2006-ലെ വർഷഫലം

മേടക്കൂറ്‌ ഃ അശ്വതി, ഭരണി, കാർത്തികയുടെ ആദ്യത്തെ 15 നാഴിക

ദാമ്പത്യസുഖവും, മനഃസന്തോഷവും ഐശ്വര്യവും പലവിധ സാമ്പത്തിക നേട്ടങ്ങളും ഈ വർഷത്തിൽ കാണുന്നുണ്ട്‌. ആരോഗ്യപരമായി സമയം അനുകൂലമല്ല. കലാരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ പ്രത്യേകിച്ച്‌ (ശിൽപ്പകല) തൊഴിലിൽ മികച്ച കഴിവ്‌ പ്രകടിപ്പിക്കാനാകും. അസൂയാലുക്കളെ കൊണ്ടും ശത്രുക്കളെകൊണ്ടും തൊഴിലിൽ പലവിധത്തിലുളള ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും. സ്വന്തമായി ബിസിനസ്സ്‌ ചെയ്യുന്നവർക്ക്‌ അനുകൂലമായ സമയമാണ്‌. കുടുംബത്തിൽ ചില മനഃസുഖക്കുറവ്‌ അനുഭവപ്പെടും. സാമ്പത്തികമായും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടിവരും. കലാകായികരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ വിജയം കൈവരിക്കാനാകും. ജോലി അന്വേഷിക്കുന്നവർക്ക്‌ പ്രതീക്ഷക്ക്‌ വകയുണ്ട്‌. വ്യവസായികൾക്കും, വ്യാപാരികൾക്കും അനുകൂലമായ സമയമാണ്‌. പലവിധത്തിലുളള സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം. സ്‌ത്രീകൾ നിമിത്തം അപവാദങ്ങൾ കേൾക്കാനിടയുണ്ട്‌. വിവാഹാദി മംഗളകർമ്മങ്ങൾ നടക്കും. വിദ്യാർത്ഥികൾക്ക്‌ പ്രത്യേകിച്ച്‌ ശാസ്‌ത്രവിദ്യാർത്ഥികൾക്ക്‌ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകും. വീട്ടമ്മമാർ ആഢംബര വസ്‌തുക്കൾ ശേഖരിക്കും. വീട്ടിലും അയൽപക്കക്കാരുമായും വഴക്കിടാതെ ശ്രദ്ധിക്കുക.

ഇടവക്കൂറ്‌ഃ കാർത്തികയുടെ അവസാനത്തെ 45 നാഴിക. രോഹിണി, മകയിരത്തിന്റെ ആദ്യത്തെ 30 നാഴിക

അമിതമായി ആരെയും വിശ്വസിക്കരുത്‌. ചതിവിലും വഞ്ചനയിലും അകപ്പെടാതെ സൂക്ഷിക്കണം. വരുന്നതുപോലെ വരട്ടെ എന്നു കരുതി പ്രവർത്തിക്കും. ആത്മവിശ്വാസവും ധൈര്യവും കുറയും. ഈശ്വാരാധീനം ഉളളതിനാൽ മനഃസന്തോഷവും സംതൃപ്‌തിയും ലഭിക്കും. കുടുംബസ്വത്ത്‌ അധീനതയിൽ വന്നുചേരും. സഹോദരൻമാരിൽ നിന്നും എതിർപ്പുകളുണ്ടാകും. കച്ചവടത്തിൽ ലാഭം പ്രതീക്ഷിക്കാം. പണമിടപാടുകളിലും ജാമ്യം നിൽക്കുന്ന അവസരത്തിലും വളരെയധികം ശ്രദ്ധിക്കുക. ബന്ധുക്കളിൽനിന്ന്‌ അഭിപ്രായവ്യത്യാസം ഉണ്ടാകാതെ സൂക്ഷിക്കുക. ഭാര്യാഭർത്ത്യബന്ധം മെച്ചപ്പെടും. മുൻകോപം ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഉദ്യോഗസ്ഥൻമാർക്ക്‌ മേലധികാരികളുടെ അപ്രിയം, പ്രമോഷനിൽ തടസ്സം, അവിചാരിതമായ സ്ഥലമാറ്റം എന്നിവ പ്രതീക്ഷിക്കാം. രാഷ്‌ട്രീയക്കാർക്കും സാമൂഹ്യപ്രവർത്തകർക്കും ഗുണകരമല്ല. തൊഴിൽ ചെയ്യുന്നവർക്ക്‌ നേട്ടമുണ്ടാകും. പാചക ഇന്ധനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധ വേണം. അധികം പണം ചിലവഴിക്കും. ആസ്‌തമ, ശ്വാസകോശരോഗങ്ങൾ സംബന്ധിച്ച്‌ അസുഖങ്ങൾ ഉണ്ടാകും.

