കെ ആർ മീരയുടെ സൂര്യനെ അണിഞ്ഞ സ്ത്രീ- പോൾ സെബാസ്റ്റ്യൻ

34469773_461078484351560_3812962349233471488_n

കെ ആർ മീരയുടെ സൂര്യനെ അണിഞ്ഞ സ്ത്രീ- എന്ന നോവലിനെപ്പറ്റി ഒരു വായനക്കാരന്റെ ഹൃദയ സ്പർശിയായ കുറിപ്പ് വായിക്കാം

“ക്രൂര പീഡാനുഭവങ്ങൾ മറികടക്കാൻ സ്വയം ക്രിസ്തുവായി സങ്കല്പിച്ചാൽ മതി.
പകുതി പണി തീരാത്ത കെട്ടിടത്തിലെ കോടതി മുറിയിൽ നിൽക്കുമ്പോൾ നെഞ്ചിൽ തൂങ്ങുന്ന ഭാരം മരക്കുരിശിന്റെതാണെന്നു കരുതുക. ഉയരം കുറഞ്ഞു തടിച്ച എതിർവക്കീൽ ചോദ്യം ചോദിച്ചു തുടങ്ങുമ്പോൾ കുരിശുമായി ഗോൽഗോഥാ കയറുകയാണ് എന്ന് സങ്കല്പിക്കുക. ചോദ്യങ്ങളിലെ പ്രത്യക്ഷമായും പരോക്ഷമായുമുള്ള അധിക്ഷേപങ്ങൾ ചാട്ടവാറടിയായി കണക്കാക്കുക. ഓരോ തവണ ആത്മാവ് കൊല്ലപ്പെടുമ്പോഴും മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുമെന്നും പിന്നെ വേദനയില്ലെന്നും തിരിച്ചറിയുക.”

ചരിത്രം
=======
രണ്ടു വർഷത്തിലേറെ വിവാഹബന്ധത്തിലായിരുന്നിട്ടും കന്യകയായിരുന്ന ജെസബേൽ എന്ന സ്ത്രീയുടെ വിവാഹമോചന കേസിനിടയിലാണ് ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’ ആരംഭിക്കുന്നത്. കേസിന്റെ വിധിപ്പകർപ്പ് കിട്ടുന്നിടത്തു വെച്ച് നോവൽ അവസാനിക്കുകയും ചെയ്യുന്നു. ബൈബിളിലെ ഏറ്റവും ശക്തമായ സ്ത്രീ കഥാപാത്രം എന്ന് എഴുത്തുകാരി കരുതുന്ന ജേസബേലിന്റെ ജീവിതത്തോട് തെക്കൻ കേരളത്തിൽ നടക്കുന്ന ഒരു കഥയായി രൂപമാറ്റം വരുത്തി പുനരാഖ്യാനം ചെയ്യാനാണ് പുനർനിർവചിക്കാനാണ് കെ ആർ മീര ഈ നോവലിൽ ശ്രമിക്കുന്നത്. സ്ത്രീ പക്ഷവാദത്തിന്റെ പ്രധാന തൂണിലാണ് നോവൽ എന്ന കെട്ടിടം പ്രധാനമായും ഉറപ്പിച്ചിരിക്കുന്നത് എന്ന് നമുക്ക് ഭൂരിഭാഗം സമയത്തും തോന്നാമെങ്കിലും ഭിന്ന ലൈംഗീകതയുടെതാണ് പ്രധാന തൂണെന്നും അതിന് ബലം കൊടുക്കാൻ മാത്രമാണ് സ്ത്രീപക്ഷവാദമെന്ന തൂണിനെ ഉപയോഗിച്ചിരിക്കുന്നതെന്നും നോവൽ വായന അവസാനിക്കുന്നിടത്ത് വ്യക്തമാകും.

