ജോസ് വെമ്മേലിക്ക് സ്നേഹത്തോടെ കെ ആർ ടോണി…

 

ജോസ് വെമ്മേലിയുടെ മരണത്തിനു ശേഷം പ്രിയ സുഹൃത്ത് കെ ആർ ടോണി എഴുതിയ ഹൃദയത്തിൽ തട്ടുന്ന കുറിപ്പ്,

പ്രിയ ജോസ് വെമ്മേലി, നീയെന്നെ തകർത്തു കളഞ്ഞല്ലോ?ഇനി ആരാ എന്നെ പാതിരാക്ക് ഫോൺ വിളിച്ചുണർത്താൻ? നീ മരിക്കാൻ പോകുകയാണെന്ന് ഒരു വാക്ക് നീയെന്നോട് പറഞ്ഞില്ലല്ലോ? നീയെങ്ങനെയാണ് മരിച്ചതെന്ന് മറ്റാരോടും ചോദിച്ചാൽ അറിയുകയില്ല. നീ തന്നെ പറയണം അത് .നിന്നോടു തന്നെ ഫോൺ വിളിച്ച് അതിനെപ്പറ്റി ചോദിച്ചാൽ നീ ഉത്തരം പറയുമെന്നാണ് എന്റെ തോന്നൽ.ഞാൻ ഇപ്പോൾ വിളിക്കട്ടെ? നീ ഫോണെടുക്കാതിരിക്കില്ല എന്ന് എനിക്ക് ഇപ്പോഴും തോന്നുന്നു .ഒരു വാക്കു പോലും പറയാതെ നീ പോയില്ലേ? നിന്നെ നന്നായി അറിഞ്ഞ ടി.പി.സുകുമാരനും പോയല്ലോ? നീയെങ്ങനെയാണ് മരിച്ചത്? ആശുപത്രിയിൽ കിടന്നിരു ന്നുവോ? ക്രിസ്ത്യൻ കവികൾക്ക് മലയാളത്തിൽ സ്ഥാനമില്ല.നീ കഴിഞ്ഞാൽ പിന്നെ ഞാനാണ് ബാക്കി. നിന്നെ മനസ്സിലാക്കാൻ മലയാള കാവ്യലോകത്തിന് പറ്റിയില്ല.ആർക്കും ഒരു തരത്തിലും നീ പിടികൊടുത്തില്ല. നീ ഒരു മുള്ളുമുരുക്കാണെന്നതു വേറെ കാര്യം.മേലോട്ടും താഴോട്ടും ഉഴിയാൻ പറ്റില്ല. എങ്കിലും നിന്നെ എനിക്കു മനസ്സിലാക്കാൻ പറ്റിയിട്ടുണ്ട്. എനിക്ക് ഇഷ്ടമായിരുന്നു നിന്നെ, നിന്നെ ഒഴിവാക്കാൻ ശ്രമിക്കുമ്പോഴും . നീ ഇത്ര പെട്ടെന്ന് പൊയ്ക്കളഞ്ഞല്ല. ഞാനിനി പാതിരാക്ക് ആരെയാണ് വിളിക്കുക. മൂത്രത്തിൽ ചോര വരുന്നെന്ന് നീയൊരിക്കൽ പറഞ്ഞു. അത് പ്രശ്നമില്ലെന്ന് ഡോക്ടർ പറഞ്ഞെന്നും പറഞ്ഞു. കുറച്ചു കാലമായി നീയൊന്നും പറഞ്ഞില്ല. അപ്പോൾ ഞാൻ വിചാരിച്ചു നീ കുടി നിർത്തിയെന്ന് .നീ കുടി നിർത്തരുത്. നാളെ പാതിരാക്ക് നീ എന്നെ വിളിക്കണം. ഞാൻ കാത്തിരിക്കും. കാരണം നീ എന്നിൽ മരിച്ചിട്ടില്ല. തിരുവല്ല കാവുംഭാഗത്തുള്ള നിന്റെ വീടും മുറിയും എന്റെ ഓർമ്മയിൽ നിന്നു മായുന്നില്ലല്ലോ. ഞാനിനി എന്താണു വേണ്ടത്. നീ ഉറങ്ങിക്കോ. നാളെ വിളിക്കാം. അല്ലെങ്കിൽ നീ വിളിക്ക്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here