കാലം മാറിയ സാഹചര്യത്തിൽ വായനക്ക് പുതിയ സാധ്യതകളെക്കൂടി ആസ്യയിക്കണമെന്നു കെ എൽ മോഹനവർമ്മ. പുതുതലമുറയെ വായനയിലേക്ക് അടുപ്പിക്കാൻ സാങ്കേതിക വിദ്യകളെ ഉപയോഗിക്കണമെന്നും ഏത് ഭാഷയിലും വായനയ്ക്ക് സ്ഥലം, പ്രായം, സമയം തുടങ്ങിയവ ഒരു പരിമിതിയുമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടൗൺഹാളിൽ നടക്കുന്ന വിഷൻ ഇരിങ്ങാലക്കുടയുടെ ഞാറ്റുവേല ഉത്സവത്തിന്റെ ഭാഗമായി നടന്ന സാഹിത്യസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശോകൻ ചരുവിൽ അധ്യക്ഷത വഹിച്ചു.സംഗീത സംവിധായകൻ വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. വി.കെ. ലക്ഷ്മണൻ നായരുടെ ‘ലക്ഷം വീട്’, കെ. ഹരിയുടെ ‘വെളുത്ത പൂക്കൾ’, റഷീദ് കാറളത്തിന്റെ ‘രുദാലിമാർ വരട്ടെ’, സ്മിത ലെനീഷിന്റെ ‘പെയ്ത് തോരുന്നത്’, രാജേഷ് തെക്കിനിയേടത്തിന്റെ ‘ഇനി ഞാൻ മടങ്ങട്ടെ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനം നടന്നു. പ്രഫ. സാവിത്രി ലക്ഷ്മണൻ പുസ്തകങ്ങളെ പരിചയപ്പെടുത്തി.ഇരിങ്ങാലക്കുടയിലെ പുതുസാഹിത്യകാരെ ചടങ്ങിൽ ആദരിച്ചു. സെന്റ് ജോസഫ് കോളജ് മലയാളം വിഭാഗം മേധാവി ലിറ്റി ചാക്കോ, കൺവീനർ രാജേഷ് തെക്കിനിയേടത്ത്, അരുൺ ഗാന്ധിഗ്രാം എന്നിവർ പ്രസംഗിച്ചു. അറിവരങ്ങിൽ പി.കെ. ഭരതന്റെ ‘കഥകൾ’ എന്ന പുസ്തകത്തെക്കുറിച്ച് ചർച്ച നടന്നു. എം.ആർ. സനോജ് നേതൃത്വം നൽകി. നാട്ടറിവ് മൂലയിൽ മുള ഉൽപന്ന നിർമാണവും മാമ്പഴ മൂല്യവർധിത ഉൽപന്ന പരിശീലനവും നടന്നു. ഇന്നു രാവിലെ നടക്കുന്ന എൻഎസ്എസ് വൊളന്റിയർമാരുടെ സംഗമം സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ ഉദ്ഘാടനം ചെയ്യും.
Home പുഴ മാഗസിന്