സുവിശേഷം
==========
നല്ല വായനാസുഖമുള്ള, ആകാംക്ഷ നിറച്ച നല്ല ഒരു നോവൽ എന്ന് ഒരു വാചകത്തിൽ പറയാം. ജനപ്രിയ സ്ത്രീ വാരികയായ വനിതയ്ക്ക് വേണ്ടി എഴുതിയതിനാലാവും ഒരു ജനപ്രിയ നോവലിന്റെ ചുറ്റുവട്ടത്തോടെയാണ് നോവൽ ആരംഭിക്കുന്നത്. ആദ്യത്തെ ഏതാനും അധ്യായങ്ങളിൽ നല്ല ഒരു എഴുത്തുകാരിയുടെ കരവിരുതിനൊപ്പം മറ്റേതൊരു ജനപ്രിയ നോവലുകളുടെയും ചടുലതയും ലാളിത്യവും നന്നായി ഇഴ ചേർത്തിട്ടുണ്ട്. നോവലിന്റെ അവസാനവും കുറെയൊക്കെ ജനപ്രിയമാണെന്ന് പറയാതെ വയ്യ. ഏതൊരു ഡിറ്റക്റ്റീവ് നോവലും തോൽക്കുന്ന വിധം അതിനാടകീയതയോടെ വിവിധ ഇഴകളെ ചേർത്തിണക്കുന്നതിൽ എഴുത്തുകാരി വിജയിക്കുന്നുണ്ട്. പക്ഷെ, ആദ്യത്തെ കുറച്ചു അധ്യായങ്ങൾക്കും അവസാനത്തെ കുറച്ചു പേജുകൾക്കും ഇടയിലുള്ള നോവൽ തികച്ചും ആസ്വാദ്യകരമായിരുന്നു. ഈ എഴുത്താണ് നോവലിനെ വ്യത്യസ്തമാക്കുന്നതും. അടുത്തതെന്ത് എന്ന് കഥാഗതിയറിയാനുള്ള ജിജ്ഞാസയും, ജെസബേൽ എന്ന പ്രധാന കഥാപാത്രത്തോടു തോന്നുന്ന അടുപ്പവും കഥാപാത്രങ്ങൾ നേരിടുന്ന ദുരന്താത്മകമായ സാഹചര്യങ്ങളും വായനക്കാരെ വൈകാരികമായി സ്വാധീനിക്കും. വേഗം കൂടിയ നെഞ്ചിടിപ്പും ഹൃദയമുരുകുന്ന പ്രാർത്ഥനയും വായനക്കൊപ്പം കൂട്ടു കൂടുമെന്നുറപ്പ്.

