന്നപ്പോൾ അങ്കവാലൻ പൂങ്കോഴിയെ മണികണ്ഠൻ കാളയണ്ണൻ കണ്ടു കാളയണ്ണൻ പറഞ്ഞു.
” തങ്കൻ പൂങ്കോഴി മഞ്ഞുകാലം വരാറായി ഞാനൊരു വീട് വയ്ക്കാൻ പോകുകയാണ് എന്നെ സഹായിക്കാമെങ്കിൽ നിനക്കും ഞാൻ പുതിയ വീട്ടിൽ ഇടം തരാം ‘
‘ എനിക്ക് നിന്റെ വീട് വേണ്ട ! തണുപ്പുകാലത്ത് രക്ഷ നേടാൻ എനിക്ക് ശരീരം നിറയെ പഞ്ഞിതൂവലുണ്ട് ” തങ്കൻ പൂങ്കോഴി അതിന്റെ വഴിക്കു പോയി.
കാളയണ്ണൻ പിന്നെയും കൂട്ടുകാരെ അന്വേഷിച്ച് യാത്രയായി. കുറച്ച് ദൂരം ചെന്നപ്പോൾ കരിങ്കുപ്പായക്കാരൻ കരിങ്കുരങ്ങ് മരക്കൊമ്പിൽ ഊഞ്ഞാലാടുന്നത് കാളയണ്ണൻ കണ്ടു. കാള യണ്ണൻ കരിങ്കുരങ്ങിനോട് പറഞ്ഞു.
‘കരിങ്കുരങ്ങെ മഞ്ഞുകാലം വരാറായി തണുപ്പിൽ നിന്നും രക്ഷ നേടാൻ ഞാനൊരു വീട് വയ്ക്കാൻ പോകയാണ് എന്നെ സഹായിക്കാമെങ്കിൽ നിനക്കും ഞാൻ പുതിയ വീട്ടിൽ ഇടം തരാം ‘
‘ എനിക്കു നിന്റെ പുതിയ വീട് വേണ്ട ! തണുപ്പിൽ നിന്നും രക്ഷ നേടാൻ എനിക്ക് കറുകറുത്ത രോമക്കുപ്പായമുണ്ട് ” കരിങ്കുപ്പായക്കാരൻ പറഞ്ഞു . മണികണ്ഠൻ കാളയണ്ണനു വാശിയായി . എത്ര പണിപ്പെട്ടാലും ഒറ്റക്ക് തന്നെ ഒരു വീട് വയ്ക്കാൻ കാളയണ്ണൻ തീരുമാനിച്ചു .
കാളയണ്ണൻ കാട്ടുചൂരൽ കൊണ്ട് വീടിനു തൂണിട്ടു. ഈന്തൽ തളിരും വൈക്കോലും കൊണ്ട് ചുമരുണ്ടാക്കി. പനയോലകൊണ്ട് പുര മേഞ്ഞു . കാട്ടുപുല്ലും കരിയിലയും നിരത്തിയിട്ട മേത്തയുണ്ടാക്കി . എല്ലാം കഴിഞ്ഞപ്പോൾ നാട്ടുകാരെയെല്ലാം ക്ഷണിച്ചു വരുത്തി മണികണ്ഠൻ കാളയണ്ണൻ ഗൃഹപ്രവേശം നടത്തി .
കുറച്ച് നാൾ കഴിഞ്ഞപ്പോൾ മഞ്ഞുകാലം വന്നു . കാട്ടുമരങ്ങളുടെ ഇലയെല്ലാം പൊഴിഞ്ഞു. തണുപ്പ് സഹിക്കാനാവാതെ മൃഗങ്ങളെല്ലാം നെട്ടോട്ടമോടാൻ തുടങ്ങി. മണികണ്ഠൻ കാളയണ്ണൻ മാത്രം തന്റെ വീട്ടിൽ സുഖമായി താമസിച്ചു . ഒരു ദിവസം രാവിലെ പുറത്ത് ഒരു കരച്ചിൽ കേട്ട് കാളയണ്ണൻ വാതിൽ തുറന്നു നോക്കി . അപ്പോൾ കരിവാലൻ കാട്ടുപോത്ത് കരഞ്ഞുകൊണ്ട് കാളയണ്ണനോട് പറഞ്ഞു.
” കാളയണ്ണാ മഞ്ഞുകൊണ്ട് എന്റെ രോമം മുഴുവനും കൊഴിഞ്ഞു. തണുപ്പുകൊണ്ട് എനിക്ക് ജീവിക്കാൻ വയ്യ. തന്റെ വീട്ടിൽ ഒരിടം തന്നില്ലെങ്കിൽ ഞാൻ ചത്ത് പോകും !”
” ചാകട്ടെ,നല്ല കാലത്ത് പണി ചെയ്തില്ലങ്കിൽ ഇങ്ങനെയാ, ഇപ്പോൾ ഇവിടെ സ്ഥലം തരാൻ എനിക്ക് മനസില്ല ” കാളയണ്ണൻ കരിവാലനെ ആട്ടിയോടിച്ചു. എങ്കിലും അവൻ പോകാതെ അവിടെതന്നെ കിടന്നു.
കുറച്ച് കഴിഞ്ഞപ്പോൾ രാമൻ ചെമ്മരിയാട് തണുത്ത് വിറച്ചുകൊണ്ട് വന്നു. അവൻ കരഞ്ഞു കൊണ്ട് കാളയണ്ണനോട് പറഞ്ഞു.
” കാളയണ്ണാ എന്റെ കമ്പിളി നെയ്ത്തുകാരൻ മാത്തനാശാൻ മുറിച്ചെടുത്തു തണുപ്പുകൊണ്ട് എനിക്ക് ജീവിക്കാൻ വയ്യ. തന്റെ വീട്ടിൽ ഒരിടം തന്നില്ലെങ്കിൽ ഞാൻ ചത്തു പോകും !’
