‘യൂദാസ് ’ വീണ്ടും വരുമ്പോള്‍

33061390_1810978342279358_3617137447130890240_n

തന്റെ പുസ്തകമായ യൂദാസിൻറെ സുവിശേഷത്തെക്കുറിച്ച് കെ ആർ മീര  പങ്കുവെച്ച കുറിപ്പ് വായിക്കാം:

‘യൂദാസിന്‍റെ സുവിശേഷം’ ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കാന്‍ ഞാന്‍ വലിയ താല്‍പര്യമെടുത്തിരുന്നില്ല. കാരണം, ആ പുസ്തകം കയ്യിലെടുക്കുമ്പോഴൊക്കെ മനസ്സു മ്ലാനമാകും. എഴുതപ്പെട്ടതു കടുത്ത പകര്‍ച്ചപ്പനിക്ക് ഇടയിലായതു കൊണ്ടു മാത്രമല്ല, അതൊരു ഭാഗ്യമില്ലാത്ത പുസ്തകമായിരുന്നു. വായിക്കപ്പെടാതിരിക്കുന്നതിനേക്കാള്‍ ഭാഗ്യക്കേട് എന്തുണ്ട്, പുസ്തകങ്ങള്‍ക്ക്?

ഒറ്റുകാരനായി മുദ്ര കുത്തപ്പെട്ട ഒരാളുടെ ആത്മവ്യഥയെക്കുറിച്ച് ഞാന്‍ ആദ്യമായി ചിന്തിച്ചതു കൂട്ടുകാരിയും പ്രശസ്ത കവിയുമായ അനിത തമ്പിയുമായുള്ള സംഭാഷണത്തെ തുടര്‍ന്നായിരുന്നു. വിമന്‍സ് വേള്‍ഡ് ഡല്‍ഹിയില്‍ 2007 ഫെബ്രുവരിയില്‍ നടത്തിയ ഇന്‍റര്‍നാഷനല്‍ കോളോക്കിയം ഓഫ് വിമന്‍ റൈറ്റേഴ്സ് ആയിരുന്നു വേദി. ഗ്ലോറിയ സ്റ്റെയ്നമും നവ്നീത ദേവ് സെന്നും കമല ഭാസിനും ഗീതാഞ്ജലി ശ്രീയും വോള്‍ഗയും ബാമയും റിതു മേനോനും അമ്മു ജോസഫും എസ്തര്‍ ഡേവിഡും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ജെ. ദേവിക വിവര്‍ത്തനം ചെയ്ത ‘മോഹമഞ്ഞ’ എന്ന കഥ മാത്രമായിരുന്നു അന്ന് അവിടെ എന്‍റെ മേല്‍വിലാസം.

ഞാന്‍ ആദ്യമായി അനിതയെ കാണുകയായിരുന്നു. പക്ഷേ, അതുകൊണ്ട് ഞങ്ങള്‍ രണ്ടു പേര്‍ക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. നിറഞ്ഞു കവിഞ്ഞ ഓഡിറ്റോറിയത്തില്‍ പ്രഭാഷണം നടത്താന്‍ ഗ്ലോറിയ സ്റ്റെയ്നം പ്രവേശിക്കുന്നതും കാത്തിരിക്കെയുള്ള കൊച്ചുവര്‍ത്തമാനത്തിന് ഇടയിലാണു നക്സലിസത്തില്‍ എത്തിപ്പെട്ടതും പോലീസ് മര്‍ദ്ദനത്തില്‍ എന്തോ വെളിപ്പെടുത്തിയെന്നു കുറ്റബോധം അനുഭവിക്കുന്ന ഒരു നക്സല്‍ പ്രവര്‍ത്തകനെക്കുറിച്ച് കേട്ടിട്ടുണ്ട് എന്ന് അനിത പറഞ്ഞതും. എനിക്ക് അത്രയേ വേണ്ടിയിരുന്നുള്ളൂ. ഒരു വലിയ കഥയായി അതു ഞാന്‍ അനുഭവിച്ചു കഴിഞ്ഞിരുന്നു.