കഥാപാത്രങ്ങൾ
=============
പരുപരുത്ത കഥാപാത്രങ്ങളാണ് നോവലിലുടനീളമുള്ളത്. പ്രധാന കഥാപാത്രമായ ജെസബേലിന്റെ കാഴ്ചപ്പാടുകളോട് പോലും നമുക്ക് എതിരഭിപ്രായങ്ങൾ ഉണ്ടാവും വിധമാണ് കഥാപാത്ര സൃഷ്ടി. “എനിക്ക് എതിരെ കേസ് എടുക്കാൻ കോടതി പറഞ്ഞു പോലും. കേസ് എടുക്കട്ടെ. അതിലും വലിയ കോടതിയിൽ ഞാൻ അപ്പീൽ കൊടുക്കും. കേസു നടക്കട്ടെ. ഞാൻ ഈ നഗരത്തിൽത്തന്നെ അങ്ങു കൂടും. ഓരോ ദിവസവും ഓരോരുത്തരുടെ കൂടെ. നിങ്ങൾക്ക് എന്തു ചെയ്യാൻ പറ്റും?” എന്ന് ചോദിക്കുന്ന ജെസബേൽ. ജോർജ് ജെറോം മരക്കാരൻ എന്ന വില്ലൻ കഥാപാത്രമാണ് ഈ നോവലിന്റെ കരുത്ത്. അപകടം പറ്റി പൂർണ്ണമായി നിസ്സഹായനായിരിക്കുമ്പോഴും തെറി വിളിക്കാൻ മടിക്കാത്ത ജോർജ് ജെറോം മരക്കാരൻ അത്ര പെട്ടെന്നൊന്നും വായനക്കാരുടെ മനസ്സിൽ നിന്ന് മായുകയില്ല. ആ കഥാപാത്രത്തോടും കാരുണ്യം കാണിക്കാൻ ശ്രമിക്കുന്നിടത്താണ് ജെസബേൽ അവളുടെ കരുത്ത് തിരിച്ചു പിടിക്കുന്നത്. ലില്ലി ജോർജ് മരക്കാരൻ എന്ന അമ്മായിയമ്മ കഥാപാത്രവും വളരെ നന്നായി. കബീർ മുഹമ്മദ് എന്ന കരുത്തുറ്റ കഥാപാത്രത്തെ നിർണ്ണായക സമയത്തെ ചില അധിക സംഭാഷണങ്ങളെക്കൊണ്ട് നിർവീര്യമാക്കി എന്നും തോന്നി. എയ്ബൽ, സാറ, പീറ്റർ തോമസ്, നന്ദഗോപൻ തുടങ്ങിയ കഥാപാത്രങ്ങളുടെ പ്രസക്തി നോവലിസ്റ്റിന് പൂർണ്ണമായി ഉപയോഗിക്കാനായില്ല. വെല്യമ്മച്ചി എന്ന കഥാപാത്രം ഏറെ കരുത്തോടെ മുന്നിട്ടു നിൽക്കുന്നുണ്ട്. “നിങ്ങളിനി ഈ വീട്ടിൽ കയറരുത്. എന്റെ കൊച്ചുങ്ങളെ വഴി തെറ്റിക്കാൻ ഞാൻ സമ്മതിക്കേല” എന്ന് പറയുമ്പോൾ, “നിന്റെ കൊച്ചുങ്ങളെ നീ തന്നെ വഴി തെറ്റിച്ചോടീ, ഞാനൊന്നും മത്സരത്തിനില്ല” എന്ന് പറയുന്ന, വഴി തെറ്റിപ്പോയ അമ്മയ്ക്ക് വേണ്ടി മകൾ സന്ധ്യാപ്രാർത്ഥനയിൽ കർത്താവിനോട് ക്ഷമ യാചിക്കുമ്പോൾ “എന്നെ ഇനിയും വഴി തെറ്റിക്കണെ കർത്താവെ” എന്ന് പ്രാർത്ഥിക്കുന്ന വല്യമ്മച്ചി – നന്നായി.

