മലയാള നോവലിസ്റ്റും ചെറുകഥാകൃത്തുമായ കെ പി.രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്. ദൈവത്തിന്‍റെ പുസ്തകം എന്ന നോവലിനാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മുഹമ്മദ് നബി, ക്രിസ്തു, കൃഷ്ണൻ എന്നിവരുടെ ജീവിതം പറയുന്ന നോവലിന്‍റെ പ്രമേയം വിചിത്രവും അതേസമയം രാഷ്‌ട്രീയ പ്രാധാന്യമുള്ളതുമാണ്. തകഴിയുടെ ‘കയറി’നും വിലാസിനിയുടെ ‘അവകാശികൾ’ക്കും ശേഷം മലയാളത്തിൽ ഇറങ്ങുന്ന ഏറ്റവും വലിയ നോവലാണിത്. ഏകദേശം എഴുന്നൂറോളം പേജുകളിലായാണ് എഴുത്തുകാരൻ കഥ പറയാൻ വേണ്ടി ഉപയോഗിക്കുന്നത്.
തമോഗര്‍ത്ത സ്വാധീനത്താല്‍ സംഭവിക്കുന്ന കൃഷ്ണ-നബി പ്രഭാവം കൊണ്ട് ഭൂലോകം നവീകരിക്കപ്പെടുന്ന രീതിയിലാണ് നോവല്‍ പുരോഗമിക്കുന്നത്. അതിന്‍റെ ഭാഗമായി മാനവചരിത്രം ഉണ്ടായതുമുതലുള്ള കാര്യങ്ങളെല്ലാം കൃഷ്ണന്‍റെയും നബിയുടേയും മുന്നില്‍ ഒരു വേദിയിലെന്ന പോലെ ചിത്രീകരിക്കപ്പെടുന്നു.ചരിത്രത്തിലെ നായകരെല്ലാം സ്വയം നവീകരിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ നോവലിലുണ്ട്.രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി കലാമൂല്യത്തിന്റെ കാര്യത്തിൽ നോവൽ ഒത്തുതീർപ്പ് ചെയ്തു എന്ന വിമർശനം കൃതിക്കെതിരെ ഉണ്ടായിട്ടുണ്ട്.രാമനുണ്ണിയുടെ നോവലുകളിൽ ജാതീയമായ വ്യത്യസ്‌തകളുടെ വേര് അന്വേഷിച്ചുപോകുന്ന ഒരു സ്വാഭാവം ആദ്യം മുതൽ തന്നെ കാണാം അതിന്റെ തുടർച്ചയായി വേണം ദൈവത്തിന്‍റെ പുസ്തകം എന്ന നോവലിനെ കാണാൻ
വിഭാഗീയതക്കെതിരെയും മുതലാളിത്തത്തിനെതിരെയും പൊരുതുക എന്നതായിരുന്നു നോവലിലൂടെ ഉദേശ്യമെന്ന് എഴുത്തുകാരൻ പറയുന്നു. രാമനുണ്ണിയുടെ സുഫി പറഞ്ഞ കഥ എന്ന നോവലിന് മുൻപ് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ വയലാർ പുരസ്കാരം, ഇടശ്ശേരി അവാർഡ്, പത്മരാജൻ പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ജാതി ചോദിക്കുക, പ്രണയപർവ്വം, കുർക്സ്, പുരുഷ വിലാപം, അവൾ മൊഴിയുകയാണ്, ചരമവാർഷികം, ദൈവത്തിന്‍റെ പുസ്തകം, അനുഭവം ഓർമ യാത്ര എന്നിവ പ്രധാന കൃതികളാണ്