കയ്യിലിരിക്കുന്ന പേപ്പറിലേക്ക് ഒരിക്കൽക്കൂടി നോക്കി. ദയ കൃഷ്ണകുമാർ , മന്ദാരത്തിൽ വീട് , പൂവ്വത്തൂർ വഴി.
എന്നിട്ടും ഇതവരെന്ന് ഉറപ്പിക്കാനുള്ള തെളിവുകളൊന്നും തന്റെ കയ്യിലില്ല .. എന്താണവരോട് ചോദിക്കേണ്ടത് എന്നും അറിയില്ല … ഒന്നും ചോദിക്കാതിരുന്നാൽ ഇനിയൊരവസരം ഉണ്ടാകണമെന്നും ഇല്ല.. ജീവിതത്തിൽ ഏറെക്കാലം ഇവരെ ഒരു തവണ കൂടി കാണണമെന്ന മോഹവുമായി നടന്നിട്ടുണ്ട് . ചന്ദന വർണമുള്ള സാരി കാണുമ്പോഴൊക്കെ പല മുഖങ്ങളിലേക്കും ഉറ്റുനോക്കിയിട്ടുണ്ട്.
”സാർ … എനിക്കൊരു മറുപടി കിട്ടിയിരുന്നെങ്കിൽ ….”
അവരുടെ ചോദ്യം ചിന്തകളിൽ നിന്നുണർത്തി ..
“നിങ്ങളുടെ ഫോൺ നമ്പർ തരൂ . ഞാൻ അന്വേഷിച്ച് രണ്ടു ദിവസത്തിനകം വിവരം തരാം .”
കെട്ടിട നികുതിയുമായി ബന്ധപ്പെട്ട ഒരു സംശയം തീർക്കാൻ പഞ്ചായത്താപ്പീസിൽ വന്നതായിരുന്നു അവർ. മറുപടി നൽകി കയ്യിലിരുന്ന പേപ്പർ അവർക്കു നേരെ നീട്ടി.
തിരികെ പോകാനായി തിരിഞ്ഞ അവരോട് വെറുതെ ചോദിച്ചു.
”എന്നെ അറിയുമോ?”
അപ്രതീക്ഷിതമായി കേട്ട ചോദ്യം അവരെയൊന്ന് വിസ്മയിപ്പിച്ചു.
”ഇല്ല മനസിലായില്ലല്ലോ.. ”
‘ഞാൻ .. എന്റെ… വീട് നിങ്ങളുടെ പരിസരത്തൊക്കെ തന്നെയാണ് .പക്ഷേ നിങ്ങളുടെ വീട് എന്റെ വീടിന്റെ പരിസരത്താണെന്ന് എനിക്കറിയില്ലായിരുന്നു ഇതുവരെ ..”
അവരെന്നെ അമ്പരപ്പോടെ നോക്കി നിൽക്കുകയാണ് പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ പുലമ്പുന്നവൻ എന്നു തോന്നിയിരിക്കുമോ …?
ഞാനെഴുന്നേറ്റ് അവർക്കരികിലേക്ക് നടന്നു …
ഏറെ വർഷങ്ങൾക്കപ്പുറം അപമാനിതനായി തല താഴ്ത്തി കണ്ണിലീറനണിഞ്ഞ് അവർക്കരികിലേക്ക് നടന്നു ചെന്ന കുട്ടിയെ ഞാനോർത്തു .. അവന്റെ കൈകൾ കൂട്ടിപ്പിടിച്ച് പുറത്തു തലോടി ‘മോൻ വിഷമിക്കണ്ട …, തെറ്റൊക്കെ ആർക്കും പറ്റാമല്ലോ.. അതിനിങ്ങനെ കരയണോ.. ” എന്നു സമാധാനിപ്പിച്ച ചന്ദന നിറമുള്ള സാരി ധരിച്ച ദയ എന്ന സ്ത്രീയെ ഓർത്തു…
ആ ദയ തന്നെയാണോ ഇവർ എന്നറിയാൻ എന്താണ് ചോദിക്കേണ്ടത്?!