മിഥുനക്കൂറ്‌ ഃ മകയിരത്തിന്റെ അവസാനത്തെ 30 നാഴിക തിരുവാതിര, പുണർതത്തിന്റെ 45 നാഴിക

അപ്രതീക്ഷിതമായ ധനനഷ്‌ടം. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. വിദ്യാർത്ഥികൾക്ക്‌ പരീക്ഷകളിൽ നല്ല വിജയം കരസ്ഥമാക്കും. ജീവിതത്തിൽ അടുക്കും ചിട്ടയും അച്ചടക്കവും ഉണ്ടാകും. ആജ്ഞകൾ അനുസരിപ്പിക്കുവാനും നയിക്കുവാനും കഴിവുണ്ടാകും. സ്വതന്ത്രസ്വഭാവം നിയന്ത്രിച്ചില്ലെങ്കിൽ മറ്റുളളവരോടു കടപ്പെട്ടു കൊണ്ടുളള ജീവിതം ദുഃസ്സഹമായിരിക്കും. ഏറ്റെടുക്കുന്ന ജോലി ഭംഗിയായി നിർവഹിക്കും. വിവാഹത്തിന്‌ ശ്രമിക്കുന്നവർക്ക്‌ വിവാഹകർമ്മങ്ങൾ നടക്കുവാൻ സാധ്യത കാണുന്നു. എന്നാൽ ചതിയിലും വഞ്ചനയിലും അകപ്പെടാതെ സൂക്ഷിക്കണം. രാഷ്‌ട്രീയകാർക്കും പൊതുപ്രവർത്തകർക്കും അനുകൂലകാലമാണ്‌. ആഗ്രഹങ്ങൾ സഫലമാകും. വ്യാപാരികൾ, വ്യവസായികൾ, ഭൂമിയുടെ ക്രയവിക്രയം നടത്താൻ ഉദ്ദേശിക്കുന്നവർ, റിയൽ എസ്‌റ്റേറ്റ്‌ നടത്തുന്നവർ ഇവർക്ക്‌ പലവിധത്തിലുളള സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാനാകും. ചെലവുകൾ വർദ്ധിക്കും. കുടുംബത്തിൽനിന്ന്‌ അകന്നു നിൽക്കേണ്ടിവരും. ദൈവാനുകൂല്യം കൊണ്ട്‌ വലിയ അപകടങ്ങളിൽ നിന്ന്‌ രക്ഷപ്പെടും.