ഭാഷാ ശൈലി
===========
ആരാച്ചാർ വായിച്ചു തുടങ്ങിയപ്പോൾ വായന അല്പം കഠിനമായിരുന്നു. കുറച്ചു മുന്നോട്ടു പോയതിന് ശേഷമാണ് വായനക്ക് ഒഴുക്ക് കിട്ടിയത്. എന്നാൽ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ തെളിവുള്ള നല്ല ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത് എന്നതിനാൽ ആരാച്ചാരെക്കാൾ വായനാസുഖം ഇതിനുണ്ട്. ആരാച്ചാരുടെ അത്ര ആഴം എഴുത്തിൽ ഉണ്ടോ എന്ന് സംശയിക്കുമ്പോഴും ചിന്തയിൽ ഒട്ടും പിറകിലല്ല ഈ നോവൽ എന്ന് പറയാനാകും. ബൈബിൾ അധിഷ്ഠിതമായി എന്നും വേണമെങ്കിൽ പറയാവുന്ന ഒരു വിഷയത്തിൽ എഴുതപ്പെട്ട നോവലിൽ ബൈബിൾ പഴയ നിയമത്തിന്റെ ചെറിയ സ്വാധീനം നമുക്ക് ആരോപിക്കാം. പക്ഷെ അതത്ര പ്രകടമല്ല എന്നും സമ്മതിക്കേണ്ടി വരും.
സംഭാഷണങ്ങൾക്കൊപ്പം അത് പറയുന്ന വികാരത്തെ കൂടി ബന്ധിപ്പിക്കുന്ന രീതിയിലുള്ള എഴുത്ത് നോവലിൽ പല ഭാഗത്തുമുണ്ട്. ഇത് സവിശേഷവും ഫലപ്രദവുമാണ്. ഉദാഹരണത്തിന്, ഒരു ഭാഗം ശ്രദ്ധിക്കുക.
“ജെസബേലിന്റെ കണ്ണുകൾ നനഞ്ഞു. “എന്തെങ്കിലും പ്രശ്നമുണ്ടോ ജെസബേൽ” എന്ന് അദ്വൈത് അധീരനായി. “പഠിക്കാൻ പറ്റുന്നില്ല” എന്നു ജെസബേൽ നെടുവീർപ്പിട്ടു. “അതൊക്കെ തോന്നൽ മാത്രമാണ് എന്ന് അദ്വൈത് ആശ്വസിപ്പിച്ചു. “ഏകാഗ്രത കിട്ടേണ്ടേ” എന്ന് ജെസബേൽ പരിഭവിച്ചു. “എന്തു പ്രശ്നമായാലും എന്നോട് പറയൂ. എന്നെക്കൊണ്ടു കഴിയുന്നതു ഞാൻ ചെയ്യാം” എന്ന് അദ്വൈത് സർവ്വസന്നദ്ധനായി. “വിവാഹമോചന കേസിന്റെ വിധിയുടെ കാര്യത്തിൽ അദ്വൈതിന് എന്തു ചെയ്യാൻ കഴിയും എന്ന് ജെസബേൽ പരാതിപ്പെട്ടു. അദ്വൈത് അവളെ കാരുണ്യത്തോടെ നോക്കി.”
ഇത്തരം സംഭാഷണങ്ങളുടെ അലങ്കരിച്ച എഴുത്ത് നോവലിൽ പലയിടത്തും കാണാം. അവ ഹൃദ്യവുമാണ്.

കുറ്റപത്രം
=========
സ്വവർഗ്ഗരതി എന്ന വിഷയത്തെ ലാഘവത്വത്തോടെയാണ് കൈകാര്യം ചെയ്തത് എന്ന് തോന്നി. കംബൈൻഡ് സ്റ്റഡി സമയത്ത് മകൻ കൂട്ടുകാരനോടൊത്ത് ലൈംഗീക ബന്ധത്തിലേർപ്പെടുന്നത് കണ്ട ഒരമ്മയും അതറിഞ്ഞ കർശനക്കാരനായ അപ്പനും വിവേകശാലിയായ അമ്മാച്ചനും കുറ്റകരമായ അനാസ്ഥയോടെ അത് കല്യാണത്തോടെ നേരെയാവും എന്ന് വിചാരിച്ചു കൈയും കെട്ടി ഇരുന്നു എന്നത് തീർത്തും യുക്തി രഹിതവും ആ പ്രശ്നത്തിൽ ഉൾപ്പെട്ട യഥാർത്ഥ ആളുകളോടുമുള്ള പരിഹാസവുമായി തോന്നി. ചെറിയ കുട്ടിയോട് അയാൾ കാണിക്കുന്ന ലൈംഗീക അതിക്രമവും ഭാര്യയോട് തീർത്തും ഒരു നിസ്സഹകരണമല്ല കാണിക്കുന്നത് എന്നതും ചെറുപ്പത്തിലേ നല്ല ഒരു കൗൺസിലിംഗ് കൊടുത്താൽ നേരെയാക്കാവുന്നതേ ഉണ്ടായിരുന്നുള്ളു എന്ന പ്രതീതിയാണ് നൽകിയത്. അതേ സമയം അദ്വൈതിന്റെ പ്രശ്നം യാഥാർത്ഥവും ഗൗരവതരവുമാണ്.
പതിനഞ്ചു വയസ്സുള്ള കുട്ടിയെ ഉപദ്രവിച്ചയാൾക്ക് നിയമപ്രകാരം വധ ശിക്ഷ കൂടെ കിട്ടാവുന്ന ഒരു കേസ് (ഇന്ന്) നില നിൽക്കാമെന്നിരിക്കെ മുപ്പതുകാരി പതിനഞ്ചു വയസ്സുള്ള ആൺകുട്ടിയുമായി ഇണ ചേർന്നതും പിന്നീട് അവർക്കൊരു കുട്ടിയുണ്ടായതുമെല്ലാം മഹത്വവൽക്കരിച്ചത് ഫെമിനിസം എന്ന രാഷ്ട്രീയക്കണ്ണിലൂടെ മാത്രമേ നെറ്റി ചുളിക്കാതെ വായിക്കാനാവൂ. ആണു ചെയ്താലും പെണ്ണു ചെയ്താലും കുട്ടികൾക്കെതിരെയുള്ള അതിക്രമം കുട്ടികൾക്കെതിരെയുള്ള അതിക്രമം തന്നെയാണ്. അവിടെ സമ്മതം ഒരു ന്യായീകരണമല്ല.
വിവാഹവും കുടുംബ ബന്ധങ്ങളും ആഗോളവൽക്കരണത്തിൽ ഇറക്കുമതി ചെയ്ത പ്രശ്നങ്ങളിൽ പെട്ട് ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന സമയത്ത് വിവാഹമോചനത്തെ നോവൽ മഹത്വവൽക്കരിച്ചുവോ എന്നു ഞാൻ സംശയിക്കുന്നു. വിവാഹത്തിന് പുറത്തു യഥേഷ്ടം ഇട പഴകിയ ശേഷം (ഇണ ചേരലുൾപ്പെടെ) മാത്രം ഒരു പങ്കാളിയിലേക്ക് എത്തിയാൽ മതി എന്നാണോ എഴുത്തുകാരി പറയാൻ ശ്രമിച്ചത് എന്ന ഒരു സന്ദേഹം വായനക്കാർക്കുണ്ടായാൽ അവരെ കുറ്റം പറയാൻ പറ്റില്ല.

