പത്രപ്രവർത്തകനും അധ്യാപകനും കഥാകൃത്തുമായിരുന്ന ശ്രീ.കെ.വി സുധാകരന്റെ ഓർമ്മയ്ക്കായി തലശ്ശേരി ബ്രണ്ണൻ കോളേജ് മലയാളവിഭാഗം എർപ്പെടുത്തിയ കഥാപുരസ്കാരത്തിന് കെ.വി. പ്രവീണിന്റെ ഓർമച്ചിപ്പ് എന്ന കഥാസമാഹാരം അർഹമായി. എഴുത്തുകാരായ എൻ.ശശിധരൻ, എൻ.പ്രഭാകരൻ, രാജേന്ദ്രൻ എടത്തുങ്കര എന്നിവർ അംഗങ്ങളായിരുന്ന ജൂറിയാണ് വിധിനിർണയം നടത്തിയത്.മലയാള കഥയിൽ അഭിരുചിമുന്നേറ്റമുണ്ടാക്കിയ കഥാകൃത്താണ് കെ.വി. പ്രവീൺ.ആഖ്യാനത്തിലും പ്രമേയങ്ങളിലുമുള്ള നവീനതയാണ് പ്രവീണിനെ വ്യത്യസ്തനാക്കുന്നത്. നവീന സാങ്കേതികതയുടെ ലോകം സൃഷ്ടിക്കുന്ന വിഭ്രാമകമായ ജീവിതത്തെ മികച്ച കഥാകൗശലത്തോടെ അവതരിപ്പിക്കുന്നവയാണ് അദ്ദേഹത്തിന്റെ കഥകൾ. ഓർമ്മച്ചിപ്പ് എന്ന കഥാസമാഹാരം ഈ മികവുകൾ പ്രകടമാക്കുന്നുവെന്ന് ജൂറി ഐകകണ്ഠേന വിലയിരുത്തി,പുരസ്കാരസമർപ്പണം 2019 ഡിസംബർ 16ന് ബുധനാഴ്ച കോളേജ് ന്യൂ ബ്ലോക്ക് സെമിനാർ ഹാളിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പ്രശസ്ത കഥാകരൻ പോൾ സക്കറിയ നിർവ്വഹിക്കും. ചടങ്ങിൽ വെച്ച് കെ.വി സുധാകരന്റെ കഥാ- കവിതാ സമാഹാരങ്ങൾ സക്കറിയ പ്രകാശനം ചെയ്യും. കടലിനൊരു ചൂണ്ട എന്ന കവിതാ സമാഹാരവും ഏളയാട്ടെ മാജിക് പാലം എന്ന കഥാസമാഹാരവുമാണ് പ്രകാശിപ്പിക്കപ്പെടുന്നത്. കോഴിക്കോട്ടെ ഇൻസൈറ്റ് പബ്ലിക്കയാണ് പുസ്തകങ്ങൾ പ്രസാധനം ചെയ്തിരിക്കുന്നത്.