കർക്കിടകക്കൂറ്‌ ഃ പുണർതത്തിന്റെ അവസാനത്തെ 15 നാഴിക പൂയം, ആയില്യം

ഗൃഹാന്തരീക്ഷം സന്തോഷകരമായിരിക്കും. ധാരാളം പണം വന്നുചേരാനുളള ഭാഗ്യം ഉണ്ടെങ്കിലും അനാവശ്യമായി ധൂർത്തടിച്ച്‌ കളയും അല്ലെങ്കിൽ ധാരാളം ചിലവുകൾ വന്നെത്തും. രഹസ്യ ശത്രുക്കൾ വർദ്ധിക്കാനിടയുണ്ട്‌. സൂക്ഷിക്കുക. സാമൂഹ്യപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ കാലം മോശമാണ്‌. പിതാവിനോ പിതൃതുല്യരായവർക്കോ നാശമുണ്ടാകും. ഭാര്യയുടെ സ്വത്ത്‌ ഭാഗംവച്ചു കിട്ടും. എല്ലാ കാര്യങ്ങളിലും ശുഭാപ്‌തി വിശ്വാസത്തോടെ പെരുമാറും. ദാമ്പത്യ സുഖഹാനി, ഭാര്യാഭർത്തൃ കലഹം, അന്യസ്‌ത്രീകൾ നിമിത്തം ദുരിതവും അവരുമായി കലഹവും ഉണ്ടാകും. ധാരാളം പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ ഇവർക്ക്‌ പ്രവർത്തനത്തിൽ വിജയസാധ്യത കുറവാണ്‌. വിദേശത്ത്‌ പോകാൻ ആഗ്രഹിക്കുന്നവർക്ക്‌ ആഗ്രഹം സഫലീകരിക്കും. ശത്രുക്കളിൽനിന്ന്‌ ഉപദ്രവം ഉണ്ടാകും. ചെയ്യുന്ന തൊഴിലിൽ ശ്രദ്ധ കുറയും. ശാരീരികമായും മാനസികമായും വിഷമതകൾ അനുഭവിക്കേണ്ടിവരും. സന്താനലബ്‌ധി ഉണ്ടാകും.

ചിങ്ങക്കൂറ്‌ ഃ മകം, പൂരം, ഉത്രത്തിന്റെ ആദ്യത്തെ 15 നാഴിക

ചിന്താശക്തിയും കാൽപ്പനികശക്തിയും വളരെയധികമായിരിക്കും. ചിന്തിച്ച്‌ വെറുതെ മനസ്സിന്‌ അസ്വസ്ഥത ഉണ്ടാകും. മനോവികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ വരും. വാക്കുതർക്കങ്ങളിലും വ്യവഹാരങ്ങളിലും വിജയിക്കുമെങ്കിലും മനോവികാരങ്ങളെ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ പരാജയങ്ങൾ വന്നുചേരും. ജോലിയിൽ അസ്വസ്ഥതയുണ്ടാകും. ദൂരയാത്രകൾ ചെയ്യേണ്ടിവരും. വാഹനാദികളിൽ നിന്ന്‌ ധനനഷ്‌ടം സംഭവിക്കും. രാഷ്‌ട്രീയ രംഗത്തുളളവർക്ക്‌ പണവും പ്രശസ്‌തിയും വർദ്ധിക്കും. ഉദ്യോഗസ്ഥൻമാർക്ക്‌ വിചാരിക്കാത്ത സമയത്ത്‌ സ്ഥലമാറ്റം പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾ തൊഴിൽ കിട്ടുവാൻ വേണ്ടി പ്രയാസപ്പെടും. പൊതുപ്രവർത്തകർക്ക്‌ ജനപിന്തുണ നഷ്‌ടപ്പെട്ടും. ബിസിനസ്സുകൾ ലാഭവും നഷ്‌ടവും ഇല്ലാതെ മന്ദഗതിയിലാകും. കൃഷികാർക്കും നാട്ടുചികിൽസയുമായി കഴിയുന്നവർക്കും ഉയർച്ചയുണ്ടാകും. ഊഹക്കച്ചവടം, ലോട്ടറി ഇവയിൽ നിന്നും ധനലാഭം ഉണ്ടാകും. ലോട്ടറി ഏജന്റുമാർക്കും വസ്‌തുവാഹന ബ്രോക്കർമാർക്കും സമയം നല്ലതാണ്‌.

കന്നിക്കൂറ്‌ ഃ ഉത്രത്തിന്റെ അവസാനത്തെ 45 നാഴിക അത്തം, ചിത്തിരയുടെ ആദ്യത്തെ 30 നാഴിക

