അയാള്‍ ഫോണ്‍ ചെയ്യുമ്പോഴെല്ലാം അവള്‍ ആ പക്ഷി കരഞ്ഞതിനെ പറ്റിയും പിറ്റെ ദിവസം ഒരു മരണം കേട്ടതിനെ പറ്റിയും ദു:ഖത്തോടെ പറയും. അയാളതെല്ലാം പുച്ഛിച്ചു തള്ളും. നിനക്ക് ഭ്രാന്താണ് മരിക്കേണ്ടവര്‍ സമയമായാല്‍ മരിക്കും .എന്നു വച്ചു പക്ഷിക്കു ശബ്ദമുണ്ടാക്കാതിരിക്കാന്‍ പറ്റുമോ? കാടിനടുത്ത് വീടായതുകൊണ്ടാണ് ആ പക്ഷി കരയുന്നത് കേള്‍ക്കാന്‍ സാധിക്കുന്നത് എന്നു പറഞ്ഞ് ആശ്വസിപ്പിക്കും.
ഇതു കേട്ട് അവള്‍ നിശബ്ദയാകും.
കുറെ ആയി ആ പക്ഷിയുടെ കരച്ചില്‍ കേള്‍ക്കാതായിട്ട്. പക്ഷെ മരണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഒരു രാത്രി ഏറെ വൈകി ആ പക്ഷി കരഞ്ഞു. അവള്‍ പേടിച്ചു കണ്ണടച്ചു കിടന്നു. അയാളോട് അതിനെ പറ്റി പറയില്ല എന്നുറച്ചു തന്നെ.
അന്ന് മരണമൊന്നും കേട്ടില്ല. ഒത്തിരി സന്തോഷം തോന്നി അവള്‍ക്ക്. അയാള്‍ പറയുന്നതാണ് സത്യമെന്നു പറയാനായി അവളയാളുടെ വിളിക്കായി കാത്തിരുന്നു.
പക്ഷെ എന്തുകൊണ്ടോ അയാള്‍ വിളിച്ചില്ല. അങ്ങോട്ട് വിളിച്ചിട്ട് എടുക്കുന്നുമില്ല. ആ പക്ഷിയുടെ കരച്ചില്‍ വീണ്ടും കേള്‍ക്കുന്ന പോലെ. ആകെ ഒരു ടെന്‍ഷന്‍ ഓരോന്ന് അലോചിച്ച് സമയം പോയതറിഞ്ഞില്ല പെട്ടന്ന് ഉമ്മറത്ത് ഒരു ആംബുലന്‍സ് വന്നു നിന്നു. ഉള്ളിലൊരു കടല്‍ ആര്‍ത്തലയ്ക്കുന്ന വേവലാതിയോടെ അവള്‍ പുറത്തേക്കിറങ്ങി.
” ചേച്ചി , റേഡിയേറ്ററില്‍ ഒഴിക്കാന്‍ അല്പ്പം വെള്ളം തരാമോ? കുറച്ചു ദൂരത്തേക്ക് ഒരു ഓട്ടം പോയി വരുവാണ് ”
അതില്‍ നിന്നും ഇറങ്ങിയ ചെറുപ്പക്കാരന്‍ അവളുടെ നേരെ ഒരു കാന്‍ നീട്ടി ചോദിച്ചതും അവളുടെ കയ്യിലെ ഫോണില്‍ അയാള്‍ വിളിച്ചതും ഒപ്പം. മനസില്‍ ആശ്വാസത്തിന്റെ കുളിര്‍ മഴ…..
റംല എം ഇക്ബാല്‍
കടപ്പാട് – സായാഹ്ന കൈരളി