എങ്കിലും, മാസങ്ങള്‍ക്കു ശേഷമാണ് അത് എഴുതാന്‍ സാധിച്ചത്. എഴുതാന്‍ ഇരിക്കുമ്പോള്‍പ്പോലും അതാണ് എഴുതപ്പെടാന്‍ പോകുന്നതെന്നു ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. അത്ര കടുത്ത പനിയായിരുന്നു. ഒരു പത്രാധിപര്‍ക്കു കൊടുത്ത വാക്കു പാലിക്കാന്‍ വേണ്ടി മാത്രം എഴുതാന്‍ തുനിയുകയായിരുന്നു. ശൂന്യമായ കംപ്യൂട്ടര്‍ സ്ക്രീനില്‍ ഒരു പച്ച നിറം മിന്നി മായുന്നതുപോലെ തോന്നി. ആ നിറം മഴക്കാലത്തെ ശാസ്താംകോട്ട കായലിനെ ഓര്‍മ്മിപ്പിച്ചു. എനിക്ക് കുട്ടിക്കാലം ഓര്‍മ്മ വന്നു. ലോകത്തിനു വേണ്ടി സ്വയം സമര്‍പ്പിക്കാന്‍ സന്നദ്ധനായ ഒരു നക്സലൈറ്റിനെ സ്വയമെരിഞ്ഞു പ്രേമിക്കാന്‍ ആഗ്രഹിച്ചിരുന്ന കൗമാരം ഓര്‍മ്മ വന്നു. പ്രേമിക്കുമ്പോള്‍ മാത്രം വിഡ്ഢിയാകാന്‍ മടിയില്ലാത്ത പ്രേമ പിറവിയെടുത്തു.

‘യൂദാസിന്‍റെ സുവിശേഷ’ത്തില്‍ മാത്രമാണ് ഞാന്‍ ശാസ്താംകോട്ട കായലിനെ ആവാഹിച്ചിട്ടുള്ളത്. കായല്‍, ചരല്‍ നിറഞ്ഞ കായല്‍ത്തീരം, കലമ്പെട്ടികള്‍, ഡ്രൊസീറ ചെടികള്‍, കരിമീനുകള്‍, മൃതദേഹങ്ങള്‍… – അതെഴുതിയ ദിവസങ്ങളിലേക്കു തിരികെപ്പോകാന്‍ ആഗ്രഹം തോന്നാറുണ്ട്. എഴുത്തിന്‍റെ ഏറ്റവും വലിയ ആനന്ദം അതിന്‍റെ വേദനയാണ്.

പക്ഷേ, പറഞ്ഞല്ലോ, അതൊരു ഭാഗ്യമില്ലാത്ത നോവലായിരുന്നു. അധികമാരും ശ്രദ്ധിക്കാത്ത ഒരു വിശേഷാല്‍പ്രതിയിലാണ് ‘യൂദാസിന്‍റെ സുവിശേഷം ’ വെളിച്ചം കണ്ടത്. ‘‘ ഒറ്റുകാരന് ഒരിക്കലും ഉറക്കം വരികയില്ല. വിശപ്പടങ്ങുകയോ ദാഹം ശമിക്കുകയോ ഇല്ല. വെള്ളത്തില്‍ മുങ്ങിക്കിടന്നാലും അയാളുടെ ശരീരത്തിന്റെ പുകച്ചില്‍ അണയുകയില്ല. മൂക്കറ്റം മദ്യപിച്ചാലും അയാളുടെ ബോധം മറയുകയുമില്ല’’ എന്നു തുടങ്ങുന്ന അവതരണ ഭാഗം ആ വിശേഷാല്‍പ്രതിയുടെ എഡിറ്റര്‍ അനുവാദമില്ലാതെ വെട്ടിക്കളയുകയും ചെയ്തു. എനിക്കു വല്ലാത്ത ക്ഷോഭമുണ്ടായി. ഞാന്‍ കലഹിച്ചു. അവര്‍ തന്ന ചെക്ക് സ്ഥാപനത്തിന്‍റെ അന്നത്തെ മാനേജിങ് ഡയറക്ടര്‍ക്ക് തിരിച്ചയച്ചു. കലാകൗമുദി എഡിറ്റര്‍ പ്രസാദ് ലക്ഷ്മണ്‍ അതു പുന:പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. ‘പൂര്‍ണ്ണമായും ജലത്തില്‍ മുങ്ങിയ ആദ്യ മലയാള നോവല്‍’ എന്ന് അക്കാലത്ത് ഒരാള്‍ അതിനെ പരിഹസിച്ചു.