തർക്കങ്ങളിലും വ്യവഹാരങ്ങളിലും ഏർപ്പെടും. ജോലിസ്ഥലത്ത്‌ പുരോഗതിയുണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും. ദാമ്പത്യസുഖവും, മനഃസന്തോഷവും ധനലാഭവും ഉണ്ടാകും. ഉദ്യോഗസ്ഥൻമാർക്ക്‌ ആഗ്രഹിച്ചവിധം സ്ഥലമാറ്റവും, ശമ്പളവർദ്ധനവും ഉണ്ടാകും. തൊഴിൽ അന്വേഷിക്കുന്നവർക്ക്‌ തൊഴിൽ ലഭിക്കും. പലവിധത്തിലുളള ധനലാഭം ഉണ്ടാകുമെങ്കിലും അതെല്ലാം അധികച്ചിലവുകൾ മൂലം നഷ്‌ടം സംഭവിക്കും. രാഷ്‌ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ജനപിന്തുണ ലഭിക്കും. എന്നാൽ അപവാദങ്ങൾ കേൾക്കേണ്ടിവരും. വിവാഹപ്രായമായവർക്ക്‌ വിവാഹം നടക്കുന്ന സമയമാണ്‌. കൃഷികാർക്ക്‌ നഷ്‌ടം സംഭവിക്കും. അകന്നുനിന്നിരുന്ന ബന്ധുക്കൾ അടുത്തുവരും. പൂർവ്വിക സ്വത്ത്‌ ഭാഗം വച്ചു കിട്ടും. മത്സരപരീക്ഷകളിൽ വിജയിക്കും. സന്താനങ്ങൾക്ക്‌ ഉന്നത പരീക്ഷകൾക്കുളള അഡ്‌മിഷൻ കിട്ടും. സ്‌നേഹിതൻമാരെ സൽക്കരിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. ആഢംബരവസ്‌തുകൾക്കും സുഖഭോഗവസ്‌തുക്കൾക്കും വേണ്ടി ധാരാളം പണം ചിലവഴിക്കും. സിനിമ, സീരിയൽ രംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ സമ്മാനങ്ങളും അവാർഡുകളും ലഭിക്കും.

തുലാക്കൂറ്‌ഃ ചിത്തിരയുടെ അവസാനത്തെ 30 നാഴിക ചോതി, വിശാഖത്തിന്റെ ആദ്യത്തെ 45 നാഴിക

വീട്ടമ്മമാർക്ക്‌ സുഖവും സന്തോഷവും വിശേഷ വസ്‌ത്രാഭരണവസ്‌തുക്കൾ കിട്ടുവാനുളള ഭാഗ്യവും ഉണ്ട്‌. അപവാദങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം. ചെറുപ്പക്കാർ പ്രണയിക്കാനും പ്രണയവലയിൽ കുടുങ്ങുവാനുമുളള സാധ്യതയുണ്ട്‌. ഹൃദ്‌രോഗം, ബ്ലഡ്‌പ്രഷർ എന്നീ രോഗങ്ങൾക്ക്‌ സാധ്യതയുണ്ട്‌. എല്ലാകാര്യത്തിലും തത്വശാസ്‌ത്രപരമായ സമീപനം ഉണ്ടായിരിക്കും. ഗൂഢശാസ്‌ത്രങ്ങളിൽ താൽപര്യം വർദ്ധിക്കും. ദാമ്പത്യസുഖവും മനഃസന്തോഷവും പലവിധത്തിലുളള സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. പരിശ്രമത്തിനനുസരിച്ച്‌ ഫലം കിട്ടിയെന്ന്‌ വരില്ല. ദൂരദേശത്ത്‌ താമസിക്കുന്നവർ നാട്ടിലേക്ക്‌ തിരിച്ചുവരും. സന്താനങ്ങളുടെ ഉപരിപഠനത്തിനായി പരിശ്രമിക്കും. സ്വന്തമായി ബിസിനസ്സ്‌ ചെയ്യുന്നവർക്ക്‌ നല്ല കാലമാണ്‌. പുണ്യസ്ഥലങ്ങൾ സന്ദർശിക്കുവാനും പുണ്യകർമ്മങ്ങൾ ചെയ്യുവാനും ഇടയുണ്ട്‌. വീട്ടമ്മമാർക്ക്‌ സാമൂഹ്യസംഘടനകളിൽ പ്രധാന സ്ഥാനം വഹിക്കേണ്ടിവരും. വിദ്യാർത്ഥികൾക്ക്‌ സമയം നല്ലതാണ്‌. ശിൽപ്പശാല, കണക്ക്‌ ഇവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്നവർക്ക്‌ കൂടുതൽ നല്ല സമയമാണ്‌. സിവിൽ എഞ്ചിനീയർ, ബാങ്കിംഗ്‌, ട്രഷറി മറ്റു പണമിടപാടുകൾ കൈകാര്യം ചെയ്യുന്നവർ ഇവർക്ക്‌ ധനലാഭവും തൊഴിൽ സംതൃപ്‌തിയും ഉണ്ടാകും.

