എഴുത്തുകാരനായത് പട്ടിണിയായ കാലഘട്ടത്തിൽ പുസ്തകങ്ങളെ നെഞ്ചോട് ചേർത്തതുകൊണ്ടാണെന്ന് വയലാർ അവാർഡ് ജേതാവ് കെ വി മോഹൻകുമാർ പറഞ്ഞു. പട്ടിണിയായ മനുഷ്യാ നീ പുസ്തകം കൈയിലെടുത്തോളൂ. . പുസ്തകങ്ങളെ താൻ ആയുധമാക്കി മാറ്റുകയല്ല ആഹാരമാക്കി മാറ്റുകാണ് എന്ന് അദ്ദേഹം ഓർമ്മിച്ചു. അച്ഛന്റെ മരണശേഷം ആലപ്പുഴയിൽ നിന്ന് സഹോദരങ്ങളോടൊപ്പം അമ്മയുടെ തറവാട്ടിലേക്ക് കുടിയേറിയ തന്റെ കുടുംബത്തിന് പട്ടിണിയുടെ നാളുകളായിരുന്നു. വിശപ്പിനെ മറക്കാൻ പുസ്തകങ്ങളാണ് തന്നെ സഹായിച്ചത്. ഒന്പത് വയസുള്ളപ്പോഴാണ്ചെങ്കൊടിയേന്തി മുദ്രാവാക്യങ്ങളുമായി കർഷകർ വീടിന് മുന്നിലുള്ള വയലിലൂടെ പോകുന്നത് കണ്ടത്.അമ്മയിൽ നിന്നാണ് പുന്നപ്ര വയലാർ സമരഭൂമിയിൽ വെടിയേറ്റുവീണ ധീരന്മാരുടെ കഥകൾ ആദ്യമായി കേട്ടത്. അത് തന്റെ അബധമണ്ഡലത്തിലെവിടെയോ തറഞ്ഞിട്ടുണ്ടാകണം. അതാണ് പിൽക്കാലത്ത് ഉഷ്ണരാശി എന്ന നോവലെഴുതാൻ പ്രചോദനമായി തീർന്നതെന്ന് മോഹൻകുമാർ അനുസ്മരിച്ചു.
കൊല്ലം പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. തന്റെ എഴുത്തുജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമായാണ് വയലാർ അവാർഡിനെ കാണുന്നത്. വയലാർ രാമവർമ്മയെതന്റെ നാടിന്റെ മൗലികപ്രതിഭയുള്ള എഴുത്തുകാരന്റെ പുരസ്കാരമായതുകൊണ്ടാണ് ഇതിന് ഏറ്റവും വിലമതിക്കുന്നത്. വയലാർ തനിക്കൊരു കവിയുടെ പേരുമാത്രമല്ലായെന്നും ആധുനിക കേരളത്തെ നിർമ്മിച്ചെടുത്ത വ്യക്തിയുടെ പേര് കൂടിയാണെന്നും മോഹൻകുമാർ പറഞ്ഞു. സോപാനം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചവറ കെ എസ് പിള്ള അധ്യക്ഷനായിരുന്നു. പബ്ലിക് ലൈബ്രറി ജോ.സെക്രട്ടറിമാരായ പ്രതാപ് ആർ നായർ, ഡോ. കെ ശിവരാമകൃഷ്ണപിള്ള എന്നിവർ മോഹൻകുമാറിനെ ആദരിച്ചു. വയലാർ രാമവർമ്മ സാഹിത്യപുരസ്കാരം ജൂറിഅംഗം ഡോ.ബെറ്റിമോൾ മാത്യു , പ്രോഗ്രാം കമ്മിറ്റി കണ്വീനർ കെ ഭാസ്ക്കരൻ, പി കെ സുധാകരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. വയലാർ കവിതാലാപന മത്സരവിജയികൾക്ക് സമ്മാനവും വിതരണം ചെയ്തു.