പ്രമുഖ ചിത്രകാരൻ കെ.പ്രഭാകരൻ അന്തരിച്ചു. 71 വയസ്സായിരുന്നു. വൃക്കസംബന്ധമായ അസുഖമായിരുന്നു കാരണം. ചിത്രങ്ങളുടെ ഒരു മായിക ലോകം ബാക്കിവെച്ചാണ് പക്ഷെ അയാൾ ഇരുട്ടിലേക്ക് നടന്നുപോയത്.
തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സ്, ബറോഡ എംഎസ് സർവകലാശാല എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യൻ റാഡിക്കൽ പെയിന്റേഴ്സ് ആൻഡ് സ്‌കൾപ്റ്റേഴ്സ് അസോസിയേഷന്റെ ഭാഗമായി നിരവധി പ്രദർശനങ്ങൾ നടത്തിയായിരുന്നു തുടക്കം. ബറോഡയിലെ മഹാരാജാ സായാജിറാവു സർവകലാശാലയിലെ ചിത്ര കലാവിഭാഗത്തിൽ പിന്നീട് അധ്യാപകനായി.
1995ൽ കേന്ദ്രസർക്കാർ സീനിയർ ഫെലോഷിപ്പ് നൽകി ആദരിച്ചു. 2000ൽ കേരള ലളിതകലാ അക്കാദമിയുടെ മുഖ്യസംസ്ഥാന പുരസ്‌കാരവും ലഭിച്ചു. ചിത്രകാരിയും ബംഗാൾ സ്വദേശിനിയുമായ കബിത മുഖോപാധ്യായയാണ് ഭാര്യ.
1985 ൽ അജയ് ദേസായിക്കൊപ്പം ബോംബെയിലെ ഗാലറി 7 ൽ നടന്ന ചിത്ര പ്രദർശനത്തിലും 1987 ൽ ഇന്ത്യൻ റാഡിക്കൽ ഗ്രൂപ്പിന്റെ ബറോഡ, കോഴിക്കോട്, തൃശൂർ എന്നിവിടെ നടന്ന മൂന്ന് പ്രദർശനങ്ങളിലും പങ്കെടുത്തു. പാരീസ്, വിൽസ, ജനീവ എന്നിവടങ്ങളിൽ നടന്ന ആലേഖ്യ പ്രദർശനത്തിലും പങ്കെടുത്തിട്ടുണ്ട്. ‘ദ ഗ്രേറ്റ് പ്രൊസെഷൻ’ എന്ന പേരിൽ സഹയാത്രികയായ കബിത മുഖോപാധ്യായോടൊപ്പം 2000 – 07 ൽ കേരളത്തിൽ 14 പ്രദർശനങ്ങൾ നടത്തി.പേരിട്ടിട്ടില്ലാത്ത കുറച്ച് ജലച്ചായ, ചാർകോൾ ചിത്രങ്ങളാണ് ബിനാലെയിൽ പ്രദർശിപ്പിച്ചിരുന്നത്. ചിത്രകാരനുമായി ബന്ധപ്പെട്ട കൂട്ടുകാർ, കുടുംബം, പ്രകൃതി, രാഷ്ട്രീയം, ഓർമ്മകൾ തുടങ്ങിയവയാണ് ഈ കാൻവാസുകളിൽ. അവർഡുകൾക്കും ആദരങ്ങൾക്കും അപ്പുറം അനുവാചകരിൽ ഒരാൾ ആവുക എന്നപ്രവർത്തന രീതിയാണ് പ്രഭാകരനെ മലയാളിയുടെ പ്രിയപ്പെട്ടവൻ ആക്കിയത്.