വൃച്ഛികക്കൂറ്‌ഃ വിശാഖത്തിന്റെ അവസാനത്തെ 15 നാഴിക അനിഴം, തൃക്കേട്ട

തൊഴിൽപരമായി നല്ല ഉയർച്ച ഉണ്ടാകും. കൃഷി, നാൽക്കാലി എന്നിവയിൽ നിന്നും ആദായം ലഭിക്കും. പിതൃതുല്യരായവർക്ക്‌ രോഗാദിക്ലേശങ്ങൾ വന്നുചേരും. സ്‌ത്രീകൾ നിമിത്തം പലവിധ അപമാനങ്ങളും ഉപദ്രവങ്ങളും സഹിക്കേണ്ടിവരും. പോലീസ്‌, പട്ടാളം എന്നീ വകുപ്പിൽ ജോലി ചെയ്യുന്നവർക്ക്‌ ഡ്യൂട്ടിയുടെ ഭാഗമായി നിലവിലുളള കാര്യങ്ങൾ ചെയ്യുവാൻ നിർബന്ധിതരായി തീരും. ഉദ്യോഗസ്ഥൻമാർക്ക്‌ സാമ്പത്തികമായി അനുകൂലമായ സമയമാണ്‌. പ്രമോഷനിലും മറ്റും തടസ്സങ്ങൾ ഉണ്ടാകും. കൈക്കൂലിക്കേസിലോ മറ്റു അഴിമതിക്കേസിലോ ചെന്നുചാടാൻ സാധ്യതയുണ്ട്‌. അവിചാരിതമായി അപകടങ്ങൾക്കും സാധ്യതയുണ്ട്‌. ജോലി അന്വേഷിക്കുന്നവർക്ക്‌ അവർ ആഗ്രഹിക്കുന്ന ജോലി ലഭിച്ചെന്ന്‌ വരില്ല. ബിസിനസ്സ്‌ ചെയ്യുന്നവർക്ക്‌ നല്ല ഉയർച്ച ഉണ്ടാവുകയും പുതിയ ബ്രാഞ്ചുകൾ തുടങ്ങുവാനും ഇടയുണ്ട്‌. പലിശക്ക്‌ കൊടുത്ത പണം തിരിച്ചുകിട്ടാൻ പ്രയാസപ്പെടും. വിദ്യാർത്ഥികൾ പഠനത്തിൽ ഊർജ്ജിതപ്പെടും. എന്നാൽ പഠനം ഫലപ്രദമാകില്ല. കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും നിയമത്തിന്റെ വലയിൽ കുടുങ്ങാനും സാധ്യതയുണ്ട്‌.

ധനുക്കൂറ്‌ ഃ മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യത്തെ 15 നാഴിക

വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കും. പൊതുകാര്യങ്ങളിൽ ശോഭിക്കും. വിലപ്പെട്ട രേഖകൾ കൈവശം വന്നുചേരും. പിണങ്ങി നിന്നിരുന്ന ദമ്പതികൾ ഒന്നിക്കും. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. ദൈവീക കാര്യങ്ങൾക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ സമയം നല്ലതാണ്‌. പ്രായമായവർക്ക്‌ രോഗങ്ങൾ മൂർഛിക്കും. മറ്റുളളവരുടെ ഉപദേശങ്ങൾ കേൾക്കാതെ സ്വയം തീരുമാനമനുസരിച്ച്‌ പ്രവർത്തിക്കും. എല്ലാ കാര്യങ്ങളിലും അലസത കൂടും. പെട്ടെന്ന്‌ കോപം വരുകയും വേഗത്തിൽ കെട്ടടങ്ങുകയും ചെയ്യും. അനേക ശത്രുക്കൾ ഉണ്ടാകും. മുറിവോ, ചതിവോ ഉണ്ടാകാൻ ഇടയുണ്ട്‌. വെറുതെ വഴക്കിടാനുളള പ്രവണത കൂടും. ശത്രുവിൽനിന്നും ദേഹോപദ്രവം പ്രതീക്ഷിക്കാം. സ്വന്തം വീട്ടുകാരുമായോ, ഭാര്യാവീട്ടുകാരുമായോ അഭിപ്രായവ്യത്യാസം ഉണ്ടാകും. ഏറ്റെടുക്കുന്ന പ്രവൃത്തികൾ സത്യസന്ധതയോടും ആത്മാർത്ഥതയോടും കൂടി ചെയ്യാൻ സാധിക്കും. അവിവാഹിതരുടെ വിവാഹം നടക്കും.

