തന്റെ യാത്രാവിവരണങ്ങൾ അടങ്ങിയ കയ്യെഴുത്തുപ്രതി തേടി കവി സച്ചിദാനന്ദൻ. കുറച്ചുനാൾ മുൻപ് ഒരു പ്രസാധകന് സമീപകാലയാത്രാവിവരണങ്ങള്‍ – (ശ്രീലങ്ക, പെറു, ക്യൂബ, കൊളംബിയ , വെനിസുവേലാ) നൽകിയെന്നും അവ ആർക്കാണ് നൽകിയതെന്ന് ഓർത്തെടുക്കാനാവുന്നില്ലെന്നും കവി പറയുന്നു. കവിതകളുടെ കാര്യത്തിൽ ശ്രദ്ധിക്കാറുണ്ടെങ്കിലും മറ്റു എഴുത്തുകളുടെ കാര്യത്തിൽ താൻ അശ്രദ്ധനാണെന്നും ഫേസ്ബുക്കിൽ നൽകിയ കുറിപ്പിൽ സച്ചി മാഷ് എഴുതുന്നു. ഇത് ആദ്യ സംഭവം അല്ല, താൻ പോലും അറിയാതെ തന്റെ പല രചനകളും വെളിച്ചം കണ്ടത് അറിഞ്ഞു ഞെട്ടിയിട്ടുണ്ട്. മറ്റു കോപ്പികൾ കയ്യിലില്ലാത്തതിനാൽ കുറിപ്പ് കണ്ട് പ്രസാധകൻ കയ്യെഴുത്തുപ്രതി എത്തിക്കുമെന്ന പ്രതീക്ഷയിലാണ് കവി
കുറിപ്പ് വായിക്കാം:
‘കേരളത്തിലെ ഒരു പ്രസാധകന്‍ ഏതാനും മാസങ്ങള്‍ മുന്‍പ് എന്റെ സമീപകാലയാത്രാവിവരണങ്ങള്‍ – ശ്രീലങ്ക, പെറു, ക്യൂബ, കൊളംബിയ , വെനിസുവേലാ- വാങ്ങിയിരുന്നു. ആരെന്നു ഞാന്‍ കുറിച്ച് വെച്ചില്ല, ഇപ്പോള്‍ മറന്നു പോയി. അദ്ദേഹം ഇവിടെ ഉണ്ടെങ്കില്‍ ഒന്ന് പറയുമോ? തെറ്റ് എന്റെയാണ്, എങ്കിലും acknowledgement, agreement ഇവയൊക്കെ വരേണ്ടതായിരുന്നു. ഇവയുടെ ഒന്നും കോപ്പിയും എന്റെ കയ്യില്‍ ഇല്ല. എന്ത് പിടിപ്പു കെട്ട എഴുത്തുകാരന്‍ എന്നാവുംവായനക്കാര്‍ വിചാരിക്കുന്നത് . ഇത് ആദ്യമായല്ലെന്നും മറവിരോഗം കൊണ്ടല്ലെന്നും ഞാന്‍ അവര്‍ക്ക് ഉറപ്പു നല്‍കട്ടെ. എന്റെ കയ്യെഴുത്തുപ്രതികള്‍ പലയിടത്തും കിടപ്പുണ്ട്. ( കവിതകളുടെ കാര്യത്തില്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട് ) എന്റെ കാലം കഴിഞ്ഞാല്‍ അവ പലതും പുറത്തു വന്നേക്കും എന്നാണ് എന്റെ പ്രതീക്ഷ. അപ്പോള്‍ എന്റെ ഇറങ്ങാത്ത പുസ്തകങ്ങളുടെയും ഇറങ്ങിയവയുടെ പുതു പതിപ്പുകളുടെയും ഒരു പ്രളയം നിങ്ങള്‍ കണ്ടേക്കും. നരകത്തിലെ എന്റെ വിലാസം ഞാന്‍ ഉടന്‍ അറിയിക്കാം. അതില്‍ ഒന്ന് എഴുതിയേക്കണേ . ഫേസ് ബുക്കില്‍ ഇട്ടാലും ഞാന്‍ കാണും. അവിടെ അത് നിശ്ചയമായും കാണും- നരകത്തിന്റെ മുന്‍കൂര്‍ കാഴ്ചകള്‍ ഫേസ് ബുക്ക് ചിലപ്പോഴെങ്കിലും നല്‍കുന്നുണ്ടല്ലോ. നമ്മുടെ പാര്‍വതി മാത്രമല്ല, ഞാനും ദേവികയും എല്ലാം അത് കണ്ടവര്‍ തന്നെ.നിങ്ങള്‍ക്ക് അത് കാണണമെങ്കില്‍ ന്യൂനപക്ഷങ്ങളെയോ ഭരണഘടനയെയോ പൌരാവകാശങ്ങളെയോ ആണധികാരത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകളെയോ ഒന്ന് ഡിഫെണ്ട് ചെയ്‌താല്‍ മതി.’