” ചാകട്ടെ..നല്ല കാലത്ത് പണി ചെയ്തില്ലെങ്കിൽ ഇങ്ങനെയാണ് ഇപ്പോൾ ഇവിടെ ഇടം തരാൻ എനിക്ക് മനസില്ല ‘ കാളയണ്ണൻ ദേഷ്യത്തോടെ പാഞ്ഞു . എങ്കിലും ചെമ്മരിയാടും പോകാതെ കിടന്നു.
അൽപ്പം കഴിഞ്ഞപ്പോൾ അങ്കവാലൻ തങ്കൻ പൂങ്കോഴി തണുത്ത് വിറച്ച് കൊണ്ട് അവിടെ വന്നു. തങ്കൻ പൂങ്കോഴി കരഞ്ഞുകൊണ്ട് പറഞ്ഞു.
‘കാളയണ്ണ , എന്റെ കൂട് ആരോ പൊളിച്ചു കളഞ്ഞു. തണുപ്പുകൊണ്ട് എനിക്ക് ജീവിക്കാൻ വയ്യ. തന്റെ വീട്ടിൽ ഒരിടം തന്നില്ലെങ്കിൽ ഞാൻ ചത്തു പോകും !’
” ചാകട്ടെ …നല്ല കാലത്ത് പണിക്കു വിളിച്ചപ്പോൾ നീയെന്നെ ആട്ടിയോടിച്ചില്ലേ? ഇപ്പോൾ ഇവിടെ സ്ഥലം തരാൻ എനിക്ക് മനസില്ല ‘
കാളയണ്ണൻ ദേഷ്യത്തോടെ കൊമ്പ് കുലുക്കി . എങ്കിലും തങ്കൻ പൂങ്കോഴിയും പോകാതെ അവിടെ തന്നെ കരഞ്ഞുകൊണ്ട് നിന്നു .
കുറച്ച് സമയം കഴിഞ്ഞപ്പോൾ കരിങ്കുപ്പായക്കാരൻ കരിങ്കുരങ്ങു തണുത്ത് വിറച്ചുകൊണ്ട് അവിടെ വന്നു. കരിങ്കുരങ്ങ് കരഞ്ഞുകൊണ്ട് കാളയണ്ണനോട് പറഞ്ഞു.
‘കാളയണ്ണാ എന്റെ കരിങ്കുപ്പായം മുഴുവൻ കരിങ്കുരങ്ങ് രസായനക്കാരൻ ശങ്കുണ്ണി വൈദ്യൻ കവർന്നെടുത്തു തണുപ്പുകൊണ്ട് എനിക്ക് ജീവിക്കാൻ വയ്യ തന്റെ വീട്ടിൽ ഇടം തന്നില്ലെങ്കിൽ ഞാൻ ചാകും ‘
‘ ചാകട്ടെ … നല്ല കാലത്ത് പണിക്കു വിളിച്ചപ്പോൾ നീയെന്നെ ആട്ടിയോടിച്ചു. ഇപ്പോൾ ഇവിടെ സ്ഥലം തരാൻ മനസില്ല’ കാളയണ്ണൻ ഉറക്കെ ഒന്നമറി . എങ്കിലും കരിങ്കുരങ്ങ് പോകാതെ അവിടെ തന്നെ വാലുമാട്ടി നിന്നു .
മഞ്ഞിന്റെ ശക്തി പിന്നെയും കൂടി . തണുപ്പ് സഹിക്കാനാകാതെ കരിവാലൻ കാട്ടു പോത്തും രാമൻ ചെമ്മരിയാടും തങ്കൻ പൂങ്കോഴിയും കരിങ്കുപ്പായക്കാരൻ കരിങ്കുരങ്ങും ഉറക്കെ കരയാൻ തുടങ്ങി. അവർ എല്ലാവരും ഒന്നിച്ച് മണികണ്ഠൻ കാളയണ്ണന്റെ വീട്ടുപടിക്കൽ സത്യാഗ്രഹം തുടങ്ങി.
പട്ടിണികൊണ്ടും തണുപ്പുകൊണ്ടും മടിയന്മാരായ തന്റെ കൂട്ടുകാർ ചാകുമെന്നായപ്പോൾ മണികണ്ഠൻ കാളയണ്ണന് സഹതാപം തോന്നി. ഒരു ദിവസം സന്ധ്യക്ക് എല്ലാവരെയും വിളിച്ച് കാളയണ്ണൻ പറഞ്ഞു.
‘
മഞ്ഞുകാലം കഴിഞ്ഞാൽ മടിയന്മാരായിരിക്കാതെ സ്വന്തമായി വീട് പണിയാമെന്നേറ്റാൽ ഞാൻ നിങ്ങളെ ഇവിടെ പാർപ്പിക്കാൻ അനുവദിക്കാം സമ്മതമാണോ?’
‘ സമ്മതമാണ് ഇനി ഞങ്ങൾ നന്നായി പണിയെടുത്ത് ജീവിച്ചു കൊള്ളാം ‘ എല്ലാവരും മണികണ്ഠൻ കാളയണ്ണന്റെ കാൽക്കൽ വീണു കരഞ്ഞു
മണികണ്ഠൻ കാളയണ്ണൻ വേഗം വാതിൽ തുറന്ന് എല്ലാവരെയും വീടിനുള്ളിൽ കയറ്റി . മഞ്ഞുകാലം കഴിയുന്നതുവരെ ആ കൊച്ചു വീട്ടിൽ അവരെല്ലാവരും കഴിഞ്ഞു കൂടി.
Click this button or press Ctrl+G to toggle between Malayalam and English