മകരക്കൂറ്‌ ഃ ഉത്രാടത്തിന്റെ അവസാനത്തെ 45 നാഴിക തിരുവോണം, അവിട്ടത്തിന്റെ ആദ്യത്തെ 30 നാഴിക

അപ്രതീക്ഷിതമായ കാര്യങ്ങൾ നിമിത്തം വലച്ചിൽ ഉണ്ടാകും. ദാമ്പത്യ സുഖഹാനി ഉണ്ടാകും. സ്വജനങ്ങളിൽ നിന്നും ദുരിതം ഉണ്ടാകും. പ്രതീക്ഷിക്കാത്ത കേന്ദ്രങ്ങളിൽ നിന്ന്‌ സഹായം ലഭിക്കും. ഉപരിപഠനത്തിനുവേണ്ടി വിദ്യാർത്ഥികൾ പരിശ്രമിക്കും. ഗൃഹാന്തരീക്ഷം സന്തോഷപ്രദമായിരിക്കും. വരവിനേക്കാൾ കൂടുതൽ ചിലവ്‌ വർദ്ധിക്കും. വീട്ടമ്മമാർ വാക്കുകളെ നിയന്ത്രിക്കുക. കുടുംബത്തിലും അയൽവക്കത്തുമുളള ശത്രുക്കളിൽനിന്ന്‌ ഉപദ്രവങ്ങൾ ഉണ്ടാകും. അധികമായ ചിലവുകൾ കുറക്കുക. വ്യവസായികൾക്കും ചെറുകിട കച്ചവടക്കാർക്കും ധനനഷ്‌ടം സംഭവിക്കും. ഏറ്റെടുക്കുന്ന പ്രവൃത്തികൾ കൃത്യമായും സത്യസന്ധമായും നിർവഹിക്കും. ഉദ്യോഗസ്ഥൻമാർക്ക്‌ സ്ഥലമാറ്റവും സ്ഥാനകയറ്റവും ലഭിക്കും. സ്‌ത്രീകൾ നിമിത്തം അപവാദങ്ങൾ കേൾക്കാൻ ഇടവരും. ബന്ധുക്കളും അയൽക്കാരുമായും അഭിപ്രായവ്യത്യാസം ഉണ്ടാകും. സൈന്യത്തിൽ ജോലിയുളളവർക്ക്‌ പ്രമോഷനും സാമ്പത്തികനേട്ടങ്ങളും മനഃസന്തോഷവും ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക്‌ അവർ ഉദ്ദേശിക്കുന്ന ജോലി കിട്ടാൻ പ്രയാസമായിരിക്കും. വൈദ്യവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവർ സൂക്ഷിക്കണം.

കുംഭക്കൂറ്‌ ഃ അവിട്ടത്തിന്റെ അവസാനത്തെ 30 നാഴിക ചതയം, പൂരുരുട്ടാതിയുടെ ആദ്യത്തെ 45 നാഴിക