വർഷങ്ങൾക്കു മുമ്പ് സ്കൂൾ കലോൽസവം കാണാൻ വന്നിരുന്നുവോ എന്നോ … ?
നരേന്ദ്രൻ എന്ന എന്നെ അറിയുമോ എന്നോ…?
ഉച്ചഭക്ഷണ സമയത്ത് അറിയാതെ മറ്റൊരു കുട്ടിയുടെ ഭക്ഷണമെടുത്തു കഴിച്ചതിന് ടീച്ചറുടെ അടി കിട്ടിയ കുട്ടിയെ ഓർമ്മയുണ്ടോ എന്നോ…?
അവരെന്നെത്തന്നെ നോക്കി നിൽക്കുകയാണ്.
”എന്റെ പേര് നരേന്ദ്രൻ. വീട് പുഴയ്ക്കക്കരെയാണ് … കുട്ടിക്കാലത്ത് ഞാൻ സ്കൂൾ കലോൽസവങ്ങളിലൊക്കെ പങ്കെടുക്കാറുണ്ട്. ഒരിക്കലവിടെ വച്ച് …”പറഞ്ഞു മുഴുമിപ്പിക്കാൻ അവരനുവദിച്ചില്ല.
‘ഓ… നരേന്ദ്രൻ…ഞാനോർക്കുന്നു. തുള്ളലും കവിതയും പ്രസംഗവും നാടകവും നാടൻ പാട്ടും ഒക്കെ അറിയുന്ന നരേന്ദ്രൻ അല്ലേ ….?
ഇപ്പോൾ അമ്പരന്നത് ഞാനാണ് .
‘സ്കൂളിൽ നിന്ന് നല്ല മാർക്കോടെ ജയിച്ചു പോയി എന്ന് ഞാനറിഞ്ഞിരുന്നു . പിന്നെ വിവരമൊന്നും കേട്ടിട്ടില്ല .’
ഞാനവരെത്തന്നെ നോക്കി നിന്നു .
ജീവിതത്തിൽ അറിയാതെ കടന്നു വന്ന് കൊളുത്തിപ്പിടിച്ച് കടന്നു പോകുന്ന ചില പരിചയങ്ങൾ … ഞാനവരെയും അവർ എന്നെയും ഓർത്തു വച്ചിരിക്കുന്നു … ഒരു കാര്യത്തിനുമല്ലാതെ …
‘അന്നത്തെ സംഭവം …അതെന്നെ വല്ലാതെ വേദനിപ്പിച്ചിരുന്നു . നരേന്ദ്രൻ മനപ്പൂർവ്വം ചെയ്തതല്ലെന്ന് എനിക്ക് മനസിലായിരുന്നു …’
ഞാനവരെ ഇമയനക്കാതെ നോക്കി നിന്നു.
പെട്ടെന്നെന്തോ ഉൾപ്രേരണയിൽ, അന്നത്തെ കുട്ടിയുടെ മനസ്സുമായി ഞാൻ അവർക്കരികിൽ ചെന്ന് മേശക്കരികിൽ ചേർന്നു നിന്നു .
