ഭീഷണിക്കുമുന്പിൽ എഴുത്തുകാരൻ തല കുനിക്കരുതെന്ന് കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാർ അഭിപ്രായപ്പെട്ടു. കൊല്ലം പബ്ലിക് ലൈബ്രറിയിൽ നടന്ന നൂറനാട് ഹനീഫ് അനുസ്മരണ പ്രഭാഷണവും പുരസ് കാരദാനവും നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിരൂപണത്തിന് അപചയം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. കെ.പി അപ്പന് ശേഷം നിരൂപണം മോശമായി. നിരൂപണസാഹിത്യത്തെ ഗൗരവമായി ആരും കാണുന്നില്ല. വായിച്ച് വിമർശിക്കുന്നതാണ് എഴുത്തുകാരന് സന്തോഷം പകരുന്നത്. നിരൂപണസാഹിത്യത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു.
ഇന്ന് ഒരു എഴുത്തുകാരന് മറ്റൊരു എഴുത്തുകാരനെ കണ്ടുകൂട. മനുഷ്യവിദ്വേഷം കൊണ്ടും ഇക്കാലത്ത് രചന നടത്തുന്നവരുണ്ട്. സാഹിത്യകാരന്മാർ നിരൂപണ രംഗത്തെ അനാസ്ഥയുടെ ഇരയായതിന്റെ ഉദാഹരണമാണ് നൂറനാട് ഹനീഫെന്നും കെ.ജയകുമാർ പറഞ്ഞു. ചവറ കെ.എസ് പിള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാഹിത്യസഹകരണസംഘം മുൻ സെക്രട്ടറി ഗോപി കൊടുങ്ങല്ലൂർ, അനിൽകുമാർ, വിപിൻ ചന്ദ്രൻ, സോണിയ റഫീക്ക് എന്നിവർ പ്രസംഗിച്ചു. നൂറനാട് ഹനീഫ് അനുസ്മരണ സമിതി ഏർപ്പെടുത്തിയ നൂറനാട് സ്മാരക സാഹിത്യ പുരസ്കാരം സോണിയ റഫീക്കിന് കെ.ജയകുമാർ സമ്മാനിച്ചു.