നിർത്തിവച്ചിരുന്ന മരാമത്തുപണികൾ പുനരാരംഭിക്കും. പഴയ വാഹനം വിറ്റ്‌ പുതിയ വാഹനം വാങ്ങും. സർക്കാരിൽനിന്നും കിട്ടേണ്ട ആനുകൂല്യങ്ങൾ ലഭിക്കും. അകന്നു നിൽക്കുന്ന ബന്ധുക്കൾ അടുത്തുവരും. ധാർമ്മിക കാര്യങ്ങൾക്കുവേണ്ടി ധാരാളം പണം ചിലവഴിക്കും. വാഗ്‌ദാനങ്ങൾ നിറവേറ്റാൻ സാധിക്കും. അപകടം നിറഞ്ഞ ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ സൂക്ഷിക്കണം. വിദേശവ്യാപാരങ്ങൾ നടത്തുന്നവർക്ക്‌ ധാരാളം ഓഡറുകൾ ലഭിക്കും. എഴുത്തുകാർക്ക്‌ റോയൽറ്റി ലഭിക്കും. വിദേശ രാജ്യങ്ങളിൽ ജോലിക്ക്‌ ശ്രമിക്കുന്നവർക്ക്‌ ആഗ്രഹം സഫലീകരിക്കും. ഉല്ലാസയാത്രകൾ ധാരാളം നടത്തും. യാത്രകൾ സന്തോഷപ്രദമായിരിക്കും. പോലീസ്‌, പട്ടാളം എന്നീ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക്‌ സ്ഥലമാറ്റവും സ്ഥാനക്കയറ്റവും ലഭിക്കും. മുടങ്ങിക്കിടന്നിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. ഉദ്യോഗസ്ഥൻമാർക്ക്‌ അധിക ചുമതല ഏറ്റെടുക്കേണ്ടിവരും. വീട്‌ മോടിപിടിപ്പിക്കാനും ഇടയാകും. സ്‌ത്രീകൾ അലങ്കാര ആഭരണവസ്‌തുക്കൾ വാങ്ങിക്കും. പുതിയ ഗൃഹം നിർമ്മിക്കുവാനും ഇടയുണ്ട്‌.

മീനക്കൂറ്‌ ഃ പൂരുരുട്ടാതിയുടെ അവസാനത്തെ 15 നാഴിക ഉത്രട്ടാതി, രേവതി

പുതിയ ഗൃഹം വാങ്ങുന്നതിന്‌ സാധിക്കും. സജ്ജന പ്രീതി ഉണ്ടാകും. ഗുരുനാഥനിൽനിന്നും അനുഗ്രഹങ്ങൾ വാങ്ങും. ജോലി സ്ഥലത്ത്‌ അധ്വാനഭാരം വർദ്ധിക്കും. മിത്രങ്ങൾ ശത്രുക്കളായിത്തീരും. കലാകായികരംഗത്ത്‌ പ്രവർത്തിക്കുന്നവർക്ക്‌ പ്രശസ്‌തിയും, സ്ഥാനമാനങ്ങളും ലഭിക്കും. നയനരോഗത്തിനും, ഹൃദയാഘാത, രക്‌തസമ്മർദ്ദം, വിറയൽ എന്നീ രോഗങ്ങൾ അധികരിക്കും. ഈശ്വരാധീനമുളളതിനാൽ മനഃസന്തോഷവും സംതൃപ്‌തിയും ലഭിക്കും. വിവാഹത്തിന്‌ ശ്രമിക്കുന്നവർക്ക്‌ വിവാഹ കർമ്മങ്ങൾ നടക്കാൻ ഇടയുണ്ട്‌. നീതിന്യായ വകുപ്പിൽ പ്രവർത്തിക്കുന്നവർക്കും നീതിപാലകർക്കും നല്ല സമയമാണ്‌. വിദ്യാർത്ഥികൾക്ക്‌ പഠനത്തിൽ ഓർമ്മയും, ശ്രദ്ധയും വർദ്ധിക്കും. ഭാര്യാഭർത്താക്കൻമാർക്ക്‌ അകന്നു കഴിയേണ്ടിവരും. കർഷകർക്ക്‌ ആദായം ലഭിക്കും. ക്ഷേത്ര ജീവനകാർക്ക്‌ നല്ല സമയമാണ്‌. കടബാധ്യതകൾ പരിഹരിക്കപ്പെടും. കൂട്ടുകച്ചവടം വേർപിരിയും. ഉന്നതരായ വ്യക്തികളിൽ നിന്ന്‌ സഹായം ഉണ്ടാകും. പണത്തിന്റെ ഞെരുക്കുമൂലം പല കാര്യങ്ങളും നീട്ടിവെക്കേണ്ടിവരും. വാഹനങ്ങളിൽ നിന്ന്‌ വരുമാനം വർദ്ധിക്കും.

Generated from archived content: varsham_2006.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here