ഒരിക്കല്‍ ഗ്രാമത്തിലെ മൂന്നു പെണ്‍കുട്ടികള്‍ പരീക്ഷ കഴിഞ്ഞ് സ്കൂള്‍ അടച്ചപ്പോള്‍ രാവിലെ നടക്കാന്‍ പോകാന്‍ തീരുമാനിച്ചു. രാവിലെ അഞ്ചരക്ക് എഴുന്നേറ്റ് ആ കുട്ടികള്‍ നടക്കാന്‍ തുടങ്ങി. ഒരു കിലോമീറ്റര്‍ ദൂരം നടന്നു തിരിച്ചു വീടുകളില്‍ എത്തി. ഇതു പതിവായി. കാലടി പാലത്തിന്റെ അടുത്തുള്ള വീട്ടില്‍ താമസിക്കുന്ന ഒരു റിട്ടയേര്‍ഡ് തഹസില്‍ദാര്‍ കുട്ടികള്‍ നടക്കുന്നത് കാണാറുണ്ട്.
ആ അങ്കിളിനെ കുട്ടികള്‍ക്ക് പരിചയമില്ല. അവര്‍ തമ്മില്‍ സംസാരിക്കാറുമില്ല. ഒരു ദിവസം അങ്കിള്‍ കുട്ടികളുടെ പിന്നാലെ ചെല്ലുന്നത് കണ്ട കുട്ടികള്‍ പേടിച്ച് ഓടി. അങ്കിളും ഓട്ടത്തിനു വേഗത കൂട്ടി. കുട്ടികള്‍ കരഞ്ഞു കൊണ്ട് വേഗത്തില്‍ ഓടി.
അങ്കിള്‍ അടുത്തു ചെന്നപ്പോള്‍ കുട്ടികള്‍ ഉച്ചത്തില്‍ കരഞ്ഞു കൊണ്ട് നിന്നു അങ്കിളും ഓടിച്ചെന്ന് അവരുടെ അടുത്തു നിന്നു കൊണ്ട് പറഞ്ഞു.
” എത്തിപ്പോയി” എന്നു പറഞ്ഞ് അങ്കിള്‍ നിന്നു ചിരിച്ചു.
കുട്ടികള്‍ അങ്കിളിനെ ചീത്ത വിളീക്കാന്‍ തുടങ്ങി. അപ്പോള്‍ അങ്കിളിനു ഒരു പ്രതികരണവുമുണ്ടായില്ല. കുട്ടികളുടെ സംസാരം കേട്ടപ്പോള്‍ അടുത്ത വീട്ടില്‍ താമസിക്കുന്ന ആനി വല്യമ്മ ഇടപെട്ടു അവര്‍ ചോദിച്ചു.
” സാറ് എന്തിനാണ് ഈ കുട്ടികളെ ഓടിച്ചത് ?”
” ആര് ഓടിച്ചു? ഞാനോ നിങ്ങള്‍ എന്താ ഈ പറയുന്നത്?” അങ്കിള്‍ ചോദിച്ചു.
അയാള്‍ എന്താണ് ചെയ്യുന്നതെന്ന് അയാള്‍ക്ക് ഓര്‍മ്മയില്ലായിരുന്നു. ആനി വല്യമ്മ കുട്ടികളോടു പറഞ്ഞു.
” മക്കളെ ആ സാറിന് അല്‍ഷിമേഴ്സ് രോഗമാണ് എന്താണ് ചെയ്യുന്നതെന്ന് ആ പാവത്തിന് ഓര്‍മ്മയില്ല. മക്കള്‍ പേടിക്കണ്ട പൊയ്ക്കൊള്ളു. സാറ് ഒന്നും ചെയ്യുകയില്ല. കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ കിടാവിനെ കെട്ടാന്‍ കയറ് എടുക്കരുത്. ഓര്‍ഡിനറി തിങ്കിങ്, പോസറ്റീവ് തിങ്കിങ്, ക്രിട്ടിക്കല്‍ തിങ്കിങ് എന്നീ മൂന്നു തലങ്ങളുണ്ട് മനസിന്. കുട്ടികള്‍ ക്രിട്ടിക്കല്‍ തിങ്കിങ് ഉള്ളവരായിരിക്കണം. സാറ് ഓടി വന്നപ്പോള്‍ നിങ്ങള്‍ ടെന്‍ഷനടിച്ച് ഓടാതെ ശാന്തരായി നിന്ന് കാര്യം തിരക്കേണ്ടതായിരുന്നു. എങ്കില്‍ ഇതിനു ഇടവരില്ലായിരുന്നു. നിങ്ങളെ കൊണ്ട് ഈ പ്രവൃത്തി ചെയ്യിച്ചതാരാണ്? ജീവിത വിജയത്തിന് ധൈര്യവും ശക്തിയുമുള്ള മനസ്സ് ഉണ്ടാകണം ”