പീഡാനുഭവം.
============
ആരാച്ചാർ എഴുതാൻ കെ ആർ മീര എത്ര മാത്രം അന്വേഷണങ്ങൾ നടത്തിയിട്ടുണ്ടാവണം എന്ന് ഞാൻ അത്ഭുതപ്പെട്ടിരുന്നു. എന്നാൽ സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ എഴുതാൻ അതിലും എത്ര മാത്രം വായനയും അന്വേഷണവും പഠനവും നടത്തിയിരിക്കും എന്ന് ഞാൻ അതിശയിക്കുന്നു. ബൈബിളിനെ അധികരിച്ചാണ് ഈ നോവലിന്റെ ചട്ടക്കൂട് ഒരുക്കിയിരിക്കുന്നത്. അത് ഏതെങ്കിലും ഒരു കഥയെയോ പുതിയ നിയമത്തെയോ മാത്രം ആസ്പദമാക്കിയുമല്ല. ബൈബിളിൽ പല സന്ദർഭങ്ങളിലായി പറഞ്ഞിരിക്കുന്ന കാര്യങ്ങളെ സ്ത്രീ പക്ഷത്തു നിന്നു കൊണ്ട് അവതരിപ്പിക്കുകയാണ് മീര ചെയ്തിരിക്കുന്നത്. ആഴമുള്ള വായനയും ഗവേഷണവും കൂടാതെ അത് സാധ്യമല്ല. ഈ അന്വേഷണം വിശ്വാസമില്ലായ്മയിലേക്കാണല്ലോ പ്രധാന കഥാപാത്രത്തെ നയിച്ചത് എന്ന് ആകുലപ്പെടുമ്പോഴും അതിനായി നടത്തിയ കഷ്ടപ്പാട് ഒരു പീഡാനുഭവത്തോളം തന്നെ വേദനാജനകമെന്നതിൽ തർക്കമില്ല.
പ്രധാന കഥാപാത്രങ്ങളെല്ലാം ഡോക്ടർമാർ പ്രധാന കഥാ സന്ദർഭങ്ങളെല്ലാം രോഗാവസ്ഥയും ആശുപത്രിയുമായി ബന്ധപ്പെട്ട്. വൈദ്യശാസ്ത്രത്തിൽ നല്ല അറിവും നിരീക്ഷണവും നടത്താതെ ഇതെഴുതാൻ സാധ്യമല്ല. ഇതിനായി എഴുത്തുകാരി എത്ര അന്വേഷണം നടത്തിയിരിക്കാം എന്നതും എന്നെ അതിശയിപ്പിക്കുന്നു. ഒരു നോവലിനായി ഇങ്ങനെയൊക്കെ ആളുകൾ അന്വേഷണം നടത്തുമോ? നോവലെഴുത്തിന്റെ പീഡാനുഭവ ദിനങ്ങൾ യാഥാർഥ്യമാവുമ്പോൾ ഉയിർപ്പിന്റെ മഹത്വം നിഷേധിക്കുക വയ്യല്ലോ.

