വിമർശകർ: കെ ആർ മീര

സമൂഹത്തിലെ ചിലർക്കെതിരെ കഥയിലൂടെ ഒളിയമ്പ് എയ്യുകയാണ് കഥാകാരി ഇവിടെ. ഖലീല്‍ ജിബ്രാന്‍ ‘വിമര്‍ശകര്’‍ എന്നു ശീര്‍ഷകം നല്‍കിയ കഥ ആൾക്കൂട്ട മനോഭാവത്തെയും മറ്റുമാണ് പരിഹസിക്കുന്നത്. മീരയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം

എന്നാല്‍പ്പിന്നെ, ഖലീല്‍ ജിബ്രാന്‍ ‘വിമര്‍ശകര്’‍ എന്നു ശീര്‍ഷകം നല്‍കിയ ആ കഥ ഒന്നു കൂടി പറയാം.

‘‘ അന്തിമയങ്ങിയപ്പോള്‍ കുതിരമേല്‍ കടല്‍ത്തീരത്തേക്കു സഞ്ചരിക്കുകയായിരുന്ന ആ മനുഷ്യന്‍ വഴിയരികിലെ ഒരു സത്രത്തിലെത്തി.

അയാള്‍ കുതിരപ്പുറത്തുനിന്ന് ഇറങ്ങി, മനുഷ്യന്‍റെ നന്‍മയില്‍ വിശ്വാസമര്‍പ്പിച്ച്, കടല്‍ ലക്ഷ്യമാക്കി സഞ്ചരിക്കുന്ന മറ്റെല്ലാവരെയും പോലെ, കുതിരയെ ഒരു മരത്തില്‍ കെട്ടിയിട്ട് സത്രത്തിനുള്ളിലേക്കു പോയി.

അര്‍ദ്ധരാത്രി, എല്ലാവരും ഉറങ്ങിക്കിടക്കെ ഒരു കള്ളന്‍ സഞ്ചാരിയുടെ കുതിരയെ മോഷ്ടിച്ചു.

പുലര്‍ച്ചെ സഞ്ചാരി ഉണര്‍ന്നു, തന്‍റെ കുതിര മോഷണം പോയതായി കണ്ടെത്തി. അയാള്‍ കുതിരയെ നഷ്ടപ്പെട്ടതിലും ഒരു മനുഷ്യന്‍റെ ഹൃദയത്തില്‍ മറ്റൊരാളുടെ മുതല്‍ മോഷ്ടിക്കാനുള്ള ദുര ഉണ്ടായതിലും വിലപിച്ചു.

അപ്പോള്‍ സത്രത്തിലെ സഹഅന്തേവാസികള്‍ വന്ന് അയാള്‍ക്കു ചുറ്റും നില്‍ക്കുകയും സംസാരിച്ചു തുടങ്ങുകയും ചെയ്തു.

ആദ്യത്തെയാള്‍ പറഞ്ഞു : ലായത്തില്‍ അടയ്ക്കുന്നതിനു പകരം കുതിരയെ പുറത്തുകെട്ടിയിട്ട നിങ്ങള്‍ എന്തൊരു വിഡ്ഢിയാണ് !

രണ്ടാമത്തെയാള്‍ പറഞ്ഞു : അതും പോട്ടെ, കുതിരയുടെ കാലുകള്‍ നിങ്ങള്‍ കെട്ടിയിട്ടതുമില്ല !

മൂന്നാമത്തെയാള്‍ പറഞ്ഞു : അല്ലെങ്കിലും കടല്‍ത്തീരത്തേക്കു പോകാന്‍ കുതിരപ്പുറത്ത് ആരെങ്കിലും യാത്ര ചെയ്യുമോ?

നാലാമത്തെയാള്‍ പറഞ്ഞു : മേലനങ്ങാന്‍ ഇഷ്ടമില്ലാത്ത മടിയന്‍മാരാണ് കുതിരകളെ വാങ്ങുന്നത് ! നിങ്ങള്‍ക്ക് ഇത്രയും വന്നാല്‍ പോരാ !

സഞ്ചാരി പകച്ചു പോയി.

അയാള്‍ സങ്കടത്തോടെ അപേക്ഷിച്ചു :

ചങ്ങാതിമാരേ, എന്‍റെ കുതിര മോഷ്ടിക്കപ്പെട്ടു എന്ന ഒറ്റ കാരണത്താല്‍ നിങ്ങളെല്ലാവരും എന്‍റെ കുറ്റങ്ങളും കുറവുകളും ഒന്നൊഴിയാതെ കണ്ടെത്തിക്കഴിഞ്ഞല്ലോ.

ഇനി, ആരെങ്കിലും, ആ കുതിരയെ മോഷ്ടിച്ചവനെക്കുറിച്ചു കൂടി ഒരു വാക്കു പറയണേ…!’’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here