പക്ഷേ, എനിക്കു വലിയ സങ്കടമുണ്ടായിരുന്നു. ഉള്ളുരുകി എഴുതിയത് ശ്രദ്ധിക്കപ്പെടാതെ പോയല്ലോ. വീണ്ടും വായിച്ചപ്പോഴൊക്കെ അതു വലിയൊരു നോവലാക്കി വികസിപ്പിക്കാന്‍ ആഗ്രഹമുണ്ടായി. ഞാന്‍ കക്കയത്തു പോയിട്ടുണ്ടായിരുന്നില്ല. പോകണം എന്നു തോന്നി. കക്കയത്തു പോയി. നാടകപ്രവര്‍ത്തകനും പഴയ നക്സല്‍ പ്രവര്‍ത്തകനുമായ മധുമാഷ് ഒപ്പം വന്നു. മധു മാഷിന്‍റെ ഒപ്പമുള്ള യാത്ര വളരെ രസകരമായിരുന്നു. മടങ്ങി വന്നു ‘യൂദാസിന്‍റെ സുവിശേഷം’ എഡിറ്റ് ചെയ്തു. അത് ഇന്നു കാണുന്ന രൂപത്തിലായി.

കേരള സാഹിത്യ അക്കാദമിയുടെ കഥയ്ക്കുള്ള അവാര്‍ഡ് ആവേ മരിയയ്ക്കു കിട്ടിയ വര്‍ഷം നോവലിനുള്ള അവാര്‍ഡ് ബെന്യാമിന്‍റെ ‘ആടു ജീവിതം ’ ആണു നേടിയത്. സ്റ്റേജില്‍ രണ്ടാം നിരയിലിരുന്ന ഞങ്ങള്‍ കഥകളെക്കുറിച്ചു സംസാരിച്ചു. ഞാന്‍ ചോദിച്ചു, ‘എന്‍റെ പുസ്തകങ്ങളില്‍ ബെന്യാമിന് ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?’ ഒരു നിമിഷം പോലും ആലോചിക്കാതെ ബെന്യാമിന്‍ പറഞ്ഞു : ‘യൂദാസിന്‍റെ സുവിശേഷം.’ എനിക്ക് വലിയ സന്തോഷം തോന്നി– ഒന്നാമത്, ആ പുസ്തകം വായിച്ച ഒരാളെ കണ്ടുമുട്ടാന്‍ കഴിഞ്ഞു. രണ്ടാമത്, ബെന്യാമിനെ പോലെ ഒരു എഴുത്തുകാരന് അത് ഇഷ്ടപ്പെട്ടു ! പില്‍ക്കാലത്ത് എഴുത്തുകാരിയായ ധന്യ രാജും ആ പുസ്തകം ഇഷ്ടപ്പെട്ടതായി എഴുതിയിരുന്നു. കുറേക്കാലത്തിനുശേഷം, ‘ ആരാച്ചാര്‍ ’ ഇറങ്ങിക്കഴിഞ്ഞ് ഡിസി ബുക്സ് ചെറുനോവലുകള്‍ സമാഹരിച്ചു ‘മീരയുടെ നോവെല്ലകള്‍’ പ്രസിദ്ധീകരിച്ചതോടെയാണു ‘യൂദാസിന്‍റെ സുവിശേഷ’ത്തെ കുറിച്ചു നല്ല വാക്കുകള്‍ പറയുന്ന വായനക്കാരെ കൂടുതലായി കണ്ടുമുട്ടിത്തുടങ്ങിയത്.

ഏതാണ്ട് അതേ കാലത്ത്, ‘ആരാച്ചാര്‍’ പരിഭാഷയായ Hangwoman ഇറങ്ങി. അടുത്ത പുസ്തകത്തെ കുറിച്ച് അന്നു പെന്‍ഗ്വിന്‍റെ കമ്മിഷനിങ് എഡിറ്റര്‍ ആയിരുന്ന ആര്‍. ശിവപ്രിയ ചോദിച്ചപ്പോള്‍ ‘യൂദാസിന്‍റെ സുവിശേഷം’ പരിഭാഷപ്പെടുത്താന്‍ നിര്‍ബന്ധിച്ചതു കൂട്ടുകാരിയായ ഡോ. പീയൂഷ് ആന്‍റണിയും പീയൂഷിന്‍റെ സഹോദരന്‍ ഡോ. അമല്‍ ആന്റണിയുമായിരുന്നു. തീര്‍ത്തും കേരളത്തിന്‍റെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലമുള്ള ‘യൂദാസ്’ ഇംഗ്ലിഷ് വായനക്കാര്‍ക്ക് ഇടയില്‍ എങ്ങനെയാണു സ്വീകരിക്കപ്പെടുക എന്നോര്‍ത്ത് എനിക്ക് അധൈര്യമുണ്ടായി. പക്ഷേ, രാജേഷ് രാജമോഹന്‍റെ The Gospel Of Yudas ഭാഷയുടെ അതിര്‍വരമ്പുകളെ മറികടന്നു.