‘അന്ന് മത്സരത്തിനു പോകയല്ലേ എന്നു പറഞ്ഞ് ഓപ്പോൾ ഏട്ടന്റെ ചോറു പാത്രത്തിലാണ് ഭക്ഷണം തന്നയച്ചത് . പാത്രമൊന്നും എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല . ഒരു നീല പോളിത്തീൻ കവറിലാണ് എന്നു മാത്രേ ഓർമ്മയിലുണ്ടായിരുന്നുള്ളൂ . അടുത്ത മത്സരത്തിൽ പങ്കെടുക്കാനുള്ള ധൃതിയിൽ ഓടി വന്നെടുത്തപ്പോൾ അത് രജിതയുടെ പാത്രമിരുന്ന കവറായിപ്പോയി . പാത്രം തുറന്നപ്പോഴും പതിവില്ലാതെ കുറെ കറികൾ കണ്ടപ്പോഴും ദൂരെപ്പോകുന്ന കാരണം ഓപ്പോൾ തന്നയച്ച സ്പെഷ്യൽ കറികളാകാം എന്നു കരുതി . എന്റെ പാത്രത്തിൽ ചമ്മന്തി മാത്രമായിരുന്നു എന്നെനിക്കറിയില്ലായിരുന്നു . രജിത പാത്രം തുറന്നു ചമ്മന്തി കണ്ട് കരഞ്ഞതും ദേവയാനി ടീച്ചർ കള്ളത്തരം കാട്ടിയവനെന്നും കൊതിയതെന്നും ആൾക്കൂട്ടത്തിൽ വെച്ച് ആക്ഷേപിച്ചതും ഇന്നും എന്റെ ഓർമ്മയിലുണ്ട് . എന്നെ ഒരുപാടറിയുന്ന ടീച്ചർ എന്തിനന്നങ്ങനെ പറഞ്ഞുവെന്ന് രജിതയും ഞാനും തമ്മിലുള്ള സാമ്പത്തിക അന്തരം തിരിച്ചറിയുന്ന കാലം വരെയും എനിക്ക് മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല . ആ നിമിഷം എന്നെ കള്ളനായി നോക്കി നിന്ന അപരിചിതർക്കിടയിൽ നിന്ന് മുഖ മൊളിപ്പിക്കാൻ പാടുപെട്ട എന്നെ തലോടി സാന്ത്വനിപ്പിച്ച നിങ്ങൾ എന്റെ മരിച്ചു പോയ അമ്മയാണെന്ന് എത്രയോ തവണ ഞാൻ ചിന്തിച്ചിട്ടുണ്ടെന്നറിയുമോ ..? അന്നത്തെ വിഷമത്തിൽ കരഞ്ഞു നിന്ന എനിക്ക് നിങ്ങളോടു പോലും സത്യം വെളിപ്പെടുത്താനായില്ല. എവിടെ നിന്നാണ് നിങ്ങൾ വന്നതെന്നോ എങ്ങോട്ടു പോയി എന്നോ എന്തിനാണ് നിങ്ങൾ വന്നതെന്നോ ആരോടൊപ്പം വന്നതാണെന്നോ എനിക്കറിയില്ലായിരുന്നു . ആരോ നിങ്ങളുടെ പേരു വിളിച്ചതുമാത്രം മനസിൽ കുറിച്ചിട്ടു. പലയിടത്തും ഞാൻ ഈ മുഖം തിരഞ്ഞു .പക്ഷേ ഒരു മാത്ര മാത്രം കണ്ട മുഖഛായ എവിടെയോ വഴുതിപ്പോയി . എങ്കിലും ഇന്നെങ്കിലും കാണാനായല്ലോ … ‘
ഇപ്പോഴെങ്കിലും എന്റെ നിരപരാധിത്വം വെളിപ്പെടുത്താനായതിന്റെ ആശ്വാസം എന്നിൽ നിറഞ്ഞിരുന്നു.
“ഇതൊരു നിയോഗമാകാം നരേന്ദ്രൻ . നമ്മൾ വീണ്ടും കാണണമെന്നതും…’
അവരുടെ കണ്ണുകൾ എന്തിനോ ഈറനണിഞ്ഞിരുന്നു .കുറച്ചുനേരം കൂടി അവരോട് വിശേഷങ്ങൾ സംസാരിച്ചിരുന്നു. ജീവിതത്തിലെ എന്തോ ഒരു ഭാരം ഇറക്കി വെച്ച പോലെ മനസ് ശാന്തമായി .
അവരുടെ ഫോൺ നമ്പർ സേവ് ചെയ്ത് വീണ്ടും കാണാമെന്ന ഉറപ്പിൽ അവരെ യാത്രയാക്കി തിരികെ സീറ്റിൽ വന്നിരിക്കുമ്പോൾ അന്നത്തെ അപമാനിതനായ കുട്ടിയുടെ തല ഉയർന്നിരുന്നു .. ഏതോ വലിയ കോടതിയിൽ നിന്നും കുറ്റവിമുക്തനായി വിട്ടയച്ചവനെപ്പോലെ.