പുനരുത്ഥാനം
============
അജ്ഞതയിലും അടിമത്തത്തിലും കുരുങ്ങിക്കിടക്കാതെ അറിവ് ശക്തിയാണെന്നറിഞ്ഞു അറിവ് നേടാനും അതിലൂടെ സമൂഹത്തിന് നന്മ ചെയ്ത് അതിൽ നിന്ന് ലഭിക്കുന്ന സന്തോഷം ധാരാളമായി അനുഭവിക്കാനും സ്ത്രീകളോട് അധ്വാനം ചെയ്യുന്ന ഒരു നോവലാണ് സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ. സമൂഹത്തോട് പോയി പണി നോക്കാൻ പറയ്, നീ ധൈര്യത്തോടെ നിനക്ക് ശരിയെന്ന് തോന്നുന്ന വിധം നല്ല കാര്യങ്ങൾ ചെയ്ത് ശക്തിയാർജ്ജിക്കൂ എന്ന് ധൈര്യം കൊടുക്കുന്ന വെല്യമ്മച്ചിയും ലക്ഷണക്കണക്കിന് കുട്ടികളുടെ രോഗങ്ങൾക്ക് പ്രതിവിധി കൊടുക്കാൻ ശക്തയായ നീ വിഷാദിച്ചു സമയം കളയാതെ മുന്നോട്ടിറങ്ങി കർമ്മനിരതയാവൂ എന്നു പറയുന്ന കുര്യൻ സാറുമെല്ലാം ഈ ആശയത്തെ ശക്തമായി പിന്താങ്ങുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ ബേധമില്ലാതെ എല്ലാ മനുഷ്യരിലുമുള്ള നന്മയെ കാണാനും എല്ലാവർക്കും കാരുണ്യം ആവശ്യമാണ് എന്ന സന്ദേശം നൽകാനും ഈ നോവലിന് കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ നൽകുന്ന കാരുണ്യം കരുത്തിൽ നിന്നെ നൽകാനാവൂ എന്നും അത് വിജയമാണെന്നും കെ ആർ മീര എന്ന നോവലിസ്റ്റ് മറയില്ലാതെ വ്യക്തമാക്കുന്നുണ്ട്.

അന്ത്യവിധി
==========
ആസ്വദിച്ച് നോവൽ വായിക്കാൻ താൽപര്യപ്പെടുന്ന വായനക്കാരേ, നിങ്ങളെ ഈ നോവൽ വായിക്കാനും അതിലെ കഥാപാത്രങ്ങളോടു കൂടെ സഞ്ചരിക്കാനും അവരുടെ ചിരിയിലും വിഷാദത്തിലും ആകുലതയിലുമെല്ലാം പങ്കു ചേരാനും അങ്ങനെ വായനയിൽ നിന്ന് ലഭിക്കുന്ന ആഹ്ലാദം അനുഭവിക്കാനും നിങ്ങൾക്ക് യോഗമുണ്ടാവട്ടെ എന്ന് വിധിച്ചു കൊള്ളുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English