ആ ദിവസങ്ങളിലൊന്നിലാണു പെന്‍ഗ്വിന്‍റെ ഓഫിസില്‍ വച്ചു മീന രാജശേഖരനെ ആദ്യം കണ്ടത്. അതിനു മുമ്പ് ഒരിക്കല്‍ Hangwoman, Yellow Is The Colour of Longing എന്നീ പുസ്തകങ്ങളുടെ പുതിയ കവറുകളെ കുറിച്ചു ഫോണിലൂടെ സംസാരിച്ചിട്ടേയുണ്ടായിരുന്നുള്ളൂ. കാഴ്ചയ്ക്ക് ചെറിയൊരു പെണ്‍കുട്ടി. ‘യൂദാസി’ന്‍റെ കവറിനെ കുറിച്ചാണു ചര്‍ച്ച ചെയ്തത്. രണ്ടു മൂന്നു സാധ്യതകള്‍ പറഞ്ഞു. സ്കെച്ച് അയച്ചു തന്നു. അതെങ്ങനെ രൂപപ്പെടുമെന്നു ധാരണയുണ്ടായിരുന്നില്ല. പക്ഷേ, രംഗനാഥ് കൃഷ്ണമണി ഇലസ്ട്രേറ്റ് ചെയ്ത കവര്‍ കണ്ട് മനസ്സു നിറഞ്ഞു. (തൊട്ടടുത്ത വര്‍‍ഷം The Poison of Love–ഉം അതിനു പിന്നാലെ The Unseeing Idol Of Light-ഉം ഡിസൈന്‍ ചെയ്തു മീനയും രംഗനാഥും വീണ്ടും ഞെട്ടിച്ചു.!)

പെന്‍ഗ്വിന്‍റെ ഇന്‍റര്‍നാഷനല്‍ ഇംപ്രിന്‍റ് ആയ ഹാമിഷ് ഹാമില്‍ട്ടന്‍ ഹാര്‍ഡ് ബൗണ്ട് ആയി ഇറക്കിയ The Gospel Of Yudas ഇന്ത്യയിലെ മിക്കവാറും ഇംഗ്ലീഷ് പത്രമാസികകളില്‍ റിവ്യൂ ചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു. പക്ഷേ, മലയാളത്തില്‍ അന്നു മുതല്‍ ഇന്നോളം ഒരൊറ്റ നിരൂപണം മാത്രമേ ‘യൂദാസി’നെ കുറിച്ച് എഴുതപ്പെട്ടിട്ടുള്ളൂ – പി. മുരളീധരന്‍ കലാകൗമുദിയില്‍ എഴുതിയത്! 
പറഞ്ഞു വന്നത്, ‘യൂദാസിന്‍റെ സുവിശേഷം’ വീണ്ടും ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടതിനെ കുറിച്ചാണ്.

അതിന് ഒരു കാരണമേയുള്ളൂ– മീന രാജശേഖരനും രംഗനാഥ് കൃഷ്ണമണിയും ചേര്‍ന്നു The Gospel Of Yudas –നു സൃഷ്ടിച്ച കവര്‍ മലയാളത്തില്‍ കൂടി കാണാനുള്ള എന്‍റെ അത്യാഗ്രഹം !

പുതിയ കവറുമായി ‘യൂദാസിന്‍റെ സുവിശേഷം ’ രണ്ടാം പതിപ്പിലേക്ക് പ്രവേശിക്കുമ്പോള്‍ നിറഞ്ഞ സന്തോഷം.

–വായിക്കപ്പെടുന്നതിനേക്കാള്‍ ഭാഗ്യമെന്തുണ്ട്, പുസ്തകങ്ങള്‍ക്ക്?

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English